ആലത്തൂരില്‍ പി.കെ ബിജുവിന് വെല്ലുവിളി ഉയര്‍ത്തുക എന്നതു മാത്രമാകില്ല, മറിച്ച്, ഒരു അട്ടിമറി വിജയം തന്നെ കൊണ്ടുവരിക എന്നതായിരിക്കും രമ്യയെക്കുറിച്ച് കോണ്‍ഗ്രസിനുള്ള പ്രതീക്ഷ.
2013-ലാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടി നേതൃത്വ മികവ് അളക്കുന്ന ഒരു ക്യാമ്പില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്കൊപ്പം ചെറുപ്പകാലം മുതല്‍ക്കു തന്നെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള ആ പെണ്‍കുട്ടിക്ക്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരുടെയിടയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അധികനേരം വേണ്ടിവന്നില്ല. നാലു ദിവസത്തെ ക്യാമ്പ് സമാപിച്ചപ്പോഴേക്കും, വ്യക്തമായ നിലപാടുകളിലൂടെയും നേതൃത്വ മികവിലൂടെയും ഈ കോഴിക്കോട്ടുകാരി എല്ലാവരുടെയും ശ്രദ്ധിയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അമ്പരപ്പിച്ചുകളഞ്ഞ ആ പെണ്‍കുട്ടി ആറുവര്‍ഷത്തിനിപ്പുറം എത്തിനില്‍ക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ കേരളത്തിലെ ആദ്യത്തെ സാധ്യതാ പട്ടികയിലാണ്.
പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യമെന്ന നിലയിലും, യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമാകാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥിത്വമെന്ന നിലയിലും കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് രമ്യാ ഹരിദാസ് എന്ന ഈ കോഴിക്കോട്ടുകാരിയെക്കുറിച്ചാണ്. അന്നത്തെ ആ നാലു ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പരിഗണന ടീമില്‍ ഇടംനേടിയ രമ്യ ഹരിദാസ് ആരാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചോദിക്കുന്നത്. 2013ലെ ടാലന്റ് ഹണ്ട് ക്യാമ്പിലൂടെയാണ് രമ്യയെ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കുന്നതെങ്കിലും, തീരെ ചെറുപ്പം തൊട്ടുതന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അനുഭവങ്ങളാണ് രമ്യയുടെ കൈമുതല്‍.
കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം, ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് സ്വന്തം പ്രയത്‌നം കൊണ്ട് മുന്‍നിരയിലെത്തിയ രമ്യയെക്കുറിച്ച് പറയാന്‍ കുന്നമംഗലത്തെ സാധാരണക്കാര്‍ക്ക് ഒരുപാടുണ്ട്. 2015-ല്‍, തന്റെ 29ാം വയസ്സിലാണ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രമ്യ ചുമതലയേല്‍ക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, രമ്യയെക്കുറിച്ച് നല്ലതുമാത്രമാണ് പ്രദേശത്തെല്ലാവര്‍ക്കും പറയാനുള്ളതെന്ന് ഇവിടത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ അടുപ്പം പെട്ടെന്ന് സമ്പാദിക്കാനുള്ള കഴിവും, ചുരുങ്ങിയ സമയം കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടക്കാരിയാകുന്ന പെരുമാറ്റവുമാണ് ‘രമ്യച്ചേച്ചി’യുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കുന്ദമംഗലത്തുകാരായ യുവാക്കള്‍ പറയുന്നു. ‘രമ്യച്ചേച്ചി’യുടെ ഡല്‍ഹി ക്യാമ്പിലെ കാര്യങ്ങളും രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധവുമെല്ലാം വലിയ ആവേശത്തോടുകൂടി വിശദീകരിക്കുന്ന ചെറുപ്പക്കാരുണ്ടിവിടെ. ഈ യുവാക്കള്‍ക്കിടയില്‍ രമ്യയ്ക്കുള്ള സ്വാധീനം ചെറുതല്ല താനും. ജവഹര്‍ ബാലജനവേദിയുടെ പരിശീലനക്ലാസ്സുകളില്‍ സ്ഥിരം സാന്നിധ്യമായ രമ്യ, പാട്ടിലൂടെയും കഥകളിലൂടെയും പറഞ്ഞു തരുന്ന പാഠങ്ങള്‍ ജില്ലയിലെ എല്ലാ സംഘടനാംഗങ്ങളും ഒരിക്കലെങ്കിലും കേട്ടുകാണും. ബാലജനവേദിയിലൂടെത്തന്നെയാണ് രമ്യയുടെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നതും. പിന്നീട് വേദിയുടെ ജില്ലാ കോര്‍ഡിനേറ്ററുമായിരുന്നു.
ബാലജനവേദിയില്‍ നിന്നും രമ്യ പിന്നെ നടന്നുകയറിയത് കെ.എസ്.യുവിന്റെ തട്ടകത്തിലേക്കാണ്. ഈ കാലഘട്ടങ്ങളില്‍ത്തന്നെയാണ് ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ നേതൃനിരയിലേക്കും എത്തിപ്പെടുന്നത്. ഏകതാ പരിഷത്ത് നടത്തിയ പല ആദിവാസി-ദളിത് ഭൂ സമരങ്ങളിലും നിറസാന്നിധ്യമായിരുന്നു രമ്യ ഹരിദാസ്. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട പരിപാടികളിലും, രാജ്യത്തങ്ങോളമിങ്ങോളം നടന്ന ഗാന്ധിയന്‍ സമരരംഗങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട് രമ്യ. ഏകതാ പരിഷത്തിന്റെ സമരങ്ങളിലും പരിപാടികളിലും കണ്ട രമ്യയെ പിന്നീട് കാണുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിലാണ്. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. ശേഷം, അഖിലേന്ത്യാ കോര്‍ഡിനേറ്ററായും സ്ഥാനമേറ്റു. നിലവില്‍ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരുകയാണ് രമ്യ. ഇതിനിടെയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി 2015ല്‍ ചുമതലയേല്‍ക്കുന്നതും. നേരത്തേ, ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട് രമ്യ ഹരിദാസ്.
ചുരുങ്ങിയ കാലത്തിനിടയില്‍ത്തന്നെ, വ്യക്തിപ്രഭാവം കൊണ്ട് ഒരു പേരുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതു തന്നെയാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രമ്യയ്ക്ക് ശക്തിപകരാന്‍ പോകുന്ന ഘടകം. ആലത്തൂര്‍ പോലൊരു മണ്ഡലത്തില്‍, പി.കെ ബിജുവിനെപ്പോലെ രണ്ടു വട്ടം ജയിച്ചുകയറിയ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ പൂട്ടാനുള്ള ഉത്തരവാദിത്തം രമ്യയെ ഏല്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും വിജയസാധ്യതയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായും രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വീക്ഷിക്കുന്നവരുണ്ട്. ഏതു തരം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് കാംക്ഷിക്കുന്നതെന്നും, എങ്ങിനെയുള്ള നേതൃത്വത്തെയാണ് കോണ്‍ഗ്രസ് ഇനി വിഭാവനം ചെയ്യുന്നതെന്നും വെളിപ്പെടുത്തുന്ന നയങ്ങളുടെ പരിച്ഛേദം തന്നെയാണ് രമ്യ ഹരിദാസ് എന്ന യുവനേതാവിന്റെ ആലത്തൂരിലേക്കുള്ള കടന്നുവരവും.
സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് തന്നെയും പരിഗണിക്കുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോഴും, സീറ്റുണ്ടോ എന്നറിയാന്‍ കാക്കാതെ കോഴിക്കോട്ട് എം.കെ രാഘവനു വേണ്ടിയുള്ള പ്രചരണത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു രമ്യ. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബപശ്ചാത്തലത്തില്‍ നിന്നും വരുന്ന, സ്വപ്രയത്‌നത്താല്‍ മാത്രം സംഘടനാരംഗത്തും വിദ്യാഭ്യാസരംഗത്തും മുന്നേറിയിട്ടുള്ള ഈ ബി.എ സംഗീത ബിരുദധാരി, നൂലില്‍ക്കെട്ടിയിറക്കപ്പെടുന്ന അധികാരമോഹികളായ സ്ഥാനാര്‍ത്ഥികളെക്കാള്‍ എന്തുകൊണ്ടും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായിരിക്കുമെന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ആലത്തൂരില്‍ പി.കെ ബിജുവിന് വെല്ലുവിളി ഉയര്‍ത്തുക എന്നതു മാത്രമാകില്ല, മറിച്ച്, ഒരു അട്ടിമറി വിജയം തന്നെ കൊണ്ടുവരിക എന്നതായിരിക്കും രമ്യയെക്കുറിച്ച് കോണ്‍ഗ്രസിനുള്ള പ്രതീക്ഷ. കൂലിത്തൊഴിലാളിയുടെ മകള്‍ എന്ന നിലയിലും, അനുഭവങ്ങളുടെ വലിയ സമ്പത്തുതന്നെ കൈമുതലാക്കിയാണ് രമ്യ കളത്തിലിറങ്ങുന്നത്. ഈയിടെ ഇന്ദിര ആവാസ് യോജന വഴി നിര്‍മിച്ച കൊച്ചു വീടൊഴിച്ചാല്‍, സാമ്പത്തികമായി ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത രമ്യയ്ക്ക്, കുന്ദമംഗലത്തുകാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുണ്ട് ആത്മവിശ്വാസത്തിന്. രാഷ്ട്രീയക്കാരിയായല്ല, പരിചയക്കാരിയായിത്തന്നെയാണ് ഇവര്‍ക്ക് രമ്യയെ അറിയാവുന്നത്. ആഗോളകാര്യങ്ങളല്ല, തങ്ങള്‍ക്കു മനസ്സിലാകുന്ന, തങ്ങള്‍ക്കു വേണ്ട വിഷയങ്ങളാണ് രമ്യ സംസാരിക്കുന്നതെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് പട്ടികയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുള്ള രമ്യ ഹരിദാസ് എന്ന പേര്, തെരഞ്ഞെടുപ്പിനു ശേഷവും ആലത്തൂരില്‍ മുഴങ്ങിക്കേള്‍ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.