UPDATES

വടകരയില്‍ ഒന്നുകില്‍ ആര്‍എംപി അല്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഒറ്റ ലക്ഷ്യം: പി ജയരാജന്‍

ജയരാജനെതിരെ യുഡിഎഫ്, ആര്‍എംപി സ്ഥാനാര്‍ഥികള്‍ മത്സരിച്ച് വോട്ടുകള്‍ സ്പ്ലിറ്റ് ആവുന്നത് ഒഴിവാക്കുമെന്ന് കെ കെ രമ

വടകരയില്‍ പി ജയരാജനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മുന്നേറാന്‍ ആര്‍എംപി. വടകരയുള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ ആര്‍എംപി മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് കേന്ദ്രകമ്മറ്റിയിലുണ്ടാവുമെന്ന് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെ കെ രമ. മുഖ്യശത്രുവായ പി ജയരാജനെ പരാജയപ്പെടുത്താനായിരിക്കും ആര്‍എംപിയുടെ ശ്രമം. അതിനായി യുഡിഎഫുമായി സഹകരിക്കുന്ന കാര്യവും ആലോചിക്കും. വോട്ട് സ്പ്ലിറ്റ് ഉണ്ടാവരുതെന്നാണ് ആര്‍എംപി കരുതുന്നതെന്നും കെ കെ രമ പറഞ്ഞു. വടകരയില്‍ ആര്‍എംപിയും യുഡിഎഫും സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആര്‍എംപിയെ പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചിരുന്നു.

ജയരാജനെതിരെ യുഡിഎഫ്, ആര്‍എംപി സ്ഥാനാര്‍ഥികള്‍ മത്സരിച്ച് വോട്ടുകള്‍ സ്പ്ലിറ്റ് ആവുന്നത് ഒഴിവാക്കുമെന്ന് കെ.കെ രമ പറയുന്നു. ഒന്നുകില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്ലെങ്കില്‍ ആര്‍എംപി സ്ഥാനാര്‍ഥിയാവും വടകരയില്‍ ജയരാജനെതിരെ മത്സരിക്കുക എന്ന സൂചനകളാണ് ആര്‍എംപി നേതൃത്വം നല്‍കുന്നത്. ആര്‍എംപി സ്ഥാനാര്‍ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ആര്‍എംപിയെ പിന്തുണക്കുന്ന കാര്യം യുഡിഎഫില്‍ സജീവ ചര്‍ച്ചയാണ്. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ കെ.കെ രമ മത്സരത്തിനിറങ്ങാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ മത്സരിക്കേണ്ട എന്ന ആലോചന ആര്‍എംപിയിലുമുണ്ട്. കെ.കെ രമ സ്ഥാനാര്‍ഥിയായി മത്സരിച്ച് യുഡിഎഫ് പിന്തുണക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അണികളില്‍ നിന്ന് ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവുകയുള്ളൂ എന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധാകേന്ദ്രമാവുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സ്ഥാനാര്‍ഥിത്വമാണ് അതിന് കാരണം. പി ജയരാജനെ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്‍എംപി വടകര, തൃശൂര്‍, ആലത്തൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയത്. ആര്‍എംപിയ്ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. കേരളത്തില്‍ സിപിഎമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താനാണ് ആര്‍എംപി നേതൃത്വത്തിന്റെ തീരുമാനം. അക്രമരാഷ്ട്രീയത്തിന്റെ ഇരകളായവരുടെ ബന്ധുക്കളെ എത്തിച്ച് ജയരാജന് എതിരായ പ്രചരണത്തിന് ചൂടുപിടിപ്പിക്കാനാണ് ആര്‍എംപിയും യുഡിഎഫും ഒരുങ്ങുന്നത്. ഷുക്കൂര്‍, ശുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ ബന്ധുക്കളെ വടകരയിലും വടക്കേ മലബാറിലെ മറ്റ് മണ്ഡലങ്ങളിലും എത്തിച്ച് സിപിഎമ്മിനെതിരെ പ്രചരണം ശക്തമാക്കാനാണ് എതിര്‍ പാര്‍ട്ടികളുടെ ആലോചന.

Also Read: എവിടെയോ ഇരിക്കുന്ന മകന്റെ മന്ത്രിസ്ഥാനം; പി.ജെ ജോസഫ് എന്ന ‘അപകടം’ കെ.എം മാണി വെട്ടിയതിനു പിന്നില്‍

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മുല്ലപ്പള്ളിയിലൂടെ യുഡിഎഫ് വടകര മണ്ഡലം പിടിച്ചെടുക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചതിന് ശേഷമായിരുന്നു യുഡിഎഫിന്റെ വിജയം. 2014-ലും മുല്ലപ്പള്ളി 3306 വോട്ടിന്റെ ഭൂരിപക്ഷത്തിന് എ എന്‍ ഷംസീറിനെ പരാജയപ്പെടുത്തി. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ മണ്ഡലത്തില്‍ രൂപപ്പെട്ട സിപിഎം വിരുദ്ധത കോണ്‍ഗ്രസിന് തുണയായതായായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പി ജയരാജന ഇറക്കി ഇത്തവണ ഏതു വിധേനയും വിജയിക്കണമെന്ന വാശിയിലാണ് സിപിഎം. ഒന്നിച്ച് നിന്ന് എതിരിടാനാണ് ആര്‍എംപിയും യുഡിഎഫും ആലോചിക്കുന്നത്.

വടകരയില്‍ പ്രാദേശിക തലത്തില്‍ ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കുന്ന കാര്യം ആലോചന നടക്കുമ്പോള്‍ വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് തകര്‍ത്ത് ചേറോട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തത് ആര്‍എംപിക്കും കോണ്‍ഗ്രസിനും ക്ഷീണമായിട്ടുണ്ട്. എല്‍ജെഡി ഇടതുമുന്നണിയുടെ ഭാഗമായതോടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയം പാസ്സായതോടെ പഞ്ചായത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു.

Also Read: ശബരിമല യുവതി പ്രവേശനത്തില്‍ തിളച്ച പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വീഴുക നവോത്ഥാന വോട്ടോ, അതോ ജാതി വോട്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍