UPDATES

വിശകലനം

കോണ്‍ഗ്രസിന് മേല്‍ക്കൈയില്ലാത്ത ബിജെപി വിരുദ്ധസഖ്യം; ഇടതുപക്ഷത്തിന്റെത് ആഗ്രഹ ചിന്തകള്‍ മാത്രമോ?

ബിജെപി വിരുദ്ധ സഖ്യം കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടാവുമെന്ന ഇടതുപാര്‍ട്ടികളുടെ അടക്കമുള്ള പ്രതീക്ഷകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പ്രചരാണ തന്ത്രമായി മാത്രമെ കാണാന്‍ കഴിയൂ.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇടതുപക്ഷത്തെ ഒരിടവേളയ്ക്ക് ശേഷം കടുത്ത കോണ്‍ഗ്രസ് വിരുദ്ധതയിലേക്ക് തളളിയിട്ടിരിക്കയാണ്. ദേശീയതലത്തില്‍ ബിജെപിയോളം ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിന്റെ ശത്രുവാണെന്നതിന്റെ പ്രഖ്യാപനമാണ് ഇതെന്ന് ഇവര്‍ കരുതുന്നു. കോണ്‍ഗ്രസിന് മേല്‍ക്കൈയില്ലാത്ത ഒരു ബിജെപി വിരുദ്ധ സഖ്യം സാധ്യമാകുന്നതിനാണ് ഇടതുപക്ഷം മുന്‍കൈയെടുക്കുകയെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

കോണ്‍ഗ്രസിന് മേല്‍ക്കൈയില്ലാത്ത ബിജെപി വിരുദ്ധമുന്നണിയാണ് നിലവില്‍ വരാന്‍ പോകുന്നതെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി പറയുന്നത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് അടിയന്തര പ്രകോപനമെങ്കിലും സിപിഎമ്മിന്റെ പ്രഖ്യാപിത നയം തന്നെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര സഖ്യം ഉണ്ടാക്കുകയെന്നതാണ്.

കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും പ്രാദേശിക സഖ്യങ്ങളില്ലാത്തത് ഇത്തരത്തിലുള്ള നീക്കത്തെക്കുറിച്ചുളള ചര്‍ച്ചകളെ സജീവമാക്കുകയും ചെയ്യുന്നു. ഇടതുപാര്‍ട്ടികള്‍ക്ക് പുറമെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി തുടങ്ങിയ പ്രമുഖ കക്ഷികളുമായി കോണ്‍ഗ്രസിന് ഇപ്പോഴും രാഷ്ട്രീയ സഖ്യമില്ല. കോണ്‍ഗ്രസിന്റെ കൂടെ മുന്നണി ഘടകകക്ഷിയായി ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ആര്‍ജെഡിയും ഡിഎംകെയും എന്‍സിപിയും ജെഡിഎസ്സും മാത്രമാണ്. ബാക്കിയെല്ലാം ചെറിയ കക്ഷികള്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ബിജെപിയ്‌ക്കെതിരെ ഒരു രാഷ്ട്രീയ സഖ്യം സാധ്യമാണെന്നതിന്റെ കണക്കുകൂട്ടലുകള്‍ ഈ സാഹചര്യത്തിലാണ് ഉടലെടുക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രായോഗികത എത്രത്തോളമാണെന്നതാണ് ചോദ്യം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടണമെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെക്കാള്‍ കൂടുതലോ അതിനടുത്തോ സീറ്റുകള്‍ ലഭിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്കാണ് അതിന് സാധ്യത എന്നു നോക്കേണ്ടതുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണ്. കോണ്‍ഗ്രസ് കാര്യമായി നില മെച്ചപ്പെടുത്തുമെന്ന് അതിന്റെ മുഖ്യ വിമര്‍ശകര്‍ പോലും കരുതുന്നു.

ബിഎസ്പി എസ്പി തൃണമൂല്‍ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ളത്. പിന്നീടുള്ളത് ഡിഎംകെ, ആര്‍ജെഡി, ജെഡിഎസ് എന്നീ പാര്‍്ട്ടികളാണ്. ഇതില്‍ ബിഎസ്പി ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുന്നത് 38 സീറ്റുകളിലാണ്. മറ്റ് ചില സംസ്ഥാനങ്ങളിലായി കുറച്ചു സീറ്റുകളില്‍ കൂടി പാര്‍ട്ടി മല്‍സരിക്കും. അതുപോലെ എസ്പി 37 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുന്നത്. ഈ പാര്‍ട്ടികള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് ലഭിക്കുമെന്ന് കരുതുന്നത് യുക്തിസഹമല്ല.

പശ്ചിമബംഗാളില്‍ 42 സീറ്റുകളാണ് ഉള്ളത്. 34 സീറ്റുകളിലാണ് തൃണമൂല്‍ കഴിഞ്ഞ തവണ വിജയിച്ചത്. സിപിഎമ്മിന് രണ്ടും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിച്ചു. ഇത്തവണയും തൃണമൂലിന്റെ ആധിപത്യം തുടരുമെന്നാണ ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുമായി സഖ്യത്തിലല്ലാത്ത മൂന്ന് പാര്‍ട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടുവുന്ന പരമാവധി സീറ്റുകള്‍ 25-30 റേഞ്ചിലാണ്. ഇടതുപക്ഷത്തിന് കിട്ടാവുന്ന സീറ്റുകള്‍ കാര്യമായും കേരളത്തില്‍നിന്നാണ്. കഴിഞ്ഞതവണ കിട്ടിയ സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ ആകെ 10-15 വരെ സീറ്റുകള്‍ ഇടതുപക്ഷത്തിന് കിട്ടിയേക്കാം. ഈ പാര്‍ട്ടികളും യുപിഎയിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നത് തന്നെ അത്ര എളുപ്പമല്ല.

ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയിലുള്ള ഡിഎംകെ, ജെഡിഎസ്, ആര്‍ജെഡി പാര്‍ട്ടികളെ ചേര്‍ത്തുവേണം അത്തരമൊരു ശ്രമം നടത്താന്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ 20 സീറ്റിലാണ് മല്‍സരിക്കുന്നത്. ആര്‍ജെഡി ബീഹാറില്‍ 20 സീറ്റിലും മല്‍സരിക്കുന്നു. ഇവരൊക്കെ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചാല്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്ക് നേതൃത്വം കിട്ടുന്ന രീതിയില്‍ കൂട്ടുകക്ഷി സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കുക. അങ്ങനെ വന്നാലും കോണ്‍ഗ്രസിന്റെ നിയന്ത്രണമോ പങ്കാളിത്തമോ ഇല്ലാതെ സര്‍ക്കാര്‍ രൂപികരിക്കുക പ്രായോഗികമാകില്ല.

1990 കളുടെ അവസാനത്തില്‍ രൂപപ്പെട്ടതുപോലെ ന്യുനപക്ഷ സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസിന് സ്വാധീനമില്ലാത്ത ബിജെപി വിരുദ്ധ സര്‍ക്കാരിനുള്ള സാധ്യത തെളിയുക. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗണ്ട്, പഞ്ചാബ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മുന്നേറ്റം കിട്ടുമെന്ന പ്രതീക്ഷ സഫലമായാല്‍ ഭരണത്തില്‍നിന്ന് മാറി നിന്നുകൊണ്ട് ബിജെപി ഇതര പാര്‍ട്ടികളെ പിന്തുണയ്ക്കുകയെന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങാന്‍ സാധ്യതയുമില്ല. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ സഖ്യം കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടാവുമെന്ന ഇടതുപാര്‍ട്ടികളുടെ അടക്കമുള്ള പ്രതീക്ഷകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പ്രചരാണ തന്ത്രമായി മാത്രമെ കാണാന്‍ കഴിയൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍