UPDATES

വിശകലനം

എതിര്‍പ്പുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ നയമില്ല; നെഹ്‌റു ആര്‍ ശങ്കറിനയച്ച രണ്ട് കത്തുകള്‍

രാഹുലിന്റെ മുതുമുത്തശ്ശനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി എഴുതിയ രണ്ടു കത്തുകള്‍ ആറു പതിറ്റാണ്ടുകള്‍ക്കുശേഷം വായിക്കുന്നത് ഈ ഘട്ടത്തില്‍ കൗതുകകരമായിരിക്കും

കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന പശ്ചാത്തലത്തില്‍ ആഗോള മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കേരളം ഒരിയ്ക്കല്‍ കൂടി എത്തുകയാണ്. 62 വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ ഈ കൊച്ചു കേരളത്തിന്റെ അധികാരം പിടിച്ചപ്പോഴും പിന്നീട് അതിനെതിരെ വിമോചന സമരം ഉയര്‍ന്നപ്പോഴും സര്‍ക്കാരിനെ പുറത്താക്കിയപ്പോഴും ഒക്കെ പാശ്ചാത്യ മാധ്യമങ്ങളില്‍ കേരളം വലിയ വാര്‍ത്തയും വിശേഷവുമായതാണ്. ഒരു പക്ഷെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സഹകരിക്കേണ്ടവരുടെ പോരിടമായി വയനാട്ടിലെ ഇടത് -വലത് മത്സരത്തെ ചരിത്രം പില്‍ക്കാലത്ത് രേഖപ്പെടുത്തിയെന്നും വന്നേക്കാം.

അതെന്തായാലും അവിടെ നില്‍ക്കട്ടെ. രാഹുലിന്റെ മുതുമുത്തശ്ശനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി എഴുതിയ രണ്ടു കത്തുകള്‍ ആറു പതിറ്റാണ്ടുകള്‍ക്കുശേഷം വായിക്കുന്നത് ഈ ഘട്ടത്തില്‍ കൗതുകകരമായിരിക്കും. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടുന്നതിനു മുന്‍പും പിരിച്ച് വിട്ട് ഒരാഴ്ചയ്ക്കുശേഷവുമായി കെപിസിസി അധ്യക്ഷനായിരുന്ന ആര്‍.ശങ്കറിനെഴുതിയ ഈ കത്തുകള്‍ സൂക്ഷ്മമായ പാരായണം ആവശ്യപ്പെടുന്നു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ജനാധിപത്യ വിരുദ്ധമായ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായ നെഹ്‌റുവിന്റെ ആ ദിവസങ്ങളിലെ ആന്തരിക സഞ്ചാരങ്ങളെ ദ്യോതിപ്പിക്കുന്നതാണ് കത്തുകള്‍. വിമോചന സമരത്തെ കുറിച്ചും അതിനു പിന്നിലുള്ളവരെ കുറിച്ചും നെഹ്‌റുവിന് അറിയാമായിരുന്നുവെന്നും അത് സംബന്ധിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നുവെന്നും ചരിത്രകാരന്മാര്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

വിമോചന സമരത്തിന് ആധാരമായ വിഷയങ്ങളിലൊന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമമായിരുന്നു. അക്കാര്യത്തില്‍ മന്നത്ത് പദ്മനാഭന്റെ നിലപാട് ഉത്തരവാദിത്ത ബോധമുള്ളവര്‍ സ്വീകരിക്കുന്ന ഒന്നായി തനിക്കു തോന്നുന്നില്ലെന്ന് നെഹ്‌റു ശങ്കറിനെ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലെ ചില പാര്‍ട്ടികള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുടെ സ്വഭാവം തന്നെ ഉല്‍ക്കണ്ഠാകുലനാക്കുന്നുവെന്നും അവയുടെ കരിനിഴല്‍ കോണ്‍ഗ്രസിനു മേല്‍ പതിക്കാതിരിക്കാന്‍ കരുതലുള്ളവരായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

അടുത്ത കത്ത് സര്‍ക്കിനെ പിരിച്ചുവിട്ടതിനുശേഷവും സേവ് ഇന്ത്യ മുവ്‌മെന്റുമായി ഇറങ്ങിയ വിമോചന സമര സമതിയുടെ നടപടിയുള്ള ഉത്കണ്ഠകള്‍ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അവരുടെ പല പരിപാടികളോടും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെങ്കിലും ആഗോള വ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധ നയം സ്വീകരിച്ചിട്ടില്ലെന്നത് ഓര്‍മ്മിക്കണമെന്നും നെഹ്‌റു ആ കത്തില്‍ പറയുന്നു. തെറ്റായ ചുവടുകള്‍ വെയ്ക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

1959 ജൂലൈ രണ്ടിന് നെഹ്‌റു എഴുതിയ കത്ത് ഇങ്ങനെ:

എന്റെ പ്രിയപ്പെട്ട ശങ്കര്‍,

വിദ്യാഭ്യാസ നയം സംബന്ധിച്ച് ശ്രീ മന്നത്ത് പദ്മനാഭന്‍ പ്രത്യക്ഷത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എനിക്ക് മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയുന്നില്ല. നിങ്ങള്‍ സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് വിദ്യാഭ്യാസ നിയമം പാടെ നിര്‍ത്തിവെയ്ക്കണമെന്ന് പറയുന്നത് ഉത്തരവാദിത്ത ബോധമുള്ളവര്‍ സ്വീകരിക്കേണ്ട ഒരു നിലപാടാണെന്നു തോന്നുന്നില്ല. ആ നിയമത്തില്‍ ഉള്ളതു മുഴുവനും എതിര്‍ക്കപ്പെടേണ്ടതും വിവാദപരവുമായ കാര്യങ്ങളാണെന്നു പറയാന്‍ ആര്‍ക്കും സാധ്യമല്ല.
ആകയാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ആ നിയമത്തിലെ വിവാദപരമായ വകുപ്പുകള്‍ നടപ്പില്‍ വരുത്തരുതെന്ന് പറയുകയാവും ശരി. പ്രസ്തുത നിയമം നടപ്പില്‍ വരുത്തുന്നതിനെ ഒന്നോടെ നിര്‍ത്തിവെയ്പിക്കാനുള്ള ശ്രമം പൊതുജന രോഷത്തെ ക്ഷണിച്ചുവരുത്തുമെന്ന് ഞാന്‍ ബലമായി വിശ്വസിക്കുന്നു. പ്രത്യേകിച്ചും അത് അധ്യാപകരുടെ ഇടയില്‍ വല്ലാത്ത വിദ്വേഷം ഉളവാക്കുമെന്ന് മാത്രമല്ല മറ്റു തരത്തിലും തിരിച്ചടിക്കു കാരണമാകുമെന്നും പറയേണ്ടിയിരിക്കുന്നു.

കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പ് മലബാര്‍ ഭാഗത്ത് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വിദ്യാഭ്യാസ നിയമം പാടെ നിര്‍ത്തിവച്ചാല്‍ ഈ ഏര്‍പ്പാടുപോലും നിന്നു പോകുകയും തല്‍ഫലമായി കുഴപ്പമുണ്ടാകുകയും ചെയ്യും.

കേരളത്തിലെ ചില പാര്‍ട്ടികള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുടെ സ്വഭാവം എന്നെ ഉല്‍ക്കണ്ഠാകുലനാക്കുന്നതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നത്. ആ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടു അവ വീശുന്ന കരിനിഴല്‍ കോണ്‍ഗ്രസിന്റെ മേലും പതിക്കും. ഈ സംഗതകളിലെല്ലാം നമ്മള്‍ വളരെ കരുതലുള്ളവരായിരിക്കണം.

മന്നത്ത് പദ്മനാഭന്‍ കര്‍ഷക ബന്ധനിയമത്തേയും എതിര്‍ക്കുന്നു. ഈ വക കാര്യങ്ങളെ സംബന്ധിച്ചും കോണ്‍ഗ്രസിനു നിഷ്‌ക്രീയമായൊരു സമീപനം സ്വീകരിക്കാന്‍ ആവുകയില്ല.

നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഒരു പത്രസമ്മേളനം നടത്താന്‍ ഇടയുണ്ട്. അപ്പോള്‍ ഈ സംഗതികളെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ വെളിപ്പെടുത്തിയേക്കും.

ആത്മാര്‍ഥതയോടെ, താങ്കളുടെ
ജവഹര്‍ലാല്‍ നെഹ്‌റു

1959 ജൂലൈ 31നു വൈകിട്ട് ആറു മണിക്കാണ് ഇഎംഎസ് സര്‍ക്കാരിനെ പിരിച്ച് വിട്ടത്. അതിനുശേഷം ഓഗസ്റ്റ് ഒന്‍പത് ക്വിറ്റ് ഇന്ത്യ ദിനം സേവ് ഇന്ത്യ ദിനമായി ആചരിക്കാന്‍ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ തീരുമാനം എടുത്തു. ഈ നീക്കവുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിരുന്നു. ഇതിലുള്ള ആശങ്ക രേഖപ്പെടുത്താനാണ് ഓഗസ്റ്റ് പത്തിന് ആര്‍. ശങ്കറിന് കത്തെഴുതിയത്. ഇന്ത്യയില്‍ നിന്നും മൊത്തം കമ്യൂണിസത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നു ഈ മൂവ്‌മെന്റിന്.

Read More: 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ചത് ആര്‍ എസ് പിയുമായുള്ള ഉടക്കോ? കേരള രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്

കത്തിങ്ങനെ:

എന്റെ പ്രിയപ്പെട്ട ശങ്കര്‍,

വിമോചന സമര സമതിയാരംഭിച്ചിരിക്കുന്ന ‘സേവ് ഇന്ത്യ മുവ്‌മെന്റ്’ എന്ന പുതിയ പ്രസ്ഥാനവുമായി നിങ്ങളും ഒരുപക്ഷെ മറ്റു കോണ്‍ഗ്രസുകാരും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണുന്നതില്‍ ഞാന്‍ ഉത്കണ്ഠാഭരിതനാണ്. ഈ ‘സേവ് ഇന്ത്യ’ എന്നു പറയുന്നതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല. സ്വയം രക്ഷിക്കുകയെന്നതുപോലും അത്ര എളുപ്പമല്ലെന്നു ബോധ്യമായിരിക്കുന്ന കേരളം ഇന്ത്യയെ രക്ഷിക്കാന്‍ പുറപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാവുന്നില്ല. ഇതിന്റെ അര്‍ഥം ഇന്ത്യയെ കമ്യൂണിസത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണെന്നു ഞാന്‍ വിചാരിക്കുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അതിന്റെ പല പരിപാടികളോടും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. പക്ഷെ ആഗോള വ്യാപകമായി ഒരു കമ്യൂണിസ്റ്റ് വിരുദ്ധ നയം നമ്മള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ നമുക്ക് അങ്ങനെയൊരു നയമേ ഇല്ല. അങ്ങനെയല്ലാത്ത പക്ഷം നമ്മുടെ വിദേശ നയത്തിനും യാതൊരു അര്‍ഥവുമില്ല.

കേരളത്തില്‍ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തെറ്റായ ചുവടുകള്‍ വെയ്ക്കാതിരിക്കാനും നമ്മുടെ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായ പ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും ഇടപെട്ടു കുരുങ്ങിപ്പോകാതിരിക്കാനും കരുതിയിരിക്കേണ്ടതാവശ്യമാണ്.

ആത്മാര്‍ഥതയോടെ, നിങ്ങളുടെ
ജവഹര്‍ലാല്‍ നെഹ്‌റു

(അവലംബം: കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും-കെ. രാജേശ്വരി)

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍