UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസ് മുക്തഭാരതം ബിജെപിയെ തള്ളി ശിവസേന; പാര്‍ട്ടിക്ക് അത്തരം സ്വപ്‌നങ്ങളില്ല

കോണ്‍ഗ്രസിന് എന്‍ഡിഎയെ നേരിടാന്‍ കഴിയുന്ന നേതൃത്വം ഇല്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതമാണ് ലക്ഷ്യമെന്ന നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നിലാപാട് പാര്‍ട്ടിയുടെ മുഖ്യ സഖ്യകക്ഷി ശിവസേന. ഇത്തരം സ്വപ്‌നങ്ങള്‍ വെച്ചുപുലര്‍ത്തുന്നില്ലെന്ന് പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നിലപാട് ഉദ്ദവ് താക്കറെ തള്ളികളഞ്ഞത്.

ജനാധിപത്യത്തില്‍ പ്രതിപക്ഷം ആവശ്യമാണെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്തഭാരത് പോലുള്ള മുദ്രാവാക്യം ശിവസേന ഉന്നയിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണെന്നും പി വി നരസിംഹറാവുവിനെ പോലുളള നേതാക്കള്‍ ഇപ്പോള്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബത്തില്‍പ്പെടാത്ത ഒരു കോണ്‍ഗ്രസ് നേതാവ് ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം തികച്ച നേതാവായിരുന്നു പി വി നരസിംഹറാവു. എന്‍ഡി എ നേതൃത്വത്തോട് കിടപിടക്കാനുള്ള ഒരു നേതൃത്വം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി എന്താണ് ചെയ്യുന്നതെന്നതാണ് പ്രശ്‌നം. ചിലപ്പോള്‍ അദ്ദേഹം ചില നല്ല കാര്യങ്ങള്‍ പറയും. എന്നാല്‍ മറ്റു ചിലപ്പോള്‍ അദ്ദേഹം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ഇടഞ്ഞു നിന്നതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് മാസമാണ് ശിവസേന എന്‍ഡിഎയുടെ ഭാഗാമായി തുടരാന്‍ തീരുമാനിച്ചത്. മോദി സര്‍ക്കാരിനെതിരെയും ബിജെപിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനമായിരുന്നു ശിവസേന ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി 25 വര്‍ഷത്തോളം ഉണ്ടാക്കിയ സഖ്യം പാര്‍ട്ടിയെ തളര്‍ത്തിയെന്നായിരുന്നു നേരത്തെ ഉദ്ദവ് താക്കറെ പറഞ്ഞത്. സഖ്യം പാര്‍ട്ടിയെ അലസമാക്കിയെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ബിജെപിയും ശിവസേനയും തുല്യ അളവില്‍ അധികാരം പങ്കിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിലെ 48 ലോക്‌സഭ സീറ്റുകളില്‍ ശിവസേന 25 സീറ്റിലും ബിജെപി 23 സീറ്റിലുമാണ് മല്‍സരിക്കുക. 2014 ല്‍ ബിജെപി 18 സീറ്റിലും ശിവസേന 16 സീറ്റിലുമാണ് മല്‍സരിച്ചത്. കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് 2014 ല്‍ മഹാരാഷ്ട്രയില്‍നിന്ന് ലഭിച്ചത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും നോട്ടുനിരോധനം ഉണ്ടാക്കിയ പ്രശ്‌നങ്ങളുമാണ് ബിജെപി ശിവസേന സഖ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്‍സിപിയും കോണ്‍ഗ്രസും സഖ്യകക്ഷികളായാണ് മഹാരാഷ്ട്രയില്‍ മല്‍സരിക്കുന്നത്. രാജ്താക്കറെയുടെ എം എന്‍എസ്സും കോണ്‍ഗ്രസ് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഗ്ഹാദി മുന്നണിയും തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍