UPDATES

വാര്‍ത്തകള്‍

ഇടതുമുന്നണിക്ക് പിന്തുണ; ആം ആദ്മിയില്‍ കൂട്ട രാജി

പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ആം ആദ്മിയില്‍ കൂട്ട രാജി. അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രഖ്യാപനം പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരാണെന്ന് വിമര്‍ശിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ രാജി. ആം ആദ്മി പാര്‍ട്ടിയുടെ നൂറുകണക്കിന് നേതാക്കന്മാരും, പ്രവര്‍ത്തകരുമാണ് സംസ്ഥാനത്ത് പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫിനും സിപിഎമ്മിനും പിന്തുണ പ്രഖ്യാപിക്കുകയും, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുത്തതായാണ് വിവരം. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ജില്ലാ കണ്‍വീനര്‍ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോവുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ട്ടി കേരള ഘടകം സംസ്ഥാനത്ത് പതിനൊന്ന് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ആം ആദ്മി പാര്‍ട്ടി. തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാര്‍ട്ടി നേടിയത്. മറ്റിടങ്ങളില്‍ കാല്‍ലക്ഷത്തോളം വോട്ടുകളും സ്ഥാനാര്‍ഥി നേടിയിരുന്നു. ഇത്തവണയും സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ വോട്ടുകള്‍ സ്പ്ലിറ്റ് ചെയ്ത് പോകാത്ത വിധം എന്‍ഡിഎയ്‌ക്കെതിരെയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്. ഇതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടായിരുന്നു.

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന എതിര്‍പ്പുകള്‍ മറനീക്കി പുറത്ത് വരികയായിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ച ഉടനായിരുന്നു കേരളത്തിലെ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ കോണ്‍ഗ്രസിനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലത്തിലും പ്രവര്‍ത്തകരുടേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പതിനൊന്ന് മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാരോപിച്ചാണ് നീലകണ്ഠനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ഇതിനൊപ്പം കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും ചെയ്തു. ഇതാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

സി.ആര്‍ നീലകണ്ഠനാണ് ഇപ്പോഴും പാര്‍ട്ടിയിലെ കരുത്തനും, ജനസമ്മതനുമായ നേതാവ്. സി.ആര്‍ നീലകണ്ഠനെ ഒതുക്കി പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള ചിലരുടെ കളികളുടെ ഭാഗമായാണ് ഇടതു മുന്നണിയുമായുള്ള സഖ്യമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ വിഷ്ണു മനോഹരന്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രാജി വച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരിടെ രാജിയുണ്ടാവുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

‘പാര്‍ട്ടി കണ്‍വീണര്‍ ശ്രീ സി.ആര്‍ നീലകണ്ഠനെ കേരള നിരീക്ഷകന്‍ സോമനാഥ് ഭാരതി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിലും ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ദേശീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതടക്കമുള്ള നടപടികളില്‍ വിയോജിപ്പ് അറിയിച്ചു കൊണ്ട് താഴെ പറയുന്ന പ്രവര്‍ത്തകന്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെയ്ക്കുന്നു. മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മികവ് നോക്കി തിരഞ്ഞെടുക്കാം എന്ന നല്ല മാര്‍ഗം അവശേഷിക്കവെ ആണ് ഈ തീരുമാനം എന്നത് വേദനാജനകമാണ്. പത്തനംതിട്ടയിലെ പ്രവര്‍ത്തകരുടെ വികാരമോ അഭിപ്രായമോ നോക്കാത്ത ഈ പാര്‍ട്ടിയുമായി യാതൊരു വിധ സഹകരണത്തിനും ഞങ്ങള്‍ ഇനി ഉണ്ടാവില്ല.’ എന്ന് നേതൃത്വത്തെ അറിയിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെ രാജി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍