UPDATES

കെ.എ ഷാജി

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

കെ.എ ഷാജി

വിശകലനം

ഇന്ദിരാ ഗാന്ധിയെ റായ് ബറേലിയില്‍ നേരിട്ട് മൂന്നാം സ്ഥാനത്തെത്തിയ ‘വയനാട്ടുകാരന്‍’ ഡോക്ടര്‍; രാഹുല്‍ അറിയണം നല്ലതമ്പി തേരയെ

നല്ല തമ്പി തേരയുടെ ഓർമ്മകൾ കേരളത്തിലെ ആദിവാസി സമൂഹത്തെ ഇവിടുത്തെ രാഷ്ട്രീയക്കാരും സർക്കാരും വഞ്ചിച്ചതിന്റെ ഓർമയാണ്

കെ.എ ഷാജി

വയനാട്ടിൽ എത്ര പേർക്ക് ഇപ്പോൾ ഡോക്ടർ നല്ല തമ്പി തേരാ പരമാനന്ദിനെ ഓർമ്മയുണ്ട് എന്നുറപ്പില്ല. കയ്യേറ്റക്കാരും ചൂഷകരും ഇതര ആദിവാസി മർദ്ദകരും എളുപ്പത്തിൽ മറക്കാൻ ആഗ്രഹിച്ചിട്ടുള്ള ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. അന്യാധീനപ്പെട്ട ആദിവാസി ഭൂമികൾ തിരിച്ചു പിടിക്കാനുള്ള നിരവധിയായ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ആ മനുഷ്യൻ മരിച്ചിട്ട്  ഇപ്പോൾ ഒൻപത് വർഷങ്ങൾ ആകുന്നു. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ സാമാന്യം ഭേദപ്പെട്ട ചുറ്റുപാടുകളിൽ ജനിച്ച ആ ഡോക്ടർ മരിക്കുന്നത് സ്വയം തെരഞ്ഞെടുത്ത ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ നിന്നുകൊണ്ടാണ്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുമ്പോൾ എങ്കിലും നല്ല തമ്പി ഓർമിക്കപ്പെടേണ്ടതുണ്ട്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ റായ് ബറേലിയിലും പിതാവ് രാജീവ് ഗാന്ധിയെ അമേത്തിയിലും തെരഞ്ഞെടുപ്പിൽ നേരിടാൻ വർഷങ്ങൾക്ക് മുൻപ് തീവണ്ടി കയറിയ വായനാട്ടുകാരൻ എന്ന നിലയിൽ എങ്കിലും.

അടിയന്തരാവസ്ഥയെ തുടർന്നുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് 1977 ലാണ്. കോൺഗ്രസ്സിന് രാജ്യമെങ്ങും വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പ്. അമിതാധികാരത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായിരുന്ന നല്ല തമ്പി മലപ്പുറത്തെ വണ്ടൂരിൽ നിന്നും ആതുരസേവനം വയനാട്ടിലേക്ക് മാറ്റിയതെ ഉണ്ടായിരുന്നുള്ളു. ഇന്ദിരയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുക തന്നെയെന്ന് അയാൾ നിശ്ചയിച്ചു. അങ്ങനെ ബസും തീവണ്ടിയും കയറിയിറങ്ങി അയാൾ റായ് ബറേലിയിൽ ചെന്നിറങ്ങി. ദുർബലമായ ഹിന്ദി സംസാരിച്ചിരുന്ന അയാൾ മണ്ഡലത്തിൽ ചുറ്റി നടന്നു വോട്ട് തേടി.

ഫലം വന്നപ്പോൾ ഇന്ദിരാ ഗാന്ധി വലിയ വോട്ടുകളുടെ വ്യത്യാസത്തിൽ തോറ്റു. ജനതാ പാർട്ടിയുടെ രാജ് നാരായൻ ജയിച്ചു. മൂന്നാമത് വന്നയാളിനെ അധികമാരും കേട്ടിട്ടില്ലായിരുന്നു. മലയാളവും തമിഴും സംസാരിക്കുന്ന നല്ല തമ്പി തേര. തന്റെ മുറി ഹിന്ദി കൊണ്ട് അയാൾ പിടിച്ചത് ഒന്‍പതിനായിരത്തി മുന്നൂറ്റി പതിനൊന്നു വോട്ടുകൾ. മൊത്തം വോട്ടുകളുടെ 2.80 ശതമാനം.

വർഷങ്ങൾക്കിപ്പുറം സുൽത്താൻ ബത്തേരിയിലെ പഴയ അബ്ദുള്ള ആശുപത്രി കെട്ടിടത്തിലെ ഒരു വാടക മുറിയിലിരുന്ന് അയാൾ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കു വച്ചത് ഇപ്പോളും ഓർമയിലുണ്ട്. ചരിത്രത്തിന്റെ ഭാഗമായി തീർന്ന ഒരു വലിയ മനുഷ്യൻ.

വാടക മുറിയെ വീടെന്നു വിളിക്കണോ ക്ലിനിക് എന്ന് വിളിക്കണോ ഓഫീസ് എന്ന് വിളിക്കണോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഞാൻ കാണുമ്പൊൾ അയാൾ ഏതാണ്ട് പൂർണമായും ചികിത്സയുടെ ലോകം വിട്ടിരുന്നു. രോഗികൾ വരാതായതിനാൽ ചികിത്സ നിറുത്തിയ ഡോക്ടര്‍. ആദിവാസികൾക്ക് വേണ്ടി ഫീസ് കൊടുക്കാതെ കേസ് വാദിക്കാൻ നിയമം പഠിക്കാൻ പോയ ഡോക്ടർ. മുറിയിൽ കറന്റ് ഉണ്ടായിരുന്നില്ല. വൈദ്യുതി ബോർഡ് അത് കട്ട് ചെയ്തിരുന്നു. പണം അടച്ചില്ല എന്നത് തന്നെ കാരണം. സ്റ്റെതസ്കോപ്പും ഇതര പരിശോധനാ ഉപകരണങ്ങളും പ്രവർത്തന രഹിതമായി കിടക്കുന്നു. മുറിയിലാകെ വാരിവലിച്ചിട്ട നിലയിൽ പഴയ പത്ര കട്ടിങ്ങുകളും കേസ് രേഖകളും. വാടക കുടിശിക നൽകാത്തതിനാൽ ഇറക്കി വിടാൻ കെട്ടിട ഉടമ പലതവണ ഗുണ്ടകളെ നിയോഗിച്ചിരിക്കുന്നു.

അമിതാധികാരത്തിനും അഴിമതിക്കും ചൂഷണത്തിനും എതിരായിരുന്നു എന്നും അയാളുടെ യുദ്ധം. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിൽ നടന്ന തെരഞ്ഞെടുപ്പ് കാലത്ത് അയാൾ അമേത്തിയിലെത്തി. രാജീവ് ഗാന്ധിയ്ക്ക് എതിരെ മത്സരിക്കാൻ. കോൺഗ്രസ്സിലെ കുടുംബ വാഴ്ച ആയിരുന്നു അയാളെ പ്രകോപിതനാക്കിയത്.

ഇന്ദിരയുടെ മരണം രാജ്യമെങ്ങും സഹതാപ തരംഗം ഉണ്ടാക്കുകയും രാജീവ് ഗാന്ധി ജനതയുടെ മൊത്തം പ്രതീക്ഷയാവുകയും ചെയ്ത ഒരു കാലമായിരുന്നു അത്. നല്ല തമ്പി പറഞ്ഞതൊന്നും അമേത്തി കേട്ടില്ല. ഇക്കുറി കിട്ടിയത് അഞ്ഞൂറ്റി മുപ്പത്തിയൊന്പത് വോട്ടുകൾ.

തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികളുടെ പണക്കൊഴുപ്പും അധികാര ദുർവിനിയോഗവും ചേരുന്ന മേളകളായി മാറുന്നതായി നല്ല തമ്പിയ്ക്കു തോന്നുന്നത് ആ നാളുകളിലാണ്. ഈ പ്രവണതകൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്വയം വാദിച്ചു. സാങ്കേതിക കാരണങ്ങളാൽ കേസ് പിന്നീട് കോടതി തള്ളിയെങ്കിലും ജഡ്ജിമാർ വിഷയത്തിൽ ഒരുപാട് താത്പര്യം കാണിച്ചിരുന്നതായി നല്ല തമ്പി പറഞ്ഞിരുന്നു.

ഹൃദയ സ്തംഭനത്തെ തുടർന്ന് മരിക്കുന്നത് വരെ അന്യാധീനപ്പെട്ട ആദിവാസി ഭൂമികൾ വീണ്ടെടുക്കാൻ അയാൾ കോടതികൾ കയറിയിറങ്ങി. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകൾ സ്വയം വാദിച്ചു. ഭാര്യയെയും രണ്ടു മക്കളെയും അവരുടെ വീട്ടുകാരുടെ സംരക്ഷണയിൽ വിട്ട് അയാൾ സ്വയം ദാരിദ്ര്യത്തിനും ഇല്ലായ്മകൾക്കും കീഴടങ്ങി.

മരിക്കുമ്പോൾ കല്പറ്റയിലേക്കു താമസം മാറ്റിയിരുന്നു. ഒടുവിലെ നാളുകളിൽ ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. സി കെ ജാനു അടക്കം ഉള്ള പല ആദിവാസി നേതാക്കളുടെയും ഒത്തുതീർപ്പു സമീപനങ്ങളിൽ അയാൾ കർക്കശമായി വിയോജിച്ചു. താൻ കേസ് നടത്തി നേടിയ സുപ്രീം കോടതി വിധി അനുസരിച്ചു ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ കൊടുക്കാതിരിക്കാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തു ചേർന്ന് കയ്യേറ്റക്കാർക്ക് വേണ്ടി നിയമ നിർമാണം നടത്തുന്നതും അയാൾക്ക്‌ കാണേണ്ടി വന്നു. മേപ്പാടിയ്ക്കടുത്തു വിത്തുകാട്ടിലെ പൊതുശ്‌മശാനത്തിൽ അയാളുടെ യാത്രകൾ അവസാനിച്ചു.

നല്ല തമ്പി തേരയുടെ ഓർമ്മകൾ കേരളത്തിലെ ആദിവാസി സമൂഹത്തെ ഇവിടുത്തെ രാഷ്ട്രീയക്കാരും സർക്കാരും വഞ്ചിച്ചതിന്റെ ഓർമയാണ്. ആദിവാസികൾക്ക് വേണ്ടി നിസ്വനും നിരാലംബനും ആയി തീർന്ന ആ പോരാളി നടന്നു തീർത്ത വഴികളിലാണ് മാറിയ കാലത്തെ ജനാധിപത്യം മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയോട് ആരെങ്കിലും നല്ല തമ്പിയെക്കുറിച്ചു പറയുമോ എന്നറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. ആധുനിക വയനാടിന്റെ ചരിത്രം അയാളുടേത് കൂടിയാണ്.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍