UPDATES

പ്രൊഫ. കെ.വി. തോമസിന്റെ രാഷ്ട്രീയ ജീവിതത്തെ ഉലച്ച ഫ്രഞ്ച് ചാരക്കേസിന് പിന്നീടെന്ത് സംഭവിച്ചു?

വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ട ശേഷം നടന്ന 1996ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ.വി. തോമസിനു തിരിച്ചടി ഉണ്ടായി

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കുറി എറണാകുളം പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചത് പ്രൊഫ. കെ.വി. തോമസിനെ ഉലച്ചിരുന്നു. തന്നെ വല്ലാതെ തളര്‍ത്തിയ സംഭവം എന്നാണ് കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്. ആദ്യം അതിവൈകാരികമായി പ്രതികരിച്ച അദ്ദേഹം പിന്നീട് പാര്‍ട്ടി തീരുമാനത്തെ ശിരസാവഹിച്ചു. വിവാദങ്ങള്‍ കെട്ടടങ്ങി.

ഇത്തരത്തിലല്ലെങ്കിലും പ്രൊഫ. കെ.വി. തോമസിനെ വിഷമത്തിലാക്കിയ പഴയ ഒരു വിവാദമുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ വലിയ കാറും കോളും സൃഷ്ടിച്ച ഫ്രഞ്ച് പായ്ക്കപ്പല്‍ കേസ്. ചാര പ്രവര്‍ത്തനത്തിനെത്തിയ ഫ്രഞ്ചുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നുവരെ രാഷ്ട്രീയ എതിരാളികള്‍ ആരോപണമുയര്‍ത്തിയ സംഭവം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു 90കളുടെ മധ്യത്തില്‍ ഉണ്ടായ ആ സംഭവം. വാര്‍ത്തയും വിവാദങ്ങളും കേസും കോടതിയും ഒക്കെയായി സംഭവം വളര്‍ന്നു. വിവാദങ്ങളുടെ മധ്യേ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില് അദ്ദേഹം പരാജയം രുചിച്ചു. പിന്നീട് കോടതി കെ.വി. തോമസിന്റെ നിരപരാധിത്വം അംഗീകരിച്ചു. കാലാന്തരത്തില്‍ സംഭവഗതികള്‍ മലയാളികളുടെ സജീവ ശ്രദ്ധയില്‍ നിന്നു പുറത്താകുകയും ചെയ്തു.

1995 ഡിസംബര്‍ 28ന് തീരരക്ഷാ സേനയുടെ നിരീക്ഷണ കപ്പലായ തംരഗിണി മഡഗാസ്‌കറില്‍ രജിസ്റ്റര്‍ ചെയ്ത ഗലാത്തി എന്ന ഫ്രഞ്ച് പായ്ക്കപ്പലിനെ വളയുകയും അതിനുള്ളില്‍ ഉണ്ടായിരുന്ന ആറു പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് സംഭവഗതികളുടെ തുടക്കം. അഞ്ച് ഫ്രഞ്ചുകാരേയും ഒരു മഡഗാസ്‌കര്‍ സ്വദേശിയുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊച്ചി തീരത്തിനു ഏഴ് നോട്ടിക്കല്‍ മൈലിനുള്ളില്‍ വെച്ചായിരുന്നു സംഭവം.

രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താനായി ശ്രമം നടന്നുവെന്ന് കാണിച്ച് തീര രക്ഷാസേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കേസ് എടുത്തു. പിന്നീട് ഡിജിപിയായ ടി.പി. സെന്‍കുമാറായിരുന്നു അന്ന് സിറ്റി പോലീസ് കമ്മീഷണര്‍. സംഘത്തിന്റെ ഇന്ത്യയിലെ സ്‌പോണ്‍സറായിരുന്ന ഗോവ ആസ്ഥാനമായ കമ്പനിയിലെ ക്യാപ്റ്റന്‍ എസ്.എം. ഫുര്‍ഡെ എന്നയാളേയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

കപ്പലിലുണ്ടായിരുന്ന ഫ്രഞ്ചുകാരായ ഫ്രാങ്കോ ക്ലാവേല്ലും എല്ലേ ഫിലിപ്പേയും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയാണ് അന്ന് എംപിയായിരുന്ന കെ.വി. തോമസിന് വിനയായത്. തങ്ങള്‍ കെ.വി. തോമസിനെ കണ്ട് അനുമതി വാങ്ങിയശേഷമാണ് സര്‍വെ നടത്തിയതെന്നായിരുന്നു അവര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കെ.വി. തോമസിനെ കേസില്‍ നാലാം പ്രതിയാക്കിയതോതോടെ സംഭവത്തിനു കൂടുതല്‍ രാഷ്ട്രീയ മാനങ്ങള്‍ കൈവന്നു. ഫ്രാങ്കോ ക്ലാവേല്ലും എല്ലേ ഫിലിപ്പേയും ക്യാപ്റ്റന്‍ എസ്.എം. ഫുര്‍ഡെയുമായിരുന്നു മറ്റ് പ്രതികള്‍. കെ.വി. തോമസിനെ ലോക്കല്‍ ഗാര്‍ഡിയനായി കാണിച്ചാണ് ഫ്രഞ്ചുകാര്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. കേസ് അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു.

തീരരക്ഷാ സേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ രണ്ടു മാഗ്നറ്റോ മീറ്ററുകള്‍, അടിക്കടല്‍ സര്‍വെയ്ക്കുപയോഗിക്കുന്ന സോണാര്‍ സ്‌കാനറുകള്‍, രണ്ട് കംപ്യൂട്ടറുകള്‍ എന്നിവ കണ്ടെടുത്തു. നേവല്‍ ഇന്റലിജന്‍സ് വിഭാഗം കംപ്യൂട്ടറുകളും ഫ്‌ളോപ്പി ഡിസ്‌കുകളും വിശദമായി പരിശോധിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉതകുന്ന കാര്യങ്ങളാണ് കംപ്യൂട്ടറുകളില്‍ ശേഖരിച്ച് വെച്ചിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കി. അന്തര്‍വാഹിനികളുടെ സഞ്ചാര പഥം കണ്ടെത്താനുതകുന്ന തരത്തിലെ സര്‍വെയാണ് നടത്തിയത്. സമുദ്രോത്പന്നങ്ങളുടെ പഠനത്തിനുവേണ്ട കാര്യങ്ങളല്ല കപ്പലില്‍ ശേഖരിച്ച വിവരങ്ങളിലുള്ളതെന്ന് നാഷണല്‍ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ വിദഗ്്ദ്ധരും കണ്ടെത്തി. അക്വാകള്‍ച്ചര്‍ ഫാമിംഗുമായി ബന്ധമുള്ള കാര്യങ്ങളല്ല അവ. തന്നെയുമല്ല, വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് അഴിമുഖത്തുനിന്നും കപ്പല്‍ച്ചാലുകളില്‍ നി്ന്നുമാണ്. ഇവിടെ മത്സ്യ ബന്ധനം നിരോധിച്ച സ്ഥലങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചിയിലെ ഒരു പള്ളിക്കെട്ടിടത്തിനു മുകളില്‍ സംഘം ശക്തിയേറിയ ആന്റിന സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി.

Read More: ഹൈക്കമാന്‍ഡ് ഇറക്കിയ കെ.പി ഉണ്ണികൃഷ്ണന്‍ കെപിസിസിയുടെ ലീലാ ദാമോദര മേനോനെ ‘വെട്ടിയ’ കഥ

ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തിനു പുത്തന്‍ മാനങ്ങളുണ്ടായി. ചാര പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ പരസ്യമായി പറയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണെന്ന് വ്യക്തമായി. രാഷ്ട്രീയ വിവാദമായതോടെ അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന വയലാര്‍ രവി പോലീസിനെതിരെ തിരിഞ്ഞു. കെ.വി.തോമസിന്റെ പേര് സംഭവവുമായി ബന്ധപ്പെടുത്തി വെറുതെ വലിച്ചിഴയ്ക്കുകയാണ് പോലീസ് എന്നായിരുന്നു ആരോപണം. ഇടുങ്ങിയ രാഷ്ട്രീയ പരിഗണനകളല്ല രാജ്യ സുരക്ഷയാണ് തനിക്ക് പ്രധാനമെന്ന നിലപാട് ടി.പി. സെന്‍കുമാറും കൈക്കൊണ്ടു.

ക്യാപ്റ്റന്‍ എസ്.എം. ഫുര്‍ഡെയും ഫ്രഞ്ച് സംഘവും തന്നെ വീട്ടിലെത്തി കണ്ടിരുന്ന കാര്യം കെ.വി. തോമസ് സ്ഥിരീകരിച്ചു. ചില അക്വാകള്‍ച്ചര്‍ പദ്ധതികളും ടൂറിസം പദ്ധതികളുമായിട്ടാണ് എത്തിയതെന്നാണ് അവര്‍ പറഞ്ഞത്. അവ തന്റെ മണ്ഡലത്തിന്റെ വികസനത്തിനു ഗുണകരമാവുമല്ലോയെന്ന് കരുതിയാണ് ജനപ്രതിനിധിയെന്ന നിലയില്‍ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കെ.വി. തോമസിന്റെ വാദം കോടതി അംഗീകരിച്ചു. 1998ല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

പക്ഷെ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ട ശേഷം നടന്ന 1996ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ.വി. തോമസിനു തിരിച്ചടി ഉണ്ടായി. 1984 മുതല്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന അദ്ദേഹത്തിന് എല്‍ഡിഎഫ് സ്വതന്ത്രനായ സേവ്യര്‍ അറയ്ക്കലിനോട് അക്കുറി പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വിവാദവുമായിരുന്നു. ഇതിനിടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചിരുന്ന കെ.വി. തോമസ് 2001 വരെ തേവര എസ്എച്ച് കോളജിലെ അധ്യാപനം തുടര്‍ന്നു. കോടതി കുറ്റവിമുക്തനാക്കിയശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും സംസ്ഥാനത്തും കേന്ദ്രത്തിലുമൊക്കെ മന്ത്രിയാകുകയും ചെയ്തു.

ഇതിനിടെ നാട്ടില്‍ പോകുന്നതിന് അനുമതി ലഭിച്ച ഫ്രഞ്ച് പൗരന്മാരായ പ്രതികളാരും പിന്നെ തിരിച്ചെത്തിയില്ല. ഇവരെ തേടി കേന്ദ്ര ഇന്റലിജന്‍സ് ഫ്രാന്‍സില്‍ പോയി വെറും കൈയോടെ മടങ്ങി. ഇന്റര്‍പോളിന്റെ സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. പ്രതികള്‍ ഇരുട്ടിലായത് ഇടയ്ക്കിടെ വാര്‍ത്തയായെന്നു മാത്രം. ഗോവന്‍ സ്വദേശിയായ ക്യാപ്റ്റന്‍ എസ്.എം. ഫുര്‍ഡെ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. സിബിഐ വരെ കേസ് അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല.

പക്ഷെ കൊച്ചി തീരത്ത് ഗലാത്തി പായ്ക്കപ്പല്‍ ദുശ്ശകുനം പോലെ കിടന്നു. ഒടുവില്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് തീരരക്ഷാ സേനയും സിബിഐയും നിലപാടെടുത്തതോടെ തുരുമ്പെടുത്തു തുടങ്ങിയ കപ്പല്‍ ലേലം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. ലേലത്തിലൂടെ ഒന്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുകയും ചെയ്തു.

Read More: പിതാവ് മുഖ്യമന്ത്രി, എതിരാളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനത്തിന് മകന്‍; കേരളം കണ്ട ഒരപൂര്‍വ പോരാട്ടം

(അവലംബം)
1.Seizure of a vessel off the Kochi coast spills over to politisc-M G Radhakrishnan, India Today,February 15, 1996
2.Ocean survey espionage case weakened as French citizens fail to return, Times Of India, Dec 12, 2012
3. വിവാദ കേരളം, കേരളത്തെ ഉലച്ച വിവാദ സംഭവങ്ങള്‍-അനൂപ് പരമേശ്വരന്‍, ഡിസി ബുക്‌സ്

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍