UPDATES

ഇലക്ടറല്‍ ബോണ്ടുകള്‍ ലാപ്‌സായി, 20 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ സാധൂകരിക്കപ്പെടുന്നുവെന്ന് വിമര്‍ശകര്‍

തെരഞ്ഞെടുപ്പ് ഫണ്ടിംങ് സുതാര്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം പരാജയപ്പെടുന്നതായി സൂചന. കഴിഞ്ഞെ തെരഞ്ഞെടുപ്പ് കാലത്ത് 20 കോടിയിലധികം രൂപയുടെ ബോണ്ടുകള്‍ പണമാക്കി മാറ്റാതെ ലാപ്‌സായെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്‍പ്പെടുത്തിയതായി ഹഫ്‌ പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 5800 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കഴിഞ്ഞ മെയ് മാസം വരെയുള്ള കാലയളവില്‍ വിറ്റഴിക്കപ്പെട്ടതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 20 കോടി രൂപയുടെ ബോണ്ടാണ് പണമാക്കി മാറ്റാതിരുന്നത്. തെരഞ്ഞെടുപ്പ് കാലമായിട്ടും ഇങ്ങനെ സംഭവിച്ചത് ഇല്ക്ടറല്‍ ബോണ്ടുകള്‍ക്കെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ടാണ് ബോണ്ടുകള്‍ കാലവാധി കഴിഞ്ഞ് ലാപ്‌സായി പോകുന്നതെന്നത് അത്ഭുതകരമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് ഡയറക്ടര്‍ പ്രൊഫ. ജയദീപ് ചോക്കര്‍ ചോദിച്ചു. ഇത് നേരത്തെ ഇതിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ ശരിയാണെന്നതിന്റെ തെളിവാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവാന ചെയ്യാന്‍ വേറെ മാര്‍ഗമുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഇലക്ടറല്‍ ബോണ്ടുകള്‍ സുതാര്യത ഉറപ്പാക്കുകയല്ല, ദുരുഹത സൃഷ്ടിക്കുകയാണ് ചെയ്യുകയെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസും കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബോണ്ടുകള്‍ ന്ല്‍കുന്നവരുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ടുകളില്‍ ഭൂരിപക്ഷവും ബിജെപിയ്ക്കാണ് ലഭിച്ചതെന്ന് നേരത്തെ കണക്കുകളില്‍ വ്യക്തമായിരുന്നു.
1000 രൂപ മുതല്‍ ഒരു കോടി രൂപവരെയുള്ളതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ഇത് വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ സവിശേഷതയായി പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ട കണക്കിലും ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതാണ് പിന്നീട് സുപ്രീം കോടതി ഇടപ്പെട്ട് നീക്കിയത്.

കഴിഞ്ഞവര്‍ഷം ജനുവരി രണ്ടിനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന ഫണ്ടിംങ് സമ്പ്രദായം ഇന്ത്യ ഏര്‍പ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് വഴിയാണ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ബോണ്ട് വാങ്ങുന്നവരെയും നല്‍കുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ സുതാര്യമായതിനാല്‍ സര്‍ക്കാരിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കില്ലെന്നും ഇത് സുതാര്യത ഉറപ്പുവരുത്തുമെന്നുമായിരുന്നു ഇതിന് അനുകൂലമായി ഉയര്‍ത്തപ്പെടുന്ന വാദങ്ങള്‍. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് വഴി ആര്‍ ഏത് പാര്‍ട്ടിക്കാണ് സംഭാവന നല്‍കിയത് എന്ന വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ 15 ദിവസത്തിനകം അത് പണമായി മാറ്റണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ മാറ്റാത്ത ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ഫണ്ടിലെക്ക് മാറ്റുമെന്നാണ് വ്യവസ്ഥ. ഇങ്ങനെ പണമാക്കി മാറ്റാത്ത 20 കോടി രൂപ യാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍