UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെറിയ പുള്ളികളില്‍ ഒതുങ്ങുന്ന ആനവേട്ട കേസ്; വനം വകുപ്പിന് കഴിവുകേടിന്റെ മറ്റൊരദ്ധ്യായം

Avatar

സന്ദീപ് വെള്ളാരംകുന്ന്

കേരളത്തിലെ വനങ്ങളില്‍ ആനകളെ വേട്ടയാടിയതുമായി ബന്ധപ്പെട്ടു പിടിയിലായവരെല്ലാം തന്നെ സാമ്പത്തികമായി പിന്നോക്കമാണെന്നു തെളിഞ്ഞതോടെ വന്‍കിടക്കാര്‍ക്കാണ് ആന വേട്ടയുമായി ബന്ധപ്പെട്ടുണ്ടായ നേട്ടം ലഭിച്ചിരുന്നതെന്ന യാഥാര്‍ഥ്യമാണ് മറനീക്കി പുറത്തു വരുന്നത്. പിടിലായവര്‍ ആന വേട്ടയുമായി ബന്ധപ്പെട്ട ചങ്ങലയിലെ ചെറിയ കണ്ണികള്‍ മാത്രമാണ്. പ്രധാന പ്രതികള്‍ ഇപ്പോഴും നിയമത്തിന്റെ വലയ്ക്കുള്ളില്‍ പെടാതെ പുറത്തു നില്‍ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അമ്പതോളം പേരാണ് ഇതുവരെ പിടിയിലായത്. ഇതില്‍ വേട്ടയ്ക്കു നേതൃത്വം നല്‍കിയവരും കൊമ്പുകള്‍ ഉപയോഗിച്ചു ശില്പങ്ങള്‍ നിര്‍മിച്ചവരും വില്‍പ്പന നടത്തിയ ഇടനിലക്കാരുമെല്ലാം ഉള്‍പ്പെടും. ആന വേട്ടക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്ന് തുടക്കം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഇതു നടക്കാന്‍ സാധ്യതയില്ലെന്നാണു സൂചന. സിബിഐ അന്വേഷണം വന്നാല്‍ പല തലകളും ഉരുളുമെന്നതിനാലാണ് സിബിഐ അന്വേഷണം ഭയക്കുന്നതെന്നും ആരോപണമുണ്ട്. ഇക്കോ ടൂറിസം പദ്ധതികളും മറ്റുമായി വനംവകുപ്പ് വന സംരക്ഷണം എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുമാറി സഞ്ചരിക്കുമ്പോള്‍ നാഥനില്ലാക്കളരിയായി വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുകയാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ആന വേട്ടയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍. 

മൂന്നു മാസം മുമ്പാണ് വിവാദമായ ആന വേട്ട കേസിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയത്. ആന വേട്ട സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വനം വകുപ്പ് അട്ടിമറിച്ചുവെന്ന് ഒരു ദിനപത്രം വാര്‍ത്ത നല്‍കിയതോടെയാണ് തുടക്കം.  മലയാറ്റൂര്‍ ഡിവിഷനു കീഴിലുള്ള തുണ്ടത്തില്‍ റേഞ്ചില്‍ ആനകള്‍ വന്‍ തോതില്‍ വേട്ടയ്ക്കിരയായെന്ന റിപ്പോര്‍ട്ടു പുറത്തു വന്നപ്പോള്‍ തുടക്കത്തില്‍ ഇത്തരമൊരു സംഭവമേ ഇല്ലെന്നു വരുത്തിത്തീര്‍ക്കാനാണ് വനം വകുപ്പും മന്ത്രിയും ശ്രമിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തായതോടെ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു. ഒന്നാം പ്രതിയായ ഐക്കരമറ്റം വാസു മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. രണ്ടാം പ്രതി ആണ്ടിക്കുഞ്ഞെന്ന ജിജോ, മൂന്നാം പ്രതി എല്‍ദോസ്, തിരുവനന്തപുരത്തെ ആനക്കൊമ്പ് വ്യാപാരികളായ ഈഗിള്‍ രാജന്‍, അജി ബ്രൈറ്റ്, പ്രിസ്റ്റണ്‍ സില്‍വ എന്നിവരുള്‍പ്പടെ അമ്പതോളം പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പതിനഞ്ചോളം ആനകളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായതെങ്കിലും 28 ഓളം ആനകളെ വേട്ടയാടിയതായാണ് വിവരം. മലയാറ്റൂര്‍ ഡിവിഷനിലെ തുണ്ടത്തില്‍, പളളത്തിരുവോട്, അതിരപ്പള്ളി ഭാഗങ്ങളില്‍ നിന്നാണ് ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്വേഷണം തുടരുകയാണ്.

ആന വേട്ടയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തു നടന്ന ദക്ഷിണേന്ത്യന്‍ വനം മന്ത്രിമാരുടെ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതിനിടെ ആന വേട്ടയുമായി ബന്ധപ്പെട്ട് ഉന്നതതലത്തില്‍ മനസറിവുള്ളതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഉന്നത തലത്തില്‍ നടക്കുന്നതായി ആരോപണമുണ്ട്. ഇതിനിടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ടു പിടികൂടിയ പതിനഞ്ചു പ്രതികള്‍ക്കു നേരെ മൂന്നാം മുറ പ്രയോഗിച്ചതിന്റെ പേരില്‍ ഐഎഫ്എസ് ദമ്പതികള്‍ക്കെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുക്കുന്ന സംഭവത്തിനും ആന വേട്ടക്കേസ് ഇടയായി. ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട വനംവകുപ്പിന്റെ പ്രതിഛായ കൂടുതല്‍ മോശമാക്കുന്നതായിരുന്നു മൂന്നാം മുറ കേസ്. തങ്ങളുടെ ഭാഗത്തു നിന്നു വന്ന വീഴ്ച മൂലമാണ് വ്യാപക വേട്ടയ്ക്കു കളമൊരുങ്ങിയതെന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്ത ഉദ്യോഗസ്ഥര്‍ പിടികൂടിയ പ്രതികള്‍ക്കു നേരെ മൂന്നാം മുറ പ്രയോഗിക്കുകയായിരുന്നു.

2014 സെപ്റ്റംബര്‍ മുതല്‍ 2015 മേയ് വരെയുള്ള കാലയളവിലാണ് മലയാറ്റൂര്‍ റേഞ്ചിന്റെ കീഴില്‍ വ്യാപകമായി ആനവേട്ട നടന്നിട്ടുള്ളതെന്ന് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ‘ആനകള്‍ക്കു പുറമേ കരടി, കാട്ടുപോത്ത് എന്നിവയെയും വ്യാപകമായി വേട്ടയാടിയിട്ടുണ്ട്. വിലങ്ങുപാറ എന്ന പ്രദേശം കേന്ദ്രീകരിച്ചാണ് ആനവേട്ടകള്‍ കൂടുതലും നടന്നിട്ടുള്ളത്. ഇരുപതിലധികം ആനകളുടെ കൊമ്പുകള്‍ പൂവത്താംകോട്, തട്ടേക്കാട് ചെക്ക് പോസ്റ്റുകളിലൂടെ തിരുവനന്തപുരത്തേക്ക് പലതവണ കടത്തിക്കൊണ്ടു പോയിട്ടും ഒരു തവണ പോലും പിടിയിലായില്ലായെന്നത് ഈ കേസുമായി ബന്ധപ്പെട്ട് പലര്‍ക്കും മനസറിവുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആനവേട്ടയുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ക്കു ബന്ധമുണ്ടെന്നതു യാഥാര്‍ഥ്യം തന്നെയാണ്, എന്നാല്‍ അന്വേഷണം കൊമ്പുകടത്തിക്കൊണ്ടു പോയവരിലേക്ക് കാര്യമായി എത്തിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ വെളിച്ചത്തു വരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണ്ടി വരും. എന്നാല്‍ സിബിഐ അന്വേഷണം നടന്നാല്‍ പലരുടെയും തലകള്‍ ഉരുളുമെന്നതിനാല്‍ ഇത് എത്രത്തോളം നടപ്പാകുമെന്നു പറയാനാവില്ല.‘ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു.


ഉദ്യോഗസ്ഥര്‍ 15 ദിവസത്തില്‍ ഒരിക്കലെങ്കിലും വനത്തില്‍ പോയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ തരത്തിലുള്ള ആന വേട്ട ഉണ്ടാകുമായിരുന്നില്ലെന്ന് വനം വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. വനത്തില്‍ റേഞ്ച് ഓഫീസറും ഗാര്‍ഡുമാരും ഇടയ്‌ക്കെങ്കിലും ചുറ്റി സഞ്ചരിച്ചിരുന്നെങ്കില്‍ ഒരു ആനയുടെയെങ്കിലും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനും മുന്‍ കരുതലെടുക്കാനും അവര്‍ക്കു കഴിയുമായിരുന്നു. അതുകൊണ്ടു തന്നെ ആ റേഞ്ചിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ സംഭവത്തിന് ഉത്തരവാദിയെന്നു പറയാതിരിക്കാനാവില്ല. മലയാറ്റൂര്‍ ഡിവിഷനു കീഴില്‍ നാലു റേഞ്ചുകളാണുള്ളത്. കോടനാട്, കാലടി, ഇടമലയാര്‍, തുണ്ടത്തില്‍, കുട്ടമ്പുഴ എന്നീ റേഞ്ചുകളാണിവ. ഇതില്‍ തുണ്ടത്തില്‍ റേഞ്ചിനു കീഴിലാണ് ആനവേട്ട നടന്നിട്ടുള്ളത്. 24 ആനകളെ വേട്ടയാടിയതായാണു പറയപ്പെടുന്നതെങ്കിലും ഏതാനും ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. എത്ര ആനകളെയാണ് തങ്ങള്‍ വേട്ടയാടിയതെന്നു കൊള്ളക്കാര്‍ പറയുന്നതു വിശ്വസിക്കേണ്ട ഗതികേടിലാണിപ്പോള്‍ വനം വകുപ്പും സര്‍ക്കാരും.

‘ഈ വര്‍ഷം കേരളത്തിലും ആന സെന്‍സസ് നടക്കേണ്ടതായിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരുമിച്ചാണ് സാധാരണ സര്‍വേ നടത്താറുള്ളത്. ഈ സംസ്ഥാനങ്ങളിലെ വനങ്ങളിലുള്ള ആനകള്‍ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നതിനാലാണ് ഒരുമിച്ചു സര്‍വേ നടത്തുന്നത്. കഴിഞ്ഞ സെന്‍സസില്‍ ഏതാണ്ട് 4500 ത്തിലധികം ആനകളെയാണ് കണ്ടെത്തിയിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ ഒരു റേഞ്ചില്‍ നിന്നു മാത്രം ഇത്രയധികം ആനകളെ വേട്ടയാടുകയെന്നതു വനംവകുപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. ഈ കേസില്‍ ഒന്നാം പ്രതി മരിച്ചതോടെ രണ്ടും മൂന്നും പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ നമുക്കറിയാനാവൂ. ഇതിലും ശ്രദ്ധേയമായ മറ്റൊരു കാര്യം 1980 കാലഘട്ടത്തില്‍ വനംവകുപ്പിന്റെ പ്രധാന ഉത്തരവാദിത്വമെന്നതു വന സംരക്ഷണം മാത്രമായിരുന്നു പിന്നീട് ഇത് വനം ഉപയോഗിച്ച് ഏതു രീതിയില്‍ വരുമാനം ഉണ്ടാക്കാനാവും എന്ന തലത്തിലുള്ള മാനേജുമെന്റ് എന്ന നിലയിലേക്കു മാറി 1996-കളുടെ അവസാനത്തോടെ ഇക്കോ ടൂറിസം വന്നതോടെ കണ്‍സര്‍വേഷന്‍ എന്ന വനംവകുപ്പിന്റെ പരമപ്രധാനമായ കര്‍ത്തവ്യത്തില്‍ നിന്നു വനംവകുപ്പ് പിന്നോട്ടു പോയി. ഇപ്പോഴത്തെ ആനവേട്ടയും ഇതിന്റെ ഭാഗമായി മാത്രമേ കാണാനാവൂ.‘ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലെ വനം വകുപ്പിന്റെ ഇന്നത്തെ അവസ്ഥയാണ് ആനവേട്ടയിലൂടെ കാണാനാവുന്നതെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട ഒരു സ്രോതസ് ചൂണ്ടിക്കാട്ടുന്നു. നാലു തരത്തിലുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ വനംവകുപ്പ് അഭൂമുഖീകരിക്കുന്നത്. സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ഉദ്യോഗസ്ഥര്‍ക്കു വേണ്ട പിന്തുണയില്ലായെന്നതും വനം വകുപ്പില്‍ ഗാര്‍ഡുമാരായും മറ്റും ജോലിക്കു നിയോഗിക്കുന്നവര്‍ക്ക് വേണ്ടത്ര പരിശീലനമില്ലായെന്നതും മതിയായ സാമ്പത്തിക പിന്തുണ കിട്ടുന്നില്ലായെന്നതും അര്‍ഹമായ അംഗീകാരം കിട്ടുന്നില്ലായെന്നതുമാണ് വനം വകുപ്പിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. കൃഷി വകുപ്പിലെ ജീവനക്കാര്‍ക്കു പോലും റിസ്‌ക്ക് അലവന്‍സു കിട്ടുമ്പോള്‍ കൊള്ളക്കാരെയും വന്യ മൃഗങ്ങളെയും നേരിടാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് റിസ്‌ക് അലവന്‍സ് ലഭിക്കില്ലായെന്ന വിരോധാഭാസവുമുണ്ട്. ഇതോടൊപ്പം മറ്റു ജോലികള്‍ ലഭിക്കാത്തതിനാല്‍ മാത്രം ഗാര്‍ഡുമാരായി വനംവകുപ്പില്‍ എത്തുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയും പ്രധാന പ്രശ്‌നമാണ്. സര്‍ക്കാര്‍ ജോലിയെന്ന നിലയില്‍ വനം വകുപ്പില്‍ ഗാര്‍ഡുമാരായി എത്തുന്നവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരായിരിക്കും. ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിലൂടെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേക്കു മാറാനുള്ള ഒരു ഇടത്താവളം മാത്രമായാണ് ഇവരെല്ലാം ഗാര്‍ഡു ജോലിയെക്കാണുന്നത്. ഇത്തരക്കാര്‍ക്ക് എങ്ങിനെ ആത്മാര്‍ത്ഥതയുണ്ടാകും. ഒരു ഗാര്‍ഡ് മാസത്തില്‍ 30 ദിവസവും റേഞ്ച് ഓഫീസര്‍ 20 ദിവസവും ഡിഎഫ്ഒ പതിനഞ്ചു ദിവസവും കണ്‍സര്‍വേറ്റര്‍ പത്തു ദിവസവും ഫീല്‍ഡില്‍ ചെലവഴിക്കണമെന്നാണു നിയമം എന്നാല്‍ ഇതിന്റെ പകുതി ദിവസങ്ങളെങ്കിലും ജീവനക്കാര്‍ വനത്തില്‍ പോയാല്‍ വേട്ടക്കാര്‍ക്ക് വനത്തില്‍ വിഹരിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നു. 

കേരളത്തില്‍ സജീവമായിരുന്ന ആനവേട്ട ഇടക്കാലമായി കുറഞ്ഞുവരികയായിരുന്നു. മതികെട്ടാന്‍ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന വി കെ ഫ്രാന്‍സിസും ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായ പി ധനേഷ്‌കുമാറും ചേര്‍ന്നാണ് കുപ്രസിദ്ധ വനംകൊള്ളക്കാരായ മധുര ജോണി, മധുര ജോളി, കുഞ്ഞോന്‍ വര്‍ക്കി, തട്ടകം ഡേവിസ്, പായിപ്പന്‍ പൈലിക്കുട്ടി, കൈതാരം സ്റ്റീഫന്‍, കറുപ്പന്‍ ജോസഫ്, സുബ്രന്‍ എന്നിവരെ പിടികൂടിയത്. ഇരു കൈകളിലും ഡൈനമിറ്റുമായി നടന്നിരുന്ന സുബ്രനെ മുന്‍ ഡിഎഫ്ഒ ആയ വി കെ ഫ്രാന്‍സിസ് ജീവന്‍പോലും അവഗണിച്ച് പിന്നില്‍ നിന്നും പിടിച്ചു നിര്‍ത്തിയാണ് അഴിക്കുള്ളിലാക്കിയത്. വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കിയിരുന്നുവെങ്കില്‍ ഇത്രയും ആനവേട്ട ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്ന് വി കെ ഫ്രാന്‍സിസ് അഭിപ്രായപ്പെടുന്നു. ‘അത്ര എളുപ്പത്തില്‍ വെടിവച്ചു പിടിക്കാന്‍ കഴിയുന്ന ഒരു മൃഗമല്ല ആനകള്‍. കാട്ടുപന്നിയും മാനും മ്ലാവും പോലെ അത്ര സുലഭമായി കാട്ടില്‍ കാണുന്ന മൃഗങ്ങളല്ല ഇവയെല്ലാം. അതുകൊണ്ടു തന്നെ വനത്തില്‍ അത്ര പരിചയമുള്ളവര്‍ക്കു മാത്രമേ ആനകളെ വെടിവയ്ക്കാന്‍ കഴിയുവെന്ന് ഉറപ്പാണ്. ഇടയ്‌ക്കെങ്കിലും വനത്തില്‍ പട്രാളിംഗ് നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു സംഭവം ഉണ്ടാകില്ലായിരുന്നു.’ വി കെ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ക്കുന്നു.

ഏറ്റവും സൗന്ദര്യമുള്ളതും തലയെടുപ്പുള്ളതുമായ വിഭാഗത്തില്‍പ്പെട്ടവയാണ് ഏഷ്യന്‍ ആനകള്‍. തുമ്പിക്കൈ നിലത്തിഴയുന്ന തരത്തിലുള്ളതും ഏഷ്യന്‍ ആനകള്‍ക്കു മാത്രമാണ്. വലിപ്പമുള്ള ചെവികള്‍ ഉള്ളതും ഇത്തരം ആനകള്‍ക്കു മാത്രമാണ്. ആവാസ വ്യവസ്ഥയുെട നാശവും വനത്തിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റവും മൂലം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ആനകളുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലായ അവസ്ഥയാണ്. ഓരോ സെന്‍സസിലും ആനകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണു കാണുന്നത്. പതിനൊന്നു പിടിയാനകള്‍ക്ക് ഒരു കൊമ്പന്‍ എന്ന നിലയിലാണ് കേരളത്തിലെ വനങ്ങളില്‍ ഇപ്പോഴുള്ള ആനകളുടെ അനുപാതമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പുണ്ടായിരുന്ന തോട്ടങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളായി മാറിയതും ആനത്താരകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും ആനകളുടെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്. കാട്ടില്‍ വനനശീകരണം മൂലം ഭക്ഷണം തേടി ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നതും ജനസംഖ്യാ വര്‍ധനവും മറ്റൊരു ഭീഷണിയാണ്. കാടുകളിലേക്കും കാടുകളുടെ അതിര്‍ത്തിയിലേക്കും ടൂറിസം പദ്ധതികളും റിസോര്‍ട്ടുകളും വ്യാപകമായതും ആനകളുടെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുന്നുണ്ട്. ആന നശിപ്പിക്കാതിരിക്കാന്‍ കുരിശില്‍ അറക്കവാള്‍ ഘടിപ്പിക്കുന്നതു പോലെയുള്ള ക്രൂരതകളും തുമ്പിക്കൈ മുറിഞ്ഞ നിലയില്‍ ഭക്ഷണം തേടി അലയുന്ന ആനയും നൊമ്പരക്കാഴ്ചകളായി നിലനില്‍ക്കുന്നു. അവയുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദികളായ വനംവകുപ്പാകട്ടെ ഇതൊന്നും തങ്ങളുടെ ബാധ്യതയല്ലെന്ന മട്ടില്‍ ഒഴിഞ്ഞു മാറി കളിക്കുന്നു. കൂടുതല്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുകയും വനത്തിനുള്ളില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ മിടുക്കന്‍മാരായി വിലസുന്ന വനംവകുപ്പില്‍ വനസംരക്ഷണവും വന്യജീവി സംരക്ഷണവും ഇപ്പോള്‍ അത്ര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ തന്നെയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍