UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാട്ടാനയെ വെടിവെച്ചു കൊന്നതിന് പിന്നില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനോടുള്ള പകയോ?

Avatar

എംകെ രാമദാസ് 

വയനാട് വന്യജീവി സങ്കേതം തലവനോടുള്ള റിസോര്‍ട്ട് മാഫിയയുടെ ശത്രുത വനത്തില്‍ കാട്ടാന വെടിയേറ്റി കൊല്ലപ്പെടാന്‍ കാരണമായതായി സൂചന. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതയ്ക്കരില്‍ വനത്തില്‍ മെയ് 30-നാണ് പിടിയാനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനവധി റിസോര്‍ട്ടുകള്‍ വയനാട്ടിലുണ്ട്. ഇവയില്‍ അധികവും വനത്തിനുള്ളിലോ വനത്തോട് ചേര്‍ന്നോ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. താമസ സ്ഥലത്ത് വന്യ മൃഗങ്ങളെ കാണാമെന്നാണ് ഈ റിസോര്‍ട്ടുകളുടെ ആകര്‍ഷത്വം. അര്‍ദ്ധ രാത്രിയില്‍ വനത്തില്‍ വേട്ടയ്ക്ക് ഇറങ്ങാമെന്ന വാഗ്ദാനവും ഇത്തരം റിസോര്‍ട്ടുകളുടെ മേന്മയായി കാണുന്നവരുണ്ട്. വനനിയമങ്ങള്‍ ലംഘിച്ച ചില റിസോര്‍ട്ടുകള്‍ക്ക് എതിരെ വയനാട് വന്യ ജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാര്‍ നടപടിയെടുത്തിരുന്നു. മുത്തങ്ങയ്ക്ക് അടുത്ത് വയല്‍ നികത്തി നിര്‍മ്മിച്ചിരുന്ന മൊദക്കര റിസോര്‍ട്ട് അടച്ചു പൂട്ടിയത് ഇതിനെ തുടര്‍ന്നായിരുന്നു. രണ്ട് മൂന്നിടങ്ങളില്‍ റിസോര്‍ട്ടുകളുള്ള മറ്റൊരാളുടെ അനധികൃത സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി തുടങ്ങിയതോടെ ധനേഷ് കുമാര്‍ ഇവരുടെ കണ്ണിലെ കരടായി. ഓഫീസിലുള്ള സഹപ്രവര്‍ത്തകരെ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ റിസോര്‍ട്ട് മാഫിയ ശ്രമിച്ചു. ഫോണില്‍ നേരിട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ഭീഷണിപ്പെടുത്താനും ഇവര്‍ മടിച്ചില്ല. വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.

യുഡിഎഫ് ഭരണകാലത്തും നിരവധി തവണ ധനേഷിന് എതിരെ വകുപ്പിലുള്ള ചില ഉദ്യോഗസ്ഥര്‍ നടപടിക്ക് ശ്രമിച്ചിരുന്നു. ഒടുവില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ധനേഷിനെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കി. തെരഞ്ഞെടുപ്പ് ചട്ടലംഘനം മുന്‍ നിര്‍ത്തി സ്ഥലം മാറ്റ തീരുമാനം നീണ്ടു പോകുകയായിരുന്നു. യുഡിഎഫ് മാറി ഇടത് മുന്നണി ഭരണത്തില്‍ വരുന്നതിന് ഇടയിലെ സംക്രമണ സമയത്താണ് ധനേഷിനെ സ്ഥലം മാറ്റാന്‍ ശ്രമിച്ചതെന്നും ഇത് വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പറഞ്ഞു. സ്ഥലം മാറ്റം റദ്ദു ചെയ്യാന്‍ വകുപ്പു മന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ സ്ഥലം എംപി, ചില എംഎല്‍എമാര്‍ തുടങ്ങിയവരുമായി സ്ഥിരം കലഹത്തിലേര്‍പ്പെട്ടിരുന്ന ധനേഷ് കുമാര്‍ വകുപ്പിലെ മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ഈ സല്‍പ്പേര് തകര്‍ക്കാനും പാഠം പഠിപ്പിക്കാനുമുള്ള ചിലരുടെ ശ്രമമാണ് കാട്ടാനയുടെ കൊലപാതകത്തില്‍ എത്തിയതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

റോഡരികില്‍ നിന്നും അഞ്ചു മീറ്റര്‍ അകലെ മുന്‍കാല്‍ കുത്തി ചരിഞ്ഞ നിലയിലായിരുന്നു ഏകദേശം പത്ത് വയസ്സിലധികം പ്രായമുള്ള കാട്ടാന. ചെവിക്കു മുകളില്‍ മസ്തകത്തിലേറ്റ ഒറ്റ വെടിയുണ്ടയാണ് ആനയുടെ കഥകഴിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

കാട്ടിലൂടെയുള്ള പാതയ്ക്കരികില്‍ കഴിഞ്ഞ ഏതാനും മാസമായി കണ്ടിരുന്ന ഈ ആന അക്രമകാരിയായിരുന്നില്ല. വഴിയാത്രക്കാര്‍ക്ക് കാണാനെന്ന വണ്ണം റോഡരികില്‍ ഈ ആന എന്നും നില്‍ക്കുമായിരുന്നു. നാട്ടുകാരോടുള്ള ഈ കൂസ്സലില്ലായ്മയാണ് ആനയുടെ അന്ത്യത്തിന് കാരണമായത്. വിദഗ്ദ്ധനായ വെടിക്കാരന്റെ ഉന്നം പിഴയ്ക്കാത്ത ഒരു വെടിയുണ്ടയാണ് ആനയുടെ അന്ത്യത്തിന് കാരണമായത്. കുറ്റവാളിക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു.

പ്രധാനമായും വേട്ട സംഘങ്ങളെ കുറിച്ചാണ് അന്വേഷണം. മൃഗ വേട്ടയ്ക്ക് തടസ്സമായി നിന്ന ആനയെ വെടിവച്ചതാകാമെന്ന നിഗമനവും ഉണ്ട്. പിഴയ്ക്കാത്ത ഉന്നത്തിനുള്ള പന്തയവും ഈ സംഭവത്തില്‍ അന്വേഷകര്‍ സംശയിക്കുന്നത്. വനത്തില്‍ അനധികൃതകമായി പ്രവേശിക്കുന്ന ടൂറിസ്റ്റുകളുടെ വിളയാട്ടമാണ് മറ്റൊരു കാരണമായി പരിഗണിക്കുന്നത്. മര്‍മ്മ സ്ഥാനത്തിന് സമാന്തരമായി വെടിയുണ്ടയാണ് ആനയ്ക്ക് ഏറ്റത് എന്നതിനാല്‍ പിക് നിക് വാഹനത്തില്‍ നിന്നുള്ള വെടിയാകാം ഇതെന്നും നിരീക്ഷണമുണ്ട്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍