UPDATES

പട്ടിയെ കൊന്നാല്‍ ചോദിക്കാന്‍ ആളുണ്ട്, ആനയ്ക്കോ?

Avatar

സതീഷ് കുമാര്‍

തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് മനുഷ്യരെ ആക്രമിക്കുന്ന പട്ടിയെ കൊല്ലുന്നതിനെതിരെ പ്രതിഷേധം നടത്തുവാന്‍ ആളുണ്ട് എന്നാല്‍ കരയിലെ എറ്റവും വലിയ ജീവിയും വംശനാശം നേരിടുന്നതുമായ ആനയെ പീഡിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുവാന്‍ എത്ര പേരുണ്ട്? ഉത്സവങ്ങളുടേയും പെരുന്നാളുകളുടേയും നേര്‍ച്ചകളുടേയും പേരില്‍ കൊടും പീഡനമാണ് കേരളത്തിലെ നാട്ടാനകള്‍ ഏറ്റുവാങ്ങുന്നത്. ഉത്സവ സീസണ്‍ ആയിട്ടില്ല എങ്കിലും ഇപ്പോഴേ ആനകള്‍ക്ക് പീഡന പര്‍വ്വം ആരംഭിച്ചു. കഴിഞ്ഞ ദിവസം കുന്ദംകുളത്തിനടുത്ത് നടന്ന പെരുന്നാളിനോട് അനുബന്ധിച്ച് അണിനിരത്തിയത് കേരളത്തിലെ പേരുകേട്ട ഗജവീരന്മാരെ ആയിരുന്നു. വിലക്ക് മറികടന്ന് തലയുയര്‍ത്തിപിടിക്കുവാനായി ആനകളെ തോട്ടികൊണ്ടും മറ്റും കുത്തിപൊക്കി. തോട്ടിയുടെ അറ്റത്ത് വച്ച ഇരുമ്പ് മുന കൊണ്ട് തെക്കന്‍ കേരളത്തില്‍ നിന്നുള്ള രാജനെന്ന ആനയുടെ ശരീരത്തില്‍ മുറിവേറ്റ് ചോരവന്നു. ചോരയൊലിപ്പിച്ചു കൊണ്ടായിരുന്നു ആന പരിപാടിയില്‍ പങ്കെടുത്തത്.

ഈ സീസണിലെ ആദ്യ പരിപാടികളില്‍ ഒന്നായിരുന്നു കുന്ദംകുളത്തേത്. കമ്മറ്റിക്കാരെയും ഫാന്‍സിനേയും ആവേശം കൊള്ളിക്കുവാന്‍ ആണ് ഇപ്രകാരം ആനകളെ പീഡിപ്പിച്ച് തലയുയര്‍ത്തിപ്പിടിപ്പിക്കുന്നത്. ഉടമകളുടെ സമ്മര്‍ദ്ദമോ മൌനാനുവാദമൊ കൂടെ ആകുമ്പോള്‍ എന്ത് ക്രൂരതയ്ക്കും തയ്യാറാകുന്ന പാപ്പാന്മാരും ഉണ്ട്.  ആനയുടെ നിലവ് നന്നായാലേ കൂടുതല്‍ പ്രശസ്തിയും പ്രോഗ്രാമുകളും ഒപ്പം വലിയ ഏക്കത്തുകയും ലഭിക്കൂ.

ആനകള്‍ക്ക് മാത്രമല്ല ആനപാപ്പാന്മാര്‍ക്കും ഫാന്‍സ് ഉണ്ട് ഇപ്പോള്‍. അവര്‍ക്കായി ഫേസ്ബുക്ക് പേജുകള്‍/അക്കൌണ്ടുകള്‍ വരെ ഉണ്ട്. പുതുതായി ആനയില്‍ കയറിയ പാപ്പാന്മാര്‍ “കഴിവു തെളിയിക്കുവാന്‍” ഉള്ള വേദിയായി തിരഞ്ഞെടുക്കുന്നത് സീസണിലെ ആദ്യ പ്രോഗ്രാമുകളെയാണ്. “ചിറക്കലെ കുട്ടി“ എന്നറിയപ്പെടുന്ന ഒരാനയുടമയുടെ പ്രമുഖനായ ആനയ്ക്ക് പുതിയ പാപ്പാനാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള പാപ്പാന്‍. പാലക്കാട് ജില്ലയിലെ ചെര്‍പ്ലശ്ശേരിയില്‍ നിന്നുമുള്ള രണ്ട് ആനകളുമായി ഒരു മത്സരത്തിനു മുതിര്‍ന്നതും സോഷ്യല്‍ മീഡിയയെ കൂടി ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ചെര്‍പ്ലശ്ശേരി ആനകള്‍ക്ക് നടുവില്‍ നിന്ന് നാണം കെടാനായിരുന്നു “ചിറക്കലെ കുട്ടിയുടെ“ പാപ്പാനും ഒപ്പം സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കും വിധി. ആന തലയുയര്‍ത്തി നിര്‍ത്തുവാനായി പാപ്പാന്‍ അതിനെ ക്രൂരമായി കുത്തിപ്പൊക്കിയെങ്കിലും ഫലം കാണാനായില്ല തുടര്‍ന്ന് ജനങ്ങള്‍ കൂക്കി വിളിക്കുവാനും തുടങ്ങിയതോടെ പരിപാടി പൂര്‍ത്തിയാക്കും മുമ്പെ ആനയുമായി മടങ്ങി.

പലപ്പോഴും ഇത്തരം തലപൊക്കല്‍ മത്സരങ്ങളാണ് ആനയിടച്ചിലുകള്‍ക്ക് വഴിവെക്കുന്നത്. എന്നാല്‍ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നും വേണ്ടത്ര ഗൌരവത്തോടെ ഇതിനെ കാണുന്നതിനോ നടപടിയെടുക്കുന്നതിനോ പലപ്പോഴും തയ്യാറാകാറില്ല. ആനയിടച്ചിലുകളും ആനകളുടെ അകാല മരണവും വര്‍ദ്ധിച്ചു വരികയാണ്.  ഓരോ വര്‍ഷവും ഇരുപത്തഞ്ച് മുതല്‍ മുപ്പത് വരെ ആനകളാണ് ചരിയുന്നത്. അമിതമായ ജോലിഭാരം വേണ്ടത്ര ഭക്ഷണമോ വിശ്രമമോ ലഭിക്കാത്ത അമിതമായ ജോലിഭാരവും കൊടും പീഡനവുമാണ് പല ആനകളേയും അകാല മരണത്തിലേക്ക് നയിക്കുന്നത്. ഒരാഴ്ച മുമ്പാണ് പാ‍പ്പാന്റെ ക്രൂമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആരോഗ്യം നശിച്ച് കുന്ദം കുളത്ത് ഒരാന ചരിഞ്ഞത്. ഈ പാപ്പാന്റെ ക്രൂരതയ്ക്ക് ബലിയാടുകളായി മൂന്നോളം ആനകള്‍ ചരിഞ്ഞതായും  സൂചനയുണ്ട്. ഇത്തരം പാപ്പാന്മാരെ തൊഴിലില്‍ നിന്നും വിലക്കുകയാണ് വേണ്ടതെങ്കിലും  അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര നടപടിയും ഉണ്ടാകാറില്ല.

ആന പീഡനങ്ങള്‍ക്കെതിരെ പതിവാ‍യി ഏതാനും പേര്‍ പരാതി നല്‍കും എങ്കിലും പട്ടികള്‍ക്ക് വേണ്ടി വാദിക്കുന്ന പോലെ സംഘടിതമായി പ്രതിഷേധങ്ങള്‍ ഇനിയും വളര്‍ന്നു വരുന്നില്ല.  മനുഷ്യരെ ആക്രമിക്കുന്ന പട്ടികള്‍ പെരുകിയാല്‍ പേവിഷബാധയുടെ മരുന്നിന്റെ വിപണിയും വളരും. ഈ വാണിജ്യ താല്പര്യമാണോ ഇക്കൂട്ടരുടെ പട്ടി പ്രേമത്തിനു പിന്നില്‍ എന്ന് സംശയം ഉയര്‍ത്തുന്നു. പട്ടികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ആനകളുടെ നിലനില്പിനെ അപായപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുവാന്‍ മുന്നോട്ട് വരട്ടെ എന്ന ആവശ്യം ആന സ്നേഹികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

സതീഷ് കുമാര്‍ അഴിമുഖത്തില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

ആനയബദ്ധങ്ങള്‍ക്ക് ഒരു വിയോജനക്കുറിപ്പ്

(പ്രവാസിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍