UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന പ്രേമികള്‍ ആദ്യം ചെയ്യേണ്ടത് നിയമം വായിച്ചു പഠിക്കലാണ്

Avatar

ഉണ്ണികൃഷ്ണന്‍ വി

മൃഗക്ഷേമവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രമേ തൃശൂര്‍ പൂരത്തിന് പങ്കെടുപ്പിക്കാവൂ എന്ന വിഷയത്തില്‍ ശക്തമായ തീരുമാനമെടുക്കാനായി പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (PETA) സന്നദ്ധ സംഘടന ഹൈക്കൊടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതോടെ ആന നമുക്ക് മുന്നില്‍ വീണ്ടുമൊരു ധാര്‍മിക പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ആനകളെ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പുതുതായി ഉരുത്തിരിഞ്ഞതല്ല. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി നിലകൊള്ളുന്ന Prevention of Cruetly to Animals act 2001 ലും തുടര്‍ന്ന് 2008 ല്‍ ഭേദഗതി വന്ന 1972ലെ Wildlife protection Atc ലും കേരള സര്‍ക്കാര്‍ Forest and Wildlife Department 2003 ഫെബ്രുവരി 26ന് പുറത്തിറക്കിയ അറിയിപ്പിലും ഇത് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കര്‍ശനമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമങ്ങള്‍ പാലിച്ചുള്ള നടപടികളാണ് രജിസ്‌ട്രേഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതായത് ആനയുടെ ഉടമസ്ഥാവകാശം, താമസം, ആവശ്യമായ പരിചരണം, ഭക്ഷണം, ജോലി ചെയ്യിപ്പിക്കുന്നതിലുള്ള നിയന്ത്രണം, വിരമിക്കല്‍, യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഒട്ടനേകം കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ഒരു നിയമബന്ധിത സംവിധാനമാണ് രജിസ്‌ട്രേഷന്‍. ആനകളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നഗ്നമായി ലംഘിക്കപ്പെടുകയാണ്.

കേരളത്തിലെ ഉടമകള്‍ ആരുംതന്നെ തങ്ങളുടെ ആനകളെ ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് ആനകളെ പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം Animal Welfare Board of India ഉടമകള്‍ക്ക് നല്‍കിയതാണ്. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായൊരു നിലപാടുമെടുത്തില്ല, ആനകളെ എഴുന്നള്ളിക്കുകയും ചെയ്തു.

ആനകളെ സ്വാര്‍ഥനേട്ടത്തിനായി നിയമങ്ങളെല്ലാം തള്ളിക്കൊണ്ട് നരകജീവിതത്തിന് വിധേയരാക്കുന്ന സാഹചര്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുമ്പോള്‍, PETA ആവശ്യപ്പെടുന്നത് നിലവിലുള്ള നിയമസംവിധാനത്തിന്റെ കാര്യക്ഷമമായ നടപ്പാക്കലാണ്. ആനകളുടെ അവകാശ സംരക്ഷണത്തിനായി സംസാരിച്ചതിന് സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ തൃശ്ശൂര്‍ പൂരവും ആറ്റുകാല്‍ പൊങ്കാലയും ഒരുമിച്ചു നടത്തിക്കളഞ്ഞി ഇവിടുത്തെ ആനപ്രേമികള്‍(?). ആനകളുടെ ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊള്ളുന്ന നാട്ടില്‍ ഇതിലൊന്നും അത്ഭുതപ്പെടേണ്ടതില്ല.

ഈ ആനപ്രേമികള്‍ പക്ഷെ ഒരിക്കലും ആനകള്‍ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് ഓര്‍ക്കാറോ അറിയാറോ ഇല്ലെന്നാണ് പേട്ടയിലെ പ്രതിനിധികള്‍ പറയുന്നത്. ആന പരിപാലനം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചുവേണം. എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. ആനയെ മാറിനിന്നാസ്വദിക്കുന്ന ഒരാള്‍ പോലും ഈ നിയമലംഘനങ്ങളെ ചോദ്യം ചെയ്യാറുമില്ല. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ആനയെ കൊണ്ടു പോകുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട കുറെ നിയമങ്ങളുണ്ട്;

1. വാഹനത്തില്‍ കയറ്റുന്നതിനു മുമ്പ് ഉചിതമായ രീതിയിലുള്ള ഭക്ഷണം കൊടുക്കണം.
2. കരുതല്‍ ഭക്ഷണം വാഹനത്തില്‍ ഉണ്ടായിരിക്കണം.
3. നടത്തിക്കൊണ്ടാണ് പോകുന്നതെങ്കില്‍ ഒരു ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താന്‍ പാടില്ല.
4. 12 അടി നീളത്തില്‍ കുറഞ്ഞ വാഹനങ്ങള്‍ ആനകളെ കൊണ്ട് പോകാന്‍ ഉപയോഗിക്കരുത്.
5. പന്ത്രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ 12 മണിക്കൂര്‍ വിശ്രമം അത്യാവശ്യമാണ്.
6. മിനിമം വേഗതയെ പാടുള്ളു. വാഹനം പെട്ടന്നുള്ള ബ്രേക് ചെയ്യല്‍ ഒഴിവാക്കണം (ആനയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്).
7. ഒരു വണ്ടിയില്‍ മിനിമം രണ്ടു പാപ്പാന്മാര്‍ ഉണ്ടാവണം.

ഈ നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇതൊന്നും നടക്കാറില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ മൊത്തമുള്ള നാട്ടാനകളില്‍ വളരെ കുറഞ്ഞ എണ്ണത്തിന് മാത്രമാണ് ഇന്ന് ശരിയായ പരിചരണം ലഭിക്കുന്നത്. ബാക്കിയുള്ളവ അനുഭവിക്കുന്നത് ദുരിതങ്ങളാണ്.

പൂരത്തിനായാലും തടിപിടിക്കാനായാലും സിനിമയില്‍ അഭിനയിക്കാനാണെങ്കിലും ആനയ്ക്ക് അനുഭവിക്കേണ്ടി വരുന്നത് കൂടുതലും പീഡനങ്ങളാണ്. തീയും പുകയും ശബ്ദവും പേടിയുള്ള ആനയെ നമ്മള്‍ അതിന്റെ നടുക്കു തന്നെ മണിക്കൂറുകളോളം നിര്‍ത്തുന്നു.

“ജീവിതം മനുഷ്യന് മാത്രമുള്ളതല്ല, ബാക്കിയുള്ള ജന്തുജാലങ്ങള്‍ക്കും അതിനവകാശമുണ്ട്. ആവതുള്ള കാലം മുഴുവന്‍ മനുഷ്യനെ ഒരു ചങ്ങലയില്‍ തളച്ച് ഇട്ടിരുന്നാല്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഒരു മൃഗത്തിനും. അതിനും സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ട്. മനുഷ്യനുള്ള പോലെ തന്നെ ശാരീരിക-മാനസിക ആരോഗ്യാവസ്ഥകള്‍ ആനയ്ക്കുമുണ്ട്. കേരളത്തിലെ ഭൂരിഭാഗം ആനകളും മാനസികമായി പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. നമ്മുക്ക് രസകരമായി തോന്നുന്ന പല കാര്യങ്ങളും അവരെ അലോസരപ്പെടുത്തുന്നതാണ്, വേദനിപ്പിക്കുന്നതാണ്. ഈ മിണ്ടാപ്രാണികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കോടതി കയറുന്നതും”, പേട്ട വക്താവും മൃഗചികിത്സകനുമായ ഡോക്ടര്‍ മണിലാല്‍ പറഞ്ഞു. “നിങ്ങള്‍ക്ക് ആനകളോട് ഉള്ളത് യഥാര്‍ത്ഥ ഇഷ്ടമാണെങ്കില്‍ ഈ കാര്യങ്ങളൊന്നും തള്ളിക്കളയരുത്. ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകൂ”, മണിലാല്‍ ഉപദേശിക്കുന്നു. 

ആന ഒരു വന്യ ജീവിയാണെന്ന കാര്യം നമ്മള്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. മറ്റേതൊരു വീട്ടുമൃഗത്തെയുംപോലെ അതിനെയും ഇണക്കാമെന്നാണ് നമ്മുടെ ധാരണ. ആനയെ മനുഷ്യന്‍ ക്രൂരമായ പീഢനങ്ങളിലൂടെ മെരുക്കിയെടുക്കുകയാണ്, അതായത് അടിമയാക്കി മാറ്റുന്നു. സര്‍വ്വതന്ത്രസ്വതന്ത്രനായി വിഹരിക്കുന്ന സഹ്യന്റെ മകന്‍ എങ്ങനെയാണ് അടിമത്വത്തോട് ഇണങ്ങുക?

ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന മനുഷ്യമനോഭാവത്തിന് ഇരയാണ് ആനകളും. തിരുവനന്തപുരത്തെ ശിവശങ്കരന്‍ എന്ന ആന അതിന്റെ ഏറ്റവും പുതിയ ഇരയാണ്. ചങ്ങലയിട്ടു തളച്ച നാലു കാലുകളിലും വ്രണവും വേദനയുമായി ആ ആന തന്റെ തന്റെ ദുരിതപര്‍വ്വത്തിന്‍ നടുവിലാണ്. നാട്ടിലെ മനുഷ്യത്വമുള്ള ചില വ്യക്തികളുടെ കാരുണ്യം കാരണം അവനിന്നും ജീവിക്കുന്നു. ഇങ്ങനെ എത്രയെത്ര ശിവശങ്കരന്മാര്‍.

ആനയുടെ ശരാശരി ആയുസ് 70 വയസാണ്. ഒരു കാട്ടാന പൂര്‍ണാരോഗ്യത്തോടെ കഴിയുന്നത് ഇതില്‍ 56 വയസുവരെയാണ്. അങ്ങനെയുള്ളപ്പോള്‍ നാട്ടില്‍ മനുഷ്യന്റെ ലാഭക്കൊതിയുടെ തോട്ടിക്കോലുകള്‍ ആഴ്ന്നിറങ്ങുന്ന നാട്ടാനകളുടെ കാര്യം ആലോചിച്ചുനോക്കൂ. എന്നിട്ടും നമ്മുടെ നാട്ടില്‍ ആനകളുടെ ‘വിരമിക്കല്‍ പ്രായം’ 65 വയസാണ്. 65 കഴിഞ്ഞാല്‍ ഉടമ ഒന്നുകില്‍ ഈ ആനയെ ലീസിനു കൊടുക്കും അല്ലെങ്കില്‍ ഉപേക്ഷിക്കും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആന നിന്നാലും ചരിഞ്ഞാലും പണമെന്ന് ഒരു ചൊല്ലും നമ്മള്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. പതിരില്ലാത്തൊരു ചൊല്ല് . ആന ബിസിനസ് കേരളത്തിലെ ലാഭമേറിയൊരു ബിസിനസ് തന്നെ. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ മൊത്തം നൂറോളം ആനകളെ സ്വകാര്യ വ്യക്തികളുടെതായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് 700 നു മുകളിലാണ്.

എത്രയോ തവണ നമ്മള്‍ ചര്‍ച്ച ചെയ്തതും തര്‍ക്കിച്ചതുമായ ഒരു വിഷയമാണെങ്കിലും ഈ മിണ്ടാപ്രാണികള്‍ക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. കാരണം, ഇതൊന്നും വല്യ ആനക്കാര്യമായി ആരുമെടുത്തിട്ടില്ല, അത്രതന്നെ.

(അഴിമുഖത്തില്‍ ട്രെയിനി ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍