UPDATES

എഡിറ്റര്‍

വേട്ടക്കാരില്‍ നിന്നും രക്ഷയ്ക്കായി മലാവിയിലെ ആഫ്രിക്കന്‍ ആനകള്‍ക്ക് വീടുമാറ്റം

അഴിമുഖം പ്രതിനിധി

തെക്കു കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയില്‍ 500ഓളം ആനകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ലിവോണ്ടേ ദേശീയോദ്യാനത്തിലെ പ്രധാന ആകര്‍ഷണമായ ആഫ്രിക്കന്‍ ആനകളെയാണ് ആനവേട്ടക്കാരില്‍ നിന്നും രക്ഷിക്കാനായി മലാവിയില്‍ തന്നെയുള്ള മറ്റൊരു സുരക്ഷിത സങ്കേതത്തിലേക്ക് മാറ്റുന്നത്.

മേഞ്ഞു നടക്കുന്ന ആനകളെ ഹെലികോപ്റ്ററില്‍ നിന്ന് മയക്കുവെടി വെച്ച ശേഷം ക്രെയ്ന്‍ ഉപയോഗിച്ച് വലിയ കണ്ടെയ്നറുകളില്‍ കയറ്റിയാണ് വീടുമാറ്റം നടത്തുന്നത്. മയക്കുവെടി കൊണ്ട് വീഴുന്ന ആനകളെ ആദ്യം പ്രാഥമിക പരിശോധനകള്‍ക്ക് വിധേയരാക്കും. തുമ്പിക്കൈയില്‍ കൈ വെച്ച് ശ്വാസം ഉണ്ടോയെന്നു നോക്കുകയാണ് പ്രധാനമായും ചെയ്യാറുള്ളത്. പിന്നീട് ആവശ്യമുണ്ടെങ്കില്‍ മാത്രം ജീവന്‍ രക്ഷാ മരുന്നുകളും നല്‍കും. മയങ്ങി കിടക്കുന്ന ആനകളെ കാലില്‍ കയറു കെട്ടി തലകീഴായി തൂക്കിയെടുത്താണ് കണ്ടെയ്നറില്‍ കിടത്തുന്നത്. ശേഷം കയറുകള്‍ വെച്ച് ബന്ധിക്കുകയും ചെയ്യും. കണ്ണില്‍ വെളിച്ചം കയറാതിരിക്കാനായി അവയുടെ ചെവി വെച്ച് മറയ്ക്കുകയും ശ്വസനം സുഗമമാക്കാനായി തുമ്പിക്കൈയുടെ അറ്റത്ത് കമ്പ് വെച്ച് ദ്വാരം ക്രമീകരിക്കുകയും ചെയ്യും. പുതിയ സ്ഥലം ആനകള്‍ക്ക് വേഗത്തില്‍ പരിചയം ആവാനായി ഇരുസ്ഥലങ്ങളുടെയും ഘടന ഏതാണ്ട് ഒരേപോലെ ആക്കുകയാണ് ചെയ്യുന്നത്. അത് കൂടാതെ, കുടുംബമായി ജീവിക്കുന്ന ആനകളെ അടുപ്പിച്ചു കിടത്തിയ ശേഷം ഉണര്‍ത്തുന്നതും അവര്‍ക്ക് സൗകര്യപ്രദമാകും. കുട്ടികള്‍ ഉള്ള ആനകള്‍ ആണെങ്കില്‍ നിര്‍ബന്ധമായും അവരെ ഒന്നിച്ചു കിടത്തിയ ശേഷമേ ഉണര്‍ത്താവു എന്നും നിര്‍ദ്ദേശം ഉണ്ട്. കാരണം അമ്മ ആനകള്‍ ഉണര്‍ന്ന ശേഷം ആദ്യം ചെയ്യുക തങ്ങളുടെ കുട്ടികളെ തിരയുകയാവും എന്ന് ഈ മേഖലയില്‍ അനുഭവമുള്ള മൃഗസംരക്ഷകര്‍ പറയുന്നു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രത ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് മലാവി. വികസനം മൂലം വനമേഖല ദ്രുതഗതിയില്‍ നശിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി അവിടുത്തെ മൃഗസമ്പത്തിനു ഭീഷണി ആയി മാറിയിരിക്കുകയായിരുന്നു. ഇപ്പോഴത്തെ ഈ ആനകളുടെ വീടുമാറ്റത്തിനു പ്രചോദനമായത് കൊമ്പിനു വേണ്ടിയുള്ള വര്‍ധിച്ചു വരുന്ന ആനവേട്ടയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ പതിനായിരത്തോളം ആനകളാണ് കൂട്ടത്തോടെ കൊല്ലപ്പെട്ടത്. ലിവോണ്ടേ ദേശീയോദ്യാനത്തില്‍ നിന്നും മലാവിയില്‍ തന്നെയുള്ള ഇന്‍ഖോട്ടക്കോട്ട വന്യജീവി സങ്കേതത്തിലേക്കാണ് ആനകളെ മാറ്റുന്നത്. ലോകത്തില്‍ ഇതിനു മുന്‍പും ഇത്തരം വീടുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലാവിയിലെതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത് ആനകളുടെ എണ്ണം ആണ്. ഇത്ര വലിയൊരു സംഖ്യയില്‍ മുഗങ്ങളെ ഒറ്റത്തവണ മാറ്റുന്നത് ഇതാദ്യമാണ്. 1.2 മില്യണ്‍ പൗണ്ട് (11 കോടി രൂപ) ചിലവു വരുന്ന ഈ പരിപാടിയ്ക്ക് പണം കൊടുക്കുന്നത് ഡച്ച് പോസ്റ്റ്‌ കോഡ് ലോട്ടറിയും വാഷിംഗ്‌ടണ്‍ ആസ്ഥാനമായ വെയ്സ് ഫൌണ്ടേഷനുമാണ് (Wyss Foundation).

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍