UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനയല്ലേ, ആര്‍ക്കും എന്തും ആകാം; നിയമം അതിന്റെ വഴിക്കു പോട്ടെ

Avatar

അഥീന

ആദ്യഭാഗം ഇവിടെ വായിക്കാം: ആ… ആന… ആശ്ചര്യം…!- ഭാഗം 1

 

 

നാട്ടാനകളുടെയും കാട്ടാനകളുടെയും മരണനിരക്ക് കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടയില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഓരോ മൂന്ന് ദിവസവും ഒരാന കാട്ടില്‍ ചരിയുമ്പോള്‍ നാട്ടില്‍ ഒരു മാസം രണ്ട് മുതല്‍ ആറ് ആനകള്‍ വരെയാണ് ചരിഞ്ഞത്. വന്യജീവി സംരക്ഷണം ലക്ഷ്യമിട്ട്, കാട്ടില്‍ നിന്നും ആനകളെ പിടികൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് 1977 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നാട്ടാനകളുടെ എണ്ണം പിന്നെയും വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ ആനക്കടത്ത് ഉണ്ടായത്. അന്യസംസ്ഥാനങ്ങളില്‍ പരിപാടികള്‍ക്കെന്ന വ്യാജേന കൊണ്ടുപോകുന്ന കേരളത്തിലെ നാട്ടാനകള്‍ തിരിച്ചുവരുന്നുണ്ടോയെന്നും, അല്ലെങ്കില്‍ കൊണ്ടുപോയ ആനകള്‍ തന്നെയാണോ തിരിച്ച് കൊണ്ടുവരുന്നതെന്നും ഇപ്പോഴും വനംവകുപ്പിന് അറിയില്ല. നൂറിലധികം നാട്ടാനകളെ കാണാനില്ലെന്ന വന്യജീവി വകുപ്പിന്റെ ഏറ്റുപറച്ചിലിന് പ്രസക്തിയേറുന്നത് ഇവിടെയാണ്.

കാട്ടാനകളെ പിടികൂടുന്നതിന് നിയമഭേദഗതികളില്‍ ആനകളുടെ ഉടമസ്ഥാവകാശത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റേതടക്കമുള്ള ആനകളുടെ ഉടമ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ആനകളുടെ രക്ഷിതാവ് മാത്രമാണ് ഇപ്പോഴത്തെ ആന ഉടമകള്‍ എന്ന പേരിലറിയപ്പെടുന്നവര്‍. എന്നാല്‍ ഉന്നത രാഷ്ട്രീയ നേതൃത്വവുമായി നേരിട്ട് ബന്ധമുള്ള ആന ഉടമകളും, ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തെത്തുന്ന നേതാക്കളും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരത്തിന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്നതാണ് വാസ്തവം.

കാട്ടാനകളെ പിടികൂടുന്നതിനൊപ്പം ആനകളെ കൈമാറ്റം ചെയ്യുന്നതിലും കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയതോടെ ആനക്കച്ചവടവും സംസ്ഥാനത്ത് നിരോധിക്കപ്പെട്ടു. ഇതോടെ ഉത്സവങ്ങളില്‍ മാത്രമായി ആനയുടെ സാന്നിദ്ധ്യം കുറഞ്ഞു. എണ്ണം കുറഞ്ഞതോടെ ക്ഷേത്രങ്ങള്‍ക്ക് ഉത്സവസീസണില്‍ ആനകള്‍ കിട്ടാത്ത സ്ഥിതിയായി. നല്ലൊരു ശതമാനം ക്ഷേത്രങ്ങളും ആനയെഴുന്നള്ളിപ്പ് വേണ്ടെന്ന് വച്ചു. പക്ഷെ ഇന്നും ആനയെഴുന്നള്ളിപ്പുള്ള ക്ഷേത്രങ്ങള്‍ തന്നെയാണിവ.

നാട്ടാനയുടെ പരിപാലനവുമായി ബന്ധപ്പെട്ട സകലനിയമങ്ങളും ആനയുടമകള്‍ അട്ടിമറിക്കുകയാണ്. ചൂട് ഒട്ടും സഹിക്കാനാകാത്ത ആനകളെ പകല്‍ 11നും വൈകിട്ട് 3 മണിക്കും ഇടയില്‍ എഴുന്നള്ളിക്കരുത്. ആവശ്യമായ തണല്‍ ഒരുക്കി വേണം ഇവയെ സംരക്ഷിക്കാന്‍. ആവശ്യത്തിന് വെള്ളം ലഭ്യമാകണം. താമസസ്ഥലം സ്ഥിരമായി ശുചിയാക്കണം. അണുവിമുക്തമാക്കാനുള്ള എല്ലാ സൗകര്യങ്ങളും വേണം. പൂര്‍ണ്ണ ആരോഗ്യവാനായ ആനയ്ക്ക് 250 കിലോ ആഹാരവും, 250 ലിറ്റര്‍ വെള്ളവും ഒരു ദിവസം നല്‍കണം. ഇത്ര തന്നെ വെള്ളം മറ്റ് സമയത്തും ലഭ്യമാകണം. ദിവസേന നിശ്ചിതദൂരം നടത്തിക്കണം എന്നിങ്ങനെയാണ് നിബന്ധനകള്‍. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്.

ഏറ്റവും കൂടുതല്‍ ആനകളെ പാര്‍പ്പിച്ചിരിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ കാലൊടിഞ്ഞതും, കാഴ്ച ശക്തി നഷ്ടപ്പെട്ടവയുമുള്‍പ്പടെ 59 ആനകള്‍ കോട്ടയ്ക്കകത്ത് ദിവസം മുഴുവന്‍ ചങ്ങലയില്‍ കിടക്കുകയാണ്. ഇതില്‍ 54 കൊമ്പനാനകളും, അഞ്ച് പിടിയാനകളുമാണ് ഉള്ളത്. ഇവിയില്‍ നാലെണ്ണം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവയാണ്. കൊമ്പന്മാരില്‍ തന്നെ പലതിന്റെയും കൈകാലുകള്‍ ഒടിഞ്ഞ് നടക്കാന്‍ സാധിക്കാതെ ആയവയാണ്.  കാഴ്ചശക്തി നഷ്ടപ്പെട്ട ആനകളുടെ പോലും കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ ഇവിടെ ആന പരിപാലനത്തിന്റെ ക്രൂരസത്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ഏഴ് ആനകള്‍ക്ക് ക്ഷയരോഗവും മറ്റ് ആനകള്‍ക്ക് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളും ബാധിച്ചിട്ടുള്ളതായി പാപ്പാന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യായാമമില്ലാതെ കൊഴുപ്പടിഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന ആനകള്‍ വേറെയുമുണ്ട്. ഇവിടുത്തെ ആനകളില്‍ മിക്കവയും പ്രമുഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നന്നേ ചെറുപ്പത്തില്‍ നടയിരുത്തിയവയാണ്. അന്ന് പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്ന ആനകള്‍ക്ക് പാപ്പാന്മാരുടെ കൊടിയ മര്‍ദ്ദനത്തിലാണ് പരിക്കുകള്‍ പറ്റിയിട്ടുള്ളത്. മറ്റൊന്ന് ഇവിടുത്തെ ജലടാങ്കുകളാണ്. വെള്ളം പൈപ്പിലൂടെ ആനയുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുന്നതാണ് ഇപ്പോഴത്തെ രീതി.

കാട്ടിനകത്ത് ഓരോ ആനക്കൂട്ടവും ഓരോ കുടുംബമായാണ് താമസിക്കുന്നത്. കുഞ്ഞുങ്ങളും, മധ്യവയസ്‌കരും, മുത്തശ്ശന്മാരും വരെയുണ്ടാകും ഈ കൂട്ടത്തില്‍. ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ചാണ് ഇവ കാട്ടില്‍ അലയുന്നത്. 100 ഇനം ഭക്ഷണസാധനങ്ങള്‍ ഇവ ആഹരിക്കുന്നുണ്ട്. അതില്‍ തീറ്റപ്പുല്ല്, വള്ളിപ്പടര്‍പ്പുകള്‍, ഇലകള്‍, പൂവുകള്‍, കായകള്‍ തുടങ്ങി പോഷകസമൃദ്ധമായ അനേകം ഭക്ഷണ സാധനങ്ങള്‍ ഉണ്ട്. എന്നാല്‍ നാട്ടാനയ്ക്ക് പ്രധാനമായും ലഭിക്കുന്നത് പനമ്പട്ട മാത്രമാണ്.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിപാലനം ആനയില്‍ ഉണ്ടാക്കുന്ന മടുപ്പും പകയുമാണ് പിന്നീട് പാപ്പാന്മാരുടെ തന്നെ കൊലപാതകത്തില്‍ കലാശിക്കുന്നത്. 2007 ന് ശേഷം സംസ്ഥാനത്ത് നാട്ടാനകള്‍ കൊലപ്പെടുത്തിയവരുടെ എണ്ണത്തില്‍ 81 ശതമാനം പേരും പാപ്പാന്മാരാണ്. ആനകള്‍ക്ക് പക ഏറെയും പാപ്പാന്മാരോട് തന്നെയാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

2007 മുതല്‍ 2015 മാര്‍ച്ച വരെ നാട്ടാനകള്‍ ഓരോ വര്‍ഷവും കൊലപ്പെടുത്തിയവരുടെ എണ്ണം 26, 29, 33, 75,49, 26, 28, 1 എന്നിങ്ങനെയാണ്. ആകെ 267 പേര്‍ മരിച്ചതില്‍ 218 പാപ്പാന്‍മാര്‍ ഒഴിച്ചാല്‍ 46 പേര്‍ പ്രായമായവരാണ്. ഉത്സവകാലത്ത് മദപ്പാടുള്ള ആനകളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അനുസരിപ്പിക്കാന്‍ മര്‍മ്മങ്ങളില്‍ പാപ്പാന്മാര്‍ പിടിമുറുക്കുന്നതുമാണ് ആനയെ ചൊടിപ്പിക്കുന്നത്. മദപ്പാട് കാലത്ത് ആനയുടെ സ്വഭാവത്തില്‍ പൂര്‍ണ്ണമായും മാറ്റം വരികയും ചട്ടങ്ങള്‍ അനുസരിക്കില്ലെന്നതും അറിയാമെങ്കിലും പലരും ഇത് അത്ര കാര്യമാക്കാതെയാണ് ആനയെ പരിചരിക്കുന്നത്.

മുന്‍പ് ആനകള്‍ കുറവായിരുന്ന കാലത്ത് ആനകളുടെ മര്‍മ്മഭാഗങ്ങളെല്ലാം നന്നായി അറിയുന്ന പാപ്പാന്മാര്‍ ഉണ്ടായിരുന്നു. ചൂണ്ടുവിരലിന്റെ തുമ്പത്ത് ആനകളെ ഇവര്‍ വിറപ്പിച്ച് നിര്‍ത്തിയിരുന്ന കാലമല്ല ഇന്ന്. എന്തിനും ഏതിനും അടിയാണ്. തോടിയുടെ അറ്റത്തെ മൂര്‍ച്ചയുള്ള ഇരുമ്പായുധം ശരീരത്തില്‍ തുളച്ചുകയറ്റിയാണ് ചട്ടം പരിശീലിപ്പിക്കുന്നത്. ഇരുമ്പായുധം ഉപയോഗിക്കരുതെന്ന ഏറ്റവും പുതിയ കോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് അറിയാനുള്ള സാഹചര്യം പോലും നിലവിലില്ല. ദേവസ്വം വകുപ്പിന്റെ ആനയെ തൊടാന്‍ മാത്രം ധൈര്യം വന്യജീവി വകുപ്പിനില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

(തുടരും)

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍