UPDATES

സിനിമ

ഗോവയില്‍ സുവര്‍ണ്ണമയൂരം നേടിയ എംബ്രേസ് ഓഫ് ദി സെര്‍പ്പന്‍റ് ഐ എഫ് എഫ് കെയിലുണ്ട്

Avatar

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക് 

എംബ്രേസ് ഓഫ് ദി സെര്‍പ്പന്‍റ് 
സംവിധാനം: സിയറോ ഗുവേര

ഇന്ത്യയുടെ നാല്‍പ്പത്തിയാറാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണ മയൂരം ഒരു ലാറ്റിന്‍ അമേരിക്കന്‍ ചിത്രത്തിനാണ്. കൊളംബിയയില്‍നിന്നുള്ള സിയറോ ഗുവേര (Cirro Guerra) സംവിധാനം ചെയ്ത  സര്‍പ്പത്തിന്‍റെ ആലിംഗനം (Embrace of the Serpent). സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് കറുപ്പിലും വെളുപ്പിലും. ചിത്രത്തിന്‍റെ പശ്ചാത്തലമോ നിറങ്ങളുടെ വന്യ സൌന്ദര്യം നിറഞ്ഞാടുന്ന ആമസോണ്‍ വനാന്തരങ്ങളും.

കാരംകേറ്റ് എന്ന ആദിവാസി മന്ത്രവാദിയും രണ്ടു ശാസ്ത്രജ്ഞന്‍മാരും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം അധിനിവേശം ഉഴുതു മറിച്ചിട്ട ലാറ്റിന്‍ അമേരിക്കന്‍ ഭൂമികയിലൂടെയാണ് സഞ്ചരിക്കുന്നത്. അന്യം നിന്നുപോയ തന്‍റെ ഗോത്രത്തിലെ അവസാനത്തെ മനുഷ്യനാണ് കാരംകേറ്റ്. തികച്ചും ഏകാന്തമായ ജീവിതമാണ് അയാള്‍ നയിക്കുന്നത്. അയാളുടെ ഒറ്റയാന്‍ ലോകത്തിലേക്കാണ് പടിഞ്ഞാറു നിന്ന് രണ്ടു ശാസ്ത്രജ്ഞന്‍മാര്‍ കടന്നു വരുന്നത്. മനുഷ്യനെ സ്വപ്നം കാണാനും അതിലൂടെ രോഗം ശമിപ്പിക്കാനും സഹായിക്കും എന്നു കരുതുന്ന യാക്രുന പൂവ് തേടിയാണ് അവരെത്തിയത്. 40 വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്നതാണ് ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം.

ജര്‍മ്മന്‍ എത്തനോളജിസ്റ്റ് തിയോഡര്‍ കോച്ച്-ഗ്രണ്‍ബെര്‍ഗിന്റെയും അമേരിക്കന്‍ ബോട്ടണിസ്റ്റ് റിച്ചാര്‍ഡ് ഇവാന്‍ ഷള്‍റ്റ്സിന്റെയും അനുഭവകുറിപ്പുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് സീയറോ ഗുവേര ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡയറക്റ്റേര്‍സ് ഫോര്‍ട്ട് നൈറ്റ് പുരസ്കാരം നേടിയ ചിത്രം ടൊറോന്‍റോ, ലണ്ടന്‍, വാന്‍കൂര്‍ തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

മേക്കിംഗില്‍ ഹെര്‍സോഗിയന്‍ സാഹസം ദൃശ്യമാകുന്ന എംബ്രേസ് ഓഫ് ദി സെര്‍പ്പന്‍റ് ആമസോണിലെ തന്‍റെ റബ്ബര്‍ തോട്ടത്തിലേക്കുള്ള കുറുക്ക് വഴി തേടി ആവിക്കപ്പലിനെ കുന്നിന്‍ മുകളിലൂടെ വലിച്ചു കയറ്റാന്‍ ശ്രമിച്ച ഫിട്സ്കരാള്‍ഡോയെ ഓര്‍മ്മിപ്പിക്കും. 

ഇരുപത്തിയൊന്നാം വയസില്‍ ദി വാന്‍ഡറിംഗ് ഷാഡോസ് (2004) എന്ന ചിത്രത്തിലൂടെ കടന്നു വന്ന സീയറോ ഗുവേരയുടെ രണ്ടാമത്തെ ചിത്രം ദി വിന്‍ഡ് ജേര്‍ണിയാണ് (2009). നാല്‍പ്പതോളം അന്തരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ ഈ രണ്ട് ചിത്രങ്ങളും കൊളംബിയയുടെ ഓസ്ക്കാര്‍ നോമിനേഷനുകളായിരുന്നു. പതിനെട്ടാമത് ഐ എഫ് എഫ് കെയില്‍ സ്ട്രീറ്റ് ഫിലിം മേക്കിംഗ് ഫ്രം ലാറ്റിന്‍ അമേരിക്ക വിഭാഗത്തില്‍ ദി വിന്‍ഡ് ജേര്‍ണി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍