UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണഘടനയുടെ 356-ാം വകുപ്പും ചില സംഘ പരിവാര്‍ അജണ്ടകളും

Avatar

കൃഷ്ണകുമാര്‍ കെ.കെ.

നിയമസഭയിലുണ്ടായ സംഭവവികാസങ്ങളെതുടര്‍ന്ന് ഭരണഘടനയുടെ 356-ാം വകുപ്പും അടിയന്തിരാവസ്ഥയും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ? ആ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തേയും അതിനിടയാക്കിയേക്കാവുന്ന സാഹചര്യങ്ങളേയും കുറിച്ച് പരിശോധിക്കുകയാണിവിടെ. 

ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 18-ലാണ് രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. ഇതനുസരിച്ച് രാഷ്ട്രപതിക്ക് മൂന്ന് തരത്തിലുള്ള അടിയന്തിരാവസ്ഥകള്‍ പ്രഖ്യാപിക്കാം. ഒന്ന്: ആര്‍ട്ടിക്കിള്‍ 352 അനുസരിച്ച് ദേശീയ അടിയന്തിരാവസ്ഥ, രണ്ട്: ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് സംസ്ഥാന അടിയന്തിരാവസ്ഥ അഥവാ കോണ്‍സ്റ്റിറ്റിയൂഷണല്‍ അടിയന്തിരാവസ്ഥ, മൂന്ന്: ആര്‍ട്ടിക്കിള്‍ 360 അനുസരിച്ച് സാമ്പത്തിക അടിയന്തിരാവസ്ഥ.

ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് സംസ്ഥാന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യങ്ങള്‍ നോക്കാം. ഭരണഘടനാനുസൃതമായി ഭരണം നടത്തിക്കൊണ്ട് പോകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയോ, ഭരണഘടനാ പ്രതിസന്ധി ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് പ്രസ്തുത സാഹചര്യം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

സംസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പാര്‍ലമെന്റിലെ ഇരുസഭകളും അംഗീകരിച്ചിരിക്കണം. ഇതിന്റെ കാലാവധി മൂന്ന് വര്‍ഷത്തോളം നീട്ടിക്കൊണ്ടു പോകുവാന്‍ പാര്‍ലമെന്റിന് അധികാരവുമുണ്ടായിരിക്കും. ആറ്മാസം എന്ന കണക്കിന്.

ഇത്തരത്തില്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം ഒരു സംസ്ഥാനത്ത് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ പിരിച്ച് വിടപ്പെടുകയും, സംസ്ഥാനത്തിന്റെ നിയമ നിര്‍മ്മാണ അധികാരങ്ങള്‍ പാര്‍ലമെന്റില്‍ നിക്ഷിപ്തമാകുകയും ചെയ്യും. അതായത് ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാല്‍ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കുന്നതിനും, നിയമസഭ മരവിപ്പിക്കുന്നതിനും വേണമെങ്കില്‍ പിരിച്ച് വിടുന്നതിനും ശുപാര്‍ശ ചെയ്യാം. സംസ്ഥാന ഹൈക്കോടതിയുടേത് ഒഴികെയുള്ള സംസ്ഥാനത്തിന്റെ മറ്റെല്ലാ അധികാരങ്ങളും രാഷ്ട്രപതിയില്‍ വന്ന് ചേരുകയും ചെയ്യും.

എന്നാല്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഈ നിയമം ഇടയാക്കിയിട്ടുണ്ടെന്നുള്ളത് വേറെ വസ്തുത. 356-ാം വകുപ്പ് പ്രകാരം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം എന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മതിയായ ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെപ്പോലും ആര്‍ട്ടിക്കിള്‍ 356 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ പിരിച്ച് വിട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യ ഗവണ്‍മെന്റായ ഇഎംഎസ് സര്‍ക്കാരിനെ മതിയായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടുകൂടി 1959ല്‍ പുറത്താക്കിയത് സ്മരണീയമാണ്.

356-ാം വകുപ്പിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് പഠനം നടത്തുവാന്‍ 1983ല്‍ സര്‍ക്കാരിയ കമ്മീഷനെ നിയമിക്കുവാന്‍ ഇത് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കക്ഷി പക്ഷപാതം കാണിക്കുന്നവരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പിലായില്ല എന്ന് മാത്രമല്ല ഇന്നും ഗവര്‍ണര്‍മാരുടെ നിയമനം രാഷ്ട്രീയമായിത്തന്നെ നടത്തപ്പെടുകയും ചെയ്യുന്നു. ഇത് ഗവര്‍ണര്‍മാര്‍ക്ക് അവരില്‍ നിക്ഷിപ്തമായ ഭരണഘടനാപരമായ അധികാരങ്ങള്‍ സത്യസന്ധമായി നിര്‍വ്വഹിക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.

ഇനി കേരളത്തിലേക്ക് വരികയും അല്പം കൂടി കടന്ന് ചിന്തിക്കുകയും ചെയ്താല്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ വീണ്ടും പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലോണോ കേന്ദ്രം എന്നും സംശയിക്കാവുന്നതാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തൊന്നും നടക്കുന്ന കാര്യല്ല. പിന്നെയാണോ അധികാരം പിടിക്കുക എന്നത്….

അതിനാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണറെക്കൊണ്ട് സാഹചര്യമൊരുക്കുന്നതിനുള്ള തന്ത്രമായും ഗവര്‍ണറുടെ കത്തെന്ന കുറിപ്പിനെ കണക്കാക്കാവുന്നതാണ്. നിയമസഭക്കകത്ത് കയറാന്‍ പറ്റില്ലെങ്കിലും വളരെ വിദഗ്ദമായി ബജറ്റവതരണത്തിനെതിരെ സമരം നടത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ തകരാറിലാക്കുന്നതിന് നടത്തിയ നീക്കം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും മാണിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം കൊണ്ടും പൊളിഞ്ഞു.

ഇനി അഭയം ഗവര്‍ണറാണ്. അതുവഴി ഇവിടെ ഭരണഘടനാ പ്രതിസന്ധി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും കേന്ദ്രം ഇടപെടുകയും ചെയ്താല്‍ (അതത്ര എളുപ്പമല്ലെങ്കില്‍ കൂടി) എന്നും തങ്ങളുടെ സ്വപ്‌ന ഭൂമിയായ കേരളത്തില്‍ അക്കൗണ്ടില്ലെങ്കില്‍ കൂടി നിയന്ത്രണം കയ്യാളാം എന്ന് മോഹിക്കുന്നവരുമുണ്ടാകാം. അത് ഏത് വിധേനയും എന്ന ബിജെപിയുടെ മോഹവും തള്ളിക്കളയാനാകില്ല. ഒപ്പം സംഘികള്‍ സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളില്‍ വര്‍ഗ്ഗീയവിഷം തുപ്പി ജനങ്ങളില്‍ ഭിന്നതയുണ്ടാക്കുന്നതും ഹിന്ദുത്വ എന്ന വിചാരത്തിലേക്ക് ആളുകളെ ചേർത്ത് നിർത്താൻ ശ്രമിക്കുന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

*Views are Personal

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍