UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വർത്തമാനകാല ഇടപെടലുകള്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്

Avatar

ജോര്‍ജ് സഖറിയ

“കർത്താവേ, മുതലാളികളും തൊഴിലാളികളും സ്വത്തുടമസ്ഥന്മാരും ഉയർന്നവരും താണവരും എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന ഞങ്ങളുടെ സാമൂഹ്യ ഘടനയിലെ അനീതിയെപ്പറ്റി ഞങ്ങൾക്ക് കൂടുതൽ ബോധം തരേണമേ. പകൽ മുഴുവനും കഠിനപ്രയത്നം  ചെയ്തിട്ടും തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സ്ഥിതി ഉയർത്തുവാനും, തങ്ങളുടെ പ്രയത്നത്തിൽ നിന്ന് ഉണ്ടാകുന്ന ആദായത്തിന്റെ ന്യായമായ അംശം ലഭിപ്പാനും നിവൃത്തിയില്ലാത്ത ഒരു വലിയ പങ്ക് ആളുകളെ അവശതയിലാക്കുന്ന സാമൂഹ്യവ്യവസ്ഥിതി മാറ്റുന്നതിന് നടക്കുന്ന സമാധാനപരമായ എല്ലാ യത്നങ്ങളെയും നീ സഫലമാക്കേണമേ. ആത്മീയകാര്യങ്ങളിൽ മാത്രമല്ല സാമ്പത്തികവിഷയങ്ങളിലും കൂട്ടായ്മ അനുഭവിപ്പാനുള്ള ദർശനവും മനസ്സും നിന്റെ മക്കളിൽ നീ വളർത്തണമേ. ഓരോരുത്തനും അവനവന്റെ വ്യക്തിപരമായ ജീവിതവികസനത്തിന്‌  അവകാശമുള്ള അവസരങ്ങൾ നൽകേണമേ. ക്രിസ്തീയ നീതി അനുഭവമാക്കുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിക്കുവേണ്ടിയുള്ള അഭിവാഞ്ചയും അതു സാധിക്കുന്നതിനു വേണ്ട പ്രവർത്തന സന്നദ്ധതയും ഞങ്ങൾക്ക് തരികയും ചെയ്യുമാറാകണമേ.” – മാർത്തോമ്മാ സഭയുടെ പരസ്യാരാധനാ ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനായി അഭിവന്ദ്യ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ തയ്യാറാക്കിയ  പ്രാർത്ഥന. 

നിലവിലുള്ള സാമൂഹ്യക്രമത്തെ ദൈവരാജ്യദർശനത്തിന്റെ വെളിച്ചത്തിൽ രൂപാന്തരപ്പെടുത്തുന്നതിനു വേണ്ടിയുള്ള പൊതുസമൂഹത്തിലെ ക്രൈസ്തവ വിശ്വാസത്തിൽ അടിസ്ഥാനമായ സംഗതമായ ഇടപെടലുകളത്രേ ക്രൈസ്തവ സാമൂഹ്യസാക്ഷ്യം. ക്രൈസ്തവ സാമൂഹ്യസാക്ഷ്യം, സഭയുടെ ദൗത്യത്തിന്റെ കേവലം അനുബന്ധമല്ല; മറിച്ച് സഭ ദൗത്യോന്മുഖമാകുന്നത് സാമൂഹ്യസാക്ഷ്യത്തിലൂടെയത്രേ. ചരിത്രത്തിൽ  ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ വ്യത്യസ്തങ്ങളായ രണ്ട് മാതൃകകൾ നമ്മുക്ക് കാണാൻ സാധിക്കും. അനീതിനിഷ്ടമായ ഭരണകൂടനയങ്ങൾക്ക് ദൈവശാസ്ത്ര സാധൂകരണം നല്കുന്നതിലൂടെ അവയെ പിന്തുണക്കുന്നതത്രേ ആദ്യത്തെ മാതൃക. എന്നാൽ രണ്ടാമത്തെ മാതൃക വിപ്ലവകരമായ രാഷ്ട്രീയ ഇടപെടലുകളുടേതത്രേ. നിലവിലുള്ള ക്രമത്തിന്റെ പാപത്തെ പൊളിച്ചുകാട്ടി അർത്ഥവത്തായ ബദലുകൾക്കായുള്ള സമരങ്ങളിൽ പങ്കാളികളാകുകയാണ് ഈ മാതൃകയുടെ ധർമ്മം. ഈ രണ്ട് മാതൃകകളും വേദപുസ്തക വൃത്താന്തങ്ങളിൽ നാം കണ്ടുമുട്ടുന്നു.

ഭരണകൂടത്തെക്കുറിച്ചുള്ള  ദൈവശാസ്ത്ര വിചിന്തനങ്ങളും, സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള  ചിന്തകളും ക്രൈസ്തവ ദൈവശാസ്ത്ര ചരിത്രത്തിൽ എന്നും ആശയ സംഘട്ടനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വേദപുസ്തകത്തിൽ പോലും ഭരണകൂടത്തെക്കുറിച്ചുള്ള  വ്യത്യസ്ത ദൈവശാസ്ത്ര നിലപാടുകൾ നാം കാണുന്നു. ഒരു വേദപുസ്തക വിവരണം  രാജവാഴ്ച ദൈവഹിതമായി അവതരിപ്പിക്കുമ്പോൾ രാജഭരണത്തോടുള്ള ദൈവത്തിന്റെ പ്രതിരോധം മറ്റൊരു ആഖ്യാനത്തിൽ നാം വായിക്കുന്നു. ശൌൽ രാജാവായി വാഴുമ്പോൾ ദാവീദിനെ രാജാവായി ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്യുന്നത് അനീതിനിഷ്ഠമായ രാഷ്ട്രീയക്രമങ്ങളെ അട്ടിമറിക്കുന്ന ചരിത്രത്തിലെ ദൈവീക ഇടപെടലിന്റെ മൂർത്തമായ ഉദാഹരണമത്രേ. യേശു പ്രസ്ഥാനം തിന്മ നിറഞ്ഞ വ്യവസ്ഥിതിക്കൊരു തലവേദനയായപ്പോൾ കാൽവരിയിലെ കുരിശിലൂടെ അതിനെ അവസാനിപ്പിക്കുന്നതിന് അധികാരവർഗ്ഗം ശ്രമിച്ചു. എന്നാൽ, ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു സാക്ഷ്യ സമൂഹമായ് യേശു പ്രസ്ഥാനം ഉയിർത്തെഴുന്നേറ്റു. പൌലോസിന്റെ ലേഖനങ്ങളിൽ നേരത്തെ സൂചിപ്പിച്ച രണ്ട് മാതൃകകളും പൗലോസ്‌ ഉപയോഗിക്കുന്നതായി   കാണുന്നു. എല്ലാ ശ്രേഷ്ടാധികാരങ്ങൾക്കും കീഴടങ്ങാനുള്ള പൌലോസിന്റെ റോമാ ലേഖനത്തിലെ ആഹ്വാനം ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക്  ദൈവശാസ്ത്ര സാധൂകരണം നല്കുന്നതിന് സഭകളെ പ്രേരിപ്പിച്ചിട്ടുണ്ട്. 

ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ഇരു മാതൃകകളും വ്യത്യസ്ത ചരിത്രസന്ധികളിൽ ക്രൈസ്തവ സമൂഹങ്ങൾ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ സഭാ ചരിത്രത്തിൽ നാം കാണുന്നുണ്ട്. നാസി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് തേർവാഴ്ചയുടെ നാളുകളിൽ ജർമ്മനിയിലെ സഭ ഭരണകൂടത്തിന് ഓശാന പാടിയപ്പോൾ, സാക്ഷിക്കുന്ന സഭ എന്ന പേരിൽ ഒരു വിശ്വാസ സമൂഹം ഉയിർകൊള്ളൂകയും, ബാർമൻ  പ്രഖ്യാപനത്തിലൂടെ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വാസ പ്രഖ്യാപനം ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള ദൈവീക ന്യായവിധിയുടെ പ്രഘോഷണമാകുമ്പോൾ സഭ രക്തസാക്ഷികളുടെ കൂട്ടായ്മയായി തീരും. ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ഈ രണ്ട്  മാതൃകകൾ തമ്മിലുള്ള സംഘർഷത്തിന്റെ മറ്റൊരുദാഹരണമത്രേ മാർട്ടിൻ ലൂതർ കിംഗിന്റെ “ബർമിങ്ങ്ഹാം തടവറയിൽ നിന്നുമുള്ള കത്ത്.” 1963-ൽ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള സമരത്തിന്‌ നേതൃത്വം നല്കിയതിന്  മാർട്ടിൻ ലൂതർ കിംഗ് തടവിലാക്കപ്പെട്ടു. വെള്ളക്കാരായ ഒരു കൂട്ടം പട്ടക്കാർ അദ്ദേഹത്തിന്റെ സമരത്തെ വിമർശിച്ചുകൊണ്ട് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. അതിനോടുള്ള കിംഗിന്റെ പ്രതികരണമത്രേ പ്രസിദ്ധമായ “ബർമിങ്ങ്ഹാം തടവറയിൽ നിന്നുമുള്ള കത്ത്.”  ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ദൈവശാസ്ത്രം വിശദീകരിക്കുന്ന പ്രഖ്യാപനമത്രേ ഈ കത്ത്.  “In the midst of a mighty struggle to rid our nation of racial and economic injustice, I have heard many ministers say, “those are social issues with which the gospel has no real concern,” and I have watched many churches commit themselves to a completely otherworldly religion which makes a strange, unbiblical distinction between body and soul, between the sacred and the secular. We are moving toward the close of the 20th century with a religious community largely adjusted to the status quo—a taillight behind other community agencies rather than a headlight leading men to higher levels of justice… But even if the church does not come to the aid of justice, I have no despair about the future…We will win our freedom.”

ക്രൈസ്തവ സാമൂഹ്യസാക്ഷ്യം എപ്പോഴും സംഘർഷനിർഭരമാണ്. ശത്രുപക്ഷത്തിന് ശക്തി പകരുന്നത് പലപ്പോഴും വിശ്വാസ സമൂഹങ്ങൾ തന്നെയാണെന്നത് ദു:ഖകരമായ ഒരു വസ്തുതയത്രേ. വർണ്ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയിലെ സഭ പുറപ്പെടുവിച്ച കൈറോസ് രേഖ (1985) ഭരണകൂട  ദൈവശാസ്ത്രത്തെ തുറന്നുകാട്ടുന്നു. “State theology is simply the theological justification of the status quo with its racism, capitalism and totalitarianism. It blesses injustice, canonizes the will of the powerful and reduces the poor to passivity, obedience and apathy.” പൊതു മണ്ഡലത്തിൽ ദൈവരാജ്യത്തിന്റെ ശംഖുനാദം മുഴക്കുകയാണ് അർത്ഥവത്തായ ക്രൈസ്തവ സാമൂഹ്യസാക്ഷ്യം. നിലവിലുള്ള അനീതിപരമായ സാമൂഹ്യ വ്യവസ്ഥിതിയെ അട്ടിമറിക്കുകയും ദൈവരാജ്യത്തിന്റെ നൈതിക, ബദൽ സാമൂഹ്യ ബന്ധങ്ങളെ സൃഷ്ടിക്കുകയുമാണ് ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ഉത്തരവാദിത്തം.   

പോയ നൂറ്റാണ്ടിലെ മാർത്തോമ്മാ സഭയുടെ ചരിത്രം സംഗതമായ ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ചരിത്രമത്രേ. സർ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെ സഭയുടെ പ്രതിഷേധം ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുവിതാംകൂർ ഭരണകൂടത്തെ അറിയിച്ചു. മഹാരാജാവിനെതിരായുള്ള രാഷ്ട്രീയ നിലപാടിനെ വിമർശിച്ചുകൊണ്ട് ദിവാൻ കത്തെഴുതിയെങ്കിലും അതിനു മറുപടി നല്കാൻ പോലും ബിഷപ്പ് തയ്യാറായില്ല. ഇതേ കാലഘട്ടത്തിലാണ് യൂത്ത് ക്രിസ്ത്യൻ കൗണ്‍സിൽ ഫോർ ആക്ഷൻ, സർ സി. പി. യുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള സുറിയാനി സമുദായനേതാക്കളുടെ ശ്രമത്തെ പ്രതിരോധിച്ച് പരാജയപ്പെടുത്തിയത്. സ്വാതന്ത്ര്യലബ്ദിക്കു ശേഷം പ്രമുഖ ദൈവചിന്തകനായ എം.എം തോമസ്‌ വികസിപ്പിച്ച ദേശനിർമ്മാണത്തിന്റെ ദൈവശാസ്ത്രം, രാഷ്ട്രത്തിന്റെ പുനർനിർമ്മാണപ്രക്രിയയിലെ പങ്കാളിത്തത്തെ  ക്രൈസ്തവ സാമൂഹ്യസാക്ഷ്യത്തിന്റെ ഉത്തരവാദിത്തമായി തിരിച്ചറിഞ്ഞു.

പാപപങ്കിലമായ ലോകത്തിൽ നിയമനീതി നിർവഹിക്കുന്നതിനുള്ള ദൈവിക ഉപകരണമായാണ് ഭരണകൂടത്തെ എം.എം.തോമസ്‌ വ്യാഖ്യാനിച്ചിരുന്നത്. ഭരണകൂടത്തിന്റെ അധികാരങ്ങൾക്ക് അതുകൊണ്ടുതന്നെ പരിധിയുണ്ട്. ആ പരിധിയുടെ ലംഘനം എതിർക്കപ്പെടേണ്ടതാണ്. അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കാരണം മറ്റൊന്നായിരുന്നില്ല. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ ഭരണകൂടം അതിന്റെ ധാർമ്മിക അതിരുകളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും, അടിയന്തരാവസ്ഥ നിലനില്ക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തരുതെന്നും,  ഭരണഘടനാഭേദഗതികൾ വരുത്തരുതെന്നും, രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും, സെൻസർഷിപ്പ് ഒഴിവാക്കണമെന്നും, അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ധീരമായ ആ പ്രവാചക സാക്ഷ്യം ഇന്നും നമുക്ക് പ്രചോദനം നൽകുന്നു.  

2
സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള നമ്മുടെ ദൈവശാസ്ത്ര കാഴ്ചപ്പാടുകളാണ് നമ്മുടെ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. പോയ നൂറ്റാണ്ടിലെ സഭയുടെ സാമൂഹ്യ സാക്ഷ്യത്തിന്റെ ദൈവശാസ്ത്ര അടിസ്ഥാനം ഭരണകൂടത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര കാഴ്ചപ്പാടുകളാണ്. ഭരണകൂടം ദൈവനീതിയുടെ ആത്യന്തികമായ പ്രകാശനമല്ല. മറിച്ച് ദൈവനീതിയുടെ ഭാഗികമായ സാക്ഷി ആകുന്നതിനു മാത്രമേ ഭരണകൂടത്തിനു സാധിക്കൂവെന്ന് സഭ വിശ്വസിച്ചിരുന്നു. ദൈവരാജ്യത്തിന്റെ സാകല്യത ഭരണകൂടത്തിന്റെ എല്ലാ സാധ്യതകൾക്കും അപ്പുറമാണ്. എന്നാൽ സമഗ്രാധിപത്യത്തിലേക്ക് വീഴുന്നതിനുള്ള സാധ്യത നിലനില്‍ക്കെത്തന്നെ ചരിത്രത്തിലെ ഒരു ദൈവീക ഉപകരണം എന്ന നിലയിൽ ദൈവരാജ്യത്തിന്റെ വ്യാപനത്തിൽ പങ്കാളിയാകുന്നതിനു ഭരണകൂടത്തിന് സാധിക്കും. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിൽ സഹകരണത്തിന്റെയും പ്രതിരോധത്തിന്റെയും തലങ്ങളെ ഒരേ സമയം അംഗീകരിക്കുന്ന ഈ ദൈവശാസ്ത്ര നിലപാടാണ് പോയ നൂറ്റാണ്ടിൽ സഭയുടെ സാമൂഹ്യ സാക്ഷ്യത്തിന്റെ അടിസ്ഥാനമായിരുന്നത്.

ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തെ പ്രവാചക ദൗത്യമായി തിരിച്ചറിഞ്ഞ് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടപെടലുകൾ കഴിഞ്ഞ നൂറ്റാണ്ടിൽ സഭ നിർവഹിച്ചതിന്റെ ചരിത്രം നാം ചർച്ച ചെയ്തുവല്ലൊ. പ്രവാചകരേക്കുറിച്ചും പ്രവാചക ദൗത്യത്തെപ്പറ്റിയുമുള്ള റബ്ബി ഏബ്രഹാം ഹെഷേലിന്റെ ചിന്തകൾ ഇവിടെ പ്രസക്തമാണ്. “The prophet is a person; not a microphone. He is endowed with a mission. The prophet’s task is to convey a divine view, yet as a person, he is a point of view. He speaks from the perspective of God as perceived from the perspective of his own situation.” പ്രവാചകർ അടിസ്ഥാനപരമായും വ്യക്തികളാണ്. സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്നതിലൂടെ ദൈവഹിതം തിരിച്ചറിയുന്ന പ്രവാചകർ ദൈവോദേശ്യപ്രകാരം സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ശുശ്രൂഷയിൽ പങ്കാളികളാകും. ഹെഷേൽ വീണ്ടും പറയുന്നു: “Prophesy is not simply the application of timeless standards to particular human situations, but rather an interpretation of a particular moment in history, a divine understanding of human situation. Prophesy, then, may be described as exegesis of existence from a divine perspective.”  

പഴയ നിയമ പണ്ഡിതനായ വാൾട്ടർ ബ്രൂഗർമാൻന്റെ നിരീക്ഷണങ്ങൾ ചിന്തനീയമാണ്; “Prophesy is a persistent voice of dissent, sketching out how differently life is to be lived when YHWH is viewed as the decisive Subject of the public processes of life.” പ്രവാചക ദൗത്യത്തേക്കുറിച്ചുള്ള ഈ വിചാരങ്ങളെല്ലാം തന്നെ ദൈവനിയോഗത്താൽ അഭിഷിക്തരായ ചില വ്യക്തികളുടെ ചരിത്രത്തിലെ സുധീരമായ നിലപാടുകളായത്രേ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തെ അവതരിപ്പിക്കുന്നത്‌. അപ്പോൾ സഭയുടെ സാക്ഷ്യമെന്നത് ചില വ്യക്തികളുടെ പ്രവാചക ഇടപെടലുകളായി ചുരുങ്ങുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ സഭയുടെ സാമൂഹ്യ സാക്ഷ്യത്തെ വിമർശനാത്മകമായി വിലയിരുത്തുമ്പോൾ സഭയെ ഒരു പ്രവാചക പാരമ്പര്യമുള്ള സാക്ഷ്യ സമൂഹമായി രൂപാന്തരപ്പെടുത്തുന്നതിനു നമ്മുക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമത്രേ. ഈ ചോദ്യത്തോടുള്ള പ്രതികരണമാകണം വർത്തമാനകാലത്തിലെ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾ. 

3 
പൊതു സമൂഹത്തിലെ വിശ്വാസത്തിൽ അടിസ്ഥാനപെട്ട ഇടപെടലുകളെയാണല്ലോ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യമായി നാം വിവക്ഷിക്കുന്നത്. മധ്യവർഗ്ഗത്തിന്റെ പൊതുസമൂഹത്തിലെ ഇടപെടലുകൾ ഗൗരവമായ വിമർശനങ്ങൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അഴിമതിക്കെതിരായുള്ള അണ്ണാ ഹസാരെയുടെ സമരങ്ങളെ മാധ്യമങ്ങൾ പ്രകീർത്തിച്ചപ്പോൾ, Economic and Political Weekly, അത്തരം സമരങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു വിശകലനം പ്രസിദ്ധീകരിക്കുകയുണ്ടായി: “Well-bred, gracious, refined, civilized, and decent, and it is they who fit that category. For they are the ones, the ‘social entrepreneurs’ who via their NGOs, create and accumulate ‘social capital’; in their own estimation they are the ethical motors that power society to become ‘civil’” മധ്യവർഗ്ഗ സാമൂഹ്യ പ്രസ്ഥാനങ്ങളെ പ്രൊഫ. രാജൻ ഗുരുക്കൾ വിശകലനം ചെയ്യുന്നതും ഏതാണ്ട് ഇതേ രീതിയിലത്രേ: “Their aims and concerns, characteristically shallow and pretentious, are typical of the constitutionally safe and secure middle class. Not only do they fail to identify what is seminal and fundamental to be confronted but also how their legislative resolutions would ultimately affect the poor and the marginalized.”

പൊതു സമൂഹത്തിലെ മധ്യവർഗ്ഗ ഇടപെടലുകളെ രാഷ്ട്രീയത്തിന്റെ എൻ.ജി.ഒ വൽക്കരണം എന്ന് വിശേഷിപ്പിക്കുന്ന അരുന്ധതി റോയിയുടെ വിമർശനം നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്നു:  “The NGO-ization of politics threatens to turn resistance into a well-mannered, reasonable, salaried, 9-to-5 job. With a few perks thrown in. Real resistance has real consequences. And no salary. Middle-class people have the choice between hope and despair, just like they have the choice between shampoo for dry hair and oily hair; they have the choice between doing politics and interior design. People who are fighting don’t have a choice; they are fighting and they are focused and they know what they are doing.” മുകളിൽ സൂചിപ്പിച്ച വിമർശനങ്ങൾ എല്ലാം തന്നെ സഭയുടെ പൊതു സമൂഹത്തിലെ സാക്ഷ്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഗൗരവമായ പരിഗണന അർഹിക്കുന്ന ചിന്തകളത്രേ. സഭയുടെ തന്നെ എൻ.ജി.ഒ വൽക്കരണം സംഭവിക്കുന്ന ഈ ചരിത്ര സന്ധിയിൽ മധ്യവർഗ്ഗ സവർണ്ണ  മൂല്യങ്ങളുടെ യുക്തിയിൽ പിറക്കുന്ന സാമൂഹ്യ വിശകലനവും രാഷ്ട്രീയ ഇടപെടലുമായി സഭയുടെ സാമൂഹ്യ സാക്ഷ്യം പരിമിതപ്പെട്ടത്‌ ഗൗരവമായ വിമർശനത്തിനു വിധേയമാക്കേണ്ടതുണ്ട്.

മധ്യ വർഗ്ഗ സവർണ്ണ സാമൂഹ്യ ഇടപെടലുകളെക്കുറിച്ചുള്ള വിമർശനം അടിസ്ഥാനപരമായി ഉന്നയിക്കുന്ന ഒരു പ്രശ്നം മേധാവിത്ത പൊതുമണ്ഡലത്തിലെ (public sphere) വ്യവഹാരങ്ങളുടെ രാഷ്ട്രീയമത്രേ. പൊതു മണ്ഡലം ബഹുസ്വരതകളുടെ ഇടമല്ല; മറിച്ച് സാമൂഹ്യ മൂലധനവും അധികാരവുമുള്ള  വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ ഇടമത്രേ. അതുകൊണ്ടു തന്നെ ഭിന്നസ്വരങ്ങൾ ഉയർത്തുന്ന സമൂഹങ്ങളുടെ ശബ്ദവും സമരവും പൊതു മണ്ഡലത്തിന്റെ യുക്തിക്കും രാഷ്ട്രീയത്തിനും സ്വീകാര്യമല്ല. ഈ പശ്ചാത്തലത്തിലാണ് നാൻസി ഫ്രേസറെപ്പോലെയുള്ള ചിന്തകർ  കീഴാള പ്രതി-പൊതു മണ്ഡലത്തെക്കുറിച്ച് (subaltern counterpublics) സംസാരിക്കുന്നത്. മേധാവിത്ത പൊതുമണ്ഡലം നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യവഹാരങ്ങളും സാമൂഹ്യ ഇടപെടലുകളും കീഴാള വ്യവഹാരങ്ങളെയും സമരങ്ങളെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ നിന്നു തന്നെ മായിച്ചു കളയുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപ ചരിത്രത്തിൽ തന്നെ ഉണ്ട്. കീഴാള പ്രതി-പൊതു മണ്ഡലത്തെ നാൻസി ഫ്രേസർ നിർവചിക്കുന്നത് ഇവിടെ പ്രസക്തമാണ്. “Subaltern counterpublics are parallel discursive arenas where members of subordinated social groups invent and circulate counter discourses, which in turn permit them to formulate oppositional interpretations of their identities, interests, and needs.” പ്രതി വ്യവഹാരങ്ങളുടെ ഈ ഭൂമികയിൽ അരങ്ങേറുന്ന രാഷ്ട്രീയത്തെ മുഖ്യധാരാ മാധ്യമങ്ങളും പൊതു സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങളും അവഗണിക്കുന്നതിന്റെ മൂർത്തമായ ഉദാഹാരണങ്ങളത്രേ ചെങ്ങറ സമരവും നിൽപ്പു സമരവും. ഇവിടെയാണ് സഭയുടെ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം വിചാരണ ചെയ്യപ്പെടേണ്ടത്. നമ്മുടെ സാമൂഹ്യ സാക്ഷ്യത്തിന്റെ രാഷ്ട്രീയം എന്താണ്? നിലവിലുള്ള പാപപങ്കിലമായ സാമൂഹ്യ ഘടനയുടെ ഉന്മൂലനം സഭയുടെ ദൗത്യമായി നാം തിരിച്ചറിയുന്നുണ്ടോ? അതോ മധ്യവർഗ്ഗ – സവർണ്ണ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി കീഴാള പ്രതി-പൊതു മണ്ഡലത്തെയും അവിടെയുള്ള വ്യവഹാരങ്ങളെയും സമരങ്ങളെയും തമസ്കരിക്കുന്നതിലൂടെ അവയെ ഒറ്റിക്കൊടുക്കുകയല്ലേ നാം ചെയ്യുന്നത്?

കഴിഞ്ഞ നൂറ്റാണ്ടിലെ സഭയുടെ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്നത് അവയെ ഇകഴ്ത്തുന്നതിനൊ തിരസ്കരിക്കുന്നതിനോ അല്ല; മറിച്ച് കൂടുതൽ സംഗതമായ സാക്ഷ്യ നിർവഹണത്തിനായി സഭയെ സജ്ജമാക്കുന്നതിനാണ്. പൊതുമണ്ഡലത്തെക്കുറിച്ചുള്ള പുത്തൻ തിരിച്ചറിവുകൾ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബദൽ ദർശനങ്ങൾ നമുക്ക് നല്കുന്നു. സഭയുടെ ദൗത്യദർശനം കീഴാള ജനസമൂഹങ്ങളുടെ സാമൂഹ്യ പ്രസ്ഥാനങ്ങളുമായുള്ള ജൈവ സംസർഗ്ഗത്തിന്റെ മൂശയിൽ രൂപപ്പെടുമ്പോൾ സഭയുടെ സാമൂഹ്യ സാക്ഷ്യം ദൈവരാജ്യത്തിന്റെ ഉപ്പുനോക്കലായി മാറും. ദൗത്യ ദർശനത്തിലെ ഈ മൗലിക വ്യതിയാനം വിലയേറിയതാണ്. സഭ സമുദായം അല്ലാതായി തീരുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യം നിർവഹിക്കുവാൻ നമുക്ക് സാധിക്കൂ. ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ സമുദായത്തിന്റെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനെ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യമായി വിവക്ഷിക്കുന്നത് കടുത്ത തിന്മയാണ്. ന്യൂനപക്ഷ അവകാശങ്ങൾ എന്നത് ന്യൂനതയുള്ള സമൂഹങ്ങളുടെ അവകാശങ്ങളായി തിരിച്ചറിയുമ്പോൾ, അവരെ ന്യൂനതയുള്ളവരാക്കി തീർക്കുകയും അവരുടെ ന്യൂനതയെ നിലനിർത്തുകയും ചെയ്യുന്ന സാമൂഹ്യ ഘടനകളോടുള്ള സന്ധിയില്ലാത്ത സമരമായി ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം തീരും. ഇതത്രെ  ഈ കാലഘട്ടത്തിൽ സംഗതമായ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം.  

കേരളത്തിൽ അടുത്ത സമയത്ത് നടന്ന ചില ഐതിഹാസിക സാമൂഹ്യ വ്യവഹാരങ്ങളും ഇടപെടലുകളും ക്രൈസ്തവ സമൂഹത്തിന്റെ സജീവശ്രദ്ധ ലഭിക്കാതെ പോയിട്ടുണ്ട്. ഒരുപക്ഷെ കേരള ക്രൈസ്തവ സമൂഹം ആ വ്യവഹാരങ്ങളെയും സമരങ്ങളെയും അവഗണിച്ചുവെന്ന് പറയുന്നതാകും ശരി. നേരത്തെ സൂചിപ്പിച്ചതു പോലെ മേധാവിത്ത, മധ്യവർഗ്ഗ, സവർണ്ണ പൊതുമണ്ഡലത്തിലെ സാമുദായിക താല്പര്യങ്ങളുടെ സംരക്ഷകരായി നാം ചുരുങ്ങിയപ്പോൾ കീഴാള പ്രതി-പൊതു മണ്ഡലത്തിലെ വ്യവഹാരങ്ങളും ഇടപെടലുകളും സഭയുടെ ദൗത്യ ദർശനത്തിനു അപ്രസക്തമായി തീർന്നതിൽ അത്ഭുതപ്പെടെണ്ടതില്ല. ജാതി വ്യവസ്ഥയും ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ നിന്നുമുള്ള ദളിതരുടെ അന്യവൽകരണവും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുന്ന വ്യവഹാരവും സമരവുമാണ് ചെങ്ങറയിൽ കഴിഞ്ഞ നിരവധി വർഷങ്ങളായി നടക്കുന്നത്. ഭൂമിയുടെ ഉർവരതയെ പരിപോഷിപ്പിച്ച് ജീവന്റെ സമൃദ്ധിയുടെ ആഘോഷമായി കൃഷിയെ രൂപാന്തരപ്പെടുത്തുന്ന കർഷക തൊഴിലാളികൾ ഭൂരഹിതരായി തീരുമ്പോൾ വിദേശ കുത്തകകൾക്ക് ലാഭമുണ്ടാക്കുന്നതിനായി ഭൂമിയെ തീറെഴുതി കൊടുക്കുന്ന ഭരണകൂട നയങ്ങളുടെ മുൻപിലുള്ള സഭയുടെ നിശബ്ദത പാപമല്ലാതെ മറ്റെന്താണ്? ചെങ്ങറയിലെ സമരഭൂമി ഇന്നൊരു ബദൽ മാതൃകയാണ്. ജാതിപിശാചിനെതിരായുള്ള സമരത്തോടൊപ്പം ഭൂമിയെ ആദരിക്കുന്ന, ചൂഷണമില്ലാത്ത, ലഹരിക്കടിമപ്പെടാത്ത, സ്ത്രീകൾക്കും കുട്ടികൾക്കും തുല്യ അവകാശങ്ങളുള്ള ഒരു ബദൽ ജൈവസമൂഹം ഇന്ന് ചെങ്ങറയിൽ പരീക്ഷിക്കപ്പെടുകയാണ്. ദൈവരാജ്യത്തിന്റെ ഇത്തരം ഉപ്പുനോക്കൽ അനുഭവങ്ങൾ ലോകത്തിന് സമ്മാനിക്കേണ്ടുന്ന സഭ, അത് നിർവഹിക്കുന്നില്ലെന്നു മാത്രമല്ല; അത്തരം അന്വഷണങ്ങളോട് പുറം തിരിഞ്ഞുനിൽക്കുകയാണെന്ന ദുരന്ത യാഥാർത്ഥ്യം നാം ഇനിയെങ്കിലും അംഗീകരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന നീതി നിഷേധത്തോടുള്ള അവരുടെ പ്രതിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ ആവിഷ്ക്കാരമായിരുന്നു ഐതിഹാസികമായ നിൽപ്പു സമരം. ദൈവീകദാനമായ അന്തസ്സോടെ ജീവിക്കുന്നതിനുള്ള മൗലീക അവകാശത്തിനായുള്ള ആ സമരം യഥാർത്ഥത്തിൽ ഒരു ക്രൈസ്തവ സമരം ആയിരുന്നു. കാരണം, ദൈവീക സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ അടിമ ജീവിതം നയിക്കുന്നത് ദൈവ നിഷേധമത്രേ. എന്നാൽ നിൽപ്പു സമരത്തിലെ ക്രൈസ്തവ പങ്കാളിത്തം എന്തായിരുന്നുവെന്നത് നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. ഇവിടെയും പൊളിച്ചുകാട്ടപ്പെടുന്ന ഒരു നഗ്നയാഥാർത്ഥ്യം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ മധ്യ വർഗ്ഗ, സവർണ്ണ രാഷ്ട്രീയമാണ്. സ്വന്തം സമുദായത്തിന് വേണ്ടി വിലപേശൽ നടത്തുന്നത്‌ മാത്രമായി ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം അധ:പതിക്കുമ്പൊൾ ദൈവരാജ്യത്തിന്റെ സുവിശേഷവേലയിൽ നിന്നും സഭ സ്വയം മാറ്റപ്പെടുന്നു. എസ്തേറിന് ലഭിച്ച സന്ദേശം കേരളത്തിലെ ക്രൈസ്തവ സമൂഹവും ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സ്വപ്നങ്ങൾ സഭയുടെ പങ്കാളിത്തം ഇല്ലെങ്കിലും ചരിത്രത്തിൽ പൂവണിയും. എന്നാൽ ദൈവരാജ്യത്തിന്റെ പൂത്തുലയൽ നമ്മുടെ അയൽകൂട്ടങ്ങളിൽ സംഭവിക്കുമ്പോൾ സഭ അതിന്റെ ഭാഗമാകുന്നില്ലെങ്കിൽ സഭ കാരമില്ലാത്ത ഉപ്പായി തീരും.

കേരളത്തിലെ കീഴാള പ്രതി-പൊതു മണ്ഡലത്തിലെ സമാനങ്ങളായ മറ്റനേകം വ്യവഹാരങ്ങളും ഇടപെടലുകളും നാം പുഛത്തോടെ അവഗണിച്ചിട്ടുണ്ട്. സദാചാരത്തിന്റെ പേരിലുള്ള കടന്നു കയറ്റങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, ഹോമോഫോബിയ, തുടങ്ങിയ   മനുഷ്യാവകാശ  ലംഘനങ്ങൾക്കെതിരായുള്ള കൊച്ചു കൊച്ചു സമരങ്ങൾ ഇന്ന് കേരളത്തിൽ പരക്കെ നടക്കുന്നുണ്ട്. ഭൂമിയെ സംരക്ഷിക്കുന്നതിനും, വിനാശമായി തീർന്ന വികസനത്തെ പ്രതിരോധിക്കുന്നതിനും കീഴാള സമൂഹങ്ങൾ ഇന്ന് സമരത്തിലാണ്. സമരങ്ങളോടൊപ്പം ബദൽ സമൂഹ സൃഷ്ടിയിലും കീഴാള സാമൂഹ്യ പ്രസ്ഥാനങ്ങൾ ഇന്ന് സജീവമാണ്. യേശു ദൗത്യത്തോട് സമാനതകളുള്ള ഇത്തരം പ്രതിരോധങ്ങളും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു പോയി. യഥാർഥത്തിൽ കീഴാള പ്രതി-പൊതു മണ്ഡലത്തിലെ വ്യവഹാരങ്ങളെയും സമരങ്ങളെയും ദൈവനാമത്തിൽ സാധുതയില്ലാതാക്കി തീർക്കുന്നതിനുള്ള ശ്രമങ്ങളിലാണ് മേധാവിത്ത ക്രൈസ്തവ സമൂഹം ഇന്ന് ഏർപ്പെട്ടിരിക്കുന്നത്. 

ഹിന്ദുത്വ പ്രത്യശാസ്ത്രത്തോടും  അതിന്റെ രാഷ്ട്രീയ നിലപാടുകളോടുമുള്ള ക്രൈസ്തവ സമീപനം നമ്മുടെ ശ്രദ്ധ അർഹിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള മൃദുസമീപനം പലപ്പോഴും സവർണ്ണ ക്രൈസ്തവ സമൂഹങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സമുദായത്തിന്റെയും സമുദായ അംഗങ്ങളുടെയും സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുമ്പോൾ മാത്രം ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്ന ക്രൈസ്തവ സമീപനം ഇന്ന് പ്രബലമാണ്. പള്ളി ആക്രമിക്കുന്നതു പോലെ തന്നെ പ്രതിഷേധാർഹമാകണം ഗോമാംസ നിരോധനവും സദാചാരത്തിന്റെ പേരിലുള്ള കടന്നുകയറ്റവും. മനുഷ്യ ജീവിതത്തിന്റെ സർവ മേഖലകളും സൃഷ്ടിയുടെ സമഗ്രതയും സഭയുടെ ദൗത്യത്തിന്റെ ഭാഗമായി മാറുന്നില്ലെങ്കിൽ സഭ കേവലം ഒരു സാമുദായിക സംഘടനയായി തീരും. മേധാവിത്ത മധ്യ വർഗ്ഗ സവർണ്ണ പൊതു മണ്ഡലത്തിന്റെ യുക്തിയിൽ ഹിന്ദുത്വയെ വിശകലനം ചെയ്യുന്നതിന്റെ പ്രശ്നമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ഘർ വാപ്പസിയെ എതിർക്കുന്നതിനു മുമ്പ് സഭയിലെ ദളിത്‌ സമൂഹങ്ങൾക്ക് സഭ എന്നെങ്കിലും ഒരു കുടുംബമോ ഭവനമോ ആകുന്നതിന് നാം ആത്മാർഥമായി ശ്രമിച്ചിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. ദളിത്‌ ക്രൈസ്തവരുടെ പട്ടികജാതി സംവരണ സമരങ്ങളിൽ നാം എത്രമാത്രം ആത്മാർഥത കാട്ടിയിട്ടുണ്ട് എന്ന് സ്വയം ചോദിക്കാതെ ഹിന്ദുത്വയുടെ ഘർ വാപ്പസിയെ എതിർക്കുന്നതിനു നമ്മുക്ക് ധാർമ്മിക അധികാരമില്ല. ചുരുക്കത്തിൽ, ഹിന്ദുത്വയോടുള്ള ക്രൈസ്തവ പ്രതികരണം കീഴാള പ്രതി-പൊതു മണ്ഡലത്തിലെ വ്യവഹാരങ്ങളുടെയും സമരങ്ങളുടെയും വെളിച്ചത്തിൽ വികസിപ്പിക്കുമ്പോൾ സംഗതമായ ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം നിർവഹിക്കുന്നതിന് നമുക്ക് സാധിക്കും.

4
കീഴാള പ്രതി-പൊതു മണ്ഡലത്തിലെ വ്യവഹാരങ്ങളും  സമരങ്ങളും കേവലം പരാതി പറച്ചിലല്ല. മറിച്ച് ലോകത്തെ കീഴ്മേൽ മറിക്കലാണ്. സുവിശേഷങ്ങളിൽ നാം കാണുന്ന യേശു സമൂഹം മേധാവിത്ത പൊതു മണ്ഡലത്തിലെ പ്രമാണിമാർ ആയിരുന്നില്ല. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട പുരുഷാരമായിരുന്നവർ. യേശു ദൗത്യത്തിന്റെ രാഷ്ട്രീയം രൂപപ്പെട്ടത് അവരുടെ കൂട്ടായ്മയിലത്രേ. “Jesus movement was not consisted of the demos; the privileged citizens of the empire; rather it was a movement of the laos and the ochlos, the common people. It is the voice of the laos that shows the limits of power, returns meaning to the political, puts into play the hope of the excluded, and redeems the human in the creature, and, with it, the whole dimension of creation. The movements of the multitude hence, are involved in prophetic engagement in our times, embodying respect for the earth, open democracy, rejection of social systems of exclusion, and the ethos of love.” ക്രൈസ്തവ സാമൂഹ്യ സാക്ഷ്യം ഈ ചരിത്ര സന്ധിയിൽ സംഗതമായി നിർവഹിക്കണമെങ്കിൽ സഭയുടെ സാമൂഹ്യ ഇടത്തിനു മൗലികമായ മാറ്റം സംഭവിക്കണം. മധ്യ വർഗ്ഗ സവർണ്ണ സമുദായം എന്ന അവസ്ഥയിൽ നിന്നും ചരിത്രത്തിന്റെ ഓരങ്ങളിൽ കീഴാള ജീവിതാനുഭവങ്ങളിൽ യാഥാർത്ഥ്യമാകുന്ന ഒരു സാന്നിധ്യമായി സഭ തീരണം.

 

അഴിമുഖം പ്രസിദ്ധീകരിച്ച ജോര്‍ജ് സഖറിയയുടെ മറ്റൊരു ലേഖനംവിവാഹവും കുടുംബവും: ചില ക്രൈസ്തവ സാമൂഹ്യ നൈതിക ചിന്തകള്‍

 

(ബാംഗളൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജിലെ അധ്യാപകനാണ് ലേഖകന്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍