UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിയന്തരാവസ്ഥയുടെ നാള്‍വഴികള്‍

Avatar

അഴിമുഖം പ്രതിനിധി

ജൂണ്‍ 25, 1975: പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, ഇന്ത്യയുടെ അപ്പോഴത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് ഭരണഘടനയിലെ 352-ാം വകുപ്പു പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജൂലൈ 1, 1975: സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ റദ്ദാക്കുകയും, നിര്‍ബന്ധിത ജനന നിയന്ത്രണ പദ്ധതി കൊണ്ടു വരികയും ചെയ്തു. ഭൂമിയില്ലാത്ത തൊഴിലാളികളുടെയും, കര്‍ഷകരുടെയും കൈത്തൊഴില്‍ ചെയ്യുന്നവരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്നത് അടക്കമുള്ള 20 ഇന പദ്ധതികള്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. അവര്‍ക്ക് വായ്പ നല്‍കാനും, കടം വീട്ടാനുള്ള തൊഴിലും നിരോധിക്കാനും, കാര്‍ഷിക ഭൂമി പിടിച്ചെടുക്കല്‍ നിയമങ്ങള്‍ നടപ്പിലാക്കാനുമായിരുന്നു പദ്ധതികള്‍.

ജൂലൈ 4, 1975: നാല് മത-രാഷ്ട്രീയ-വിപ്ലവ പാര്‍ട്ടികളെയും അതിന്റെ കൂടെയുള്ള 22 അനുബന്ധ പാര്‍ട്ടികളെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ആനന്ദ മാര്‍ഗികള്‍, രാഷ്ട്രീയ സ്വയംസേവക് സംഘ്, നക്‌സലൈറ്റുകള്‍, ജമാ ഇ ഇസ്ലാമി ഇ ഹിന്ദ് എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

ജുലൈ 22, 1975: കോടതി അടിയന്തരാവസ്ഥ പുനപരിശോധിക്കുന്നത് 38ാം ഭരണഘടനാ ഭേദഗതി വഴി നിരോധിച്ചു.

ആഗസ്ത്, 1975: അലഹബാദ് ഹൈകോടതിയുടെ 1975 ജൂണ്‍ 12ലെ വിധിയില്‍ നിന്ന് ഇന്ദിരാഗാന്ധിയെ മുക്തയാക്കാന്‍ വേണ്ടി ജനപ്രതിനിധീകരണ ബില്ലില്‍ ഭേദഗതി കൊണ്ടു വന്നു.

ആഗസ്ത് 4, 1975: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം 50,000-ത്തില്‍ അധികം പേര്‍ ഇന്ത്യയില്‍ ജയിലിലായി.

ആഗസ്ത് 15, 1975: ബംഗ്ലാദേശിലെ സൈനികത്തലവന്മാര്‍ ചേര്‍ന്ന് ബംഗ്ലാദേശ് പ്രസിഡന്റ് മുജിബര്‍ റഹ്മാനെ കൊലപ്പെടുത്തി. ഈ സംഭവം ഇന്ത്യയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി.

സെപ്തംബര്‍ 15, 1975: ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്താല്‍ കുറ്റങ്ങള്‍ രേഖപ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

സെപ്തംബര്‍ 26, 1975: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരം ഇല്ലെന്നും പാര്‍ലമെന്റ് രൂപീകരിച്ച ഒരു സമിതിക്ക് മാത്രമെ അതിന് അധികാരം ഉള്ളൂവെന്നും 39ാം ഭരണഘടനാ ഭേദഗതി.

ജനുവരി 9, 1976: ഇന്ത്യന്‍ ഭരണഘടനയിലെ 19ാംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുള്ള ഏഴ് സ്വാതന്ത്ര്യങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി.

ഫെബ്രുവരി 4, 1976: ലോക്‌സഭയുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു.

നവംബര്‍ 2, 1976: ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്, സെക്യുലര്‍, റിപ്പബ്ലിക് രാജ്യമാക്കി മാറ്റിക്കൊണ്ടും പൗരന്മാരുടെ അടിസ്ഥാന കടമകള്‍ നിര്‍ദേശിച്ചുകൊണ്ടും 42ാമത് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

ജനുവരി 18, 1977: പ്രസിഡന്റ് ലോക്‌സഭ പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

മാര്‍ച്ച് 21, 1977: അടിയന്തരാവസ്ഥ പിന്‍വലിച്ചു.

മാര്‍ച്ച് 1977: ആറാമത് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി ഭൂരിപക്ഷം നേടുന്നു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടി ആദ്യമായി കേന്ദ്രം ഭരിക്കാന്‍ പോവുകയായിരുന്നു.

മാര്‍ച്ച് 24, 1977: മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍