UPDATES

സൈനിക നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ

അഴിമുഖം പ്രതിനിധി

പാക് അധിനിവേശകശ്മീരിലെ മിന്നാലാക്രമണം നടത്തിയത്തിന് കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ. മിന്നാലാക്രമണം നടത്തിയ സൈന്യത്തെ പ്രതിപക്ഷം അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായി കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തുവന്നു. രാജ്യം പൂര്‍ണമായും സൈന്യത്തിന് പിന്നില്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെയും പഞ്ചാബിലെയും അതിര്‍ത്തിപ്രദേശങ്ങളിലാണ് പ്രധാനമായും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനെ തുടര്‍ന്ന് വാഗാതിര്‍ത്തിയിലെ ഇന്നത്തെ പതാക ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. 1965-1971 ഇന്ത്യ-പാക് യുദ്ധങ്ങളില്‍ ഏറ്റവും കനത്ത പോരാട്ടമുണ്ടായത് പഞ്ചാബ് പ്രവിശ്യയിലായിരുന്നു. പാകിസ്താനുമായി 553 കിമീ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പഞ്ചാബ് പങ്കിടുന്നത്.

പഞ്ചാബിലെ നിയന്ത്രണ രേഖയുടെ അടുത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി. കൂടാതെ വിദ്യാലയങ്ങളുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. പഞ്ചാബിലെ ഫിറോസപുര്‍, ഫസില്‍ക, അമൃതസര്‍, ട്രാന്‍തരണ്‍, ഗുരുദാസ്പുര്‍, പഠാകോട്ട് എന്നീ ആറു ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.

ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. അവധിയില്‍ പോയ മുഴുവന്‍ ജവാന്‍മാരോടും തിരികെ പ്രവേശിക്കാന്‍ ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അതിര്‍ത്തി മേഖലകളിലെ സൈനിക ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍