UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏകാധിപത്യവുമായുള്ള കൂടിക്കാഴ്ച്ചയുടെ ഇരുട്ടൊരുക്കിയ ഇന്ദിര

Avatar

ടീം അഴിമുഖം

പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിരുന്ന 1971ലെ തെരഞ്ഞെടുപ്പ് പരാതിയില്‍, അവരെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടും ആറ് വര്‍ഷത്തേക്ക് അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് വിലക്കിക്കൊണ്ടുമുള്ള തന്റെ വിധി അലഹബാദ് ഹൈക്കോടതി ജഡ്ജി ജഗ്‌മോഹന്‍ ലാന്‍ സിന്‍ഹ 1975 ജൂണ്‍ 12ന് പ്രഖ്യാപിച്ചു. 

ആ ദിവസം അവര്‍ക്ക് നേരിടേണ്ടി വന്ന മൂന്ന് തിരിച്ചടികളില്‍ ഏറ്റവും മാരകമായത് കോടതി വിധിയായിരുന്നു എന്ന് പല എഴുത്തുകാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ വിശ്വസ്തനായിരുന്ന ഡിപി ധറിന്റെ വിയോഗവും ജയപ്രകാശ് നാരായണന്‍ പെട്ടെന്ന് തട്ടിക്കൂട്ടിയ നാല് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്നും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവുമായിരുന്നു അവര്‍ അന്ന് നേരിട്ട മറ്റ് രണ്ട് തിരിച്ചടികള്‍. 

ഇന്ദിരാ ഗാന്ധിയുടെ അനുയായികള്‍ ഞെട്ടിത്തരിക്കുകയും ജയപ്രകാശ് നാരായണന്റെ ‘ആത്മഹത്യാ സംഘ’ത്തിലേക്ക് എടുത്ത് ചാടിയവര്‍ ആവേശഭരിതരാവുകയും ചെയ്തതില്‍ അത്ഭുതത്തിന് അവകാശമില്ല. ഒരു വലിയ മുദ്രാവാക്യം ഉയര്‍ന്നുവന്നു: ഇന്ദിര ഗാന്ധി സ്ഥാനമൊഴിയണം. ഇന്ദിരയ്‌ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ബാലിശമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി വളരെ ചുരുക്കം പേര്‍ മാത്രം മുന്നോട്ട് വരാന്‍ തയ്യാറാകുന്ന തരത്തില്‍ അഭൂതപൂര്‍വമായ ജനവികാരമായിരുന്നു അവര്‍ക്കെതിരെ ഉണ്ടായിരുന്നത്. ‘ഒരു പാര്‍ക്കിംഗ് സ്ഥലത്തിനായി ട്രാഫിക് ബ്ലോക്കില്‍ ഒരു സര്‍ക്കാര്‍ മേധാവി അലയേണ്ടി വരുന്നത് പോലെ’ എന്നാണ് അന്നത്തെ സാഹചര്യത്തെ ഒരു ബ്രിട്ടീഷ് പത്രം വിശേഷിപ്പിച്ചത്. കൂടാതെ, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം എന്ന് മാത്രമല്ല മേല്‍ക്കോടതിയില്‍ നിന്നും അവര്‍ക്ക് അനുകൂലമായി വിധിയുണ്ടാവാനുള്ള സര്‍വ സാധ്യതകളും നിലനില്‍ക്കുകയും ചെയ്തിരുന്നു. ‘മറ്റ് സംവിധാനങ്ങള്‍’ ഉണ്ടാക്കാന്‍ ഭരണകക്ഷിക്ക് വെറും 20 ദിവസത്തെ സമയം മാത്രമാണ് ജസ്റ്റിസ് സിന്‍ഹ അനുവദിച്ചിരുന്നത് എന്നതിനാല്‍, അവരുടെ അപ്പീല്‍ പരിഗണിക്കാനും വാദം കേള്‍ക്കാനുമായി സുപ്രീം കോടതിക്ക് സാധാരണഗതിയില്‍ വേണ്ടി വരുന്ന നാല് മുതല്‍ ആറ് മാസം വരെയുള്ള സമയം എന്തുചെയ്യും എന്ന ഉത്കണ്ഠാജനകമായ ചോദ്യവും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്നു. ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ അധികാരവും സ്വാധീനവും എന്ന രണ്ടാമത്തെ ഘടകം ഉയര്‍ന്ന് വന്നത് അവിടെയാണ്. തല്‍ക്കാലം രാജി വച്ച് ഏതെങ്കിലും വിശ്വസ്തരെ അധികാരം ഏല്‍പ്പിക്കാനും അപ്പീല്‍ ജയിച്ച ശേഷം അധികാരത്തില്‍ മടങ്ങിയെത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താനും അവരുടെ ചില പക്വമതികളായ അഭ്യൂദയകാംഷികള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ ഈ നിര്‍ദ്ദേശം അപ്പാടെ നിരാകരിച്ച സഞ്ജയ്, തന്റെ അമ്മ ‘ഒരു ദിവസത്തേക്ക് പോലും’ അധികാരം ഒഴിയുന്നതിനെ കുറിച്ച് ആരും സംസാരിച്ച് പോകരുതെന്ന കല്‍പന പുറപ്പെടുവിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഒരു നിരുപാധിക സ്റ്റേ ലഭ്യമായിരുന്നെങ്കില്‍ ഇന്ദിര ഗാന്ധിയുടെ നില ശക്തിപ്പെടുമായിരുന്നു. എന്നാല്‍, ഒരു സര്‍ക്കാര്‍ മേധാവിയുടെ നില അങ്ങേയറ്റം പരിതാപകരമാക്കുന്ന വിധത്തിലുള്ള ഉപാധികള്‍ അടങ്ങിയ സ്റ്റേയാണ് രാജ്യം മുഴുവന്‍ കാത്തിരുന്ന വിധിന്യായത്തില്‍ ഇടക്കാല ജഡ്ജി വിആര്‍ കൃഷ്ണയ്യര്‍ ജൂണ്‍ 24ന് പുറപ്പെടുവിച്ചത്; അവര്‍ക്ക് പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാം, പക്ഷെ വോട്ട് ചെയ്യാനാവില്ല! അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പരുഷമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സഞ്ജയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥതിഗതികള്‍ കൂടുതല്‍ കലുഷിതമാക്കി. സ്ഥിതിഗതികളില്‍ സന്തുഷ്ടനായ ജെപി, ഇന്ദിര ഗാന്ധിയുടെ രാജിക്കായി ന്യൂഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും മാത്രമല്ല, രാജ്യത്തെ 356 ജില്ലാ തലസ്ഥാനങ്ങളിലും ദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. പിറ്റെ ദിവസം ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഊര്‍ജ്ജസ്വലമായ കൂറ്റന്‍ റാലിയില്‍ വച്ച്, ‘ഇന്ദിര ഗാന്ധിയെ അനുസരിക്കുകയല്ല, ഭരണഘടനയെ പിന്തുടരുകയാണ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം സൈന്യത്തിനോടും പോലീസിനോടും ഉദ്യോഗസ്ഥരോടുമുള്ള തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഒരു വിദേശ മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍, മൊറാര്‍ജി ദേശായി കൂടുതല്‍ ആത്മവിശ്വാസം പ്രകടമാക്കി: ‘അവരെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം… ഞങ്ങള്‍, ആയിരങ്ങള്‍ അവരുടെ വീട് വളയുകയും അവര്‍ പുറത്തിറങ്ങുന്നത് തടയുകയും ചെയ്യും… ഞങ്ങള്‍ രാത്രിയും പകലും അവിടെ കാവല്‍ നില്‍ക്കും,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാല്‍, ഇന്ദിര അധികാരം ഒഴിയുന്നതിനെ കുറിച്ചുള്ള മധുരസ്വപ്‌നങ്ങളില്‍ അഭിരമിച്ച് ജെപിയും മൊറാര്‍ജിയും വിശ്രമിക്കെ, വളരെ കുറച്ച് അനുയായികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ട് ആസൂത്രണം ചെയ്ത മറുനീക്കത്തിന് ചുക്കാന്‍ പിടിക്കുകയായിരുന്നു ഇന്ദിര. തന്റെ മന്ത്രിസഭയെ പോലും അവര്‍ വിശ്വാസത്തിലെടുത്തില്ല. രാത്രി പതിനൊന്ന് മണിയോടെ, അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ രാഷ്ട്രപതിയുടെ ഒപ്പ് വാങ്ങുന്നതിനായി അവര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പ്രമുഖ അഭിഭാഷകനുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റോയിയോടൊപ്പം രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ സന്ദര്‍ശിച്ചു. ഉത്തരവില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രിയുടെ അഭിപ്രായം മാത്രം മതിയെന്നും ക്യാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും രാഷ്ട്രപതിയെ റോയ് ധരിപ്പിച്ചു. രാഷ്ട്രപതി ആ ഉപദേശത്തിന് വഴങ്ങി. അധികം താമസിയാതെ, ജെപിയെയും മൊറാര്‍ജിയെയും ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അറസ്റ്റ് വാര്‍ത്ത അറിയിച്ചു. രാജ്യത്തുടനീളം ഇത്തരത്തില്‍ പതിനായിരക്കണക്കിന് അറസ്റ്റുകള്‍ നടന്നു. അര്‍ദ്ധരാത്രിയോടെ, ഡല്‍ഹിയിലെ മാധ്യമ തെരുവായ ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ വൈദ്യുതി വിളക്കുകള്‍ അണഞ്ഞു. അക്കാലത്ത് അത്തരം വൈദ്യുതി തടസങ്ങള്‍ സാധാരണമായിരുന്നു. പക്ഷെ സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുമായിരുന്നു. എന്നാല്‍ ജൂണ്‍ 25ന് ഇത് സംഭവിച്ചില്ല. ദിനപത്രങ്ങള്‍ അന്ന് അച്ചടിച്ചിറക്കാന്‍ സാധിച്ചില്ല. അതായിരുന്നു അടിയന്താരാവസ്ഥ നടപ്പിലാക്കിയവര്‍ ആഗ്രഹിച്ചതും. അതുകൊണ്ട് തന്നെ ജൂണ്‍ 26 രാവിലെ ഏഴരയ്ക്കുള്ള ബിബിസി വേള്‍ഡ് സര്‍വീസില്‍ നിന്നാണ്, അടിയന്തിരാവസ്ഥ നടപ്പിലാക്കിയതിനെ കുറിച്ചും, ജെപിയും ദേശായിയും നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ തടവിലായതിനെ കുറിച്ചും സര്‍ക്കാര്‍ അധികാരങ്ങള്‍ എല്ലാം ഏറ്റെടുത്തതിനെ കുറിച്ചും മിക്ക ഇന്ത്യക്കാരും അറിയുന്നത്. അരമണിക്കൂറിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു: ‘രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആരും സംഭീതരാകേണ്ട ആവശ്യമില്ല,’ എന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയുടെ ചങ്ങാതിയായ ജോണ്‍ ഗ്രിഗ് പിന്നീട് ദ സ്‌പെക്ടേറ്ററില്‍ എഴുതി, ‘നെഹ്രുവിന്റെ ‘വിധിയുമായുള്ള കൂടിക്കാഴ്ചയെ’ അദ്ദേഹത്തിന്റെ സ്വന്തം പുത്രി ‘ഏകാധിപത്യവുമായുള്ള കൂടിക്കാഴ്ച’ ആക്കി മാറ്റിയിരിക്കുന്നു എന്ന് വേണം കരുതാന്‍.’ ‘നട്ടെല്ലില്ലാത്ത ഒരു പ്രസിഡന്റിന്റെ പേനയുടെ’ ഒരൊറ്റ കോറലിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ‘ഒരു രണ്ടാംതരം ഏകാധിപത്യമായി’ അധഃപതിപ്പിച്ചു തുടങ്ങിയ പ്രയോഗങ്ങള്‍ പിന്നീട് മൂന്നാം ലോകരാജ്യത്ത് സര്‍വ സാധാരണമായി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍