UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രോളര്‍മാരെ, ആ ലാപ്ടോപ്പ് ബാഗില്‍ ബീഫ് ഫ്രൈ ആയിരുന്നില്ല

Avatar

ഐപ്പ് വള്ളിക്കാടന്‍

ട്രോളൻമാരും, ചില മഞ്ഞപ്പത്രങ്ങളും ഓൺലൈൻ പത്രങ്ങളും, വാട്സ്ആപ്പ് സന്ദേശങ്ങളും ഇപ്പോൾ എമിറേറ്റ്സ് വിമാനം കത്തിയമരും മുന്‍പ് ബാഗുകളെടുക്കാൻ തത്രപ്പാട് കാട്ടിയ മലയാളി പ്രവാസികളെക്കുറിച്ചാണ് പടച്ചുവിടുന്നത്.

മണിക്കൂറുകൾക്ക് മുന്‍പ് വരെ ഈ വിമാനത്തിലെ രക്ഷപ്പെട്ട  യാത്രക്കാരുമായി സംസാരിക്കുകയായിരുന്നു ഞാൻ. ആ കൂട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒക്കെയുണ്ടായിരുന്നു.

എന്താണ് അവർ ചെയ്ത തെറ്റ്? ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് ലോകം പുകഴ്ത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു അവർ. ലോകത്തെ ഏറ്റവും തിരക്കേറിയ, സുരക്ഷയിലും സംവിധാനങ്ങളിലും ലോകത്തിലെ തന്നെ മുന്തിയ ദുബായി വിമാനത്താവളത്തിന്റെ റൺവേയിലായിരുന്നു അവർ. എമർജൻസി ലാന്റിംഗ് നടത്തിയപ്പോൾ, വരാൻ പോകുന്നത് വലിയ ദുരന്തമാണെന്ന് അവരിൽ ഒരാൾ പോലും വിചാരിച്ച് കാണില്ല. 

ലാപ്ടോപ്പിനും ബാഗിനും വേണ്ടി പരക്കം പായുന്ന നിങ്ങളെല്ലാം കണ്ടുവെന്ന് പറയുന്ന വിമാനത്തിനുള്ളിലെ വീഡിയോ ഞാനും കണ്ടു, അതിലെ ഓരോ ശബ്ദവും കേട്ടു, അതിൽ ഉൾപ്പെട്ടവരെ നേരിട്ട് കണ്ട് സംസാരിച്ചു.

വീഡിയോവിൽ പ്രധാനപ്പെട്ട ഒരു ശബ്ദം ഉണ്ടായിരുന്നു. കൂടെയുള്ള മക്കളെ ആശ്വസിപ്പിക്കാൻ മലയാളിയായ ഒരു അപ്പൻ കുഴപ്പമില്ല മക്കളെ പെട്ടെന്ന് ഇറങ്ങു എന്ന് പറയുന്നത്…അതൊന്നും ട്രോളർമാർ കേട്ടതേയില്ല, ലാപ്ടോപ്പിനായി കേഴുന്നത് മാത്രമാണ് അവർ കേട്ടതും കണ്ടതും. ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന സമയത്ത് എന്താണ് എടുത്തുകൊണ്ടോടേണ്ടതെന്ന് ആരെയാണ് നിങ്ങൾ പഠിപ്പിക്കുന്നത്?

വിമാനത്തിൽ യാത്ര ചെയ്ത പ്രവാസികളോട് ചോദിക്കണം അവർ നന്നായി പറഞ്ഞുതരും. ലാപ് ടോപ്പ് ഇല്ലാത്തവർ പോലും ചെറിയ വിലക്ക് ഒരു ലാപ് ടോപ്പ് ബാഗ് വാങ്ങും എന്നിട്ട് അതിൽ കുറച്ച് സാധനങ്ങൾ തിരുകി കയറ്റും, ഇവരിൽ ഇടക്കിടെ നാട്ടിൽ പോകുന്നവർ മുതൽ നാലോ അഞ്ചോ വർഷങ്ങൾ കൂടുമ്പോൾ നാട്ടിലേക്ക് വരുന്നവരും പോകുന്നവരും ഉണ്ടാകും.ഈ ലാപ്ടോപ്പ് ബാഗിലാകും,അവരുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ, കഷ്ടപ്പാടിനിടയിൽ പഠിച്ചുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ.

പുറത്ത് നിന്ന് ലാപ്ടോപ്പ് തിരയുന്നവരെ കളിയാക്കാൻ എന്ത് എളുപ്പമാണ്…

അതിനുള്ളിലെ രേഖകൾ നഷ്ടപ്പെട്ടവന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എംബസി ഇടപെട്ട് സംഘടിപ്പിക്കും, വീസ കത്തിക്കരിഞ്ഞാൽ ദുബായിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ശരിയാക്കിത്തരും, നാട്ടിലെ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ എരിഞ്ഞില്ലാതായാൽ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും, വിവാഹ ഉടമ്പടിയും കരിഞ്ഞില്ലാതായാൽ എത്ര വാതിലുകൾ എത്ര തവണ കയറി ഇറങ്ങേണ്ടിവരും?

ഒന്നോർത്തുനോക്കു. പുറത്ത് സംഭവിക്കുന്നതറിയാതെ, വിമാനം പൊട്ടി തീപിടിക്കുമെന്നറിയാതെ ജീവനും കൊണ്ടോടുമ്പോൾ കയ്യിൽ കരുതാൻ പറ്റിയ ലാപ് ടോപ് ബാഗ് അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ്? ഇതുകൊണ്ടാർക്കെങ്കിലും ജീവൻ നഷ്ടമായോ?

തീപിടിച്ച ഓട്ടത്തിനിടയിൽ അത് കയ്യിൽ കിട്ടിയ ആ സാധാരണ പ്രവാസിയുടെ മുഖത്തെ സന്തോഷമെന്ന് ഓർക്കാൻ ശ്രമിക്കൂ ട്രോളർ സഹോദരൻമാരേ… 

ഇനി വിമാനത്തിനകത്തെ ബാഗുകളിൽ കണ്ട ഭക്ഷസാധനങ്ങളെപ്പറ്റിയാണ്

എനിക്കും കിട്ടി ഒരു വാട്സ് ആപ്പ് സന്ദേശം. പരിക്ക് പറ്റിയവയിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന പോത്തിറച്ചിയും, കപ്പ വറുത്തതും, ചക്കയും ഒക്കെയുണ്ടെന്ന്.

നാട്ടിലിരിരുന്ന് ഇത് പെരുപ്പിച്ച് ട്രോളാക്കിയവരെ, വാട്സ് ആപ്പ് സന്ദേശമാക്കിയവരെ ഞാൻ ഒന്നും പറയുന്നില്ല.

നല്ല ശമ്പളത്തോടെ, ശീതീകരിച്ച മുറികളിൽ ജോലിയെടുക്കുന്നവർ പോലും കൊതിക്കുന്ന ഒന്നുണ്ട് അത് നാട്ടിലെ രുചിയും മണവും മാത്രമാണ്.

നാട്ടിൽ നിന്ന് വരുന്നവർ കൊണ്ട് വരുന്ന ചിപ്സും ചക്കവറുത്തതും പൊടിപോലുമില്ലാതെ തിന്നു തീർക്കുന്ന പ്രവാസികളായ മഹാൻമാരാണ് ഇതൊക്കെ പടച്ചുവിടുന്നവരെ പ്രോൽസാഹിപ്പിക്കുന്നതെന്നറിയുമ്പോൾ വല്ലാത്ത സുഖക്കേട്…..പറയാതെ വയ്യ.

നാട്ടിലേക്ക് വരാൻ കഴിയാത്തവർക്ക് അവന്റെ അമ്മയോ ഭാര്യയോ മക്കളോ സ്നേഹത്തോടെ ഉണ്ടാക്കി നൽകിയ എന്തോരം സാധനങ്ങളുണ്ടാകും. അതവന്റെ നാവിലെത്തുമ്പോഴുള്ള സുഖം അറിയണമെങ്കിൽ ഈ പ്രവാസ ജീവിതം ഒന്നനുഭവിക്കണം.

നല്ല സാഹചര്യത്തിൽ കഴിയുന്ന എനിക്ക് പോലും ഈ ജീവിതം മടുത്തു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

കാലം എത്ര മാറിയാലും എത്ര അമ്മച്ചി അടുക്കള ഹോട്ടലുകൾ ഗൾഫിലുണ്ടായാലും നമ്മുടെ അടുപ്പത്ത് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയിൽ കുറച്ച് പരദൂഷണവും സ്നേഹവും ഇടകലർത്തിയുണ്ടാക്കുന്ന രുചി കിട്ടില്ല.

ബാഗുകളെപ്പറ്റി
ഉടുത്തൊരുങ്ങി നടക്കാൻ നല്ലൊരു ഉടുപ്പുപോലുമില്ലാതെ എല്ലാം കഴിഞ്ഞ വിമാനയാത്രയിൽ നഷ്ടപ്പെട്ട ഒരു കുടുംബത്തെ ഞാൻ കണ്ടു. മകൾ അമ്മയുടെ കുപ്പായമാണ് ഇട്ടിരിക്കുന്നതെന്ന് പറഞ്ഞു. ഞാൻ അവരെ കാണുമ്പോൾ, വസ്ത്രം വാങ്ങാൻ അവർ പുറത്തേക്കിറങ്ങുകയായിരുന്നു. കയ്യിൽ കരുതിയ ലാപ്ടോപ്പിനുള്ളിൽ മക്കളുടെയും ഭാര്യയുടെയും പാസ്പോർട്ടും, സർട്ടിഫിക്കറ്റുകളും, ബാങ്ക് രേഖകളും ഉണ്ടായിരുന്നു. എല്ലാം ഭദ്രം പക്ഷേ, ലഗേജുകളിൽ പെടുത്താതെ എല്ലാ വിമാന കമ്പനികളും ഭാരം പരിശോധിക്കാതെ കടത്തിവിടുന്ന ഒന്നു മാത്രമെയുള്ളൂ അത് ലാപ്ടോപ്പ് ബാഗാണ്. അതിൽ അടിവസ്ത്രം മുതൽ അമ്മിക്കല്ല് വരെ കയറ്റിപ്പോകുന്ന പ്രവാസികളുണ്ടാകും.

അവരങ്ങനെയാണ്…. അവരെ ജീവിക്കാൻ അനുവദിക്കണം.

(മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറായ ലേഖകന്‍ തന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍