UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളീ, ജാസിം എന്ന ഈ എമിറാത്തിയ്ക്കില്ലേ നിങ്ങളുടെ ആദരാഞ്ജലികള്‍?

Avatar

സതീഷ് കുമാര്‍

രാജ്യത്തെ ആക്രമിക്കുന്നതിനിടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലിലോ അതല്ലെങ്കില്‍ നീതിന്യായ കോടതി വിചാരണ നടത്തി തൂക്കിക്കൊല്ലാന്‍ വിധിച്ചാലോ ഒരു ഭീകരനു ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും അനുശോചിക്കുന്ന മലയാളികള്‍ ഉണ്ട്.  മലയാളിയുടെ സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയും പ്രതിഷേധ മുദ്രാവാക്യങ്ങളും കമന്റുകളും നിറയും. ഭീകരവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നാല്‍ അതിനെ അപലപിക്കാതെ മറിച്ച് ന്യായീകരിക്കുവാനോ മറ്റേതെങ്കിലും സംഭവങ്ങള്‍ തപ്പിയെടുത്ത് സമീകരിക്കുവാനോ ഉത്സാഹിക്കുന്നവരും മലയാളികള്‍ക്കിടയില്‍ ഉണ്ട്. എന്തുകൊണ്ടാണ് മുന്നൂറോളം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാനായി സ്വന്തം ജീവന്‍ വെടിഞ്ഞ  ജാസിം ഇസ അല്‍ ബലൂഷി എന്ന എമിറാത്തിയുടെ മരണത്തില്‍ അനുശോചിക്കുന്നില്ല? എന്തുകൊണ്ട് അദ്ദേഹം ഒരു ധീരരക്തസാക്ഷിയായി നിങ്ങളുടെ മനസ്സില്‍ പരിഗണിക്കപ്പെടുന്നില്ല. യുദ്ധമുന്നണിയില്‍ നമ്മുടെ രാജ്യത്തിനായി ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടാല്‍ ഉള്ള അതേ പ്രാധാന്യം നല്‍കേണ്ട ഒരു ജീവത്യാഗമാണ് മലയാളികളെ സംബന്ധിച്ച് അദ്ദേഹത്തിന്റേതും. ദൌര്‍ഭാഗ്യവശാല്‍ തന്റെ ജോലിക്കിടെ മരിച്ചു പോയ ഒരാളായി പോലും മലയാളി ആ ത്യാഗത്തെ കണക്കിലെടുക്കുന്നില്ല.

ബുധനാഴ്ച ഉച്ചയോടെ ഇ.കെ 521 എന്ന ഫ്ലൈറ്റ് യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3 ല്‍ നിലത്തിറക്കുകയായിരുന്നു. യാത്രക്കാരെ അടിയന്തിരമായി രക്ഷാവാതില്‍ വഴി പുറത്തിറക്കി. അഗ്നിശമന സേനാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജാസിം അല്‍ ബലൂഷി എന്ന ഇരുപത്തേഴുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെടുകയായിരുന്നു‍. അഞ്ചംഗ സഹോദരന്മാരില്‍ മൂത്തവനായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ റാസ് അല്‍ഖൈമയിലെ ഷേക്ക് റാഷിദ് സൈദ് പള്ളിയില്‍  പ്രാര്‍ഥനകള്‍ക്ക് ശേഷം സുലേയ സ്മശാനത്തില്‍ വീരോചിതമായ അന്ത്യ യാത്രയയപ്പാണ് നല്‍കിയത്. വൈസ് പ്രസിഡണ്ടും ദുബായ് പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം  “നിരവധി തലമുറക്ക് അഭിമാനിക്കാവുന്നത്” എന്നാണ്  ജാസിം അല്‍ ബലൂഷിയുടെ മരണത്തെ തുടര്‍ന്നുള്ള അനുശോചന സന്ദേശത്തില്‍ കുറിച്ചത്.

വിമാനം കത്തിയമരുവാന്‍ പോകുമ്പോളും മലയാളികള്‍ കൂട്ടത്തോടെ ലഗേജിനായി പരക്കം പായുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. പ്രാണനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയിലും ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്ന അമിതപ്രാധാന്യത്തെ പലരും കളിയാക്കുന്നുമുണ്ട്. എന്നാല്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിക്കൊണ്ട് അപകട സ്ഥലത്തു നിന്നും എത്രയും വേഗം രക്ഷപ്പെടുത്തുവാനായി സ്വന്തം ജീവന്‍ പണയം വച്ച്  ജാസിമും സംഘവും കഠിന പ്രയത്നത്തിലായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിനു തന്റെ ജീവന്‍ വെടിയേണ്ടിവന്നു. സ്തുത്യര്‍ഹമായ സേവനമാണ് ദുബായിലെ അഗ്നിശമന സേനാവിഭാഗം നടത്തിയത്.

നൂറുകണക്കിനു പ്രവാസി കൂട്ടായ്മകളാണ് യു.എ.ഇയില്‍ സജീവമായിരുന്നത്. നിയന്ത്രണങ്ങള്‍ വന്നതോടെ പലരും ഉള്‍വലിഞ്ഞു. എന്നാലും അംഗീകാരമുള്ള സംഘടനകള്‍ ഉണ്ട്. നാട്ടിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പോലും പ്രതിഷേധിച്ച് പ്രസ്ഥാവനകള്‍ ഇറക്കുന്ന പ്രവാസി കൂട്ടായ്മാ നേതാക്കള്‍ നിരവധി ഉണ്ട്. ഇവരില്‍ നിന്നോ ഇന്ത്യ/കേരള ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നോ അനുശോചന സന്ദേശങ്ങള്‍ ഇനിയും പോയോ എന്നത് നിശ്ചയമില്ല. പ്രവാസ ലോകത്ത് ലക്ഷക്കണക്കിനു മലയാളികളാണ് ജോലി ചെയ്യുന്നത്. ഇന്ന് കേരളം കാണുന്നതും അനുഭവിക്കുന്നതുമായ പുരോഗതികള്‍ പലതും ആ മണ്ണില്‍ വിയര്‍പ്പൊഴുക്കിനേടിയതിന്റെ ഫലമാണ്. തീര്‍ച്ചയായും അത് ഇവിടത്തെ ഭരണാധികാരികളുടേയും സ്വദേശികളുടെ കൂടെ സഹകരണത്തിന്റേയും ദയാവായ്പിന്റേയും കൂടെ ഫലമാണ്.  ഈ മണ്ണിനോട് ഇവിടത്തെ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍, അവരുടെ ദുഃഖത്തില്‍ പങ്കുചേരുവാന്‍ മനസ്സ് കാണിക്കുക എന്നത് പ്രാഥമികമായ ഒരു മര്യാദയാണെന്ന് ഇനിയെങ്കിലും എന്നാണ് നാം തിരിച്ചറിയുക.

(ദുബായില്‍ ഡിസൈനര്‍ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍