UPDATES

പ്രവാസം

എമിറേറ്റ്‌സ് തിരിച്ചറിയല്‍ അതോറിറ്റി വെബ്‌സൈറ്റിലെ ഔദ്യോഗിക ഭാഷകളില്‍ മലയാളവും

Avatar

അഴിമുഖം പ്രതിനിധി

എമിറേറ്റ്‌സ് തിരിച്ചറിയല്‍ അതോറിറ്റി തങ്ങളുടെ വെബ്‌സൈറ്റിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നായി മലയാളത്തെയും ഉള്‍പ്പെടുത്തി. ഇതനുസരിച്ച് വെബ്‌സൈറ്റിലെ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ഇനി മുതല്‍ മലയാളത്തിലും ലഭ്യമാകും. മലയാളത്തെ കൂടാതെ ഉറുദു, തഗലോഗ്, റഷ്യന്‍, മന്ദാരിന്‍ എന്നീ ഭാഷകളെയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രമായിരുന്നു വെബ്‌സൈറ്റിലെ വിവരങ്ങള്‍ ലഭ്യമായിരുന്നത്.

രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനും കൂടുതല്‍ പ്രാപ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ ഭാഷകളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എമിറേറ്റ്‌സ് ഐഡി അറിയിച്ചു.

വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തെയും രീതിയെയും കുറിച്ചും ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളെയും സംശയങ്ങളെയും കുറിച്ചും നടത്തിയ പഠനങ്ങളുടെയും സര്‍വെകളുടെയും അടിസ്ഥാനത്തിലാണ് പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എമിറേറ്റ്‌സ് ഐഡിയിലെ ഗവണ്‍മെന്റ് ആന്റ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്‍അസീസ് അല്‍ മാമാരി മാധ്യമങ്ങളോട് പറഞ്ഞു. 2014ല്‍ പത്ത് ഭാഷകള്‍ സംസാരിക്കുന്ന യുഎഇക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ഒമ്പത് മില്യണ്‍ ജനങ്ങളാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

ഇനി മുതല്‍ മലയാളികള്‍ക്ക് ജനസംഖ്യ രജിസ്റ്റര്‍, ഐഡി കാര്‍ഡുകളുടെ വിതരണം, പുതുക്കല്‍ തുടങ്ങിയവയ്ക്ക് ആവശ്യമായി വരുന്ന നടപടിക്രമങ്ങള്‍, അതിനാവശ്യമായ രേഖകള്‍, അതിനീടാക്കുന്ന ഫീസ് തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങള്‍ മലയാളത്തില്‍ തന്നെ ലഭ്യമാകും.

വെബ്‌സൈറ്റ്, സാമൂഹിക മാധ്യമ വേദികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നിവയിലൂടെ ഇതിനകം തന്നെ എമിറേറ്റ്‌സ് ഐഡി സേവന ലഭ്യതയുടെ കാര്യത്തില്‍ വന്‍കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് മാമാരി ചൂണ്ടിക്കാണിച്ചു. പുതിയ ഭാഷകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ക്കിടയിലും സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍