UPDATES

യാത്ര

ദുബായ് ടു ഓക്ക് ലാന്‍ഡ്; ദൂരം 14,200 കിമീ; സമയം 17 മണിക്കൂര്‍; പുതിയ ചരിത്രമായി എമിറേറ്റ്സ്

Avatar

ഡീന കാമെല്‍ യൂസഫ്
(ബ്ലൂംബര്‍ഗ്)

ദുബായില്‍ നിന്നു 8,824 മൈലുകള്‍ പറന്നു ന്യൂസീലാന്‍ഡിലെ ഓക്ക് ലാന്‍ഡില്‍ ബുധനാഴ്ച നിലംതൊട്ട ബോയിങ് 777-200എല്‍‌ ആര്‍, ലോകത്തെ ഏറ്റവും ദൂരമേറിയ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റ് എന്ന നേട്ടം ഗള്‍ഫ് വിമാന കമ്പനിയായ എമിറേറ്റ്സിന് നല്‍കുകയാണ്.

ഖത്തര്‍ എയര്‍വേയ്സ് പുറകിലാവാന്‍ ആഗ്രഹിക്കുന്നില്ല. ഈ വര്‍ഷം അവര്‍ ദോഹയില്‍ നിന്നു ചിലിയിലെ സാന്‍റിയാഗോ വരെയുള്ള ഫ്ലൈറ്റ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്; ദുബായ്- ഓക്ക് ലാന്‍ഡിനേക്കാള്‍ 140 മൈലുകള്‍ കൂടുതല്‍. കൂടാതെ ദോഹ- ഓക്ക് ലാന്‍ഡ് സെര്‍വീസും അവര്‍ നടത്തും; ദോഹയുടെ സ്ഥാനം ദുബായുടെ പടിഞ്ഞാറുഭാഗത്ത് ആയത് കൊണ്ട് 200 മൈല്‍ ദൂരം ഈ റൂട്ടില്‍ കൂടുതല്‍ പറന്നു റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്യും.

വന്‍ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്നു കാര്യമായ നേട്ടമില്ലാത്തതിനാല്‍ ഗള്‍ഫ് കാരിയറുകള്‍ കൂടുതല്‍ ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് സെര്‍വീസുകള്‍ വ്യാപിപ്പിക്കുകയാണ്. ഈ മരുഭൂ-നഗരങ്ങള്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത്-സൌത്ത് അമേരിക്കന്‍ ആകാശ പാതകളുടെ ഇടയിലായതുകൊണ്ട് അനേകം ട്രാന്‍സിറ്റ് യാത്രക്കാരെ കിട്ടുന്നു എന്നത് ഇതിന് സഹായകമാകുന്നു.

“വേണ്ടത്ര സൌകര്യങ്ങളും നെറ്റ് വര്‍ക്കുമില്ലാതെ ഞങ്ങളുടെ സര്‍വീസിലേയ്ക്ക് ഒരു പുതിയ നഗരം കൂട്ടിച്ചേര്‍ക്കാറില്ല,” ബ്ലൂംബെര്‍ഗിനു നല്‍കിയ പ്രസ്താവനയില്‍ ഖത്തര്‍ എയര്‍വേയ്സ്  പറയുന്നു. “ഏറ്റവും ദൂരം കൂടിയ ഫ്ലൈറ്റ് എന്ന പേരൊക്കെ കാരിയറുകള്‍ക്കിടയില്‍ മാറി മാറി വരും. പക്ഷേ ഈ ദീര്‍ഘ ദൂര മേഖലയില്‍ വളരെക്കുറച്ച് എയര്‍ലൈനുകള്‍ മാത്രമാണു മത്സരിക്കുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പ് ഞങ്ങള്‍ക്ക് അവിടെയാണ് ഗുണം ചെയ്യുന്നത്.”

പ്രൈസ്-വാട്ടര്‍ കൂപ്പെഴ്സിന്‍റെ (PwC) ദുബായ് ഏവിയേഷന്‍ സെന്‍റര്‍ ഡയറക്ടറായ തോമസ് പെല്ലഗ്രിന്‍റെ അഭിപ്രായത്തില്‍ 8 മണിക്കൂറുകള്‍ കൊണ്ട് പറന്നെത്താവുന്ന വന്‍ നഗരങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ കൂടുതല്‍ ഫ്ലൈറ്റുകള്‍ നിറയുകയാണ്. അതുകൊണ്ട് ഈ ഗള്‍ഫ് വിമാന സെര്‍വീസ് കമ്പനികള്‍ ഭൂമിയുടെ മറ്റു ഭാഗങ്ങളിലേയ്ക്ക് കടന്നിരിക്കുന്നു.

PwCയുടെ കണക്കുകള്‍ പ്രകാരം ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗരങ്ങളിലേയ്ക്കൊക്കെ എമിറേറ്റ്സ്, ഖത്തര്‍ എയര്‍, അബുദാബി ആസ്ഥാനമാക്കിയുള്ള എത്തിഹാദ് എന്നിവര്‍ ചേര്‍ന്ന് സെര്‍വീസുകള്‍ നടത്തുന്നുണ്ട്; ഇതില്‍ കോഡ്-ഷെയര്‍ ഡീലുകളും (രണ്ടോ അതിലധികമോ എയര്‍ലൈനുകള്‍ ചേര്‍ന്ന് ഒരു ഫ്ലൈറ്റ് പങ്കിടുന്ന സംവിധാനം) പെടുന്നു. 50 ലക്ഷം മുതല്‍ ഒരു കോടി വരെ ജനങ്ങളുള്ള നഗരങ്ങളില്‍ 87%ത്തിലേയ്ക്കും ഇവര്‍ പറക്കുന്നു.

എന്നാല്‍ 10 മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങള്‍ എടുത്താല്‍ മൂന്നിലൊന്ന് സ്ഥലങ്ങളിലേയ്ക്ക് മാത്രമാണു ഇവരുടെ സേവനം ലഭ്യമായിട്ടുള്ളത്. ഈ നഗരങ്ങളില്‍ പലതും പെട്ടന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ് എന്ന് പെല്ലെഗ്രിന്‍ പറയുന്നു.

ഓസ്ട്രേലിയയുടെ ക്വാണ്ടസ് എയര്‍വേയ്സ് ലിമിറ്റഡിന്‍റെ എയര്‍ബസ് ഗ്രൂപ്പ് SE A380  സെര്‍വീസ് നടത്തുന്ന സിഡ്നി- ഡള്ളാസ് റൂട്ടിന്‍റെ റെകോര്‍ഡ് ആണ് ചൊവ്വാഴ്ച രാവിലെ 10.05നു പുറപ്പെട്ട എമിറേറ്റ്സിന്‍റെ ഓക്ക് ലാന്‍ഡ് ഫ്ലൈറ്റ് മാറ്റിയെഴുതുന്നത്. ഇന്‍റര്‍നാഷനല്‍ റൂട്ടുകളിലെ ഏറ്റവും വലിയ ഗള്‍ഫ് കാരിയറായ എമിറേറ്റ്സ് മാര്‍ച്ച് 31നു പനാമ സിറ്റിയിലേയ്ക്ക് സര്‍വീസ്  ആരംഭിക്കുന്നതോടെ ഏറ്റവും കൂടുതല്‍ സമയം പറക്കുന്ന ഫ്ലൈറ്റ് ആകും അത്.

എമിറേറ്റ്സ് ഫ്ലൈറ്റ് ഓക്ക് ലാന്‍ഡിലേയ്ക്ക് 17 മണിക്കൂര്‍ 15 മിനിറ്റെടുക്കുമ്പോള്‍ മടക്കയാത്രയ്ക്ക് 16 മണിക്കൂറില്‍ താഴെയേ എടുക്കൂ. കാറ്റിന്‍റെ ഗതി അനുസരിച്ചു മധ്യ അമേരിക്കയിലെ പനാമ സിറ്റിയിലേക്ക് 17 മണിക്കൂര്‍ 35 മിനിറ്റ് സമയമെടുക്കും.

എണ്ണവില കുറഞ്ഞതോടെ നീണ്ട ഫ്ലൈറ്റുകള്‍ കൂടുതല്‍ ആകര്‍ഷകമാവുകയാണ്. ഹ്രസ്വദൂര ഫ്ലൈറ്റുകളില്‍ ഉപയോഗിക്കുന്ന വിമാനങ്ങളെക്കാള്‍ കുറവ് യാത്രക്കാരെ വഹിക്കുന്ന ജെറ്റുകള്‍ കൂടുതല്‍ മൈലേജ് നല്കുന്നു. എമിറേറ്റ്സിന്‍റെ കൈവശമുള്ള പത്ത് ബോയിങ് 777-200 എല്‍‌ ആര്‍ 266 യാത്രക്കാരെ വച്ചു ഉള്‍ക്കൊള്ളുമ്പോള്‍ അതേ ലേഔട്ടിലുള്ള 777-300എല്‍‌ ആറില്‍ 350 പേര്‍ക്കു കയറാം. നൂറിലധികം 777-300 എല്‍‌ ആര്‍ വിമാനങ്ങളാണ് എമിറേറ്റ്സ് വിമാനക്കൂട്ടത്തിന്‍റെ നട്ടെല്ല്.

ഈയാഴ്ചത്തെ ന്യൂസീലാന്‍ഡ് ഉല്‍ഘാടനത്തിനു മുന്‍പേ തന്നെ ലോകത്തിലെ ഏറ്റവും ദൂരം കൂടിയ 10 റൂട്ടുകളില്‍ 6 എണ്ണവും മിഡില്‍ ഈസ്റ്റ് കാരിയറുകളാണ് കൈകാര്യം ചെയ്തിരുന്നത്. എമിറേറ്റ്സ്, ഖത്തര്‍ എയര്‍, എത്തിഹാദ്, സൌദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവര്‍ക്ക് സര്‍വീസുള്ള ലോസ് ആഞ്ചലസ് പോലെയുള്ള നഗരങ്ങളിലേയ്ക്ക് A380 അല്ലെങ്കില്‍ 777-300 എ ആര്‍ വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നു മാത്രം.

ഓക്ക് ലാന്‍ഡിലേക്ക് നേരിട്ടുള്ള സെര്‍വീസ് “കുറച്ചു നാളുകളായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു” എന്ന് ജനുവരി 28നു എമിറേറ്റ്സ് ചെയര്‍മാന്‍ ഷേഖ് അഹമദ് ബിന്‍ സയ്യദ് അല്‍ മഖ്തും പറയുകയുണ്ടായി. നിലവില്‍ ദിവസേന നാലുതവണ ആസ്ട്രേലിയ വഴി നടത്തുന്ന ട്രിപ്പുകളേക്കാള്‍ 4 മണിക്കൂര്‍ സമയം ലാഭിക്കുക മാത്രമല്ല, 39 യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റുകളുമായി ബന്ധിപ്പിക്കുകയുമാവാം. എയര്‍ക്രാഫ്റ്റ് 777-200 എല്‍‌ ആറിലൂടെ തങ്ങള്‍ “വളര്‍ന്ന് വരുന്ന വിപണി”കളില്‍ സേവനം നടത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്സിന്‍റെ സ്ട്രാറ്റജിക് പ്ലാനിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അഡ്നാന്‍ കാസിം ഇ-മെയിലില്‍ അറിയിച്ചു.

നിലവിലുള്ള മാര്‍ക്കെറ്റില്‍ കൂടുതല്‍ വികസനം ലക്ഷ്യമിടുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ പുതിയ വഴികള്‍ തേടാന്‍ ഗള്‍ഫ് കാരിയറുകളെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേറ്റഡ് വിമാന സര്‍വീസ് ഉടമ്പടികള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യത്തിലാണ്. ജര്‍മനിയിലാവട്ടെ വിമാന സര്‍വീസ് നടത്താവുന്ന സ്ഥലങ്ങളും ഫ്ലൈറ്റുകളുടെ എണ്ണവുമൊക്കെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു.

ബോയിങ്ങിന്റെ പുതുക്കിയ 777എക്സ് പോലെയുള്ളവ വരുന്നതോടെ മെച്ചപ്പെട്ട സേവനം നല്‍കാനും, 2020-ഓടെ ലോകത്തെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലേക്കും ഗള്‍ഫില്‍ നിന്നും സെര്‍വീസുകള്‍ നടത്താനും ആകും. എന്നാല്‍ പരിധികള്‍ വികസിപ്പിക്കുന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ലണ്ടന്‍- സിഡ്നി മുതലായ റൂട്ടുകള്‍ പ്രായോഗികമാകാം. വിമാനങ്ങള്‍ മാറിക്കയറേണ്ടതിന്റെയും ഇടയ്ക്കൊരു വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറയ്ക്കേണ്ടതിന്റെയും ആവശ്യകത ഇല്ലാതാകാം.

എയര്‍ബസ് A350-900 വിമാനങ്ങളുടെ കനംകുറഞ്ഞ പതിപ്പ് 2018ല്‍  ഇറങ്ങുന്നതോടെ ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കാനാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് ഉദ്ദേശിക്കുന്നത്; ഇതോടെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഫ്ലൈറ്റ് അതാകും. 9,500 മൈലുകള്‍ നീണ്ട, 19 മണിക്കൂര്‍ സമയമെടുത്തുള്ള ഈ സെര്‍വീസ് 100 ബിസിനസ്സ് സീറ്റുകളുള്ള എയര്‍ബസ് A350-500 ഉപയോഗിച്ചാണ് അവര്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത് അത്ര മെച്ചമല്ലെന്നും അനാവശ്യമായി 5 മണിക്കൂറുകള്‍ യാത്രക്ക് കൂടുതല്‍ എടുക്കുന്നു എന്നും കണ്ടതോടെ 2013ല്‍ ഈ ഫ്ലൈറ്റ് നിര്‍ത്തലാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍