UPDATES

സിനിമാ വാര്‍ത്തകള്‍

എനിക്കു മുലകളുണ്ട്, അതുകൊണ്ട് ഫെമിനിസ്റ്റ് ആകാന്‍ കഴിയില്ലേ? വിമര്‍ശകരോട് എമ്മ വാട്‌സണ്‍

വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടിലൂടെ എമ്മ തന്റെ നിലപാടുകളെ വഞ്ചിച്ചെന്നാണ് വിമര്‍ശനം

ഫെമിനിസ്റ്റ് ആയിരിക്കുകയും അതേസമയം മാറിടം പുറത്തുകാണിച്ചുകൊണ്ട് വാനിറ്റി ഫെയറിനുവേണ്ടി പോസ് ചെയ്യാനും ഒരാള്‍ക്കു കഴിയുമോ? വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനു പിന്നാലെയാണു ഹാരിപോട്ടര്‍ താരം എമ്മ വാട്‌സന്‍ ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. വാനിറ്റി ഫെയറിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ എമ്മയ്‌ക്കെതിരേയുള്ള ആക്ഷേപങ്ങള്‍ വലുതായി. എമ്മ അവസരവാദിയാണെന്നും ഈ ചിത്രത്തില്‍ നിന്നും അവരുടെ ഫെമിനിസ്റ്റ് നിലപാട് വഞ്ചനപരമായ ഒന്നാണെന്ന് തെളിഞ്ഞെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞു. മാറിടം കണിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നൊരാള്‍ എങ്ങനെ ഫെമിനിസ്റ്റ് ആകുമെന്നുവരെ എമ്മയുടെ നേര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ന്നു.

ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം എമ്മ വാട്‌സണ്‍ മറുപടി പറയുന്നത് തന്റെ പുതിയ ചിത്രമായ ബ്യൂട്ടി ആന്‍ഡി ദി ബീസ്റ്റിന്റെ പ്രമോഷന്‍ ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു. തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെ തീര്‍ത്തും അവഗണിക്കുകയാണെന്നാണ് എമ്മ പറഞ്ഞത്.

മറ്റു സ്ത്രീകളെ അടിക്കാനുള്ള വടിയല്ല ഫെമിനിസം. സ്ത്രീകള്‍ക്കു കിട്ടാവുന്നതും ഉപയോഗിക്കാവുന്നതുമായ കൂടുതല്‍ അവസരങ്ങളെ കുറിച്ചും തെരഞ്ഞെടുക്കലുകളെ കുറിച്ചുമാണ് ഫെമിനിസം സംസാരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി ഫെമിനിസം നിലകൊള്ളുന്നു. എന്റെ മാറിടങ്ങള്‍ക്ക് അതിനോട് എന്തുബന്ധമാണുള്ളതെന്ന് എനിക്കു മനസിലാകുന്നേയില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി തന്നെ. എനിക്ക് മാറിടം ഉണ്ട് അതുകൊണ്ട് ഫെമിനിസ്റ്റ് ആകാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്; തന്റെ നിലപാട് എമ്മ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ #HeForShe കാമ്പയിന്റെ ആഗോള അംബാസിഡര്‍ കൂടിയാണ് ബ്രിട്ടീഷ് നടിയായ എമ്മ വാട്‌സണ്‍. ലിംഗനീതിക്കായി എമ്മ നടത്തുന്ന ഇടപെടലുകളും പ്രസ്താവനകളും ഏറെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള ലിംഗവിവേചനത്തിനെതിരേ ശക്തമായി പ്രതികരണം നടത്താറുമുണ്ട് എമ്മ. Our Shared Shelf എന്ന പേരില്‍ ഒരു ഫെമിനിസ്റ്റ് ബുക്ക് ക്ലബ്ബും എമ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍