UPDATES

കൈയില്‍ കാശില്ലെങ്കിലും അകോദര ഗ്രാമവാസികള്‍ക്ക് പ്രശ്‌നമില്ല

അഴിമുഖം പ്രതിനിധി

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാജ്യത്താകമാനം ജനജീവിതം ബുദ്ധിമുട്ടിലാക്കുമ്പോള്‍ ഗുജറാത്തിലെ വടക്കന്‍ മേഖലയിലുള്ള അകോദര ഗ്രാമവാസികള്‍ മാത്രം പണത്തെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നില്ല. എന്തുകൊണ്ടാണെന്നറിയാമോ?

കാരണം, അവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പണം ഉപയോഗിക്കാറില്ല. ബാങ്കിംഗ് സൗകര്യമാണ് അകോദരയിലെ ജനങ്ങള്‍ തങ്ങളുടെ ക്രയവിക്രയത്തിന് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചു പ്രയാസമുണ്ടെങ്കിലും അതൊരു വാസ്തവമാണ്. ക്ഷീരകര്‍ഷകരാണ് ഈ ഗ്രാമത്തില്‍ ഭൂരിഭാഗവും, ഗ്രാമത്തിലെ പ്രധനവരുമാന മാര്‍ഗവും പാല്‍വില്‍പ്പനയിലൂടെയാണ്. ഓരോ ഗ്രാമവാസികളും പാല്‍ ശേഖരണ കേന്ദ്രത്തില്‍ പാല്‍ എത്തിക്കുന്നു. പാല്‍ വില നേരിട്ട് ഓരോരുത്തര്‍ക്കും നല്‍കുകയല്ല, മറിച്ച് ഓരോരുത്തരുടെയും ബാങ്ക് അകൗണ്ടുകളില്‍ നിക്ഷേപിക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കും തന്നെ ബാങ്ക് അകൗണ്ടുകള്‍ ഉണ്ടെന്നതും മറ്റൊരു സവിശേഷതയാണ്.

പണം കൈയില്‍ ഇല്ലാതെ എങ്ങനെ നിത്യേനയുള്ള കാര്യങ്ങള്‍ സാധിക്കുമെന്ന സംശയവും വേണ്ട. പലചരക്കു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും അവിടെ പണം നല്‍കേണ്ടതില്ല. പകരം ഉപഭോക്താവ് തങ്ങളുടെ കൈവശമുള്ള മൊബൈല്‍ ഫോണിലൂടെ ബില്‍ തുക അടയ്ക്കാം. ഷോപ്പുകള്‍ ബാങ്കുകളുമായി കണക്ട് ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ ഗ്രാമവാസികള്‍ക്ക് ഭയവും പരിചയക്കുറവുമൊക്കെയുണ്ടായിരുന്നുവെങ്കിലും മൂന്നു മാസം കൊണ്ട് എല്ലാവരും തന്നെ സാധനങ്ങള്‍ വാങ്ങിയശേഷം മൊബൈല്‍ ഫോണ്‍ വഴി ബില്‍ അടയ്ക്കാന്‍ പഠിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിച്ചിരിക്കുന്ന അകോദരയില്‍ ഐസി ഐസി ഐ ബാങ്ക് സര്‍ക്കാരുമായി ചേര്‍ന്നാണ് ഗ്രാമവാസികളെ ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് ആകര്‍ഷിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍