UPDATES

ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ എണ്ണം കൂടുന്നു, അരക്ഷിതാവസ്ഥയും

ഈ ദുര്‍ബ്ബല ഭൂരിപക്ഷത്തിനുവേണ്ടി ആര് സംസാരിക്കും?

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) The World Employment and Social Outlook-Trends 2016-ലെ റിപ്പോര്‍ട്ടിലെ, ആഗോള തൊഴില്‍ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങളില്‍, ഇന്ത്യയിലെ തൊഴില്‍ രഹിതര്‍ 2016-ലെ 17.7 ദശലക്ഷത്തില്‍ നിന്നും 2018-ല്‍ 18 ദശലക്ഷമായി ഉയരും എന്നു പറയുന്നു. അതിന്റെ തൊഴില്‍നിരക്ക് 2017-ല്‍ 3.5 ശതമാനത്തില്‍ നിന്നും 3.4 ശതമാനം ആയി കുറയും. സ്വന്തമായുള്ള തൊഴിലെടുക്കുന്നവരോ, വേതനമില്ലാത്ത കുടുംബ ജോലികള്‍ ചെയ്യുന്നവരോ, മതിയായ സാമൂഹ്യ സുരക്ഷാ ലഭിക്കാത്തവരോ തൊഴിലാളി സംഘടനകളിലൂടെയോ സമാനമായ സംഘങ്ങളിലൂടെയോ വേണ്ട പ്രാതിനിധ്യം ഇല്ലാത്തവരോ ആണ് ‘അരക്ഷിത തൊഴില്‍’ എന്ന വിഭാഗത്തിലെ നിര്‍വ്വചനത്തില്‍ ILO പെടുത്തിയിരിക്കുന്നത്. ലോകവ്യാപകമായി അരക്ഷിതാവസ്ഥയിലുള്ള തൊഴിലാളികളുടെ പങ്കില്‍ ‘നാമമാത്രമായ പുരോഗതി’ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു റിപ്പോര്‍ട് പറയുന്നു. ഇത്തരം തൊഴിലുകള്‍ അടുത്ത രണ്ടു വര്‍ഷത്തില്‍ 0.2 ശതമാനം എന്ന നിരക്കില്‍ കുറയും. ഈ തൊഴിലുകള്‍ 2017-ല്‍ മൊത്തം തൊഴിലിന്റെ 42 ശതമാനത്തിന് മുകളിലായിരിക്കും എന്നാണ് കണക്കാക്കുന്നത്. ലോകത്താകെ 1.4 ബില്ല്യണ്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്നുവരുന്ന രാജ്യങ്ങളില്‍ (ഇന്ത്യയെ അങ്ങനെയാണ് ILO കണക്കാക്കുന്നത്) രണ്ടില്‍ ഒരാള്‍ ഈ നിര്‍വ്വചനത്തില്‍ പെടുന്നു, വികസ്വര രാജ്യങ്ങളില്‍ അത് അഞ്ചില്‍ നാലു തൊഴിലാളികളാണ്. അരക്ഷിത തൊഴില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രണ്ടു മേഖലകള്‍ തെക്കനേഷ്യയും സബ്-സഹാറന്‍ ആഫ്രിക്കയുമാണ്. ഇത്തരം തൊഴിലാളികളുടെ എണ്ണം ലോകത്താകെയായി ഓരോ വര്‍ഷവും 11 ദശലക്ഷത്തോളമാണ് കൂടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള ILO-യുടെ കണക്കുകള്‍ അപ്രതീക്ഷിതമല്ല. ഇന്ത്യയിലെ തൊഴിലാളികളില്‍ ഭൂരിപക്ഷവും, 92 ശതമാനം, അസംഘടിത മേഖലയിലാണ്. കൃഷിയിലെ മാന്ദ്യം ഭൂരഹിത കര്‍ഷക തൊഴിലാളികളെയും ചെറുകിട കൃഷിക്കാരെയും ഈ മേഖലയിലേക്ക് എത്തിച്ചിരിക്കുന്നു, പ്രത്യേകിച്ചും കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക്. കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്ന കാര്യം സംഘടിത മേഖലയില്‍ പുതിയ ജോലികള്‍ പോലും തൊഴില്‍ ആനുകൂല്യങ്ങളുടെയും സാമൂഹ്യ സുരക്ഷയുടെയും അഭാവം മൂലം അസംഘടിത തൊഴിലിന്റെ സ്വഭാവം ഉള്ളതാണ്. സര്‍ക്കാര്‍ നിയന്ത്രണം ഒട്ടുമില്ല എന്നുതന്നെ പറയാവുന്ന ഈ മേഖല, എന്നാല്‍ ഭരണകൂടം സഹായിക്കാത്ത വലിയ വിഭാഗം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുറമെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നല്കുന്നുണ്ട്. ഈ വിഭാഗം തൊഴിലാളികളെയാണ് നിര്‍മ്മാണമേഖല, കെട്ടിട നിര്‍മ്മാണം, ഗതാഗതം, സംഭരണം, മൊത്ത, ചെറുകിട വില്‍പ്പന എന്നിവയിലെല്ലാം കാണുന്നത്. സ്ത്രീകള്‍ ഈ മേഖലയില്‍ ധാരാളമായി തൊഴിലെടുക്കുന്നു എന്നതും വസ്തുതയാണ്. അവര്‍ ഇതേ മേഖലയിലെ പുരുഷന്മാരെക്കാളേറെ ചൂഷണം അനുഭവിക്കുന്നവരാണ്. കൂലിയിലെ ലിംഗവിവേചനം, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.

നയരൂപകര്‍ത്താക്കളും സര്‍ക്കാരും ഈ തൊഴിലാളികളുടെ അരക്ഷിതാവസ്ഥ മാറ്റാന്‍ നടപടിയെടുക്കുമെന്നും കൂടുതല്‍ ചട്ടങ്ങളുള്ളതും ക്രമപ്പെടുത്തിയതുമായ സംഘടിതമേഖലയിലേക്ക് അവര്‍ പ്രവേശിക്കുന്നു എന്നു ഉറപ്പുവരുത്തുകയും വേണം. ഇതിനോടൊപ്പം അവരുടെ തൊഴില്‍ സാഹചര്യങ്ങളും കൂലിയും ക്രമപ്പെടുത്താനും കൂടുതല്‍ സര്‍ക്കാര്‍ പിന്തുണയും ബന്ധവും അവര്‍ക്ക് നാല്‍കാനുമുള്ള നിയമനിര്‍മ്മാണങ്ങളും ഉണ്ടാകണം. അത് ചെറുകിട സംരംഭകരും വ്യാപാരവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിലും ശ്രദ്ധ പതിപ്പിക്കണം- കുഴഞ്ഞുമറിഞ്ഞ ചുവപ്പുനാടയും അഴിമതിയും.

എന്നാല്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍, മഹാരാഷ്ട്ര സര്‍ക്കാരുകളും ഇതിനെ തീര്‍ത്തും തെറ്റായ സമീപനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. എന്‍ ഡി എ സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കം ഈ മേഖലയിലെ തൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാക്കുകയും തൊഴില്‍രഹിതരാക്കുകയുംഅവരുടെ കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ ബജറ്റും അവരുടെ പ്രശ്നങ്ങളെ കണ്ട ഭാവം നടിച്ചില്ല. നോട്ട് നിരോധനം കാരണം പൂട്ടിപ്പോയ ‘സംരംഭങ്ങളെ’ കണക്കിലെടുത്തുമില്ല. നിലവിലെ തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് ലളിതമാക്കുകയും നാല് നിയമങ്ങളായി ലയിപ്പിക്കുകയും ചെയ്യുമെന്നു ധനമന്ത്രി പറഞ്ഞു-വേതനം, വ്യാവസായിക ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷയും ക്ഷേമവും, സുരക്ഷയും തൊഴില്‍ സാഹചര്യങ്ങളും. സംഘടിത മേഖലയിലെ നിലവിലെ നിയമങ്ങളുടെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ എണ്ണം തുലോം കുറവാണെന്നിരിക്കെ നിക്ഷേപകര്‍ വരാത്തതിന് അവരെ പഴി പറയുന്നതു വൈരുദ്ധ്യമാണ്. തൊഴില്‍ നിയമങ്ങളെ വിശേഷിപ്പിക്കാന്‍ പലപ്പോഴും ‘പുരാതനം’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്.  Industrial Relations Code Bill-2016, Wage Code Bill-2016 എന്നിവ അംഗീകരിക്കപ്പെട്ടാല്‍ അവയാകും ഈ തൊഴില്‍ നിയമങ്ങളുടെ സ്ഥാനം ഏറ്റെടുക്കുക.

ILO റിപ്പോര്‍ട് അനുസരിച്ച് ഏഷ്യ-പസിഫിക് മേഖലയില്‍ അരക്ഷിത തൊഴിലാളികളുടെ എണ്ണം കൂടുകയാണ്. റിപ്പോര്‍ട്ടില്‍ ഇതിന് പതിവ് പരിഹാരങ്ങളാണ് പറയുന്നത്: ഘടനാപരമായ മാറ്റം, ജനാധിപത്യ വിഹിതം അവകാശപ്പെടാന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ അരക്ഷിത വിഭാഗത്തില്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വര്‍ധനവിനും കൂടുതല്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ കൂടുതലുള്ള തുണി, തുകല്‍, കൃഷി, ഭക്ഷ്യ സംസ്കരണം പോലുള്ള മേഖലകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കലും ഇന്ത്യയിലെ കുപ്രസിദ്ധമായ ഉയര്‍ന്ന കയറ്റുമതി തീരുവ ഘടനയിലെ മാറ്റവും. ഇന്ത്യയിലെ അരക്ഷിതരായ ഭൂരിപക്ഷത്തിന് തൊഴില്‍ സുരക്ഷയും ആത്മാഭിമാനത്തോടെയുള്ള വാര്‍ദ്ധക്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍