UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം പശ്ചിമേഷ്യയെ അതീവ കുഴപ്പത്തിലാക്കും

Avatar

എമിലി ഹോക്കായേം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2014-ല്‍ ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂട്ടമായി മുന്നേറിയപ്പോള്‍ പശ്ചിമേഷ്യയില്‍ വിവരണാതീതമായ ആശങ്കയും ആശയക്കുഴപ്പവുമാണുണ്ടായത്.

മേഖലയിലെങ്ങും ആളുകള്‍ ചോദിച്ചു: എവിടെ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് വന്നത്, എവിടെ അവസാനിക്കും? കുറച്ചുകാലത്തേക്ക് മായുന്ന അതിര്‍ത്തികളും പുതിയ ഭൂപടങ്ങളുമായിരുന്നു ചര്‍ച്ച. ഞങ്ങളുടെ ദുര്‍ബലവും പരാജിതവുമായ രാജ്യം, ലെബനനോടുള്ള കൂറില്‍ എന്റെ ലെബനന്‍കാരനായ പിതാവ് ഒന്ന് ചാഞ്ചാടിയ ഏകസമയം അതായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുയായികള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളുടെ അടുത്ത് താമസിക്കുന്നതിനെക്കാള്‍ വടക്കന്‍ ലെബനനിലെ ഞങ്ങളുടെ പഴയ കുടുംബ വീട് പുതുക്കാതെ യൂറോപ്പിലേക്കൊ മറ്റോ അഭയം തേടിപ്പോയാലോ എന്നദ്ദേഹം ആലോചിച്ചു.

ഇന്നിപ്പോള്‍, ഇസ്ലാമിക് സ്റ്റേറ്റ് ദുര്‍ബ്ബലമാകുമ്പോള്‍ ആശ്വാസം പ്രകടമാണ്. പലരും വിചാരിച്ച പോലൊരു ഗോഡ്സില്ലയായി ആ ഭീകരസംഘടന മാറിയില്ല. അറബ് യുവാക്കള്‍ കൂട്ടമായി അതിലേക്കു ആകര്‍ഷിക്കപ്പെടും എന്ന ഭീതിയും അസ്ഥാനത്തായി. ഇറാഖ് മുമ്പത്തെക്കാളും മോശമായിട്ടില്ല. തുടര്‍ച്ചയായ അന്താരാഷ്ട്ര സഹായവും ശക്തമായ സുരക്ഷാ സന്നാഹങ്ങളും മൂലം ജോര്‍ദാന്‍ ഏറെക്കുറെ പ്രശ്നരഹിതമാണ്. ലെബനനിലെ സുന്നി ഇസ്ളാമിക വാദികളും കടുത്ത ഇസ്ളാമികവാദികളും ഒരുപോലെ ഇസ്ലാമിക് സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.

ഇറാഖിലെ മൊസൂളില്‍ നിന്നും മറ്റുള്ളിടത്തുനിന്നും വാര്‍ത്തകള്‍ വരുമ്പോഴും പക്ഷേ ഇവിടെ ശുഭാപ്തിവിശ്വാസം അത്രയൊന്നുമില്ല. അത്യാഹ്ളാദം ഒട്ടുമില്ല. ഇസ്ലാമിക് സ്റ്റേറ്റ് ദുര്‍ബ്ബലമാകുന്നതും പിഴവുകള്‍ മുതലെടുത്ത് കൂടുതല്‍ ശക്തമായി തിരിച്ചുവരുന്നതും അവര്‍ക്കറിയാം. ഇറാഖിലെ യു.എസ് അധിനിവേശവും ഭരണകൂടത്തിന്റെ തകര്‍ച്ചയും രൂക്ഷമാക്കിയ, ഷിയാ-സുന്നി തര്‍ക്കമെന്ന ലളിതവത്കരിച്ച കാരണത്തിനപ്പുറം, കൂടുതല്‍ സങ്കീര്‍ണമായ വംശീയ, ഗോത്ര, പ്രാദേശിക, രാഷ്ട്രീയ മാനങ്ങള്‍ ഇതിലുണ്ട്.

മനുഷ്യര്‍ക്കും, വസ്തുവഹകള്‍ക്കുമുണ്ടായ കൂറ്റന്‍ വിനാശത്തിന് പുറമെ, വികൃതവും ക്രൂരവും നീണ്ടുനില്‍ക്കുന്നതുമായ നാശം അത് വരുത്തിവെച്ചിട്ടുമുണ്ട്. വ്യക്തിഗതവും കൂട്ടായതുമായ അറബ് മനസില്‍ ഇസ്ലാമിക് സ്റ്റേറ്റ് പതിഞ്ഞുകഴിഞ്ഞു. എല്ലാ സുന്നികളിലും ഒരിത്തിരിയെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടെന്ന്-പക, കാഫിര്‍ആരോപണം, ആധിപത്യ മോഹങ്ങള്‍- പല ഷിയാക്കളും ക്രിസ്ത്യാനികളും മറ്റുള്ളവരും കരുതുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയെ ന്യായമായ കാരണങ്ങള്‍ മൂലമെന്ന് കരുതുന്ന പല സുന്നികളും അവരുടെ കടുത്ത നിലപാടുകളെ അപലപിക്കുകയോ അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ അനിസ്ലാമികമെന്ന് പറഞ്ഞു തള്ളിക്കളയുകയോ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നില്ല.

2014-ല്‍ എല്ലാ പ്രാദേശിക സര്‍ക്കാരുകളും മറ്റ് തത്പര കക്ഷികളും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒന്നിക്കുമെന്ന പ്രതീക്ഷ ഒബാമ സര്‍ക്കാരിനുണ്ടായിരുന്നു. കാരണം ആ സംഘം എല്ലാവരുടെയും ശത്രുവായിരുന്നു, എല്ലാവരും അവരുടെയും ശത്രുക്കളുമായിരുന്നു. ഒരുപക്ഷേ പൊതുഭീഷണി എല്ലാവരെയും ഒരുമിപ്പിക്കുമായിരുന്നു, കുറഞ്ഞത് വിനാശകരമായ തമ്മിലടിയെങ്കിലും നിര്‍ത്തിയേനെ. ഇറാനും സൌദി അറേബ്യയും സിറിയന്‍ വിമതരും സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദും എല്ലാം ആ സംഘടനയുടെ ശത്രുക്കളാണ്. കാര്‍ടീഷ്യന്‍ യുക്തി പ്രകാരം അവര്‍ തങ്ങളുടെ ഉന്നം തിരിച്ചുവെക്കേണ്ടതാണ്.

പക്ഷേ ക്രമം തെറ്റിയ ഇക്കാലത്ത് പശ്ചിമേഷ്യയിലെ രാഷ്ട്രീയം അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. അവര്‍ നിങ്ങളുടെ പടിക്കലെത്തിയില്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം നിങ്ങളുടെ മുന്‍ഗണനയല്ല. പ്രത്യേകിച്ചും സൈനിക ഭാരത്തിന്റെ ഏറിയ പങ്കും യു.എസ് വഹിക്കുമ്പോള്‍. പിന്നെ മറ്റുപല (പാശ്ചാത്യ അഭ്യര്‍ത്ഥനകള്‍ക്കും സമ്മര്‍ദത്തിനും നന്ദി) പ്രധാന കണക്കുകൂട്ടലുകളും അതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍.

മറ്റെന്തായാലും, ഈ പോരാട്ടം അതിലുള്‍പ്പെട്ട എല്ലാവര്‍ക്കും തങ്ങളുടെ താത്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു. ആഗ്രഹങ്ങളും തര്‍ക്കങ്ങളും സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതിന് പകരം സര്‍ക്കാരുകളും സായുധ സംഘങ്ങളും ഭീകരവാദി സംഘടനയില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥലം എത്രയാണെന്ന മത്സരത്തിലാണ്. കീര്‍ത്തിക്ക് വേണ്ടിയുള്ള മത്സരവും പ്രധാനമാണ്; ആരാണ് ഐ എസുമായി സഹകരിച്ചത്, ആരാണ് കൂടുതല്‍ സഹിച്ചത്, ആരാണ് കൂടുതല്‍ പോരാടിയത്, അന്തിമമായി ആര്‍ക്കാണ് കൂടുതല്‍ അര്‍ഹതയുള്ളത് എന്നതൊക്കെ പോരാട്ടത്തിന്റെ കേന്ദ്രപ്രശ്നങ്ങളാണ്.

മേഖല സംഘര്‍ഷങ്ങളും വിഭാഗീയ പ്രതിപത്തികളും ഇന്നിപ്പോള്‍ 2014-നേക്കാള്‍ ഗണ്യമായി കൂടുതലാണ്. ഇറാന്‍ ഷിയാ പോരാളികളെ ഒന്നിപ്പിക്കാന്‍ വലിയ വിഭാഗീയ ആവേശം നല്കാന്‍ ശ്രമിക്കുന്നു. മേഖലാ ആധിപത്യത്തിനായി ഇസ്ലാമികേതര രാഷ്ട്ര സംഘങ്ങളുമായാണ് അതിന്റെ പ്രാഥമിക സംഘര്‍ഷം എങ്കിലും. തങ്ങളുടെ സുന്നി ആധിപത്യം നഷ്ടപ്പെടാതിരിക്കാനും ഭീകരവാദ ആരോപണങ്ങള്‍ തളിക്കളയാനും  ആഭ്യന്തരവും വൈദേശികവുമായി സുന്നി തീവ്രവാദികളെ എതിര്‍ക്കേണ്ടത് സൌദി അറേബ്യയുടെ ആവശ്യമാണ്. 2015 മുതല്‍ യെമനില്‍ നടക്കുന്ന യുദ്ധത്തിലെ അവരുടെ പങ്കാളിത്തം, 20114-ല്‍ ഷിയാ-ഹൂതി സായുധ വിഭാഗങ്ങള്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തപ്പോള്‍ ഒരു സുന്നി കലാപത്തിനെതിരായാണ് രാജ്യം നിലപാടെടുത്തതെന്ന ആഭ്യന്തരമായ അഭിപ്രായങ്ങളോടുള്ള പ്രതികരണം കൂടിയാണ്. ഈ വിഭാഗീയവത്കരണം സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുകയാണ്. ഇപ്പോള്‍ ഇരുരാജ്യങ്ങളും പരസ്പരം സാധുത തന്നെ ചോദ്യം ചെയ്യുകയും മേഖലയില്‍ സംഘര്‍ഷവും ആശങ്കയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഷിയാകള്‍ക്കുള്ളിലും ബാഗ്ദാദില്‍ തര്‍ക്കം മുറുകുകയാണ്. ഇറാന്റെ പിന്തുണയുള്ളവരും മുഖ്യധാരയിലെ പരമ്പരാഗത പുരോഹിത പക്ഷവുമായി രാഷ്ട്രീയാധികാരത്തിന് മത്സരമാണ്. ഇറാഖി കുര്‍ദിസ്ഥാനിലും ആഭ്യന്തര കിടമത്സരവും ബാഗ്ദാദിനോടുള്ള അവിശ്വാസവും കാണാം. മൊസൂള്‍ സമീപ ഭാവിയില്‍ വിമോചിപ്പിക്കപ്പെട്ടേക്കാം. പക്ഷേ, രാഷ്ട്രീയ ദീര്‍ഘവീക്ഷണം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, ഹൃദയവിശാലത എന്നിവയൊന്നും പ്രതീക്ഷിക്കാന്‍ വയ്യ.

വടക്കന്‍ സിറിയയിലെ സ്ഥിതി ഏറ്റവും ഭീകരമാണ്. കുര്‍ദിഷ് സേന, സിറിയന്‍ വിമതര്‍ (ചിലര്‍ക്ക് യു എസും മറ്റ് ചിലര്‍ക്ക് തുര്‍ക്കിയും പിന്തുണ) തുര്‍ക്കി, യു.എസ് എന്നിവരെല്ലാവരും ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും പിടിക്കുന്ന ഭൂമിക്കായുള്ള മത്സരമാണ്. അപ്പുറത്ത് റഷ്യയും അസദും കിഴക്കന്‍ അലെപ്പോക്കായി രൂക്ഷമായ ആക്രമണം നടത്തുകയാണ്. വിമതര്‍ നഗരം വിട്ടു തെക്കോട്ട് പോയോ, അല്ലെങ്കില്‍ തങ്ങളുടെ ഒരു ചെറുസ്വാധീന പ്രദേശം കൊണ്ടോ തൃപ്തിപ്പെട്ടോളും എന്ന പ്രതീക്ഷയിലാണവര്‍.

ഇന്നിപ്പോള്‍ മിക്ക അറബികളും ഒരു കാര്യം തിരിച്ചറിയുന്നു; ഇസ്ലാമിക് സ്റ്റേറ്റ് എന്നാല്‍ തങ്ങളുടെ സമൂഹങ്ങളുടെ നീണ്ടുനില്‍ക്കുന്ന പരാധീനതകളുടെയും നമ്മുടെ സര്‍ക്കാരുകളുടെ പരാജയത്തിന്റെയും  ഉത്പന്നമാണ്. ഭാവി സംഘര്‍ഷങ്ങള്‍ക്ക് കാരണവുമാണ്. യുക്തിയുടെ കൂട്ടായ മയക്കമാണ് ഈ ഭീകരജീവിയെ സൃഷ്ടിച്ചത്. എന്നിട്ടും ആ യഥാര്‍ത്ഥ്യമൊന്നും നമ്മെ രക്ഷിച്ചില്ല. 2011-ലെ ധീരരായ സിറിയന്‍ പ്രതിഷേധക്കാര്‍, കഴിഞ്ഞ വര്‍ഷത്തെ ഇറാഖി അഴിമതി വിരുദ്ധ മുന്നേറ്റം, ലെബനനിലെ ധീരരായ പൌരസമൂഹ പ്രവര്‍ത്തകര്‍, പൌരത്വത്തെയും മികച്ച ഭരണനിര്‍വ്വഹണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാം മാഞ്ഞുപോയിരിക്കുന്നു. മിക്ക ആളുകളും തങ്ങളുടെ സങ്കുചിതമായ അസ്തിത്വ രാഷ്ട്രീയത്തില്‍ അഭയവും ലക്ഷ്യവും കണ്ടെത്തുന്നു.

രംഗം ഇനി ഒന്നിലേറെ രൂക്ഷമായ ചെറു സംഘര്‍ഷങ്ങള്‍ക്കാണ് വേദിയാകുന്നത്. ഇത് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാഗ്ദത്ത മഹാദുരന്തമാകില്ല, ശരാശരി പശ്ചിമേഷ്യക്കാരനെ സംബന്ധിച്ച് ഇത് ഇസ്ലാമിക് സ്റ്റേറ്റിന്റെ  അടുത്ത അവതാരത്തെ പിറകില്‍ പതുങ്ങിയിരുന്നു തക്കം പാര്‍ക്കാന്‍ സഹായിക്കുന്നത്ര മോശപ്പെട്ട ഒന്നാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍