UPDATES

ട്രെന്‍ഡിങ്ങ്

ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്നും അയാളുടെ കയ്യില്‍ ആ അടയാളം ഉണ്ടാവും; എനിക്കുറപ്പാണ്

ഇപ്പോഴും പൊതുസ്ഥലങ്ങളില്‍ പലയിടത്തും കുട്ടികളോട് അല്‍പ്പം സ്‌നേഹക്കൂടുതല്‍ കാണിക്കുന്ന അമ്മാവന്മാരെ കാണാറുണ്ട്.

ലിഷ അന്ന

ലിഷ അന്ന

ചുറ്റും ഉള്ളവരോട് എന്തെങ്കിലും കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതില്‍ എപ്പോഴും ഭീകരമായിപരാജയപ്പെട്ടു കൊണ്ടിരുന്നതായിരുന്നു കുട്ടിക്കാലം. ആരോടും സംസാരിക്കാന്‍ എനിക്കെന്റെ ഭാഷ മതിയാവുമായിരുന്നില്ല. അന്യഗ്രഹത്തില്‍ നിന്നെന്ന പോലെ തോല്‍വിയായിരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെ പലപ്പോഴും ചുണ്ടുകള്‍ മുഴുവന്‍ തുറക്കാതെ അവ്യക്തമായി, ശബ്ദം താഴ്ത്തി മാത്രം ലോകത്തോട് സംസാരിച്ചു. ഒരു വാക്ക് ഉച്ചരിക്കുന്നതിന് നൂറായിരം കല്ലുകള്‍ എടുത്തു പൊക്കുന്നതിന്റെ സ്‌ട്രെയിനുണ്ടായിരുന്നു.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആന്റിയുടെ കല്യാണസമയത്താണ് കുടുംബത്തിലെ ഒരു പൊതു അമ്മാവനെ കാണുന്നത്. കല്യാണത്തലേന്ന് എല്ലാരും ഓരോരോ പണികളില്‍ മുഴുകി അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാര നടക്കുമ്പോള്‍ ഞാനും ഈ അമ്മാവനും ഒരു നാലഞ്ചു പ്രാദേശിക കുടിയന്മാരും കൂടി വീടിന്റെ മുന്നിലുള്ള വിശാലമായ പറമ്പില്‍ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുകയായിരുന്നു. അന്ന് ബ്രാന്‍ഡ് ഒന്നും തിരിച്ചറിയാനുള്ള ബുദ്ധി ഇല്ലായിരുന്നത് കൊണ്ട് മേശപ്പുറമേ ഉണ്ടായിരുന്ന സാധനങ്ങളുടെ ലേബല്‍ തെളിയുന്നില്ല. അന്നത്തെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രതീകമായിരുന്ന ‘ചേഞ്ചിങ്ങ് റോസ്’ നിറം മാറുന്ന പോലെ കുടിച്ചു കഴിഞ്ഞാല്‍ ആളുകള്‍ മാറുന്നതെങ്ങനെയെന്നു നിരീക്ഷിക്കുകയായിരുന്നു ഞാന്‍.

ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അമ്മാവന് നിറം മാറി തുടങ്ങി. ചുമ്മാ ഇരിക്കുകയായിരുന്ന എന്റെ കയ്യില്‍ പിടിച്ച് ഉമ്മം വെക്കാനൊക്കെ തുടങ്ങി. വിടാന്‍ പറഞ്ഞിട്ട് വിടുന്നില്ല. ചുറ്റും ഇരിക്കുന്നവന്‍മാരൊക്കെ ഭീകര അട്ടഹാസം. അമ്മയും അച്ഛനും ഒന്നും അടുത്തില്ല. പറമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരുടെ മുന്നില്‍ കരഞ്ഞു വിളിക്കാന്‍ ഈഗോ അനുവദിക്കുന്നും ഇല്ല. ഞാന്‍ അവസാനത്തെ ആയുധം പുറത്തെടുത്തു.

പിന്നെ കേള്‍ക്കുന്നത് അമ്മാവന്റെ ഭീകരമായ അലര്‍ച്ചയായിരുന്നു. അയാളുടെ വെളുത്ത കയ്യില്‍ നിന്നും റോസാനിറത്തിലേയ്ക്ക് ചോര കുത്തിയൊഴുകുന്നുണ്ടായിരുന്നു. എന്റെ പല്ലടയാളത്തില്‍ അയാളുടെ കൈത്തണ്ടയില്‍ മാംസം തുറിച്ചു നില്‍പ്പുണ്ടായിരുന്നു.

ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോഴും അയാളുടെ കയ്യില്‍ ആ അടയാളം ഉണ്ടായിരിക്കും; എനിക്കുറപ്പാണ്.

ഇപ്പോഴും പൊതുസ്ഥലങ്ങളില്‍ പലയിടത്തും കുട്ടികളോട് അല്‍പ്പം സ്‌നേഹക്കൂടുതല്‍ കാണിക്കുന്ന അമ്മാവന്മാരെ കാണാറുണ്ട്. സ്‌നേഹത്തിന്റെ വൈവിധ്യങ്ങളെങ്ങനെയൊക്കെയെന്ന് അവിശ്വസനീയതയോടെ നിരീക്ഷിക്കാന്‍ മാത്രമേ ആ സമയത്ത് കുട്ടികള്‍ക്ക് പറ്റൂ. പിന്നീടാണ് ഇഷ്ടമില്ലാത്തതിനെന്തോ വിധേയമായിരിക്കുന്നു എന്ന് മനസിലായിത്തുടങ്ങുക. കരയാനോ ആവശ്യമില്ലാതെ വാശി കാണിക്കാനോ അല്ലാതെ ചുറ്റും ഉള്ളവരോട് തുറന്നു പറയാന്‍ മിക്ക കുഞ്ഞുങ്ങളും ധൈര്യപ്പെടാറില്ല. പറഞ്ഞാല്‍ ആര്‍ക്കും മനസിലാവില്ല എന്ന് കുട്ടിയുടെ മനസ് അധൈര്യപ്പെടുത്തിക്കൊണ്ടേയിരിക്കും.

കുഞ്ഞുങ്ങളെക്കാള്‍ വലുതല്ല, ഇത്തരത്തിലുള്ള ചേഞ്ചിങ്ങ് റോസുകള്‍ എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വീട്ടിലുള്ളവര്‍ക്ക് കഴിഞ്ഞേ പറ്റൂ. അല്ലെങ്കില്‍ ഒരിക്കല്‍ വാ തുറക്കാന്‍ ധൈര്യം വരുന്ന സമയം വരെ അവരനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ഏറ്റവും പങ്കു വഹിക്കുന്നത് അച്ഛനമ്മമാര്‍ തന്നെയായിരിക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ ഓരോ നിമിഷവും ഇരുട്ടുപോലെ നിറഞ്ഞു വരുന്ന അരക്ഷിതത്വത്തിനൊപ്പം സ്വാഭാവിക പരിണാമങ്ങളിലൂടെ കടന്നുപോവേണ്ട ബാല്യവും കൗമാരവും ഭീകരത നിറഞ്ഞ നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടതായും വരും.

യൂണിസെഫിന്റെ പിന്തുണയോടെ എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ നിര്‍മിച്ച ഈ ബോധവത്ക്കരണ ചിത്രം കൂടി കാണൂ. #Endviolenceagainstchildren

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍