UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമരം തുടരുമെന്നു പറഞ്ഞവരോടു അവിടെ കിടന്നോളാന്‍ പറയുന്നതോ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ ഭരണം

Avatar

നിങ്ങള്‍ അവിടെ തന്നെ കിടന്നോളൂ…

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്‍ഡോസള്‍ഫാന്‍ ഇകളോടുള്ള സമീപനം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന മറുപടിയായിരുന്നു അത്. നാലുദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണിസമരം നടത്തുന്ന കാസര്‍ഗോഡെ അമ്മമാരോടും അവരുടെ മെയ്യും തലച്ചോറും തകര്‍ന്ന കുഞ്ഞുങ്ങളോടുമുള്ള ഒരു ഭരണാധികാരിയുടെ പ്രതിബദ്ധ! കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പതിനൊന്നു ഗ്രാമങ്ങളിലെ നൂറ്റിയെട്ട് കുടുംബങ്ങള്‍ നടത്തുന്ന പട്ടിണി സമരത്തിന്റെ മൂന്നാം ദിവസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഇന്ന് സമരക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്ത് തീരുമാനത്തിലെത്താമെന്നായിരുന്നു. ഈ വാക്കിന്‍മേലുള്ള വിശ്വസത്തോടെയാണ് സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചെന്നത്. പക്ഷേ അവര്‍ ഒരിക്കല്‍ക്കൂടി വഞ്ചിക്കപ്പെട്ടു.പക്ഷേ തോറ്റു പിന്മാറാന്‍ ഒരുക്കമല്ലെന്നും സമരം തുടരുമെന്ന തീരുമാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമതി…സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തങ്ങളുടെ നിലപാടുകള്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനോട് പങ്കുവയ്ക്കുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിഷമഴ പെയ്യിച്ച പതിനൊന്നു ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് നീതിക്കുവേണ്ടി വിലപിക്കുന്നത്. സമരം ചെയ്യാനോ പ്രതിഷേധിക്കാനോ എന്തിനു നേരെയൊന്നു എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത, ബുദ്ധി ഉറക്കാതെ, ശരീരം മാത്രം വളര്‍ന്ന കുട്ടികളുമായി ഈ അമ്മമാര്‍ വന്നിരിക്കുന്നത് അവര്‍ക്ക് ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടാണ്. അധികമൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. പലപ്പോഴായി ഞങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ മാത്രം മതി. 

ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ സാനിധ്യത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ചെറിയൊരു പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ സമരം തുടരുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്; ‘നിങ്ങള്‍ അവിടെ കിടന്നോളു’ എന്നാണ്. ഇതില്‍ കൂടുതല്‍ എന്ത് നല്ല വാക്കാണ് അദ്ദേഹം പറയേണ്ടതല്ലേ? 

ചര്‍ച്ച തീര്‍ത്തും പരാജയം ആയിരുന്നു. സമരം വീണ്ടും മുന്നോട്ടു കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി വഞ്ചിക്കാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍ സമരവുമായി ഇറങ്ങുന്നത്. ആദ്യമായല്ല എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരത്തിനിറങ്ങുന്നത്. 2013 ല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നടത്തിയ കഞ്ഞിവയ്പ്പു സമരത്തെ തുടര്‍ന്ന സമരസമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആ ഉറപ്പുകള്‍ പാലിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോള്‍ പട്ടിണി സമരം നടത്തേണ്ടി വരുന്നത്.

ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ സാമ്പത്തിക സഹായം നല്‍കാന്‍ ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും ധനസഹായം നല്‍കുമെന്നു രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ലിസ്റ്റിലുള്ള 5837 പേരില്‍ 2820 പേര്‍ക്കു ഭാഗിക ധനസഹായം മാത്രമാണ് ഇതുവരെ കൊടുത്തത്. മൂവായിരത്തില്‍ അധികം പേര്‍ ഇപ്പോഴും സര്‍ക്കാരിന്റെ കനിവ് കാത്തുകഴിയുകയാണ്. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നു പറഞ്ഞു. അതും നടന്നിട്ടില്ല. 

ഓരോ വര്‍ഷവും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ പഴയ ലിസ്റ്റില്‍ പെടാത്ത പുതിയ രോഗ ബാധിതരേയും ഉള്‍പ്പെടുത്തും എന്ന വാക്കും വെള്ളത്തില്‍ വരച്ച വരയായി. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ തുടങ്ങി. ഇപ്പോള്‍ അകെയുള്ളത് അംഗനവാടി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ മാത്രം. അതിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരം. 
ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക

ഇതിനെക്കാഴെല്ലാം വലിയ ക്രൂരതയുണ്ട്. കമ്പനിയുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി ഗോഡൗണ്‍ ശുദ്ധീകരിക്കാമെന്നുള്ള ഉറപ്പും അവര്‍ കാറ്റില്‍പറത്തി. ഒരു തുറന്ന കിണറില്‍ എന്‍ഡോസള്‍ഫാന്‍ തള്ളുകയായിരുന്നു. അതിന്റെ ദോഷം ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ? അല്ല, വീണ്ടും വീണ്ടും ഒരു ജനതയെ നരകത്തിലേക്ക് തള്ളിവിടുകയാണ്. 

എന്തുകൊണ്ട് ഞങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിച്ചില്ല എന്നു ചോദിച്ചാല്‍, അതിനുള്ള മുടക്ക് ന്യായം സര്‍ക്കാരിന്റെ കയ്യില്‍ ഒന്നിനും കൃത്യമായ തെളിവുകളും കണക്കുകളും ഇല്ലെന്നാണ്. അതേ,അവരുടെ കണക്കുകള്‍ക്കും അപ്പുറത്താണ് യഥാര്‍ത്ഥ കണക്കുകള്‍. അതവര്‍ ഒരിക്കലും കണ്ടെത്തില്ല. 

ഒടുവില്‍ എന്തെങ്കിലും ധനസഹായമെങ്കിലും പരിഗണിക്കണമെന്ന നിലയിലേക്ക് ചര്‍ച്ചയില്‍ ഞങ്ങളെത്തിയതാണ്. അതിനും ഈ ഭരണകൂടം തയ്യാറായില്ല.

കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ വീണ വിഷമഴയുടെ ദുരന്തം അത്ര വലുതല്ല എന്ന് കാണിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അല്ലാതെ ധനസഹായം നല്‍കാന്‍ പണം ഇല്ലഞ്ഞിട്ടല്ല. ഏതെങ്കിലും രാഷ്ട്രീയ നേതാവ് സമരം കിടന്നാല്‍ അതിനുള്ള പരിഹാരം കാണാന്‍ ഖജനാവില്‍ നിന്നും കോടികളെടുക്കാനുള്ളപ്പോള്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ തന്നെ ദുരിതത്തിലേക്കു തള്ളിയിട്ട പാവങ്ങള്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ എന്താ മടി?

2010 ഡിസംബര്‍ 21ന് മനുഷ്യാവകാശ കമ്മിഷന്‍ മരണപ്പെട്ടവരുടെ കുടുംബം, കിടപ്പിലായവര്‍, മാനസിക പ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷം വീതവും മറ്റു ദേഹാസ്വസ്ഥ്യങ്ങള്‍ ഉള്ളവര്‍ക്ക് മൂന്നു ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കണം എന്ന് ഉത്തരവിറക്കിയിരുന്നു. നഷ്ടപരിഹാരത്തുക എട്ടാഴ്ച്ച കൊണ്ട് കൊടുത്തു തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശം. 2016 ജനുവരി 29 ആയിട്ടും പറഞ്ഞ തുക ഒരാള്‍ക്കുപോലും പൂര്‍ണമായി കിട്ടിയിട്ടില്ല. കുറച്ചു പേര്‍ക്ക് തുകയുടെ ഒന്നും രണ്ടും ഗഡുക്കള്‍ കൊടുത്തു. പതിയെ അതുമങ്ങ് നിലച്ചു. 

ഇനിയും ഈ അവഗണന സഹിക്കാന്‍ കഴിയില്ല. ഈ സമരം അതിനുള്ള മറുപടിയാണ്. സമരസമിതിക്ക് രാഷ്ട്രീയമില്ല. ഞങ്ങളുടെ രാഷ്ട്രീയം ഇരകളുടേതാണ്. വി എസ് അച്യുതാനന്ദന്‍ ആദ്യം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ട്. കൂടെനില്‍ക്കാന്‍ വരുന്നവരെ ഞങ്ങള്‍ സ്വീകരിക്കും. ആദ്യ കാലങ്ങളില്‍ വി എം സുധീരനും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. പിന്നീട് അദ്ദേഹം മൗനം പാലിച്ചു.

ഞങ്ങള്‍ക്കീ സമരം ജീവിക്കാന്‍ വേണ്ടി ഉള്ളതാണ്. നീതി ലഭിക്കും വരെ സമരം തുടരും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് പ്രയോഗിക്കുന്ന കണ്ണീര്‍ വാതകമേറ്റ് ഞങ്ങളുടെ കുട്ടികളുടെ കണ്ണുകള്‍ നീറിയൊലിക്കുകയാണ്. അവര്‍ വാഹങ്ങളുടെ ശബ്ദങ്ങളില്‍ അസ്വസ്ഥരാകുന്നു. എല്ലാം സഹിച്ചും ഞങ്ങള്‍ക്കീ സമരം തുടരണം. കാരണം ഞങ്ങള്‍ തോറ്റുപോയാല്‍ കൂടെ തോല്‍ക്കുന്നത് വിഷമഴ നനഞ്ഞു പുല്ലുപോലും കിളിര്‍ക്കാതായൊരു ദേശമാണ്….

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍