UPDATES

ട്രെന്‍ഡിങ്ങ്

മരണം വലിയ ചിറകുവിടര്‍ത്തിയെത്തി; എന്‍ഡോസള്‍ഫാന്‍ ഇരകളായ അഭിലാഷും രമേഷും ഒപ്പം യാത്രപോയി

ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ കാണിച്ചിട്ടുള്ള അഭിലാഷ്, എന്‍ഡോസള്‍ഫാന്‍ മറ്റൊരു ഇരയും രോഗബാധിതനായിട്ടും സര്‍ക്കാര്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതെ പോയ രമേഷും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തകള്‍ കെട്ടുകഥകളാണെന്നു പരിഹസിക്കുന്നവര്‍ക്കും, അവസാനിക്കാത്ത ജീവിതദുരിതം പേറുന്നവരുടെ നീതിക്കായുള്ള നീണ്ട സമരങ്ങളോട് കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ക്കും ഈ കുട്ടികളുടെ മതാപിതാക്കളോട് എന്ത് മറുപടിയായാണ് പറയാനുള്ളത്?

ഇവിടെയൊരു അഭിലാഷും രമേഷും മരിച്ചു. രണ്ടുമരണങ്ങളും അപകടമോ സ്വാഭാവിക മരണങ്ങളോ അല്ല.  അവരെ കൊന്നുകളഞ്ഞതാണ്! ഓടിച്ചാടി നടക്കേണ്ട ആ കൗമാരങ്ങള്‍ക്ക് മേല്‍ വിഷമഴ ചൊരിഞ്ഞ് നമ്മുടെ ഭരണകൂടം തന്നെ കരിച്ചുകളഞ്ഞതാണ് ആ ജീവിതങ്ങളെ.

അതി വിചിത്രമെന്നും, ദാരുണമെന്നും പറഞ്ഞു കണ്ണു തള്ളിപ്പിടിച്ച് പലരും കാസര്‍കോടിന് വണ്ടി കയറി തുടങ്ങിയത് പത്ര മാധ്യമങ്ങളില്‍ അമ്പരപ്പിക്കുകയും കണ്ണ് നിറയിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വന്നു തുടങ്ങിയതോടെയായിരുന്നു. വന്നവര്‍ വന്നവര്‍ അടുത്ത വണ്ടി പിടിച്ച് മടങ്ങുമ്പോഴും, എന്‍മകജെയിലും വാണി നഗറിലും, ബോവിക്കാനത്തും കര്‍മ്മംതൊടിയിലുമെല്ലാം പെറ്റമ്മമാര്‍ ഉറങ്ങാതെ മക്കളുടെ ഞരക്കങ്ങള്‍ക്ക് കാതോര്‍ത്തു.

മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ ഇവിടെ ഓരോരുത്തരായി മരിച്ചുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും തല വളരുന്ന അപൂര്‍വ്വ രോഗബാധിതനായ അഭിലാഷ് നാടിനെ കരയിപ്പിച്ച് ഇന്നലെ മരണത്തിന് കീഴടങ്ങി. ഇനിയൊരു കുഞ്ഞുകൂടിപ്പിറന്നാല്‍ ഒരു പക്ഷേ അതിന് വൈകല്യങ്ങളില്ലാതെ വരികയാണെങ്കില്‍ അഭിലാഷിനോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ എന്ന ഭയത്തില്‍ മറ്റൊരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ മടിച്ച ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ ഉത്തരം എവിടെയാണ്? ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും കണ്ണിലെ കൃഷ്ണമണിപോലെ അവനെ പരിചരിച്ചു. കിടന്ന കിടപ്പില്‍ തലയൊന്നനക്കാനാകാതെ കൃഷ്ണമണിയുടെ ചെറിയ ചലനങ്ങളും, വളരെ നേര്‍ത്ത കൈകള്‍ വല്ലപ്പോഴും അനങ്ങുന്നതും നിഷ്‌കളങ്കമായ ആ മുഖത്ത് ഒരു ചിരി വിടരുന്നതും നോക്കി ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും അഭിലാഷിനെ മാറോടണക്കിപ്പിടിച്ചു.  ഒരു പത്രക്കാര്‍ക്കും തന്റെ മകന്റെ വിഷമതകള്‍ പകര്‍ത്താന്‍ അനുവാദം നല്‍കാത്ത ആ അച്ഛന്‍ ഒടുക്കം ഒരു സിനിമയില്‍ മകനെ കാണിക്കാന്‍ അനുവദിച്ചു.  ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയില്‍ അഭിലാഷിനെ കാണിച്ച അനുഭവം സംവിധായകന്‍ ഡോ. ബിജു വിവരിക്കുന്നത് ഇങ്ങനെ;

‘സിനിമയുടെ ചിത്രീകരണത്തിന് മുന്‍പാണ് അഭിലാഷിനെ പറ്റി ഞങ്ങള്‍ അറിയുന്നത്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സുഹൃത്തും ആരോഗ്യ പ്രവര്‍ത്തകനും ഒട്ടേറെ സിനിമകളുടെ തിരക്കഥാകൃത്തും കൂടിയായ നിസാം റാവുത്തറും ആ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ ചുമതലയുള്ള പ്രിയദര്‍ശനും ഒപ്പമാണ് ഞാന്‍ അഭിലാഷിനെ കാണാന്‍ ആദ്യമായി എത്തുന്നത്. അഭിലാഷിനെ സിനിമയിലെ ഒരു ദൃശ്യം ചിത്രീകരിക്കുന്നതിനായി അനുമതി ചോദിച്ചപ്പോള്‍ അഭിലാഷിന്റെ അച്ഛന്‍ വിസമ്മതം പ്രകടിപ്പിച്ചു. അവന്റെ ഫോട്ടോ എടുക്കാന്‍ ഒട്ടേറെ പേര്‍ വന്നിരുന്നു, പക്ഷെ ഞങ്ങള്‍ ആരെയും അനുവദിച്ചില്ല. അവനെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. അഭിലാഷിന്റെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞു. അവരുടെ നിലപാട് തീര്‍ത്തും ശരിയാണ്, അത് മാനിക്കപ്പെടേണ്ടതുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ ഒരാളെപ്പോലും അവരുടെ മാതാപിതാക്കളുടെ പൂര്‍ണ അനുമതി ഇല്ലാതെ സിനിമയ്ക്കായി ചിത്രീകരിക്കില്ല എന്ന ധാര്‍മികമായ ഒരു നിലപാട് ഞങ്ങള്‍ നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. യാത്ര പറയുമ്പോള്‍ ഞാന്‍ അവരോട് ഒന്ന് മാത്രം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ സിനിമയ്ക്ക് ചിത്രീകരിക്കുന്നത് ഞങ്ങള്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഈ ദുരന്തം ഇനി ഒരു കുട്ടിക്കും ഈ ഭൂമുഖത്ത് ഉണ്ടാകരുത് എന്ന് ഓര്‍മപ്പെടുത്താനാണ് ഈ സിനിമ. അതിന് ഈ കുഞ്ഞുങ്ങളില്‍ ചിലരുടെയെങ്കിലും മുഖം ഞങ്ങള്‍ക്ക് കാട്ടേണ്ടതുണ്ട്. അതുകൊണ്ട് മാത്രമാണ് അനുമതി ചോദിച്ചത് ക്ഷമിക്കണം. അല്‍പദൂരം എത്തിയപ്പോഴേക്കും സുബ്രമണ്യ ഭട്ട് പിന്നില്‍ നിന്നും വിളിച്ചു. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പറഞ്ഞതാണ് ശരി. അവനെപ്പോലെ ഇനി ഒരു കുഞ്ഞിനും ഈ ഗതി ഉണ്ടാകരുത്. ഈ വിഷ ദുരന്തം ലോകത്ത് ഒരു കുഞ്ഞിനും ഇത്തരമൊരു ദുരന്തം നല്‍കരുത്. ഇത് ലോകത്തോട് പറയേണ്ടത് ഇവരുടെ മുഖങ്ങളിലൂടെ തന്നെയാണ്… നിങ്ങള്‍ ഇവന്റെ മുഖവും സിനിമയ്ക്കായി പകര്‍ത്തിക്കൊള്ളു’.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ പോലും പേര്‍ ചേര്‍ക്കപ്പെടാതെ മരണത്തിന് കീഴ്‌പ്പെട്ടവനാണ് രമേഷ്.  ശരീരം ശോഷിച്ച് ശോഷിച്ച് പത്തൊന്‍പത് വര്‍ഷം അവനും ജീവിച്ചു, പത്താംതരം വരെ വിദ്യ അഭ്യസിച്ചു.  കാറടുക്ക, കനകത്തൊടിയിലെ ശങ്കരയെന്ന എസ്.സി വിഭാഗത്തില്‍പെട്ട അവന്റെ അച്ഛനും, അമ്മ കമലയും കുടുംബഭാരത്തിനൊപ്പം ചികിത്സാചിലവും താങ്ങാനാകാതെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. സഹിക്കാനാകാത്ത വേദനയില്‍ നിലവിളിക്കുന്ന അവനോട് മരണം നീതി കാണിച്ചപ്പോഴും ഭരണകൂടം അവനെ തിരിഞ്ഞ് നോക്കിയതുപോലുമില്ല. നീതിലഭിക്കാതെ പിന്നെയും എത്രയോ പേര്‍… കുമ്പടാണ്ടേയിലെ മാര്‍ട്ടിന്‍, സ്വര്‍ഗയിലെ കുമാരന്‍ മാഷ്, ഗോളിക്കട്ടയിലെ പ്രജിത, കാറടുക്കയിലെ അവിനാശ്, ആത്മഹത്യ ചെയ്ത ബെള്ളൂരിലെ രാജീവി, ആത്മഹത്യ ചെയ്ത ജനുനായിക്ക്… റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ലിസ്റ്റില്‍ പേര്‍ ചേര്‍ക്കപ്പെടാത്തതുമായ കണക്കില്ലാത്ത മനുഷ്യ ജീവനുകള്‍. ബെള്ളൂര്‍, കാറടുക്ക, എന്‍മകജേ പഞ്ചായത്തുകളെ മരണം കാര്‍മേഘം പോലെ മൂടിക്കഴിഞ്ഞിരിക്കുന്നു. പൊരി വെയിലത്തും ഭരണത്തലവന്‍മാരുടെ കണ്‍മുന്നിലും സമരം വിളിച്ച് തൊണ്ടപൊട്ടി മരിക്കുന്ന ഈ ജീവനുകള്‍ ഇനിയും കണ്ടില്ലെന്ന നടിക്കരുത്.

abhilash-23

സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരകളേയും പിടിച്ച് അമ്മമാര്‍ സമരമിരുന്നപ്പോള്‍ ചേര്‍ത്തു പിടിച്ച് സമാധാനിപ്പിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ തന്നെ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്കു  നീതിക്കായി സമരം ചെയ്യാന്‍ വരേണ്ട ഗതികേടിലാണ് ഈ സാധു ജനങ്ങള്‍. പലതവണ പറഞ്ഞ് പറഞ്ഞ് തഴമ്പിച്ച ആവശ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ജനുവരി 30 അവര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടന്നു വരികയാണ്. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ത്തിവെച്ച മെഡിക്കല്‍ക്യാമ്പ്, ഇരകളുടെ പുനരധിവാസ ഗ്രാമം പദ്ധതി, സൗജന്യ ചികിത്സ റേഷന്‍ സഹായങ്ങള്‍, ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി നീണ്ടു പോകുന്ന ആവശ്യങ്ങളുടെ മുറവിളികളുമായി…

ഇനിയും ഇരകളെ വെയിലത്തിരുത്തല്ലേ എന്ന് ഉറക്കെ പറഞ്ഞ് കണ്ണുകളടച്ചുകളഞ്ഞവര്‍ ഇനി കണ്ണ് അടക്കരുത്.  തുറന്ന് തന്നെ പിടിക്കുക… കാരണം ഇത് ജീവിതമാണ്. ഭരണകൂടം അടിച്ചേല്‍പ്പിച്ച അതിക്രൂരമായ വിധിയുടെ യഥാര്‍ത്ഥ പരിച്ഛേദം. ഇതാണ് ഇവിടുത്തെ അമ്മമാര്‍ പ്രസവിക്കാന്‍ പേടിക്കുന്നത്. ജനിക്കുന്ന കുഞ്ഞ് എങ്ങനെയിരിക്കുമെന്ന് യാതൊരു പ്രതീക്ഷുമില്ല, ഇനി അതും അംഗവൈകല്യമുള്ള കുഞ്ഞാന്നെങ്കില്‍ എത്രകാലം ആ ഞരക്കം കണ്ട് സഹിക്കണം… ആര്‍ക്കും ഒന്നും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വയ്യാത്ത തരത്തില്‍ പേടി ആ ഹൃദയങ്ങളെ വരിഞ്ഞ് മുറുകിയിരിക്കുന്നു.  കാസര്‍കോട് ജില്ലയിലെ വടക്കന്‍ പഞ്ചായത്തുകളുടെ കുന്നിന്‍ മുകളിലും നാട്ടിടവഴികളിലും നിന്നും ആ പേടി ഇന്നും ഈ ജനതയെ വേട്ടയാടുന്നു. വണ്ടുമൂളുന്ന ശബ്ദം കേട്ട് പലരം ഞെട്ടി എഴുന്നേല്‍ക്കുന്നു. ജനിച്ച കുഞ്ഞിന്റെ വൈകല്യത്തെ മരണം വരെ വാത്സല്യം കൊണ്ട് അതിജീവിക്കുന്ന ഈ അമ്മമാര്‍ക്ക് ഇനിയെങ്കിലും നീതിലഭിച്ചേ തീരൂ..

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
***മാതാപിതാക്കളോടെ സമ്മതത്തോടെ പകര്‍ത്തിയ ചിത്രമാണ് ഈ റിപ്പോര്‍ട്ടിനൊപ്പം അഴിമുഖം നല്‍കിയിരിക്കുന്നത്.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍