UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി, അങ്ങു തന്ന മധുര നാരങ്ങ കയ്ക്കുന്നു, ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കരികിലേക്കു വരുമോ?

Avatar

ദില്‍ന വികസ്വര

മുഖ്യമന്ത്രീ… നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന മധുരനാരങ്ങ ഈ തൊണ്ടകളില്‍ കൈച്ചുതുടങ്ങിയിരിക്കുന്നു.

ഞങ്ങളത് ഛര്‍ദ്ദിച്ചുകളയുന്നതിന് മുന്‍പ് ഇവിടുത്തെ ദുരിതങ്ങളിലൊന്ന് ഇടപെടുക...

കാസര്‍ഗോഡ് കളക്‌ട്രേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിയ ധര്‍ണയില്‍ ഉയര്‍ന്നുകേട്ട വാചകങ്ങളാണ്.

വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യുമ്പോഴും അവഗണനയുടെ കൊടുംവരള്‍ച്ചയില്‍ ജീവിതം തകര്‍ന്നുപോകുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഭരണകൂടത്തോട് വീണ്ടും യാചിക്കുകയാണ്…

പലവട്ടം പ്രലോഭനങ്ങളില്‍ കാലിടറിവീണവരുടെ അവസാന പ്രതീക്ഷകളിലൊന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും. പക്ഷേ ഇപ്പോഴിതാ അവര്‍ക്കിതാ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങേണ്ടി വന്നിരിക്കുന്നു.

കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍… കാസര്‍ഗോഡെ ഗ്രാമങ്ങളില്‍ ഉണ്ടായതു പ്രകൃതി ദുരന്തമായിരുന്നില്ല, ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണ്. തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ ഞങ്ങളുടെ വീടുകളില്‍ വന്ന് ഈ തളര്‍ന്ന കൈകള്‍ മുറുകെപ്പിടിച്ച് എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞവരുടെ വാക്കുകളില്‍ ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍, കാത്തിരുന്ന ഭരണം വന്നിട്ടും ഒന്നും ശരിയായില്ലല്ലോ…? ഈ ജീവിതങ്ങള്‍ ചോദ്യചിഹ്നമായിത്തന്നെ തുടരുകയാണ്. മധുര നാരങ്ങയും, ലഡ്ഡുവുമൊക്കെ നല്‍കി നാളെ നിങ്ങളെ കാത്തിരിക്കുന്നത് മധുരിക്കുന്ന ദിനങ്ങളാണെന്ന് പറഞ്ഞ് മടങ്ങിയ അങ്ങയെ നിഴല്‍പോലെ മാത്രം കണ്ട, തീരെ കാഴ്ച കുറഞ്ഞ ആ കുരുന്നുകള്‍ യാത്രയാക്കിയത് ഈ ദുരിതക്കയത്തില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കാന്‍ വന്ന ദൈവദൂതനെപ്പോലെയായിരുന്നു.

പിന്നെ അങ്ങ് മുഖ്യമന്ത്രിയായെത്തിയപ്പോള്‍ നിറയെ പ്രതീക്ഷകളോടെ വഴിയോരങ്ങളില്‍ കാത്തുനിന്ന ഞങ്ങളെ അങ്ങ് കാണാതെ പോയി. ഞങ്ങള്‍ക്കായി ഒന്നുംതന്നെ ആ കൈകളിലുണ്ടായിരുന്നുമില്ലല്ലോ?.. പറഞ്ഞത് തന്നെവീണ്ടും വീണ്ടും പറഞ്ഞ് മടുത്ത ഞങ്ങളില്‍ പലരും പ്രതീക്ഷകളറ്റ് ആത്മഹത്യയെ കൂട്ടുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മരുന്നുവാങ്ങാന്‍, ആശുപത്രിയിലെത്താന്‍, ജീവിക്കാന്‍, അരിവാങ്ങാന്‍ കാശില്ലാതുഴറുന്ന ഞങ്ങളെ ബാങ്കുകളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജപ്തി നോട്ടീസിന്റെ പേടിയില്‍ പിന്നെയും കുറേയേറെപ്പേര്‍ മരിക്കാനിരിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ഗ്രാമങ്ങളിലെ ഉറക്കമില്ലാത്ത അമ്മമാര്‍ ഉറക്കെ ഉറക്കെ പറയുകയാണ്… ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ചികിത്സവേണം. അവരെ വിഷം കൊടുത്ത് കൊല്ലാനാകില്ല. ഞങ്ങള്‍ വിളിച്ചുപറയും ചോദിക്കുന്നതൊരു ഔദാര്യമല്ലെന്ന്, അത് ഞങ്ങളുടെ അവകാശമാണെന്ന്… തിരഞ്ഞെടുപ്പിന് മുന്നേ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തിയപ്പോള്‍ ഞങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍, വാനോളം വാഗ്ദാനങ്ങള്‍ തന്നപ്പോള്‍, ഞങ്ങളുടെ കണ്ണീര് തോരാന്‍പോകുന്നുവെന്ന് പറഞ്ഞ് നിങ്ങള്‍ തന്ന ആശ കരിഞ്ഞു തുടങ്ങുകയാണ്. കശുമാവിന്‍ പൂക്കള്‍ കരിയാതിരിക്കാന്‍ നിങ്ങള്‍ തളിച്ച കൊടും വിഷത്തില്‍ കരിപിടിച്ച ഞങ്ങളുടെ തലമുറകളോട് ഭരണകൂടം ഉത്തരം പറഞ്ഞേ മതിയാകൂ– കലക്ട്രേറ്റിന് മുന്നില്‍ ഒത്തുകൂടിയ അമ്മമാര്‍ തൊണ്ടപൊട്ടി പറയുകയാണ്. പതിനഞ്ചുവര്‍ഷത്തെ കബളിപ്പിക്കപ്പെടലിന്റെ സകല കാലുഷ്യവും ചേര്‍ത്ത് വിളിക്കുന്ന ആ മുദ്രാവാക്യങ്ങള്‍ക്ക് തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കാന്‍മാത്രം ശക്തിയുണ്ടായിരുന്നു. സമാന യാതനകളനുഭവിക്കുന്ന മറ്റു ജില്ലകളിലെ പ്രവര്‍ത്തകരും ഇവര്‍ക്ക് കൂട്ടായി സമര വേദിയിലെത്തിയിരുന്നു.

ഇരകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി രൂപീകരിച്ച സെല്‍ മൂന്നു മാസത്തിലൊരിക്കല്‍ ചേരണമെന്നാണ്. കഴിഞ്ഞ ജനുവരി 29ന് ചേരാനിരിക്കവേ പിരിഞ്ഞ സെല്‍ പിന്നീട് വിളിച്ചതേയില്ല. രോഗികളായ മക്കളെയുംകൊണ്ട് പരിയാരത്തേക്കും, മംഗലാപുരത്തേക്കും വണ്ടികയറി മടുത്ത ജനതയ്ക്ക് മുന്നില്‍ ആശ്വാസമായി വന്ന മെഡിക്കല്‍ കോളേജെന്ന സ്വപ്‌നവും പാതിവഴിയില്‍ പ്രതീക്ഷയറ്റ് കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മാത്രമായനുവദിച്ച റേഷന്‍ കാര്‍ഡില്‍ ധാന്യങ്ങളുടെ വിതരണം നിലച്ചിട്ട് മാസങ്ങളാകുന്നു.

തലമുറകളായി സമാധാനത്തോടെ കഴിഞ്ഞുവന്ന ഞങ്ങളുടെ മണ്ണില്‍ കശുവണ്ടിക്ക് വേണ്ടിയൊരു നാള്‍ ആകാശത്തുനിന്നും വിഷമഴ വര്‍ഷിച്ചതിനെ തുടര്‍ന്ന് വിചിത്ര ജന്‍മങ്ങളായി പിറവിയെടുത്തു കൊണ്ടിരിക്കുന്ന ജീവനുകള്‍ പട്ടിണികിടന്ന് മരിച്ചുകൊള്ളട്ടേയെന്നാണോ ഭരണകൂടമാഗ്രഹിക്കുന്നതെന്ന് ആത്മഹത്യ മുന്നില്‍ക്കണ്ട് നില്‍ക്കുന്ന ഇരകള്‍ ചോദിക്കുകയാണ്. പുനരധിവാസ ഗ്രാമം പദ്ധതിക്കായി പ്ലാന്‍ തയ്യാറാകുന്നുവെന്നു പലഭാഗത്തുനിന്നും കേട്ട അമ്മമാര്‍ക്കൊരു സംശയം; ഞങ്ങളാരെന്നും, എവിടെ ജീവിക്കുന്നുവെന്നും, ഇവിടുത്തെ അന്തരീക്ഷവും, ഭൂപ്രകൃതിയും എത്തരത്തിലുള്ളതെന്നും അറിയാതെ, ഇരകളെ കാണാതെ പുനരധിവാസ ഗ്രാമം വരക്കുന്ന ആ മജീഷ്യന്‍ ആരാണ്?.. ഇവിടെ പരിഹാസത്തിനും തീക്കനലിന്റെ ചൂടുണ്ട്…

ഇരകള്‍ക്കായി നടത്തി വന്നിരുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ നിലച്ചപ്പോള്‍, ബഡ്‌സ് സ്‌കൂളുകള്‍ സിലബസില്ലാതെയും, കെട്ടിടമില്ലാതെയും തളര്‍ന്നുകിടക്കുമ്പോള്‍, നെഞ്ചം പറമ്പിലെ കിണറില്‍ തോരാക്കണ്ണീരിലേക്കൊരു ജനതയെ തള്ളിവിട്ട കൊടും വിഷം ഇന്നും കിടക്കുമ്പോള്‍, ശാസ്ത്രീയവും, പ്രായോഗികവുമായ പുനരധിവാസം ഒരു തരിമ്പ് പോലും മുന്നോട്ട് പോകാതെ വരുമ്പോള്‍ ഇനിയാരെ വിശ്വസിക്കണമെന്നറിയാതെ ജീവിക്കാന്‍ പാടുപെടുന്ന ഈ അരജീവിതങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോട് ഈ അമ്മമാര്‍ വീണ്ടും പറയുന്നു… അങ്ങ് വരുന്നതും കാത്ത് ഞങ്ങളിവിടെത്തന്നെയുണ്ട്. കാരണം എന്റെയും, എന്റേയും കുഞ്ഞുങ്ങളുടെ വേദനകാണാന്‍ ഭരണാധികാരികള്‍ വന്നെത്തിയേ തീരൂ.. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തന്നേ തീരൂ ഞങ്ങള്‍ തീരാ രോഗികളല്ല സാര്‍.. ഭണകൂടം ഇരകളാക്കിതീര്‍ത്തവരാണ്. ഞങ്ങള്‍ക്കും ഞങ്ങള്‍ക്കും നീതി കിട്ടിയേ തീരൂ… ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്‍മേല്‍ ഭരണകൂടം നടത്തുന്ന അധിക്രമങ്ങള്‍ക്ക് കാലം മറുപൊടി ചോദിക്കുക തന്നെ ചെയ്യും. ഏറെ പ്രിയപ്പെട്ട മുഖ്യമന്ത്രീ… പ്രതീക്ഷകളറ്റ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇനിയുമൊരു ആത്മഹത്യ നടക്കുന്നതിന് മുന്‍പ് ഒന്നുകൂടി ഈ വഴിയേ വരിക. ഈ ദുരിത ജീവിതങ്ങള്‍ക്ക് ഒരറുതി വരുത്തുക…

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍