UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടരുന്ന ഭരണകൂട വഞ്ചന; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

Avatar

രാകേഷ് സനല്‍

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, താങ്കളില്‍ ഏറെ പ്രതീയക്ഷര്‍പ്പിച്ച ഒരു കൂട്ടം മനുഷ്യര്‍ ഇപ്പോള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നു വീണ്ടുമൊരിക്കല്‍ കൂടി സമരമമുഖത്തേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേ, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തന്നെ. കഴിഞ്ഞ സര്‍ക്കാര്‍ അവരെ പറഞ്ഞു വഞ്ചിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍, മുഖ്യമന്ത്രിയുടെ പ്രത്യേക താതപര്യപ്രകാരം തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിമേഖലയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ ചില പൊടിക്കൈകള്‍ മാത്രം നടത്തിയെന്നതൊഴിച്ചാല്‍ എന്താണോ ഇരകളും അവര്‍ക്കു വേണ്ടി പോരാട്ടം നടത്തുന്നവരും ഇത്രനാളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്, അവയൊന്നും തന്നെ പിണറായി സര്‍ക്കാരിന്റെ ഭരണകാലം ഇത്രയേറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടത്തിയിട്ടില്ല എന്നത് ഇരകളെ വീണ്ടും ഭരണകൂടം വഞ്ചിക്കുകയാണെന്ന നിരാശ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. തീര്‍ച്ചയായും ഇനിയവര്‍ നടത്താന്‍ പോകുന്ന പ്രതിഷേധം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും നീതി കിട്ടാന്‍ വേണ്ടിയാണ്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളുടെ കൂടെ നിന്നവരാണ് ഇപ്പോള്‍ അധികാരത്തിലെത്തിയിട്ടുള്ളത്. പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാറില്‍ ഏറെ പ്രതീഷ അര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായി ഒന്നും നിങ്ങുന്നില്ലന്നത് ഈ മേഖലയില്‍ ചെന്നാല്‍ മനസിലാക്കാവുന്നതേയുള്ളൂ. ഓണത്തിനു നല്‍കുമെന്നു പറഞ്ഞ ആയിരം രൂപ പോലും ഒരൊറ്റ എന്‍ഡോസള്‍ഫാന്‍ ഇരയ്ക്കും കിട്ടിയിട്ടില്ല എന്നതു തന്നെ എത്രനാണക്കേടാണ്.

ഒന്നും ചെയ്യുന്നില്ലെന്നതല്ല, പലതും പിന്‍വലിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. സാമ്പത്തിക പരിഗണന നോക്കാതെ ദുരിതബാധിതരുടെ മുഴുവന്‍ എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ പലതും എപിഎല്‍ റേഷന്‍ കാര്‍ഡായി മാറിയിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞ് ചികിത്സകള്‍ വരെ മുടങ്ങുന്നുണ്ട്.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ Victims Remediation cell, 10 മാസത്തിലധികമായി നടക്കാത്തത്’. എത്രയോ കാലങ്ങളായി പഞ്ഞുകൊണ്ടിരിക്കുന്ന ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ളൊരു ഭരണാധികാരിക്ക് ദിവസങ്ങളുടെ സമയം മതി.

എന്നിരിക്കിലും തുടരുന്ന ഈ നിസ്സംഗതയ്‌ക്കെതിരേ, സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാന്‍ പ്രതിക്ഷേധ സമരങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നു ഇവര്‍ പറയുന്നുവെങ്കില്‍ അത് ഇടതുപക്ഷ സര്‍ക്കാരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടു തന്നെയാണ്. വീണ്ടും തുടങ്ങുന്ന സമരത്തിന്റെ പ്രഖ്യാപനം എന്നുള്ള നിലയില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകിയ മുന്നണിയുടെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ 9-ന് കാസര്‍ഗോഡ് കളക്‌ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. വീണ്ടും തെരുവുകളില്‍ വയ്യാത്ത കുഞ്ഞുങ്ങളുമായി അമ്മമാര്‍ പട്ടിണി സമരം നടത്തേണ്ടി വരികയാണെങ്കില്‍, അതു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഏറ്റുവാങ്ങേണ്ടി വരുന്ന വന്‍ പരാജയമായിരിക്കും.

ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരള മാര്‍ച്ചിന് ആരംഭം കുറിച്ചത് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ നിന്നായിരുന്നു. കേരളത്തില്‍ മാറ്റത്തിനു തുടക്കം കുറിക്കാനെന്നോണം നടത്തിയ മാര്‍ച്ച് കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നും ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ജീവിതം ദുരിതത്തില്‍ മുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മധുരം നല്‍കിയും. ആ യാത്രയുടെ അവസാനം മുഖ്യമന്ത്രിയായുള്ള പിണറായിയുടെ യാത്രയുടെ തുടക്കമായിരുന്നു. ഇപ്പോള്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരമേറിയിട്ട് എട്ടു മാസങ്ങള്‍ തികയുന്നു. പക്ഷേ പ്രതീക്ഷകളുടെ മേല്‍ കയ്പ്പുനിറഞ്ഞു വിങ്ങുന്ന കാസര്‍ഗോട്ടെ ഇരകളുടെ ഉള്ളില്‍ നിന്നും അങ്ങ് നല്‍കിയ മധരും തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞു. അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ തുടരുന്നു.

മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍ ബെള്ളൂര്‍ പഞ്ചായത്തിലെ ദുരിതബാധിതയായ രാജീവി ആത്മഹത്യ ചെയ്തുതും ദുരിതബാധിതരായ രണ്ടു മക്കളുടെ ചികിത്സയ്ക്കു വേണ്ടി ബാങ്കില്‍ നിന്നും വായ്പ എടുത്ത തുക തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതില്‍ മനംനൊന്ത് ജഗന്നാഥയും ജീവനൊടുക്കിതും ഈ മാസമാണ്. ഇതിനു മുമ്പ് ജാണു നായ്ക്കും അതിര്‍ത്തികള്‍ വരച്ചതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട തമ്പാനും കുടുംബവും ഇതേ വഴി തന്നെ തെരഞ്ഞെടുത്തത്. നിസഹായരായ മനുഷ്യര്‍ ജീവനൊടുക്കുമ്പോഴും അധികാരികളുടെ ഭാവങ്ങളില്‍ മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല. ഒരു സാദാ സംഭവമായി ഇതിനെ കാണുന്നു. 

2016 ജനുവരി 26-ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല പട്ടിണിസമരത്തെ തുടര്‍ന്ന് ഒട്ടേറെ തീരുമാനങ്ങള്‍ സര്‍ക്കാറെടുക്കയുണ്ടായി. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനാവശ്യമായ തുക യത്രയും ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും, ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പ് അഞ്ചു ദിവസങ്ങളിലായി അഞ്ചു സ്ഥലങ്ങളില്‍ നടക്കും, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായം മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കും (5837), ജില്ലാശുപത്രിയില്‍ ഒരു ന്യുറോളജിസ്റ്റിന്റെ സേവനം ഉടന്‍ ഏര്‍പ്പെടുത്തും, പട്ടികയില്‍പ്പെട്ട എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും… കേള്‍ക്കാന്‍ സന്തോഷമുള്ള തീരുമാനങ്ങള്‍ തന്നെയായിരുന്നു അവയെല്ലാം. പക്ഷേ 50,000 രൂപയില്‍ താഴെ വരുന്ന കടം എഴുതിത്തള്ളിയതൊഴിച്ചാല്‍ ബാക്കിയൊന്നും നടപ്പിലായിട്ടില്ല.

മേല്‍പ്പറഞ്ഞതൊന്നും നടത്താന്‍ എന്താണ് തടസമായിട്ടുള്ളതെന്നതാണ് ഇവര്‍ ചോദിക്കുന്നത്. ഭരണകൂടത്തിന്റെ ദയയല്ല, ചുമതലയാണ് അവര്‍ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. ജനപക്ഷത്തു നില്‍ക്കുന്ന സര്‍ക്കാര്‍ എന്നു മേനി പറയുമ്പോഴും ഈ ജനങ്ങളോട് മുഖം തിരിക്കുന്നതിന്റെ കാരണമാണ് മനസിലാകാത്തത്. രാജീവിയുടെയും ജഗന്നാഥയുടെയും ആത്മഹത്യയല്ല, അവരെ ഭരണകൂടം നിര്‍ബന്ധിത മരണത്തിനു വിധിക്കുകയായിരുന്നു. ഒന്നോര്‍ക്കണം, ഈ നിശബ്ദത തുടര്‍ന്നാല്‍, ഇനിയും കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ നിന്നും ആത്മഹത്യയുടെ വാര്‍ത്തകള്‍ കേള്‍ക്കും. അതിന്റെയെല്ലാം ഉത്തരവാദിത്വം സര്‍ക്കാരിന്റെ മേല്‍ തന്നെയാണ്.

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍