UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക

Avatar

ഭരണകൂടം ഒരു ജനതയ്ക്കുമേല്‍ വര്‍ഷിച്ച രാസായുധമായിരുന്നു എന്‍ഡോസള്‍ഫാന്‍. വികസനത്തിന്റെ പേരില്‍ നടത്തിയ ബോധപൂര്‍വമുള്ള നരഹത്യ. ജനങ്ങളുടെ പട്ടിണിമാറ്റുന്നതിനേക്കാള്‍ കോടികള്‍ ലാഭം കൊയ്യുന്ന ലോബികളെ സഹായിക്കാന്‍ വ്യഗ്രത കാട്ടിയവര്‍ ഇല്ലാതാക്കിയത് ഒന്നോ രണ്ടോ ജന്മങ്ങളല്ലായിരുന്നു. ജീവിക്കുന്നത് മരണത്തിനു തുല്യമായ കാസര്‍ഗോഡെ അമ്മമാരും കുഞ്ഞുങ്ങളും ഇന്നും നിരവധിയാണ്. കണ്ണും കരളും കൈയും മെയ്യും തലച്ചോറും വളരാത്ത, അമ്മേ എന്നു വിളിക്കാത്ത കുഞ്ഞുങ്ങളെയും തങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളും സമ്മാനിച്ചവരുടെ മുന്നില്‍ ജീവിതത്തിന്റെ നിലയില്ലക്കായത്തില്‍ നിന്ന് ഇവിടുത്തെ അമ്മമാര്‍ അപേക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വലിയ തലയുമായി ലോകത്തിനു മുന്നില്‍ വേദനയുടെ ചിത്രമായി മാറിയ സൈനബ, സീനാന്‍, കവിത, സുജിത്, ശരണ്യ…നൂറുകണക്കിനു പേരാണ് ഇതിനിടയില്‍ നിന്നും മരണത്തിന്റെ ദയകൊണ്ട് രക്ഷപ്പെട്ടത്. ബാക്കിയുള്ളവര്‍ ദുരിതത്തിന്റെ പീഡനകാലം താണ്ടുന്നു. പലരും പറഞ്ഞിട്ടും, പലതും നേരില്‍ കണ്ടിട്ടും ഭരണകൂടത്തിന് ഇന്നും കുലക്കമില്ല. പകരം അവര്‍ ഇരകളെ പരിഹസിക്കുന്നു, കുറ്റപ്പെടുത്തുന്നു…എല്ലാം അവഗണിക്കുന്നു..

ഒടുവില്‍ സഹികെട്ട് ആ അമ്മമാര്‍ ചോദിച്ചു, തങ്ങളുടെ കാലം കഴിഞ്ഞാല്‍ ഈ കുഞ്ഞുങ്ങള്‍ എന്തു ചെയ്യും? 

ഈ ചോദ്യത്തില്‍ നിന്നാണ് 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കഞ്ഞിവയ്പ്പ് സമരം ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ജനുവരി 28 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍വച്ച് കൃഷി-ആരോഗ്യ-സാമൂഹ്യവകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരി സമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. 

രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഉറപ്പുകളൊന്നും പൂര്‍ണമായി പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളോടു കാണിക്കുന്ന നിരന്തരമായി വഞ്ചന ഇനിയും സഹിക്കാന്‍ കഴിയാതെ, പട്ടിണി സമരവുമായി ഈ പാവങ്ങള്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തിന് മുന്നില്‍ എത്തിയിരിക്കുകയാണ്. വാക്കുപാലിക്കുകയെന്ന ജനാധിപത്യമര്യാദ തുടര്‍ച്ചായി ലംഘിക്കുന്ന സര്‍ക്കാര്‍ ഇനിയവരോട് എന്തുത്തരമാണ് പറയാന്‍ പോകുന്നത്? 

തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലെ സമരപന്തലില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ ചെയര്‍മാന്‍ കൂടിയായ അംബികാസുതന്‍ മങ്ങാട് ചോദിക്കുന്നതും അതാണ്. ഭരണകൂടം ഇനിയും എന്തു പറഞ്ഞാണ് ഈ പാവങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നത്? 

സമരവുമായി ബന്ധപ്പെട്ട് അംബികസുതന്‍ മങ്ങാട് അഴിമുഖത്തോട് സംസാരിക്കുന്നു...

എന്തുകൊണ്ട് പെട്ടെന്നൊരു സമരം എന്നാണ് മാധ്യമങ്ങളടക്കം ഉന്നയിക്കുന്ന സംശയം. ഇത് പെട്ടെന്നുണ്ടായ സമരമല്ല. ഇത്തരമൊരു സമരത്തിന് ഞങ്ങളെ നിര്‍ബന്ധിതരാക്കിയത് സര്‍ക്കാര്‍ തന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പൂര്‍ണമായി പാലിക്കാതെ ഇരകളെ വഞ്ചിക്കുന്ന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. 2014 ല്‍ മുന്നോട്ടുവച്ചിരുന്നത് പ്രധാനമായും ആറ് ആവശ്യങ്ങളായിരുന്നു.

1.ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത 6. അടിയന്തര സഹായം എത്രയും പെട്ടെന്ന് നല്‍കുക
2.പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക
3.ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളി ബാങ്ക് ജപ്തിയില്‍ നിന്നും രക്ഷിക്കുക
4.പതിനൊന്നു പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുള്ള ദുരിത ബാധിതരേയും ലിസ്റ്റില്‍പ്പെടുത്തുക
5.ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക
വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ 6.ദുരിതബാധിതരായവരുടെ ലിസ്റ്റില്‍പ്പെടുത്തുക

ഈ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍, ഭാഗികമായി ചില നടപടികള്‍ സ്വീകരിച്ചതൊഴിച്ചാല്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. രണ്ടുവര്‍ഷമായി ഈ അവഗണന തുടരുന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍ പട്ടിണി കിടക്കാന്‍ ഞങ്ങളെത്തിയത്. ഇനി വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടത്. നല്‍കിയ ഉറപ്പുകള്‍ പാലിക്കുകയാണ്. അതിന് തയ്യാറാകുന്നതുവരെ ഈ സമരം തുടരും. ഇത്തരമൊരു സമരത്തിന് തയ്യാറെടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പലതും നല്‍കിയെന്ന പേരില്‍ സര്‍ക്കാര്‍ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കി. രണ്ടു കുട്ടികളുടെ ചിത്രമാണ് ഈ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍ഭാഗ്യമെന്തെന്നാല്‍,6. അതില്‍ ഷഫ്‌ന എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ഇതുവരെ ഇരുപത് ലക്ഷത്തോളം രൂപ ചെലവായതില്‍ ഒരു സഹായം പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ്.

അത്യന്തം ദുഷ്‌കരമായ സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നതോടെയാണ് ഇത്തരമൊരു സമരത്തിന് നിര്‍ബന്ധിതരായത്. ശാരീരികമായ തീര്‍ത്തും അവശരായ കുട്ടികളെയും കൊണ്ടുപോലും കാസര്‍ഗോഡെ അമ്മമാര്‍ തിരുവനന്തപുരത്തുവരെ വന്ന് സമരം ചെയ്യുകയാണ്.

കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇന്നുവരെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തിരിക്കുന്നത് ഇത്തരം സമരങ്ങള്‍ നടത്തി തന്നെയാണ്. പിന്നെ എന്തുകൊണ്ട് വീണ്ടും വീണ്ടും സമരത്തിലേക്ക് പോകേണ്ടി വരുന്നുവെന്ന് ചോദിക്കാം. അതിനുത്തരവാദി നേരത്തെ പറഞ്ഞപോലെ സര്‍ക്കാര്‍ മാത്രമാണ്. പത്തുകാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അതില്‍ രണ്ടെണ്ണത്തില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കുന്നു. ബാക്കി എട്ടുകാര്യങ്ങളിലും അവര്‍ വഞ്ചന കാണിക്കും.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇന്നുവരെ നേടിയെടുത്ത അവശ്യങ്ങളെല്ലാം ആരുടെയും ഔദാര്യമല്ല, അങ്ങനെ ഒന്നും ഇവര്‍ക്ക് കിട്ടിയിട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ലോബി അത്രമേല്‍ ശക്തമാണ്. ഭരണകൂടം അവരുടെ വലയിലാണ്. അങ്ങനെയുള്ളിടത്ത് സമരം മാത്രമാണ് മാര്‍ഗം.

കേരള സമൂഹത്തില്‍ തന്നെ പുതിയഅവബോധം സൃഷ്ടിക്കാന്‍ കാരണമായ സമരമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടേത്. കീടനാശിനി ഉപയോഗത്തെക്കുറിച്ച് സമൂഹം ബോധവാന്മാരാകുന്നത് ഈ സമരം ശ്രദ്ധേയമാകുന്നതോടെയാണ്. ലോകത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ എന്ന രാസായുധത്തിന്റെ അപകടം അതിന്റെ സകലഭാവങ്ങളോടുകൂടി വെളിവാക്കപ്പെടുന്നതും കാസര്‍ഗോഡെ ദുരിതബാധിതരിലൂടെയാണ്. ഇപ്രകാരം, ഇതുവരെയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിയ സമരങ്ങളെല്ലാം തന്നെ ഒരു തരത്തില്‍ നേട്ടങ്ങള്‍ തന്നെയാണ്. പക്ഷെ അവര്‍ക്ക് വീണ്ടും വീണ്ടും അതിനു തയ്യാറേകേണ്ടി വരുന്നു. എല്ലാവരെയും എല്ലാം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു, വളരെ പെട്ടെന്ന് എല്ലാം മറന്നുപോകുന്ന ഒരു കാലമാണല്ലോ ഇത്.

ഒരു സമരം സംഘടിപ്പിക്കുക എന്നത് എത്രയോ പ്രയാസമേറിയതാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതുവളരെ എളുപ്പമായിരിക്കും. അമ്മമാരുടെ സമരമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. പക്ഷേ, അമ്മമാര്‍ അവരുടെ വയ്യാത്ത കുട്ടികളുമായാണ് സമരത്തിനെത്തിയത്. പലരും പറയുന്നു, ഈ കുട്ടികളെ, ഈ കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്നില്ലെന്ന്. ഒന്നോര്‍ക്കണം, ഇവരുടെ അമ്മമാര്‍ വര്‍ഷങ്ങളായി ഇതേ കാഴ്ചകള്‍ സഹിക്കുകയാണ്. ഒരു നേരം, അല്ലെങ്കില്‍ ഒരു ദിവസം നിങ്ങളും കാണുക, എത്രമേല്‍ ഭീകരമായ ദുരിതമാണ് ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നത്, അവരെ വളര്‍ത്തുന്ന അമ്മമാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് മനസ്സിലാക്കുക. 

ഇവര്‍ക്ക് നിങ്ങളുടെ സഹതാപം വേണ്ട, വേണ്ടത് സഹായങ്ങളാണ്. സഹായിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കുകയാണ് വേണ്ടത്. അതാണ് സമരം മുന്നോട്ടുവയ്ക്കുന്നതും.

കാലം ഇത്രയേറെ കടന്നുപോയിട്ടും, കാസര്‍ഗോഡിന്റെ ദൈന്യത പലരായി പറഞ്ഞും എഴുതിയും ലോകത്തെ അറിയിച്ചിട്ടും കേരളത്തിലെ ഇപ്പോഴും ഏറ്റവും മോശമായ അവസ്ഥയാണ് ജില്ലയുടെ ആരോഗ്യരംഗം. തീര്‍ത്തും സങ്കീര്‍ണമാണ് ഇവിടുത്തെ ആരോഗ്യസ്ഥിതി.

പാരസെറ്റാമോള്‍ കൊടുത്താല്‍ തീരുന്നതല്ല അത്. എന്നിട്ടും പാരസെറ്റാമോള്‍ കൊടുക്കുന്ന ചികിത്സാരീതിയാണ് ഇവിടെയുള്ളത്. മരുന്നു വിതരണം നിലച്ചിരിക്കുന്നു. ചികിത്സാസഹായങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നു. എല്ലാ പിഎച്‌സികളും സിഎച്‌സികള്‍ ആക്കണമെന്ന് 2010 ല്‍ ആവശ്യപ്പെട്ടതാണ്. എല്ലാ പഞ്ചായത്തുകളിലും ഒരു സ്‌പെഷ്യലാറ്റി ആശുപത്രി വേണമെന്നും ആവശ്യപ്പെട്ടതാണ്. ഒന്നും നടന്നില്ല. ഇതെന്ത് അനീതിയാണ്?

ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് ജനിതകപരമായി രോഗങ്ങള്‍ അടുത്തതലമുറകളിലേക്കും പകരുകയാണ്. വിഷം ഇപ്പോഴും വെള്ളത്തിലും മണ്ണിലും ഉണ്ട്.

ജനിതകപരമായ രോഗങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ ശതമാനത്തില്‍ കുറവു വരുന്നുണ്ടെങ്കിലും ഇപ്പോഴും കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുകയാണിവിടെ. 2013 ല്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ രോഗം കണ്ടെത്തിയ ആറായിരം പേരില്‍ പകുതിയും പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്.

ഇവിടെ ഇനിയും കുട്ടികള്‍ മരിക്കാതിരിക്കാന്‍, ജനതികപരമായി രോഗങ്ങളുടെ അടിമകളായി കുട്ടികള്‍ പിറക്കാതിരിക്കാന്‍ അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ.

കേരളത്തില്‍ മൊത്തം 32 മെഡിക്കല്‍ കോളേജുകള്‍ ഇപ്പോഴുണ്ട്. എന്നാല്‍ കാസര്‍ഗോഡ് അങ്ങനെയൊന്നില്ല. 2013 ല്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടതാണ്. അതിനുശേഷം മൂന്നു മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. കാസര്‍ഗോഡ് ഇപ്പോഴും കല്ലുമാത്രം. മന്ത്രിമന്ദിരം മോടി പിടിപ്പിക്കാനോ ചീഫ് സെക്രട്ടറിക്ക് വസതി പണിയാനോ ആണെങ്കില്‍ ഈ കാലതാമസം ഉണ്ടാകുമായിരുന്നോ? ഞങ്ങള്‍ സമരം തുടങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി ഏഴുകോടി രൂപ അനുവദിച്ചതായി പറഞ്ഞുകേട്ടു. നാന്നൂറു കോടിയോളം വേണ്ടി വരുന്നിടത്ത് ഏഴുകോടി കൊണ്ട് എന്താണ് അവര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല.

അസുഖമായ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു ജോലിക്കുപോകാന്‍ കഴിയാതെ വിഷമിച്ചിരുന്നു ഇവിടുത്തെ മാതാപിതാക്കള്‍. പലപ്പോഴും മുറിക്കുള്ളില്‍ തന്റെ കുട്ടികളെ പൂട്ടിയിട്ടിട്ടു പോകേണ്ടി വന്നിട്ടുണ്ട് അമ്മമാര്‍ക്ക്. വേലയ്ക്കു പോകാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. മറ്റെന്തുമാര്‍ഗമാണ് അവരുടെ മുന്നിലുള്ളത്. ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നതോടെയാണ് ഈ ദുസ്ഥിതിക്ക് മാറ്റം വരുന്നത്. ചലിക്കാന്‍ കഴിയുന്ന കുട്ടികളെ ബഡ്‌സ് സ്‌കൂളില്‍ കൊണ്ടുവന്നാക്കാം.

ഇവിടെയും സര്‍ക്കാര്‍ അവരുടെ നിരുത്തരവാദിത്വം തുടരുകയാണ്. ഇപ്പോഴും ആസ്‌ബെസ്‌റ്റോസ് ഷീറ്റുമേഞ്ഞ കെട്ടിടത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. സാധാരണ ക്ലോസറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഈ കുട്ടികള്‍ക്കുവേണ്ടി യൂറോപ്യന്‍ ക്ലോസറ്റുകള്‍ നിര്‍മിച്ചുകൊടുക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും ഒരു കുട്ടിയുടെ ഭക്ഷണത്തിനായി നല്‍കുന്നത് വെറും അഞ്ചുരൂപ. നബാഡ് മൂന്നുവര്‍ഷം മുമ്പ് ബഡ്‌സ് സ്‌കൂളുകള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതാണ്. ഇതുവരെ അതുപയോഗിച്ച് ഒന്നും തന്നെ നടത്തിയിട്ടില്ല.

ലോകത്ത് എന്‍ഡോസള്‍ഫാന്‍ തളിച്ച മറ്റു പ്രദേശങ്ങളുമുണ്ട്. പക്ഷേ അവിടെയെങ്ങും കാസര്‍ഗോഡെ ജനങ്ങള്‍ക്ക് സംഭവിച്ചതുപോലെ മാരകമായ ആഘാതം ഏല്‍ക്കേണ്ടി വന്നിട്ടില്ല. കാര്യമായ മുന്‍കരുതലുകള്‍ എടുത്തായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ കിടനാശിനുയുടെ പ്രയോഗം. മാത്രമല്ല, ഇതു തളിച്ച തോട്ടങ്ങള്‍ കാസര്‍ഗോഡുപോലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ അല്ലായിരുന്നു. ഇവിടെ സംഭവിച്ചത് മറിച്ചാണ്. ജനനിബിഡമായ പ്രദേശത്ത് യാതൊരു മുന്നറിയിപ്പുപോലുമില്ലാതെയായിരുന്നു. മരുന്നാണെന്ന് പാവം ജനങ്ങള്‍ കരുതിയത്. ഈയടുത്ത് കാസര്‍ഗോഡ് പഠനത്തിനു വന്ന സര്‍ക്കാര്‍ പ്രതിനിധിയായ ഒരു മുന്‍ ജസ്റ്റീസ് പറഞ്ഞത്, വിഷം തളിക്കുമ്പോള്‍ ജനങ്ങള്‍ മാറിനിന്നാല്‍ പോരായിരുന്നോ എന്നാണ്. കൃത്യമായ അജണ്ടകളുമായി വരുന്ന ഇവരെപ്പോലുള്ളവര്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും പരിഹാസപത്രങ്ങളാണ്.

ആഫ്രിക്കയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കാരണം കാസര്‍ഗോഡെ വാര്‍ത്തകളാണ്. എന്നിട്ടും നമ്മുടെ ഭരണകൂടങ്ങള്‍ ഇതുവരെ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിണിയാളുകളായി അവര്‍ പ്രവര്‍ത്തിക്കുകയാണ്.

ഈ വിഷയങ്ങളെല്ലാം ഇതാദ്യമല്ല പറയുന്നത്. എത്രയോ വട്ടം ആവര്‍ത്തിച്ച കാര്യങ്ങളാണ്. ബഹുജനവും ഭരണകൂടവും മറന്നുപോകുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കേണ്ടി വരുമ്പോഴാണ് ഈ ദുരിതകഥകള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത്.

(അംബികസുതന്‍ മങ്ങാടുമായി സംസാരിച്ചു തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍