UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനസാക്ഷിയെന്നെന്നുണ്ടോ? ഉമ്മന്‍ ചാണ്ടിയോട് 108 അമ്മമാര്‍ക്ക് ചോദിക്കാനുള്ളത്

Avatar

വിഷ്ണു എസ് വിജയന്‍

നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ സുഖമില്ലാത്ത കുട്ടികളെ നടുറോഡില്‍ കിടത്തിയിരിക്കുന്നത് ? 

അവര്‍ നേരെയൊന്ന് ഉറങ്ങിയിട്ട് ആഴ്ച ഒന്നായി. ഇനിയും നിങ്ങളുടെ കണ്ണ് തുറക്കില്ലന്നാണോ ? 

ചോദ്യം കേരള മുഖ്യന്‍ ഉമ്മന്‍ചാണ്ടിയോട്’. ചോദിക്കുന്നത് കാസര്‍ഗോഡു നിന്നും തലസ്ഥാനത്തേക്ക് മനസും ശരീരവും പലവഴിയായ കുറെ കുരുന്നുകളെയും കൊണ്ട് സമരത്തിനെത്തിയ നൂറ്റിയെട്ട് അമ്മമാരുടേത്. ഉത്തരം പറയണം മുഖ്യമന്ത്രി. നിങ്ങള്‍ അല്ലേ അവരോടവിടെ കിടന്നോളാന്‍ പറഞ്ഞത്. അതുകൊണ്ടവര്‍ ഇപ്പോഴും അവിടെ തന്നെ കിടക്കുകയാണ്. സോളാറില്‍ കത്തിജ്വലിച്ചോടുന്ന അങ്ങേക്ക് ഇതൊന്നും കാണാന്‍ നേരമില്ല എന്നറിയാം. എന്നാലും പറഞ്ഞുവെന്നയുള്ളു. പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആണല്ലോ!

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കണം എന്ന ആവശ്യമുയര്‍ത്തി സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണിസമരം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ആദ്യ വട്ട ചര്‍ച്ചക അമ്പേ പരാജയം ആയതിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ പോകാതെ സമരം തുടരുന്നത്. മൂന്നാം തീയതി അടുത്ത ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യറായിട്ടുണ്ടെങ്കിലും അതില്‍ ഒരു പ്രതീക്ഷയും ഇവര്‍ കാണുന്നില്ല. കാരണം, വല്ലതും ചെയ്യുമായിരുന്നെങ്കില്‍ ആദ്യമേ അതാകാമായിരുന്നു.

ഒരാഴ്ച കൊണ്ട് അവരുടെ കുട്ടികളുടെ പ്രകൃതം തന്നെ മാറിയിരിക്കുന്നു. ശരീരവും തലച്ചോറും തളര്‍ന്ന അവര്‍ ആദ്യ ദിവസം മുതല്‍ തന്നെ അസ്വസ്ഥരാണ്. നിരന്തരമായുള്ള സമരങ്ങളും ഏറ്റുമുട്ടലുകളും അവരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ഈച്ച പോലും പറക്കാത്ത ഗ്രാമങ്ങളില്‍ നിന്നും ഗ്രനേഡുകളുടെയും ടിയര്‍ ഗ്യസുകളുടെയും നാട്ടിലെക്കെത്തിയപ്പോള്‍ പതറിയ മനസുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നല്ല. പുക പടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം അവരെ പിന്നെയും പിന്നെയും ആരോഗ്യമില്ലത്തവരാക്കുന്നു.

‘എന്റെ മകളുടെ രൂപവും സ്വഭാവും കണ്ട് ആരും സഹതപിക്കാന്‍ വരണ്ട. സഹതാപങ്ങളുടെ കള്ളകണ്ണീരുകള്‍ കുറെ കണ്ടതാണ്. ഞങ്ങള്‍ക്കിനി അതാവശ്യമില്ല. ഞങ്ങള്‍ക്കാവശ്യം ജീവിതമാണ്. അതിനുവേണ്ടിയാണീ സമരം, അതിനു വേണ്ടിയാണീ യാതനകള്‍ സഹിക്കുന്നത്’. സമരസമിതി നേതാവും എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയുടെ മാതാവുമായ നളിനിയുടെ ശബ്ദത്തിനു പതര്‍ച്ചയോ ഇടര്‍ച്ചയോ ഇല്ല. വന്നിരിക്കുന്ന ലക്ഷ്യം നേടിയെടുക്കുംവരെ പോരാടാനുള്ള ആത്മവിശ്വാസമാണ് ആ വാക്കുകളില്‍. നളിനിയുടെ മകള്‍ക്ക് വയസ് ഇരുപതായി. പരസഹായം ഇല്ലാതെ എഴുന്നേറ്റു നില്‍ക്കാനോ ഭക്ഷണം കഴിക്കാനോ അവള്‍ക്കാകില്ല.

‘ആ നശിച്ച സ്ഥലത്ത് ജനിക്കാതിരുന്നെങ്കില്‍ ഇവളിന്നു നിങ്ങളെ പോലെ ഏതെങ്കിലും നഗരത്തില്‍ സന്തോഷത്തോടെ ജീവിച്ചേനെ. എന്‍ജിനീയറോ ഡോക്ടറോ ആകുമായിരുന്നു. വിവാഹം സ്വപ്നം കാണേണ്ട പ്രായത്തില്‍ അവളെ ഭയപ്പെടുത്തുന്നത് ദുസ്വപ്‌നങ്ങളാണ്. കിടക്കയില്‍ നിന്ന് എണീക്കാന്‍ കഴിയാത്ത ബുഷ്‌റയുടെ ഉമ്മ റംലയുടെ വാക്കുകള്‍ ഗദ്ഗദത്താല്‍ മുറിഞ്ഞു. 

ബുഷ്‌റയെപ്പോലെ നൂറു കണക്കിന് കുരുന്നുകളാണ് ഇവരുടെ ഗ്രാമത്തിലുള്ളത്. പലതരം അസുഖങ്ങള്‍ ഉള്ളവര്‍, മനുഷ്യശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടവര്‍…

‘ഉറങ്ങുമ്പോള്‍ മാത്രമാണ് എന്റെ മകള്‍ക്ക് സമാധാനം കിട്ടിയിരുന്നത്. ഇവിടെ സമരത്തിന് വന്നതിനു ശേഷം അവള്‍ സ്വസ്ഥമായി ഉറങ്ങാറില്ല. എന്ത് ചെയ്യും? വരാതിരിക്കാനും പോരാടാതിരിക്കാനും ഞങ്ങള്‍ക്കാകില്ല; വിജിതയുടെ അമ്മ ശാന്തമ്മ സങ്കടവും രോഷവും നിറഞ്ഞ വാക്കുകളോടെ പറയുന്നു. ഇതില്‍ കൂടുതലൊക്കെ എന്ത് പറയാന്‍. എത്രയോവട്ടം എല്ലാം പറഞ്ഞിരിക്കുന്നു. ആരും ഒന്നും ചെവിക്കൊണ്ടില്ല. അതുകൊണ്ട് ഇനിയൊന്നും പറയുന്നില്ല’; ശാന്തമ്മ പ്രതിഷേധത്തോടെ തല വെട്ടിച്ചു. 

അമ്മമാരുടെ സമരമായിരുന്നു തീരുമാനിച്ചതെങ്കിലും എല്ലാ അമ്മമാരും സമരത്തിനെത്തിയത് അവരുടെ വയ്യാത്ത മക്കളുമായിട്ടായിരുന്നു. 

ഇവരെ ഞങ്ങളെങ്ങനെ വീട്ടില്‍ തനിച്ചാക്കിപോരും? പരസഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത കുട്ടികളാണിവര്‍. ഞങ്ങളുടെ കൈച്ചൂടിലാണവരുടെ സന്തോഷം; ഈ അമ്മമാര്‍ അവരുടെ അവസ്ഥ പറഞ്ഞ് പരിതപിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സാധാരണക്കാരന്റെ നെ്ഞ്ചു പിടയുകയാണ്. ഐക്യദാര്‍ഡ്യവുമായി പലരും വരുന്നു, പോകുന്നു. എന്നാല്‍ കാണേണ്ടവര്‍ മാത്രം ഒന്നും കാണുന്നില്ല. പരാതികളും സങ്കടങ്ങളും കേള്‍ക്കേണ്ട കാതുകളിപ്പോഴും അടഞ്ഞു തന്നെ ഇരിക്കുന്നു.

എങ്ങനെയാണ് മുഖ്യമന്ത്രി താങ്കള്‍ക്കിതൊക്കെ പറഞ്ഞു മനസിലാക്കി തരിക ? എല്ലാം അറിഞ്ഞിട്ടും അറിയില്ല എന്ന് ഭാവിക്കുന്നവരോട് ഏതു ഭാഷയില്‍ ആണ് പറയേണ്ടത്? 

സെക്രട്ടേറിയേറ്റിനു മുന്നില്‍ നിയമ പാലനത്തിന് നില്‍ക്കുന്ന പോലീസുകാരോടും ഈ അമ്മമാര്‍ക്ക് ചിലതു പറയനുണ്ട്. ഗ്രനേഡും ടിയര്‍ഗ്യസും എറിഞ്ഞ് സമരക്കാരെ ഒടിച്ചപ്പോള്‍ കണ്ണു നീറി പുകഞ്ഞത് സമരക്കാരുടെ മാത്രമല്ല നേരെയൊന്നു കണ്ണ് തുടക്കാന്‍ പോലും കഴിയാത്ത ഈ കുരുന്നുകളുടെ കൂടിയായിരുന്നു. ഞങ്ങളെ ഇവിടെ നിന്നും ഓടിക്കാനുള്ള ആജ്ഞകൂടി കിട്ടിയിരുന്നോ നിങ്ങള്‍ക്ക്? 

‘സമരം സമരത്തിന്റെ വഴിക്കും സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കുമാണിപ്പോള്‍ നടക്കുന്നത്. ഈ കുരുന്നുകളെ ഇവിടെ കാഴ്ച വസ്തുക്കളായി കിടത്താന്‍ ഞങ്ങള്‍ക്ക് വിഷമമില്ലാഞ്ഞിട്ടല്ല. എന്നാലും ഇതല്ലാതെ വേറെ മാര്‍ഗം ഇല്ല‘, സമരസമിതി നേതാവ് ആര്‍ അജയന്‍ പറയുന്നു. 

സമരം രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. സമരപന്തലിലെ കിടക്കകളില്‍ കിടന്നു വലിയ വാഹങ്ങളുടെ ശബ്ദം കേള്‍കുമ്പോള്‍ കുട്ടികള്‍ നിലവിളിക്കുന്നു. രാത്രി കാലങ്ങളില്‍ ഉറക്കമില്ലാതെ കരയുന്നു. യാതനകളും ദുരിതങ്ങളും പേറി ഒരു ജന്മം മുഴുവന്‍ മക്കളെ ഓര്‍ത്തു കരയാന്‍ വിധിക്കപ്പെട്ട അമ്മമാര്‍ ദുരിതങ്ങളെ പഴിച്ചു അവര്‍ക്ക് കാവലിരിക്കുന്നു….

സമരസമിതി കണ്‍വിനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാഷ് സമരപന്തലില്‍ ഇരിക്കുമ്പോള്‍ വിജിത ചോദിക്കും;

അപ്പൂപ്പാ… വീട്ടില്‍ പോകുന്നതെപ്പോഴാ?

ചിരിച്ചു കൊണ്ട് മാഷ് പറയും;

ഉടനെ പോകാം വിജി…

സ്വന്തം കണ്ണ് നിറയുന്നത് മറച്ചു മാഷ് ചിരിക്കും…

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍