UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബഹു. മുഖ്യമന്ത്രി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ഞങ്ങളൊരു അപേക്ഷ സമര്‍പ്പിക്കുന്നു

Avatar

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുന്നതിന്,

 

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അങ്ങ് നടത്തിയ നവകേരള മാര്‍ച്ചിന് ആരംഭം കുറിച്ചത് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ നിന്നായിരുന്നു. കേരളത്തില്‍ മാറ്റത്തിനു തുടക്കം കുറിക്കാനെന്നോണം നടത്തിയ മാര്‍ച്ച് കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നും താങ്കള്‍ ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ജീവിതം ദുരിതത്തില്‍ മുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മധുരം നല്‍കിയും.

താങ്കള്‍ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നൂറുദിവസം പിന്നിട്ടു. താങ്കള്‍ അന്നു നല്‍കിയ മധുരം, ജീവിതത്തിന്റെ കയ്പ്പുമാത്രം കുടിച്ചു ജീവിക്കുന്ന കൂറെയേറെ ജീവിതങ്ങളുടെ ഉള്ളില്‍ കിനിയുന്നുണ്ട്. എന്നാലും അതുപോര, ചെയ്തുകൊടുക്കാന്‍ ഇനിയുമുണ്ടേറെ…

ഭരണത്തിന്റെ ആദ്യ നൂറുദിനങ്ങള്‍ക്കുള്ളില്‍ പ്രത്യാശഭരിതമായ ചില കാര്യങ്ങളെങ്കിലും ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇനിയുള്ള കാര്യങ്ങള്‍ പറയാന്‍ പ്രേരണയാകുന്നത്. ഭരണത്തിലേറിയ ഉടന്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും വേഗത്തിലുണ്ടായ പ്രധാനപ്പെട്ട നീക്കം. അതിനു പിന്നാലെയാണ് ചികിത്സ ചെലവായി മെഡിക്കല്‍ കോളേജുകള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ക്കാന്‍ മൂന്നു കോടി അനുവദിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയും ഇരകളുടെ കുടുംബങ്ങളും നിരന്തരം ആവിശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഈ കുടിശ്ശിക കൊടുത്തു തീര്‍ക്കുക എന്നത്. കുടിശ്ശിക തീര്‍ക്കാതെ ഇനി ചികിത്സയില്ലെന്നു മെഡിക്കല്‍ കോളേജുകള്‍ അന്ത്യശാസനം നല്‍കുകയുണ്ടായി. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരുന്നത്. ചികിത്സാനിഷേധത്തിലേക്ക് ആശുപത്രികള്‍ എത്തിയിരുന്നെങ്കില്‍, അതെത്രമാത്രം ഗുരുതരമായി ഇരകളെ ബാധിക്കുമായിരുന്നു! അതിനാല്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കണം.

ഏറ്റവും ഒടുവിലായി നടന്ന മന്ത്രിസഭ യോഗത്തില്‍ മറ്റൊരു പ്രഖ്യാപനവും ഉണ്ടായി. അയ്യായിരത്തില്‍ താഴെ വരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നു. എത്രയോ ഓണക്കാലങ്ങള്‍ ഇതിനിടയില്‍ കഴിഞ്ഞുപോയി. ഇതുവരെയാരും വിഷക്കാറ്റിന്റെ ഇരകളായി ജീവിതം ഹോമിക്കുന്നവരുടെ ഓണമെങ്ങനെയാണെന്ന്‍ തിരക്കിയിരുന്നില്ല. ആയിരം രൂപയിലല്ല, അവരെ ശ്രദ്ധിക്കാന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടല്ലോ എന്ന തോന്നലാണ് അവരെ സന്തോഷിപ്പിക്കുന്നത്.

നൂറുദിവസങ്ങള്‍ക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലുള്ളവര്‍ക്കായി സര്‍ക്കാരിനു ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നത് ആശാവഹമായി കാര്യങ്ങളാണ്. എന്നാല്‍ തന്നെ ഇനിയും പലതും ചെയ്യേണ്ടതായിട്ടുണ്ട്. അതിനുപക്ഷേ ഇനിയൊരു നൂറുദിനങ്ങള്‍ എടുക്കരുത്. ചെയ്തു തീര്‍ക്കേണ്ടതും തുടങ്ങിവയ്‌ക്കേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്രദ്ധിക്കണം. പണം വന്നിട്ട് ചെയ്യാനിരുന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി ഇന്നലേയും ആവര്‍ത്തിച്ചിരുന്നു. മെട്രോയ്‌ക്കോ, പോര്‍ട്ടിനോ, സൂപ്പര്‍ വേകള്‍ക്കോ വേണ്ടി മുടക്കേണ്ടതിന്റെ പാതിയിലൊരുഭാഗം മാത്രം മതി കാസര്‍ഗോട്ടെ കുറെ കണ്ണീര്‍ ജീവിതങ്ങള്‍ക്ക് കനിവേകാന്‍ എന്നതിനാല്‍ താങ്കളുടെ അടിസ്ഥാനഗുണമായ ഇച്ഛാശക്തി ഒന്നുമാത്രം കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന് കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു ഇടം ലഭിക്കും. 

അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ചെയ്തു തീര്‍ക്കേണ്ടതുണ്ട്.

സെല്‍ പുനരുജ്ജീവനം
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു കൂട്ടുന്ന സെല്‍ പ്രവര്‍ത്തരഹിതമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ സെല്ലിന്റെ പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലായിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സെല്‍ അംഗങ്ങള്‍ തങ്ങള്‍ക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്വമോ ഇരകളോട് അനുഭാവമോ ഇല്ലെന്ന തരത്തിലുള്ള പ്രകടനമായിരുന്നു നടത്തിയത്. ഈ അവഗണന ഇനി ഉണ്ടാകരുത്. എത്രയും വേഗം സെല്‍ പുനരുജ്ജീവിപ്പിക്കണം. സെല്ലില്‍ ഭരണ-ഉദ്യോഗസ്ഥ വിഭാഗത്തില്‍ നിന്നുള്ളതുപോലെ സെല്‍ അംഗങ്ങളായി സമരസമിതി പ്രവര്‍ത്തകരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തണം. പ്രാദേശികമായ വിഷയങ്ങള്‍ സംസാരിക്കാനും അടിയന്തരാവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഇത്തരം അംഗങ്ങള്‍ക്കു കഴിയും. 

സെല്‍ രൂപീകരണത്തിന് അധികം കാലതാമസം എടുക്കേണ്ട ആവശ്യമില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമം ആഗ്രഹിക്കുകയും സമരസമിതിയോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തുപോന്നിരുന്ന ഇ. ചന്ദ്രശേഖര്‍ ഇപ്പോള്‍ റവന്യു മന്ത്രിയാണ്. കാസര്‍ഗോഡിനു കാലങ്ങള്‍ക്കിപ്പുറം കിട്ടിയ ഒരു മന്ത്രി കൂടിയാണദ്ദേഹം. വിശദീകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഇരകളുടെ ദുരിതങ്ങള്‍ മനസിലാകുന്നൊരാളാണ് ചന്ദ്രശേഖര്‍. അദ്ദേഹം അധ്യക്ഷനായി തന്നെ സെല്‍ രൂപീകരിക്കണം. കാസര്‍ഗോഡ് എംപി പി. കരുണാകരനെയും സെല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ എല്‍പ്പിക്കാവുന്നതാണ്. ഇരകളുടെ പക്ഷത്തു നിന്നുള്ള ഇടപെടലുകള്‍ നടത്തിപ്പോരുന്നൊരാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സെല്‍ പുനരുജ്ജീവനം എത്രയും പെട്ടന്നു തന്നെ നടപ്പിലാക്കണം.

മെഡിക്കല്‍ ക്യാമ്പ്
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ചെയ്യേണ്ട മറ്റൊന്നാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കുക എന്നത്. 2013-ലാണ് അവസാനമായി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതെന്നോര്‍ക്കണം! മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നെങ്കില്‍ മാത്രമാണ് രോഗബാധിതരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തപ്പെടുക. സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ പെടാതെ പോയ, അര്‍ഹതപ്പെട്ടവരായ നിരവധി പേരുണ്ട്. അവരെയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലൂടെയാകും സാധ്യമാവുക.

നാലു മാസങ്ങള്‍ക്കു മുമ്പ്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്നാവശ്യമുയര്‍ത്തി സമരം നടത്തിയിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ക്യാമ്പ് നടത്തിയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. ആ ഉറപ്പ് ഇതേവരെ പാലിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ശ്രദ്ധയൂന്നി, എത്രയും പെട്ടെന്നു തന്നെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 

പുനരധിവാസ ഗ്രാമം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഒരു പുനരധിവാസ ഗ്രാമം എന്നത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. അഞ്ചോ ആറോ കൊല്ലങ്ങള്‍ക്കു മുന്നേ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്. മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട് എന്നതുമാത്രമാണ് ആകെ നടന്നിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗബാധിതരെല്ലാം മരിച്ചശേഷം ഇങ്ങനെയൊരു ഗ്രാമത്തിന്റെ ആവശ്യമില്ല. ഈ പറഞ്ഞതിന്റെ വൈകാരികത മനസിലാക്കി തന്നെ മുഖ്യമന്ത്രി ഇടപെടണം.

ബഡ്‌സ് സ്‌കൂളുകള്‍
പലതരം അസുഖങ്ങളാലും മാനസികബുദ്ധിമുട്ടുകളാലും വലയുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളുടെ അവസ്ഥ എന്താണെന്നു കൂടി മുഖ്യമന്ത്രി മനസിലാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തകളെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി? ആസ്ബസ്‌റ്റോസ് ഷീറ്റിട്ട മേല്‍ക്കുരകളുള്ള ചെറിയ കെട്ടിടങ്ങളാണ്, ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ പേറി, പ്രാഥമികാവശ്യങ്ങള്‍ക്കുപോലും പരസഹായം തേടേണ്ട, ഇരുന്നിടത്തു നിന്നു നിരങ്ങാന്‍ പോലും കഴിവില്ലാത്ത കുട്ടികള്‍ക്കുള്ളതെന്ന് ഈ സര്‍ക്കാരെങ്കിലും കാണാതെ പോകരുത്.

ബഡ്‌സ് സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ എംപിയുടെ ഇടപെടല്‍ വഴി നബാര്‍ഡ് ഒരുകോടി രൂപ വീതം അനുവദിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. പത്തോളം സ്‌കൂളുകളാണുള്ളത്. ഇതില്‍ നാലെണ്ണം മാത്രമാണ് പണി പൂര്‍ത്തിയായിട്ടുള്ളത്. പണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ വീഴ്ച്ചയെന്നു മുഖ്യമന്ത്രി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും വേണം.

ബാധ്യതകള്‍ തീര്‍ക്കണം
ബാങ്ക് വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പലതവണയായി നടന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങള്‍. തങ്ങളുടെ കുഞ്ഞുങ്ങളുടെ ചികിത്സാ നടത്താനും മറ്റ് ആവശ്യങ്ങള്‍ക്കായും ഇവിടെ പല മാതാപിതാക്കളും വായ്പകള്‍ എടുത്തിട്ടുണ്ട്. ഈ വായ്പകളുടെ കാര്യത്തിലും സര്‍ക്കാര്‍ അവര്‍ക്കാശ്വാസമായ നടപടികള്‍ സ്വീകരിക്കണം. അതേപോലെ, ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകളുടെ കാര്യത്തിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട്, ആ പാവങ്ങളെയും കടബാധ്യതകളില്‍ നിന്നും രക്ഷിക്കണം.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ധനസഹായം നല്‍രകിയിട്ടില്ല. അതു വാങ്ങിയെടുക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ സംസ്ഥാനം കൈക്കൊള്ളണം. അതുപോലെ തന്നെ, പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും കിട്ടേണ്ട സഹായധനവും വാങ്ങിയെടുക്കണം. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ ഈ പണം വാങ്ങിയെടുക്കാന്‍ നിര്‍ദ്ദേശം തന്നിട്ടു നാളുകളായി. 25 കോടിയെങ്കിലും ഈ വിധത്തില്‍ കിട്ടിയാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇനിയീ കാര്യത്തില്‍ ഉപേക്ഷ പാടില്ല. അര്‍ഹതപ്പെട്ട സഹായം ഈ പാവങ്ങള്‍ക്ക് കിട്ടുക തന്നെ വേണം. അതിനുള്ള നടപടിക്ക് അമാന്തം ഉണ്ടാകാന്‍ താങ്കള്‍ അനുവദിക്കരുത്.

മെഡിക്കല്‍ കോളേജ്
കേരളത്തില്‍ ഒരോ ജില്ലകളിലും രണ്ടും മൂന്നും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ യത്‌നിച്ച സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഒരു മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും സാധിച്ചില്ല. എത്രയോ കാലത്തെ ആവശ്യമാണിത്. ഇത്രവലിയ ദുരിതം പോറുന്ന ജനങ്ങള്‍ ഉള്ള ഒരു നാട്ടില്‍ മെഡിക്കല്‍ കോളേജ് ഉണ്ടാക്കാന്‍ കഴിയാതെ പോയതിന് എന്തു ന്യായം പറഞ്ഞാലും മാപ്പ് കൊടുക്കാന്‍ കഴിയില്ല. 

മംഗലാപുരത്തും വെല്ലൂരും തിരുവനന്തപുരത്തുമെല്ലാം ചികിത്സയ്ക്കായി തങ്ങളുടെ കുഞ്ഞുങ്ങളുടെ കൊണ്ടുവരേണ്ടിവരുന്ന ഒത്തിരി മാതാപിതാക്കള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത ഗ്രാമങ്ങളില്‍ ഉണ്ട്. അവര്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിനും അതപോലെ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഒരു മെഡിക്കല്‍ കോളേജിന്റെ സാന്നിധ്യം ഈ ജില്ലയില്‍ ഉണ്ടായിരുന്നെങ്കില്‍ കഴിയുമായിരുന്നു.

പത്രത്താളുകളിലെ പരസ്യമായി മാത്രം ഒതുങ്ങിപ്പോയ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കണം. ചെറുതായിട്ട് എന്തൊക്കെയോ പണികള്‍ നടന്നിട്ടുണ്ടെന്നല്ലാതെ, അടിയന്തരസാഹചര്യമായി കണ്ട് ഒന്നും തന്നെ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി നടന്നിട്ടില്ല. ഒച്ചിഴയുന്ന വേഗത്തില്‍ അല്ല, മെട്രോ റെയിലും വിഴിഞ്ഞം പോര്‍ട്ടും യാഥാര്‍ത്ഥ്യമാകുന്നതിനു മുന്നെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തനം ആരംഭിക്കണം. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയില്‍ നിന്ന്‍ അത് പ്രതീക്ഷിക്കുന്നു. 

ഇതെല്ലാം പറയുമ്പോള്‍ അംബികാസുതന്‍ മാങ്ങാടിനെപോലെയുള്ള, ദീര്‍ഘകാലമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പോരാടുന്നവര്‍ക്ക് പ്രതീക്ഷയുണ്ട്. നൂറുദിവസത്തെ ഭരണത്തിനുള്ളില്‍ ഈ പാവങ്ങളുടെ കാര്യത്തില്‍ ആശാവഹമായി ഏതാനും ചുവടുകള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇവിടെയിപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ട്. ഇനിയൊരു നൂറു ദിനം എടുക്കാതെ ചെയ്തു തീര്‍ക്കാവുന്ന അടിസ്ഥാനപരവും അടിയന്തരപരവുമായ പ്രവര്‍ത്തനങ്ങളുണ്ട്. അതില്‍ ഇച്ഛാശക്തിയോടെ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ ഇപ്പോള്‍ ഇവരുടെ കണ്ണുകളിലെ വെളിച്ചം ഒരിക്കലും അണയില്ല.

അണയാന്‍ അനുവദിക്കരുത്…

 

പ്രതീക്ഷകളോടെ, 

ടീം അഴിമുഖം 

 
(2016 ജനുവരിയില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പട്ടിണി സമരത്തില്‍ പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ ചിത്രങ്ങളാണ് ഈ ആര്‍ട്ടിക്കിളില്‍ ചേര്‍ത്തിരിക്കുന്നത്. ഇവ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സമ്മതപ്രകാരം അഴിമുഖം പകര്‍ത്തിയതാണ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍