UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ബജറ്റില്‍ ഇത്തവണയെങ്കിലും സ്ഥാനമുണ്ടാകുമോ?

Avatar

ഉണ്ണികൃഷ്ണന്‍ കാസ്റ്റ് ലെസ്സ്

കാലങ്ങളായി വാഗ്ദാനങ്ങള്‍ മാത്രം കേട്ട് ശീലിച്ച കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പുതിയ സര്‍ക്കാര്‍ വന്നതോടുകൂടി പ്രതീക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്. ‘നവകേരളയാത്ര’യുടെ തുടക്കത്തില്‍ പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ പ്രതിഫലിക്കുമോ?

 

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിനും മുന്‍പ് തന്നെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകൃതിയെ സംരക്ഷിക്കുന്ന വികസനനയമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെതെന്ന് പറഞ്ഞിരുന്നു. അതുമാത്രമല്ല ഇലക്ഷന് മാസങ്ങള്‍ക്ക് മുന്‍പ് പിണറായി നടത്തിയ കേരള യാത്രയില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിക്കുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആവുന്നതെല്ലാം ചെയ്യുമെന്ന പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

ഒന്നര പതിറ്റാണ്ടോളമായി കാസര്‍കോട്ടെ ഒരു വിഭാഗം മനുഷ്യര്‍ എന്‍ഡോസള്‍ഫാന്‍ എന്ന അതിമാരക കീടനാശിനി ഏല്‍പ്പിച്ച മുറിവുകളും പേറി ജീവിക്കാന്‍ തുടങ്ങിയിട്ട്. ഇന്നും തീരാത്ത ദുരിതക്കയത്തിലാണ് കാസര്‍കോട്ടെ അതിര്‍ത്തി പഞ്ചായത്തുകളിലെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന് സമീപം സമീപിച്ചിരുന്ന ജനങ്ങളും. വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീട് പറഞ്ഞു പറ്റിക്കുകയും ചെയ്യുന്ന പരിപാടികള്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടുവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ആഴ്ചകളോളം തലസ്ഥാനത്ത് വന്ന് സമരം ചെയ്തിട്ട് ഒടുവിലൊരു വൈകുന്നേരം ഉമ്മന്‍ചാണ്ടി ചില ഉറപ്പുകള്‍ കൊടുത്തിരുന്നു. അങ്ങനെ എത്രയെത്ര ഉറപ്പുകള്‍ ലഭിക്കുകയും ഒടുവില്‍ ഒന്നും നടക്കാതെ വരുമ്പോള്‍ വീണ്ടും തിരുവനന്തപുരത്തേക്കോ കലക്ട്രേറ്റ് പടിക്കലേക്കോ സമരം നടത്താന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യേണ്ടിവന്ന, ശീലമുള്ള ജനതയാണവര്‍. സഹിച്ചും കാത്തിരുന്നും സഹികെടുമ്പോള്‍ അവര്‍ വീണ്ടും സമരത്തിനിറങ്ങും. നാളുകളുടെ സമരങ്ങള്‍ക്ക് ശേഷം പിന്നെയും പഴയ ഉറപ്പുകള്‍ പൊടിതട്ടിയെടുത്ത് തല്‍ക്കാലത്തേക്ക് അവരെ പ്രതീക്ഷയുടെ ലോകത്തേക്ക് പറഞ്ഞുവിടും.

ഇതൊരു പതിവാക്കിയിട്ട് കാലം കുറെയായി.

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് വിഎസ് തന്നെ ഇടപെടുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമായി ചില കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഒരുവിഭാഗം ഉദ്യോഗസ്ഥരും ചില പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തു. 

എന്നാല്‍ ഇത്തവണത്തെ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്, മുന്‍പൊന്നുമില്ലാതിരുന്ന വിധം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളും സാമൂഹിക പ്രവര്‍ത്തകരും. ഈ സര്‍ക്കാര്‍ എങ്കിലും തങ്ങളെ സഹജീവികളായി പരിഗണിക്കും എന്നൊരു പ്രതീക്ഷ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങല്‍ക്കുമുണ്ട്.

അതിനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന. ദുരിതബാധിത പ്രദേശങ്ങള്‍ ഒട്ടുമിക്കതും സന്ദര്‍ശിച്ച പിണറായി വിജയന്‍ പ്രതീക്ഷയുളവാക്കാന്‍ തക്ക വാക്കുകളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ദുരിതബാധിതര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അന്ന് പിണറായി പറഞ്ഞിരുന്നു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പുകള്‍
1. സാങ്കേതികത്വം പരിഗണിക്കാതെ, എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ 610 പേരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
2. കാസര്‍കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനം.കൂടാതെ സംസ്ഥാനത്ത് എവിടെ താമസിച്ചാലും മുന്‍പ് കാസര്‍കോട് താമസിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും രോഗാവസ്ഥയുള്ളപക്ഷം ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ള അനുമതി.
3. ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ disability എന്നത് വിശാലമായ അര്‍ത്ഥത്തില്‍ സ്ഥിര രോഗാവസ്ഥ എന്ന രീതിയില്‍ പരിഗണിക്കും.
4. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം ലഭിക്കാത്തവര്‍ക്ക് സ്ഥിരവും ഗുരുതരവുമായ അസുഖമുള്ളവര്‍ക്ക് 3 ലക്ഷം രൂപയും മറ്റുള്ളവരെ രണ്ടു തട്ടായി തിരിച്ച് 2 ലക്ഷം, 1 ലക്ഷം എന്നിങ്ങനെ ധനസഹായം നല്‍കാനും തീരുമാനം.
5. മെഡിക്കല്‍ ക്യാമ്പ് 2016 ഫെബ്രുവരി അവസാന ആഴ്ച്ചയില്‍ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി നടത്താനുള്ള തീരുമാനം.
6. കടം എഴുതിത്തള്ളുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് തുക ഒരു ആഴ്ചയ്ക്കുള്ളില്‍ നല്‍കും.
7. കാസര്‍കോട് ജില്ല ആശുപത്രിയില്‍ ഒരു ന്യൂറോളജിസ്റ്റിനെ ഇതിന് മാത്രമായി നിയമിക്കും.
8. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡട് പദവി നല്‍കും.

ഇത്രയും തീരുമാനങ്ങളാണ് അന്നത്തെ ഒത്തുതീര്‍പ്പ് യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.

നടപ്പിലാക്കിയ തീരുമാനങ്ങള്‍
ഇപ്പറഞ്ഞവയില്‍ അഞ്ഞൂറില്‍പ്പരം ദുരിതബാധിതരുടെ അന്‍പതിനായിരത്തില്‍ താഴെ മാത്രം കടങ്ങളാണ് എഴുതി തള്ളിയത്. അതായത് അരക്കോടിയോളം രൂപ. ഇരുപത്തിയഞ്ച് കോടിയോളം രൂപ കടബാധ്യത ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതായത് ഇരുപത്തിനാലര കോടിയോളം രൂപ ഇനിയും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുണ്ടെന്ന് സാരം. ബാക്കിയുള്ള ഒരു കാര്യവും തീര്‍പ്പാക്കുന്നതിനോ എപ്പോള്‍ തീര്‍പ്പാകുമെന്നു പറയാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല നാളിതുവരെ.

 

എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ എന്ന ആവശ്യം വര്‍ഷങ്ങളായി നിലനിന്നിരുന്നതാണ്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടന്നിരുന്ന ട്രൈബ്യൂണല്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷനായി വന്നതോടെ തകിടം മറിയുകയായിരുന്നു. ഒരേയൊരു തവണയാണ് അഞ്ച് വര്‍ഷത്തിനിടയില്‍ ട്രൈബ്യൂണല്‍ ചേര്‍ന്നത്. അധികാരം വിട്ടുകൊടുക്കാനുള്ള മന്ത്രിയുടെ മടി കാരണം പിന്നീട് ട്രൈബ്യൂണല്‍ ചേര്‍ന്നില്ലെന്നു മാത്രമല്ല കാര്യങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് പോയതുമില്ല എന്നാണ് ആരോപണം. പുനരധിവാസം ഇപ്പോഴും കടലാസുകളില്‍ മാത്രമായി ഉറങ്ങുന്നു. ബഡ്‌സ് സ്‌കൂളുകളിലെ അവസ്ഥ ശോചനീയവുമാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ നടത്തുമെന്ന് പറഞ്ഞിരുന്ന മെഡിക്കല്‍ ക്യാമ്പും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴാകട്ടെ മുന്‍പുണ്ടായിരുന്ന അത്രയുംപോലും ഡോക്റ്റര്‍മാരെ കിട്ടാത്ത അവസ്ഥയും നിലവിലുണ്ട്. 

ഇതൊക്കെയാണ് സത്യമെങ്കിലും ഇപ്പോഴും കാസര്‍കോട്ടെ ജനങ്ങള്‍ പ്രതീക്ഷയില്‍ തന്നെയാണ്. കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് എങ്കിലും ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും പുനരധിവാസ പാക്കേജിന്റെ ഭാഗമായുള്ള നഷ്ടപരിഹാര തുക നല്‍കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും നാളിതുവരെ കൃത്യമായി കിട്ടാതിരുന്ന പെന്‍ഷന്‍ തുക ഇനിയെങ്കിലും കൃത്യമായി കിട്ടുമെന്നും നിലവിലുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്ന കൂട്ടത്തില്‍ തങ്ങളെയും പരിഗണിക്കുമെന്നും തറക്കല്ലിട്ട് ‘ഉദ്ഘാടനം’ ചെയ്ത മെഡിക്കല്‍ കോളേജ് യാതാര്‍ത്ഥ്യമാകുമെന്നും കാസര്‍കോട്ടെ ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്നിയാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍