UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്തവരോട് ഇങ്ങനെയൊക്കെ ആവാമെന്നാണോ?

Avatar

സുഫാദ് ഇ മുണ്ടക്കൈ

കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ പഠിക്കുന്ന ബഡ്‌സ് സ്‌കൂളുകളോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധമുയരുന്നു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന അഞ്ഞൂറോളം കുട്ടികളാണ് കേവലം ഏഴോളം സ്‌കൂളുകളിലായി പഠിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലു വര്‍ഷമായെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വിവിധ പഞ്ചായത്ത് കമ്യുണിറ്റി ഹാളുകളിലും കാലിത്തൊഴുത്തിനായി നിര്‍മ്മിച്ച ഷെഡ്ഡുകളിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥയും പ്രശ്‌നപരിഹാരശ്രമങ്ങള്‍ തുടങ്ങുന്നതില്‍ വരുത്തിയ കാലതാമസവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കാലിത്തൊഴുത്തുകളിലും പഞ്ചായത്ത് ഹാളുകള്‍ പോലെയുള്ള പൊതു ഇടങ്ങളിലും ഇരുന്ന് അക്ഷരം പഠിക്കേണ്ട ഗതികേടിലായി ഇവര്‍. ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന അവസാനമില്ലാത്ത സമരങ്ങള്‍ക്ക് പുറമേ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടിയും സമരം ചെയ്യേണ്ടി വരുന്നത് പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമായിട്ടുള്ള ഒരു രാജ്യത്താണ് എന്നത് ലജ്ജാവഹമാണ്.

‘പെരിയയിലെ മഹാത്മ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ കമ്യുണിറ്റി ഹാളിലാണ്. നൂറ്റിപ്പതിനൊന്ന് കുട്ടികളുണ്ട്.പഞ്ചായത്ത് അധിക്യതര്‍ പറയുന്നത് ഈ വര്‍ഷത്തോടു കൂടി കമ്യുണിറ്റി ഹാള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാണ്. കേവലം രണ്ട് അദ്ധ്യാപകരേ ഉള്ളൂ എങ്കിലും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം അടച്ചുപൂട്ടേണ്ടി വരിക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അത് കൊണ്ട് തന്നെ ശക്തമായ സമരങ്ങളിലേക്ക് കടക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല’ എന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത്. എന്തെങ്കിലും പരിപാടികള്‍ക്കായി കമ്യുണിറ്റി ഹാളുകള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരുമ്പോള്‍ കുട്ടികളെ വാഹനങ്ങളില്‍ തന്നെ മണിക്കൂറുകളോളം ഇരുത്തേണ്ടി വരുന്നു. അത് കൊണ്ട് തന്നെ പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നില്ല. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും തദ്ദേശ ഭരണ വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട നിലയിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, റജിസ്‌ട്രേഷന്‍ പുതുക്കി ഗ്രാന്‍ഡ് അനുവദിക്കുക, സ്വന്തം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ആവശ്യത്തിന് അദ്ധ്യാപകനിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഡ്‌സ് സ്‌കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുകയാണ്.

മുപ്പത്തി എട്ട് പഞ്ചായത്തുകളുള്ള കാസര്‍ക്കോട്ട് ഏകദേശം ഇരുപതോളം പഞ്ചായത്തുകളും എന്‍ഡോസള്‍ഫാന്‍ ബാധിതമാണ്. അതില്‍ തന്നെ വെറും ആറ് പഞ്ചായത്തുകളില്‍ മാത്രമാണ് ബഡ്‌സ് സ്‌കൂളുകള്‍ ഉള്ളത്(ഒരെണ്ണം എന്‍ഡോസള്‍ഫാന്‍ ബാധിതമല്ലാത്ത പഞ്ചായത്തിലാണ്). മാത്രമല്ല, കേവലം അഞ്ഞൂറില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഇവയില്‍ പ്രവേശനം നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ വാഹന സൗകര്യങ്ങളുടെ അഭാവം പലര്‍ക്കും സമയത്തിന് സ്‌കൂളുകളിലെത്താന്‍ തടസ്സമാകുന്നു. ഇവിടെ വരുന്ന മിക്ക കുട്ടികളും അപസ്മാരം പോലുള്ള അസുഖങ്ങള്‍ ഉള്ളവരാണ്. എന്നാല്‍ പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ കുറഞ്ഞത് പ്രാഥമിക ചികിത്സയെങ്കിലും നല്‍കാനുള്ള സാഹചര്യം ഇവിടങ്ങളില്‍ ഇല്ല. നബാര്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മൂന്ന് പുതിയ സ്‌കൂളുകള്‍ കൂടി ലഭ്യമാകും എന്നത് ആശ്വാസകരമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

അട്ടപ്പാടിയിലെ പട്ടിണിക്ക് ഉത്തരവാദികളുണ്ട്
ഒരു ജനതയെ ഇല്ലാതാക്കുമ്പോള്‍ : റോസ് മലക്കാരുടെ ജീവിതം
അവര്‍ക്ക് ജപ്തി നോട്ടീസ്; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മണ്ണില്‍ നിന്ന് വീണ്ടും
‘രണ്ടാം എന്‍ഡോസള്‍ഫാ’നിലേക്ക് ഒരു നാട് മുങ്ങുന്ന വിധം
വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?

2011-ലാണ് താല്‍ക്കാലിക റജിസ്റ്റ്രേഷനിലൂടെ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എന്നാല്‍ നാലു വര്‍ഷത്തോളമായിട്ടും അത് പുതുക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ആരാണ് റജിസ്റ്റ്രേഷന്‍ പുതുക്കി നല്‍കേണ്ടത് എന്ന കാര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അധ്യക്ഷന്‍ കൂടിയായ ഡെപ്യുട്ടി കളക്ടര്‍ക്ക് പോലും  യാതൊരു ധാരണയും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെക്കുറിച്ച് പുഞ്ചിരി ക്ലബ് ജോയിന്റ് കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ പറയുന്നത് ഇങ്ങനെ: ‘വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ പറയുന്നത് ഞങ്ങളല്ല ഉത്തരവാദി ഒരു പക്ഷേ കുടുംബശ്രീ ആയിരിക്കാം അല്ലെങ്കില്‍ പഞ്ചായത്തോ സാമൂഹ്യക്ഷേമവകുപ്പോ ആയിരിക്കാം എന്നാണ്. പഞ്ചായത്തുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്ക് ബില്‍ഡിംഗ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും.’ അംഗീകാരം പുതുക്കാത്തതിനാല്‍ സ്‌കൂളുകള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് തടഞ്ഞു വെക്കപ്പെട്ടിട്ടിള്ളത്. ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം രണ്ടായിരത്തിയഞ്ഞൂറ് രൂപയാണ് ലഭിക്കേണ്ടത്. നൂറ്റിപ്പത്ത് കുട്ടികളുള്ള പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിനുമാത്രം മൂന്ന് വര്‍ഷത്തെ ഗ്രാന്റിനത്തില്‍ നഷ്ടമായത് എട്ട്‌ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയോളമാണ്. റജിസ്‌ട്രേഷനുള്ള രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചിരുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടറുടെ ഓഫീസ് അധികൃതര്‍ പറയുന്നു. കുടുംബശ്രീ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഭക്ഷണം ലഭ്യമാക്കുന്നുണ്ടെങ്കിലും തൊഴില്‍ പരിശീലനം, മാനസിക വികാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഗ്രാന്റിന്റെ ലഭ്യതയില്ലായ്മ തടസ്സമാകുന്നുണ്ട്. നബാര്‍ഡിന്റെ ഫണ്ടില്‍ നിന്നും റോഡുകളും പാലങ്ങളും മറ്റു സ്‌കൂള്‍ കെട്ടിടങ്ങളും യാതൊരു സാങ്കേതിക തടസ്സങ്ങളുമില്ലാതെ യഥേഷ്ടം നിര്‍മ്മിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ എന്തു കൊണ്ടാണ് ഇവര്‍ക്ക് മാത്രം ഈ ഗതികേടുണ്ടാവുന്നത്? ഒന്നു പരാതിപ്പെടാന്‍ പോലും ആരുമില്ലാത്ത അവസ്ഥ സംജാതമാകുന്നത് എന്തുകൊണ്ടാണ്? ബുദ്ധിമാന്ദ്യമുള്ളവരോട്, കൈകാലുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്തവരോട്, ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്തവരോട് ഇങ്ങനെയൊക്കെ ആവാമെന്നാണോ?

നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഉണ്ടാക്കാമെങ്കിലും പല പഞ്ചായത്തുകളിലും സ്ഥലമില്ല എന്നത് ഒരു തടസ്സമാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തന്നെ ആവശ്യത്തിന് സ്ഥലം വിട്ടു നല്‍കാമെന്ന് സമരസമിതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഗവണ്‍മെന്റ് തലത്തില്‍ നടക്കേണ്ട ചര്‍ച്ചകളുടെ അഭാവമാണ് ഇതിന് വിഘാതം നില്‍ക്കുന്നത്. ‘നാലു ചുമരുകളുള്ള കുറച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ ഇരുത്തി പഠിപ്പിക്കേണ്ടവരല്ല ഈ കുട്ടികള്‍. അവര്‍ക്കും മാനസികോല്ലാസത്തിനും മറ്റു വിനോദങ്ങള്‍ക്കുമുള്ള ഉപാദികള്‍ കൂടി ഒരുക്കി കൊടുക്കേണ്ടതുണ്ട്. ആരോഗ്യപരമായും ശാരീരികപരമായും പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ പോലും അവരില്‍ കലാപരമായോ കായികപരമായോ എന്തെങ്കിലും കഴിവുകളുണ്ടെങ്കില്‍ അതിനെ പരിപോഷിപ്പിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ട്.’ ബഡ്‌സ് സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ മുനീസ പറഞ്ഞു. ‘മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്ന ഇവരെ പഠിപ്പിക്കുന്നത് സാധാരണ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ അത്ര സുഖകരമാവില്ല. എന്നിട്ടും അധ്യാപകര്‍ക്ക് വെറും ആറായിരം രൂപയും ആയമാര്‍ക്ക് മൂവായിരം രൂപയുമാണ് ശമ്പളമായി നല്‍കുന്നത്. അത് കൊണ്ട് തന്നെ അധ്യാപര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പ് വരുത്തുക എന്നതും സമര സമിതിയുടെ മുദ്രാവാക്യമാണ്.’

അമ്മയുടെ വയറ്റിനുള്ളില്‍ നിന്നു തന്നെ വിഷബാധയേറ്റ് കൈയും കാലും നഷ്ടപ്പെട്ട് പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങള്‍ക്കും അവകാശങ്ങളുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരുന്നത് ദയനീയമാണ്. ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഈ കുഞ്ഞുങ്ങളേയും തോളിലേറ്റി ആശുപത്രികള്‍ കയറിയിറങ്ങുന്ന അമ്മമാര്‍ക്ക് അവരെ സ്‌കൂളിലയക്കുമ്പോഴുണ്ടാവുന്ന സന്തോഷം പോലും നിഷേധിക്കപ്പെടുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഇത് ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല, ഭരണകൂടം ഒരു ജനതക്ക് നല്‍കുന്ന സമ്മാനമാണ്. ഇവിടെ ജനിച്ചു പോയതിന്റെ പേരില്‍, ഈ മണ്ണില്‍ ജീവിക്കുന്നതിന്റെ പേരില്‍, അര്‍ഹിക്കുന്ന അവകാശങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ നല്‍കുന്ന സമ്മാനം.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍