UPDATES

കേരളം

എന്‍ഡോസള്‍ഫാന്‍ ; നീതിപീഠത്തില്‍ നിന്നൊരു നിറകണ്‍ചിരി

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

ഷഡ്പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ് (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍ (Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്ക്കെതിരെയാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. തവിട്ട് നിറത്തിലുള്ള പൊടിരൂപത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ് ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥയെ (Central Nervous Sstem) തകര്‍ക്കുന്നതിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്.

ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്റ്റിസൈഡുകള്‍ (Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണിത്. ക്ലോറിനേറ്റഡ് സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്. സ്വഭാവപരമായി ഇതൊരു ന്യൂറോ റ്റോക്സിന്‍ (Neuro toxin) അഥവാ നാഡീവിഷമാണ്. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.

ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ് കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്. ഈജിപ്ത്, മഡഗാസ്‌കര്‍, കസാഖ്സ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സ്പെയിന്‍, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ സ്ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്, മാലി, ന്യൂസിലന്റ്, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ് മുന്നില്‍.

സുപ്രീംകോടതി വിധിയിലൂടെ വന്ന ആശ്വാസം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരവിതരണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരിക്കുന്നു .സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടന ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നുമാസത്തിനകം പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കൈമാറണം. ആജീവനാന്ത വൈദ്യസഹായം അനുവദിക്കണം. നിശ്ചിതകാലയളവിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ഇരകള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം- ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എന്‍ വി രമണയും അംഗങ്ങളായ ബെഞ്ച് മനുഷ്യപക്ഷത്തു നിന്നുകൊണ്ട് വ്യക്തമാക്കിയിരിക്കുന്നു .

നിര്‍ഭാഗ്യവശാല്‍ഴിഞ്ഞ കുറെ മാസങ്ങളായി ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്കും , ഫാഷിസ്റ്റ് നടപടികള്‍ക്കും അറിയാതെയെങ്കിലും ഒപ്പംനില്‍ക്കുന്ന പരമോന്നത നീതി പീടത്തില്‍ നിന്നും ഇരകള്‌ക്കൊപ്പം നില്‍ക്കുന്ന ഈ വിധി അത്രമേല്‍ ആഹ്ലാദകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റുനു മുന്‍പില്‍ ‘അനിശ്ചിതകാല പട്ടിസമരം’ നടത്തിയിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തു. എന്നാല്‍ ഈ ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണു ദുരിത ബാധിതര്‍ 2016 ഏപ്രില്‍ 30, ശനിയാഴ്ച കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റിനു സമീപം പ്രതിഷേധ സംഗമം നടത്തിയത് . പക്ഷേ, ആ സമരവും വലിയ രൂപത്തില്‍ ഫലം കണ്ടില്ല . മാത്രമല്ല ദുരിതപ്പെമാരി നനഞ്ഞു മടുത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു മക്കളുടെ പിതാവായ കേരള-കര്‍ണാടക അതിര്‍ത്തിയായ ബെള്ളൂര്‍ പഞ്ചായത്തിലെ ജഗന്നാഥ പൂജാരിയും , ബെള്ളൂരിലെ തന്നെ രാജീവി എന്ന എന്‍ഡോസള്‍ഫാന്‍ ഇരയും ആത്മഹത്യ ചെയ്യുകയുണ്ടായി .

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ കീടങ്ങളെ കൊല്ലാനെന്ന പേരില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് ആ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം നിശ്ചലമായിപ്പോയതിനെ കുറിക്കാനാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ നാം എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നു വിളിക്കുന്നത്. ആരുടെയും കണ്ണലിയിപ്പിക്കുന്ന ദുരിതങ്ങളുടെ വര്‍ത്തമാനങ്ങളാണ് ആ ഗ്രാമീണ ജനതക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞതാണ് ആ പ്രദേശം. ഏതാനും വര്‍ഷങ്ങളായി കേരളത്തിന്റെ നീറ്റലായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നു നാം വിളിക്കുന്ന നിസ്സഹായരായ ആ ജനത. സ്വതേ ദുര്‍ബലരായ ജനതയായിരുന്നതിനാലും സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ജീവിക്കുന്നവരായതിനാലും ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍ അവര്‍ വന്നിട്ടുണ്ടായിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരെ അവഗണിക്കുകയായിരുന്നു. അതിനിടെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ, നവസാമൂഹിക പ്രസ്ഥാനങ്ങളും, DYFI എന്ന യുവജനസംഘടനയും ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങളെ തുടര്‍ന്ന്, അവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തോന്നലിലേക്ക് ഭരണകൂടങ്ങളും, കോടതികളും , മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തിയത്. അങ്ങനെ അവര്‍ക്ക് വേണ്ടിയുള്ള പലവിധ സുരക്ഷാ, ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, വാഗ്ദാനം ചെയ്യപ്പെട്ട പലതും ഒരിക്കലും പരിപൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടില്ല എന്നതായിരുന്നു യാഥാര്‍ഥ്യം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന പരസ്യത്തില്‍ ദുരിതബാധിതരായ രണ്ടു കുട്ടികളുടെ ചിത്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പോലും ഇനിയും പെടുത്തിയിട്ടില്ലാത്തവരായിരുന്നു ആ കുട്ടികള്‍ എന്നാണ് സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നത്. വേദനതിന്നു കഴിയുന്ന ഈ മനുഷ്യരുടെ കാര്യം എത്ര അലസമായാണ് നമ്മുടെ സര്‍ക്കാരുകള്‍ പരിഗണിച്ചിരുന്നത് എന്നതിന്റെ മികച്ച തെളിവാണിത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ഏതെങ്കിലും രാഷ്ട്രീയ മുന്നണിക്കെതിരായ നീക്കമായി തെറ്റിദ്ധരിക്കരുത്. അവരുടെ ദുരിതത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യമായ പങ്കുണ്ട്. ആ മനുഷ്യരുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുത്. അവരോടുചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യേണ്ടത് കേരള സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. അതിനുള്ള അവസരമാണ് സുപ്രീംകോടതി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത് .

1977 മുതല്‍ 2000 വരെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധനം വന്നിട്ട് തന്നെ ഇപ്പോള്‍ 17 കൊല്ലം കഴിഞ്ഞു. ഇക്കാലമത്രയും ഒരു ജനത തലമുറവ്യത്യാസത്തോടെ മാരക വിഷത്തിന്റെ ഇരകളായി ജീവിതം ഹോമിക്കേണ്ടി വരികയാണ്. 17 വര്‍ഷമല്ല, ഇനിയൊരു അമ്പത് വര്‍ഷത്തേക്കു കൂടി ഈ രോഗദുരിതം കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും, എന്നതായിരുന്നു ദുസ്ഥിതി. രണ്ടു മാസങ്ങള്‍ക്കു മുമ്പു പിറന്ന രണ്ടു കുഞ്ഞുങ്ങള്‍ അതിനുദാഹരണമാണ്. തലവളര്‍ന്ന കുട്ടികള്‍ എന്നോ എടുത്ത ഫോട്ടോയില്‍ മാത്രമാണെന്ന സമാധാനം വേണ്ടെന്നു തന്നെയാണു പറയുന്നത്. മാനസികവൈക്യലം ബാധിച്ചവര്‍, അംഗവൈകല്യം ബാധിച്ചവര്‍, ഹൃദയം കരള്‍, വൃക്കരോഗങ്ങള്‍ ബാധിച്ചവര്‍; എന്നിങ്ങനെ പലരൂപത്തിലും ഇരകള്‍ ഇനിയുമുണ്ടാകാം. ഉണ്ടാകല്ലേ എന്നു നമ്മളൊക്കെ പ്രാര്‍ത്ഥിച്ചാല്‍ പോലും. അത്രരൂക്ഷമത്രേ എന്‍ഡോസള്‍ഫാന്‍ എന്ന കുത്തകവിഷത്തിന്റെ വീര്യം. പ്രകൃതിയെ തന്നെ നശിപ്പിച്ചു കളയാന്‍ അതിനുശക്തിയുണ്ടെങ്കില്‍ മനുഷ്യന് എങ്ങനെ പ്രതിരോധിക്കാന്‍ കഴിയും, തുടങ്ങിയ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ഉയരുന്ന സന്ദര്‍ഭത്തിലാണ് നീതിപീഠം ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലായി എത്തിയിരിക്കുന്നത് .

കാസര്‍ഗോഡെ അമ്മമാരുടെ മുലപ്പാലിലും രക്തത്തിലും വരെ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് നടത്തിയ പരിശോധനയില്‍ കുമ്പടാജയിലെ ലളിതമ്മ എന്ന സത്രീയുടെ മുലപ്പാലില്‍ കണ്ടെത്തിയത് 22.4 പിപിഎം(പാര്‍ട്സ് പെര്‍ മില്യണ്‍) എന്‍ഡോസള്‍ഫാന്‍ ആയിരുന്നു. മുത്തക്ക അമ്മ എന്ന സ്ത്രീയുടെ രക്തത്തില്‍ കണ്ടെത്തിയത് 176. 9 പിപിഎം വിഷവും. ഒന്നോര്‍ക്കണം വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ അനുവദനീയമായ അളവ് 0.18 മാത്രമാണ്!

ആറുവര്‍ഷത്തിലേറെ നീണ്ട നിയമയുദ്ധമാണ് DYFI സുപ്രീംകോടതിയില്‍ നടത്തിയത്. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രഗത്ഭരായ അഭിഭാഷകര്‍ കീടനാശിനി കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരിനുമായി ഹാജരായിട്ടും ഇരകള്‍ക്കായി എല്ലാ തെളിവും നിരത്തി ഡിവൈഎഫ്‌ഐ നടത്തിയ വാദങ്ങള്‍ പരമോന്നത നീതിപീഠത്തിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന വിധി. ഡിവൈഎഫ്‌ഐക്കുവേണ്ടി അഡ്വ. ദീപക് പ്രകാശ് പ്രതിഫലമില്ലാതെ നടത്തിയ സേവനവും മനുഷ്യപക്ഷത്തുനിന്നുള്ളതായി. എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകാവുന്ന ദോഷഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ലോകത്താകെയുണ്ടായ പഠനങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായകമായി. ഇതോടെ എന്‍ഡോസള്‍ഫാന്‍ കാരണം ആരും രോഗബാധിതരായിട്ടില്ലെന്ന കീടനാശിനി കമ്പനികളുടെയും കേന്ദ്ര കൃഷിവകുപ്പിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ മാരക രോഗങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകുമെന്നാണ് നൂറ്റമ്പതോളം പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്നത് കോടതിതന്നെ സമ്മതിക്കുന്ന സ്ഥിതി സംജാതമായി .

കേസിന്റെ തുടക്കത്തില്‍തന്നെ കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്ന് എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കാന്‍ കോടതി തയ്യാറായി എന്നതായിരുന്നു ശ്രദ്ധേയമായ വഴിത്തിരിവ്. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് അന്തിമവിധി. ആയിരക്കണക്കിനാളുകളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട കീടനാശിനി ഉല്‍പാദിപ്പിച്ച കമ്പനികളാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന വാദമാണ് ഡിവൈഎഫ്‌ഐ മുന്നോട്ടുവച്ചത്. ഇരകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ടെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ദുരന്തബാധിത ലിസ്റ്റില്‍പ്പെട്ട 5400 പേര്‍ക്ക് അഞ്ചുലക്ഷം രൂപ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തിലെ സുപ്രധാന ഏടാണ്. മൂന്നു മാസത്തിനകം കമ്പനികള്‍ കൊടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നാണ് വിധിയില്‍ പറയുന്നതിനെയും ഐതിഹാസികം എന്നേ വിളിക്കാനാവൂ ..!

കോടതിയില്‍ കേസ് നടത്തുക മാത്രമല്ല ഡിവൈഎഫ്‌ഐ ചെയ്തത്. ദുരിതബാധിതര്‍ക്കായി സൌജന്യ പാര്‍പ്പിട, വിദ്യാഭ്യാസ, ചികിത്സ, ധനസഹായ പദ്ധതികളും നടപ്പാക്കി. ഇതോടൊപ്പം എന്‍ഡോസള്‍ഫാനെതിരെ ബഹുമുഖ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോടതിയെ സമീപിക്കുന്നതിനൊപ്പം എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാടില്ലെന്ന നിലപാടും സ്വീകരിച്ചു. ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന എച്ച്‌ഐഎല്ലിന് മുമ്പില്‍ ശക്തമായ സമരം നടത്തി എന്നതെല്ലാം ഏതൊരു യുവജന സംഘടനയ്ക്കും മാതൃകയാനെന്നു പറയാതെ വയ്യ .

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയതിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ സംഘടനക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ കീടനാശിനി കമ്പനികള്‍ക്ക് കോടതി മുന്നറിയിപ്പും നല്‍കി. 2012ലാണ് ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉള്‍പ്പെടുത്തി കീടനാശിനി കമ്പനികള്‍ പത്രത്തില്‍ പരസ്യം നല്‍കിയത്.

1975 ഓടെ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരന്തങ്ങള്‍ 2001 ഓടെയാണ് ജനശ്രദ്ധയില്‍ വരുന്നത്. പദ്രെ പി എച്ച് സിയിലെ ഡോ. വൈ എസ് മോഹന്‍കുമാറും പത്രപ്രവര്‍ത്തകന്‍ ശ്രീപദ്രെയും ഉള്‍പ്പെടെയുള്ള മനുഷ്യ സ്നേഹികളായ ചുരുക്കം ചിലരായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത.് തുടര്‍ന്ന് അതേവര്‍ഷം ആഗസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷയം ആദ്യമായി നിയമസഭയില്‍ കൊണ്ടുവന്നു. ആഗസ്റ്റ് 25ന് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ നിരോധം പിന്‍വലിച്ചുകൊണ്ട് 2002 ഫെബ്രവരി 18ന് കൃഷി വകുപ്പ് സെക്രട്ടറി മറ്റൊരു ഉത്തരവിറക്കുന്നു. എന്‍ഡോസള്‍ഫാനാണ് കാസര്‍കോട്ടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയാവുന്ന ശാസ്ത്രീയമായ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നാണ് ഇതിന് ഉന്നയിച്ച കാരണം. തുടര്‍ന്ന് ശക്തമായ എതിര്‍പ്പിന്റെ ഭാഗമായി 2005ല്‍ സംസ്ഥാനത്ത് പൂര്‍ണമായ നിരോധം നിലവില്‍ വന്നു. ഇത് ഈ മേഖലയിലെ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ആദ്യ വിജയമായിരുന്നു. ഇതെല്ലാം വെളിവാക്കുന്നത് എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ തന്നെ ശക്തമായ തോതില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാനും ശ്രമമുണ്ടായെന്നാണ്.

വലിയ പോരാട്ടങ്ങളുടെ ഫലമാണ് ഈ നിരോധനവും, ആശ്വാസമാകുന്ന സുപ്രീംകോടതി വിധിയും. അകൃതരുടെ ശ്രദ്ധ ഈ നിരാലംബരായ മനുഷ്യരിലേക്ക് എപ്പോഴെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായി ഉണ്ടായതായിരുന്നില്ല. ശക്തമായ സമരങ്ങളും സമ്മര്‍ദങ്ങളും പ്രചാരണങ്ങളും പല തലങ്ങളില്‍ നടന്നതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നത്. അവശത അനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കുന്നവരും അവര്‍ക്ക് ലഭിച്ച അവകാശങ്ങള്‍പോലും നേടിയെടുക്കാന്‍ വീണ്ടും വീണ്ടും സമരം വേണ്ടിവരുന്നു. അധികാരി വര്‍ഗത്തിന്റെ മുന്‍ഗണനയുടെ പ്രശ്നമാണിത്. വലിയ സംഘടിത ശേഷിയുള്ളവരുടെയും സമ്മര്‍ദ ശക്തിയാകാന്‍ ശേഷിയുള്ളവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് വലിയ താത്പര്യമാണ്. ഏറ്റവുമൊടുവില്‍ നഷ്ട്ടപരിഹാരം വാങ്ങി നല്‍കുന്ന കാര്യത്തില്‍ വരെ DYFI എന്ന യുവജനസംഘടന വിജയിക്കുമ്പോള്‍ , പൊതു മുതല്‍ നശിപ്പിച്ചും , അക്രമ സമരം നടത്തിയും മാത്രമല്ല, നിയമ യുദ്ധത്തിലൂടെയും അവകാശങ്ങള്‍ നേടിയെടുക്കാം എന്ന ഒരു സമര പന്ഥാവ് കൂടി രൂപപ്പെടുത്തി എടുത്തിരിക്കുന്നു.

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍