UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സിനിമയില്‍ ഒതുക്കുവാനാകില്ല വിഷമഴ നനഞ്ഞ ആ മനുഷ്യരെ

ഞാനൊരു കാസര്‍ഗോഡ് ജില്ലക്കാരനാണ്. കാസര്‍ഗോഡിന് പുറത്താണ് കഴിഞ്ഞ നാല് വര്‍ഷമായി താമസം. കേരളത്തിന്റെയെന്നല്ല ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള മലയാളികള്‍ തമ്മില്‍ തമ്മില്‍ ഭാഷ പറഞ്ഞ് കളിയാക്കുന്ന കാലമുണ്ടായിരുന്നു പണ്ട്. ഇപ്പോഴും ഇല്ലെന്നല്ല. ‘ഞങ്ങ നിങ്ങയെന്നും ഏട പോയിനീ’ എന്നൊക്കെ പറഞ്ഞ് കാസര്‍ഗോഡുകാരെ കളിയായും കാര്യമായും കളിയാക്കിയിരുന്ന ആളുകള്‍ ഉണ്ടായിരുന്നു.

ഇന്ന് കഥ മാറി.

ഇപ്പോള്‍ കാസര്‍ഗോഡെന്നാല്‍ എന്‍ഡോസള്‍ഫാന്റെ സ്വന്തം നാടായി. ജില്ലയുടെ തെക്കുനിന്ന് വന്നാലും വടക്കുനിന്ന് വന്നാലും അവരൊക്കെയും ഇരകളോ ഇരകളുടെ നാട്ടുകാരോ ആയി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുഖം തിരിച്ചപ്പോള്‍ അധികാരത്തിന്റെ വഴികളില്‍ മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ ദുരിതം കുഴിച്ചുമൂടപ്പെട്ടു. ഇന്നും കാസര്‍ഗോഡ് നാടും ജനങ്ങളും എന്‍ഡോസള്‍ഫാന്‍ വിഷമഴപ്പെയ്ത്തിന്റെ ഉത്തരകാലങ്ങള്‍ ദുരിതങ്ങളുടെ കയങ്ങളായി അനുഭവിച്ചു തീര്‍ക്കുന്നുണ്ട്. അപ്പോഴും ഇതൊക്കെയും നമ്മുടെ ഇസ്തിരി ജീവിതങ്ങളെ അലോസരപ്പെടുത്താന്‍ അനുവദിക്കാതെ സൗകര്യപൂര്‍വ്വം മറന്നുകളയുവാന്‍ നമ്മളൊക്കെയും പാടുപെടുന്നുമുണ്ട്.

വിഷമഴ പെയ്തിറങ്ങിയ മണ്ണിലെ ദുരിതങ്ങള്‍ പുറംലോകമറിഞ്ഞിട്ട് ഒന്നര പതിറ്റാണ്ടോളമാകുന്നു. അത്രതന്നെ പഴക്കമുണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന സമരത്തിനും അതിനെത്തുടര്‍ന്ന് ഇരകള്‍ക്കായുള്ള പുനരധിവാസം ഉറപ്പു വരുത്താനുമായി തുടങ്ങിയ സമരങ്ങള്‍ക്കും. സമരപരമ്പരകള്‍ക്കൊടുവില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ എന്നൊരാള്‍ പഠിക്കാനെത്തി. പഠിച്ചു…പിന്നെയും പഠിച്ചു…പിന്നെയും പിന്നെയും പഠിച്ചു…ഒടുവില്‍ ആര്‍ക്കെതിരെയാണോ ഒരു ജനത സമരം ചെയ്തത് അവരെ വേണ്ടുവോളം വെള്ളപൂശി റിപ്പോര്‍ട്ട് കൊടുത്തു. ലോകത്തെ സകല രാജ്യങ്ങളും നിരോധനം ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ മാത്രം നിരോധനം ആവശ്യമില്ലെന്ന് പറഞ്ഞ് ‘നാടിന്റെ അഭിമാനം കാത്തു’. സമരങ്ങള്‍ നിരവധിയുണ്ടായി… കഞ്ഞിവയ്പ്പ് സമരം, നിരാഹാര സമരം, പട്ടിണി സമരം, ധര്‍ണ, മരണംവരെ നിരാഹാരം…സുഗതകുമാരി ടീച്ചര്‍ വന്നു, ഗ്രോ വാസു വന്നു, വി എസ് അച്ചുതാനന്ദന്‍ വന്നു മേധാ പട്കര്‍ വന്നു…എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുണ്ടായി, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുണ്ടായി, ഒടുവില്‍ അത് പിളര്‍ന്ന്! എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതിയുണ്ടായി…തൊഴുത്തില്‍ക്കുത്തും തമ്മില്‍ത്തല്ലുമായി ആക്ടിവിസം പച്ചപിടിച്ചു.അപ്പോഴും അധികാര വടംവലിക്കും ഈഗോ കളികള്‍ക്കുമിടയിലും പെടാതെ ആത്മാര്‍ഥതയുള്ള മനുഷ്യര്‍ ഇരകള്‍ക്കുവേണ്ടി വാദിച്ചു…പ്രവര്‍ത്തിച്ചു…

‘അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം’ എന്ന ഡോക്യുമെന്ററിയിലൂടെ എം എ റഹ്മാന്‍ മാഷ് ദുരന്തത്തിന്റെ വലിപ്പം ലോകത്തിന് കാണിച്ചു കൊടുത്തു. കെ ആര്‍ മനോജ് ‘ എ പെസ്റ്ററിങ്ങ് ജേര്‍ണി’ യിലൂടെ മനുഷ്യനെന്നപോലെ മണ്ണിനും ചികിത്സ വേണമെന്ന് പറഞ്ഞു. അംബികാസുതന്‍ മാഷ് ‘എന്മകജെ’ എന്ന നോവലെഴുതി. ഏറ്റവുമൊടുവില്‍ ഡോ: ബിജു ‘വലിയ ചിറകുള്ള പക്ഷി’യെന്ന സിനിമയും തിരതൊട്ടു…പക്ഷേ…ഇരകളുടെ വേദനയും ദുരിതവും ഇനിയും ബാക്കി. എന്മകജെയിലും പെര്‍ളയിലും കാറഡുക്കയിലും പനത്തടിയിലുമൊക്കെ കണ്ണും കാതുമില്ലാതെ, മിണ്ടാനോ കേള്‍ക്കാനോ കാണാനോ പറ്റാതെ, അനുദിനം തല വളരുന്ന, നാവ് വളരുന്ന എല്ല് നുറുങ്ങുന്ന അസുഖങ്ങളുമായി കുഞ്ഞുങ്ങള്‍ പിറന്നുകൊണ്ടിരുന്നു. ഇന്നും മലമൂത്ര വിസര്‍ജനം നടത്താന്‍ അവയവം പോലുമില്ലാതെ കുഞ്ഞുങ്ങള്‍ പിറക്കുന്നു. ശരീരം നല്‍കുന്ന ദുരിതം പോരാതെ, എത്ര നിരാശരായാലും, വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ശീലമുള്ള നാലാംകിട രാഷ്ട്രീയക്കാരുടെ അവസരവാദത്തിനും നട്ടെല്ലുറപ്പില്ലാത്ത മോഹവാക്കുകളിലും വെളുക്കെയുള്ള ചിരികളിലും പെട്ട് ഇന്നും ആ ജനത കാരുണ്യം കാത്ത് കിടക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാനാണ് കാസര്‍ഗോഡെ ഒരുകൂട്ടം ജനങ്ങളുടെ ദുരിത കാരണമെന്ന് കണ്ടെത്തിയിട്ട് ഒന്നര ദശാബ്ദം പിന്നിട്ടിരിക്കുന്നു. 1976നും 2000നും ഇടയില്‍ കാസര്‍ഗോഡെ ആയിരത്തോളം ഗ്രാമങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍, തലമുറകളോളം അനുഭവിച്ചാലും തീരാത്ത ദുരിതമഴയായാണ് പെയ്തിറങ്ങിയത്. ഒടുവില്‍ പുതിയ നൂറ്റാണ്ടിന് ശേഷം ഇന്നും തീരാത്ത സമരവഴികളിലാണ് ആ നാടും ജനങ്ങളും.

ഒടുവില്‍ രണ്ടുവര്‍ഷം മുന്‍പ് ഇരകളും അമ്മമാരും തിരുവനന്തപുരത്ത്, ബഹുമാന്യനും സര്‍വ്വോപരി മനുഷ്യസ്‌നേഹിയും ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനലക്ഷങ്ങളുടെ കണ്ണീരൊപ്പിയ മഹാനുഭാവനുമായ കേരള മുഖ്യമന്തി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ വസതിക്കു മുന്‍പില്‍ കഞ്ഞിവയ്പ്പ് സമരം സമരം നടത്തേണ്ടി വന്നു തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍. അന്നും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. രണ്ടുവര്‍ഷം സോളാറും ബാറുമായി കഴിച്ചുകൂട്ടിയപ്പോള്‍ അന്നുപറഞ്ഞ വാക്കുകളൊക്കെയും വെള്ളത്തില്‍ വരച്ച വരപോലെയായി.

ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

ദുരിതബാധിതരുടെ പട്ടികയില്‍ നിലവില്‍ 5887 പേരാണുള്ളത്. ഇതാകട്ടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കാണ്. ഇതില്‍ 2781 പേര്‍ക്ക് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം കിട്ടുകയോ കിട്ടിക്കൊണ്ടിരിക്കുന്നതോ ആയുള്ളത്. എന്നാല്‍ മൂവായിരത്തില്‍ അധികം ദുരിതബാധിതര്‍ ഇപ്പോഴും ലിസ്റ്റില്‍ പെടാതെ പുറത്തുണ്ട്. ഈ വര്‍ഷം ആഗസ്റ്റില്‍ നടത്തുമെന്ന് പതിവുപോലെ പ്രതീക്ഷിച്ച  മെഡിക്കല്‍ ക്യാമ്പിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ രജിസ്റ്റര്‍ ചെയ്തവര്‍ മൂവായിരത്തില്‍ അധികമുണ്ടെന്നാണ് കണക്ക്. എന്നാല്‍ പുതിയ ദുരിതബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്കാവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും വര്‍ഷാവര്‍ഷം നടത്തുമെന്നുറപ്പ് നല്‍കിയ മെഡിക്കല്‍ ക്യാമ്പുകള്‍ ഇന്നുവരെ നടന്നിട്ടില്ല. ഏറ്റവും അവസാനത്തെ ക്യാമ്പ് നടന്നപ്പോള്‍ കണക്കിലെ കളിയെന്നാല്‍  എന്താണെന്ന് കാണിച്ചുകൊടുത്തു ഉദ്യോഗസ്ഥവൃന്ദം. അന്ന് ക്യാമ്പില്‍ പങ്കെടുത്തത് ആറായിരത്തോളം വരുന്ന ദുരിതബാധിതരാണ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ 337 മാത്രമാണ് ലിസ്റ്റില്‍പ്പെട്ടത്. ഇനിയാണ് ശരിക്കുള്ള കളി. സര്‍ക്കാരിന്റെ കണക്കുപ്രകാരം 11 പഞ്ചായത്തുകളാണ് ദുരിതബാധിത പഞ്ചായത്തുകളാണ് ദുരിതബാധിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. വിഷമഴയുടെ ദുരിതഫലം വരുംതലമുറയെങ്കിലും അനുഭവിക്കാതിരിക്കട്ടേയെന്നു കരുതി ഉള്ളതെല്ലാം വിറ്റുപെറുക്കി വിഷഭൂമിയില്‍ നിന്നും പലായനം ചെയ്ത ആയിരക്കണക്കിന് മനുഷ്യജീവികള്‍ മറ്റുപഞ്ചായത്തുകളില്‍ ജീവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ കണക്കില്‍ അവരാരും ഇന്നുവരെ ഇരകളല്ല. ഒന്‍പത് വയസുകാരി ദിവ്യ, ദുരിതബാധിത പഞ്ചായത്തായ പനത്തടി പഞ്ചായത്തില്‍ ജനിച്ച കുട്ടിയാണ്. എന്നാല്‍ 2010ല്‍ ദുരിതബാധിതയായി കണ്ടെത്തിയപ്പോള്‍ ദിവ്യയും കുടുംബവും മഞ്ചേശ്വരം പഞ്ചായത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപം വാടകമുറിയില്‍ താമസിക്കുകയായിരുന്നു. ഈ ഒരൊറ്റ കാരണത്താല്‍ ദിവ്യ ഇന്നുവരെ ഒരൊറ്റ ലിസ്റ്റില്‍ പോലും പെട്ടിട്ടില്ല. രണ്ടുകണ്ണും നഷ്ടപ്പെട്ട ശില്പ, എല്ലുനുറുങ്ങുന്ന അസുഖമുള്ള സൗമ്യയെന്ന പെണ്‍കുട്ടി, പിഞ്ചുകുഞ്ഞായ ആയിഷ… പഴുതുകള്‍ കൊണ്ടുണ്ടാക്കിയ ഊരാക്കുടുക്കുകളില്‍ പെട്ട് അവകാശങ്ങള്‍ നഷ്ടമായ നൂറുകണക്കിന് പേരില്‍ ചിലര്‍ മാത്രമാണിവര്‍. അതിര്‍ത്തികള്‍ കണക്കാക്കാതെ ആനുകൂല്യം ലഭ്യമാക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന ഗവണ്മെന്റിന് വെറും പുല്ലുവില മാത്രമാണ്. ജീവിതം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ പുണ്ണില്‍ ആണികൊണ്ട് കുത്തുന്ന അനുഭവമാണ് ഉണ്ടാക്കിയെടുക്കുന്നത്.

ദുരിതബാധിതര്‍ക്ക് ലഭ്യമാക്കിയിരുന്ന സൗജന്യ ചികിത്സ മുടങ്ങിയിട്ട് ഡിസംബര്‍ ആകുമ്പോള്‍ ഒന്‍പത് മാസമാകുന്നു. സൗജന്യ മരുന്നുകള്‍ നിലച്ചിട്ട് അതിലുമേറെയായി. നീതി സ്‌റ്റോറുകള്‍ വഴി ലഭിച്ചിരുന്ന ചെറിയ വിലയിലുള്ള മരുന്നുകള്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള ലക്ഷങ്ങളുടെ കുടിശിക കൊടുക്കാത്തതിനാല്‍ നിലച്ചു. നാലു വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്ളതില്‍ മൂന്നുപേര്‍ക്കും വിവിധ ആശുപത്രികളില്‍ അധിക ഡ്യൂട്ടി നല്‍കി. ഒരാളാകട്ടെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനാല്‍ സ്ഥലത്തും ഇല്ല. ദുരിതബാധിതരുടെ ചികിത്സ ആവശ്യത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൊബൈല്‍ ആശുപത്രി എന്‍ഡോസള്‍ഫാന്‍ ദുരിതപരിഹാര സെല്ലിലെ കെടുകാര്യസ്ഥത മൂലം പ്രവര്‍ത്തിക്കാതെയായി. ഫലം അരിവാങ്ങിക്കാന്‍ പോലും ഗതിയില്ലാത്ത പാവങ്ങളില്‍ പാവങ്ങളായ മനുഷ്യരുടെ ചികിത്സ മുടങ്ങി. ദുരിതം ഇരട്ടിയായി. പട്ടിണി പതിവായി…

മക്കളെ ചികിത്സിക്കാന്‍ സ്വന്തമായുണ്ടായിരുന്ന തുണ്ടുഭൂമി പോലും പണയം വച്ച ജനതയാണ് കാസര്‍ഗോഡെ ജനങ്ങള്‍. ഒടുവില്‍ കടംകയറി ജപ്തി നോട്ടീസുകള്‍ ഒന്നിനുപുറകെ ഒന്നായി വീടുകളില്‍ വന്നുപതിച്ചു. ഒടുവില്‍ പ്രതീക്ഷയറ്റ മനുഷ്യര്‍ ആത്മഹത്യ വഴിയാക്കി. അതോടെ പതിവിന്‍പടി മാധ്യമങ്ങള്‍ ഇടപെട്ടു. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആയപ്പോള്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ദുരിതബാധിതരുടെ സകല കടങ്ങളും എഴുതി തള്ളുമെന്ന പ്രഖ്യാപനം വന്നു. ഒടുവില്‍ പറഞ്ഞവാക്കുകള്‍ സര്‍ക്കാര്‍ മറന്നെങ്കിലും വായ്പയുടെ കാര്യം ബാങ്കുകാര്‍ മറന്നില്ല. മോറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചപ്പോള്‍ ഒരിക്കല്‍ മാറ്റിവച്ച ഫയലുകളെല്ലാം അവര്‍ പൊടിതട്ടിയെടുത്തു. വീണ്ടും ജപ്തി നോട്ടീസുകള്‍ വന്നു. അതിനിടയില്‍ ഹൈക്കോടതി ജപ്തി നോട്ടീസുകള്‍ അയക്കുന്നത് വിലക്കിക്കൊണ്ട് നിര്‍ദേശം പുറപ്പെടുവിച്ചു. എന്നിട്ടും നോട്ടീസുകള്‍ പിന്നെയും വന്നുകൊണ്ടേയിരുന്നു.10.90 കോടി രൂപ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ ഫയല്‍ സെക്രട്ടേറിയറ്റിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ശാപമോക്ഷം ലഭിക്കാത്ത മറ്റു ഫയലുകളുടെ കൂടെ ഇപ്പോഴും കിടക്കുന്നുണ്ടാകണം.

ദുരിതബാധിതരായ കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ മാനസിക വികാസം ലക്ഷ്യമിട്ടും തുടങ്ങിയ സംരംഭമാണ് ബഡ്‌സ് സ്‌കൂളുകള്‍. നാലുവര്‍ഷം മുന്‍പ് ഏഴ് ബഡ്‌സ് സ്‌കൂളുകളാണ് തുടങ്ങിയത്. പക്ഷേ ലക്ഷങ്ങളുടെ കോഴ വാങ്ങി ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ തിരക്ക് കൂട്ടിയ സര്‍ക്കാര്‍ ഒരു നേരമ്പോക്കിന് വേണ്ടിയെങ്കിലും ബഡ്‌സ് സ്‌കൂളുകളെ തിരിഞ്ഞു നോക്കിയില്ല. ഇന്നും എഴിടത്തും സ്വന്തമായി കെട്ടിടമില്ല. ഉള്ളതൊക്കെ ആല്‍ബസ്‌റ്റോസ് ഷീറ്റുകള്‍ കൊണ്ട് മൂടിയ കെട്ടിടങ്ങളാണ്. ഒരു തരത്തിലുമുള്ള ഏകോപനം അവിടങ്ങളില്‍ ഇല്ല. അധ്യാപകര്‍ക്കാകട്ടെ തുച്ഛമായ ശമ്പളം മാത്രമാണുള്ളത്. വഴിയെ പോകുമ്പോള്‍ തണലിന് വേണ്ടിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അങ്ങോട്ട് പോകാറില്ല. ഇതൊക്കെയും കണ്ട് മനസ്സിലാക്കിയ ഒരു കാസര്‍ഗോഡുകാരന്റെ സാക്ഷ്യങ്ങളാണിവയൊക്കെയും.

ഇതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ എഴുതേണ്ടിയിരുന്ന ലേഖനമാണിത്. എന്നിട്ടും പരമാവധി കണക്കുകളും അവസ്ഥകളും കൊണ്ട് മാത്രം കാര്യങ്ങള്‍ പറഞ്ഞത് വൈകാരികമായ പരിഗണകളില്‍ പെട്ട് ഗൗരവം നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടാണ്. നമ്മുടെ ഭരണകൂടവും അതിന്റെ മറപറ്റി കോടികള്‍ കട്ടുതിന്നുന്ന ഭരണ ഉദ്യോഗസ്ഥ വൃന്ദവും എല്ലാം ചേര്‍ന്ന് മനുഷ്യരാണെന്ന പരിഗണന പോലും നല്‍കാതെ ഒരു ജനതയെ എങ്ങനെയാണ് അവഗണിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് നഗ്‌നമായ ഈ അവഗണനകള്‍.

വെള്ളമിറക്കാന്‍ പോലും സാധിക്കാതെ നാവ് വളര്‍ന്നുവരുന്ന കുഞ്ഞിനേയും ദിവസംതോറും തല വളരുന്ന കുഞ്ഞിനേയും ഒന്നനങ്ങിയാല്‍ എല്ലുകള്‍ പൊട്ടിപ്പൊടിയുന്ന കുഞ്ഞിനേയും നിങ്ങളറിയണം. ഭക്ഷണം കഴിച്ചില്ലെങ്കില്‍ കൂടി വയര്‍ വീര്‍ത്ത് വരുന്ന മനുഷ്യരുള്ള നാടാണ് അവിടം. കണ്ണില്ലാത്ത അനേകരുണ്ടവിടെ, ഇരുപത്തി അഞ്ച് വയസ്സായിട്ടും അഞ്ചുവയസ്സിന്റെ പ്രായം പോലും തോന്നിക്കാത്ത മനുഷ്യരുണ്ടവിടെ.

എന്നിട്ടും നമ്മളാ മനുഷ്യരെ കണ്ടില്ലെന്ന് നടിക്കുന്നു. നേരംപോക്കുകളില്‍ താരം നിറഞ്ഞ സിനിമയുടെ എസ്‌തെറ്റിക്ക്‌സ് മാത്രം ചര്‍ച്ചയാക്കുന്നു. ഒരു സിനിമ കൊണ്ട് അടയാളപ്പെടുത്താവുന്നതല്ല ആ മനുഷ്യരുടെ നീറ്റലുകള്‍. ഇപ്പോഴും വടക്കുള്ള ആ ജനത ഇനിയും കനിയാത്ത ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുന്നുണ്ട്… കാണാതെ പോകരുതേ ആ നോട്ടങ്ങളെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍