UPDATES

ഈ അമ്മമാരുടെ ഒരേ പ്രാര്‍ത്ഥന; തങ്ങള്‍ക്ക് മുന്നേ മക്കള്‍ മരിക്കണം

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം യഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും താമസിക്കരുത്

ഒന്നിക്കില്‍ നമ്മള്‍ക്ക് മുന്നേ ഇവര് മരിച്ച് പോണം, ഇല്ലേപ്പിന്ന എല്ലാരും ഒരുമിച്ച് പോകാനുള്ള പണി നോക്കണം അത്രതന്നെ…

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അരുണിന്റേയും, സൗമ്യയുടേയും അച്ഛന്‍ ഗണേഷ്‌റാവുവിന് 58 വയസുണ്ട്. അമ്മ സുമിത്രയ്ക്ക് 45ഉം.. വാര്‍ദ്ധക്യത്തോടടുക്കുന്ന ഈ ദമ്പതികള്‍ തങ്ങളുടെ കാലശേഷം മക്കളെ ആരെ ഏല്‍പ്പിക്കുമെന്നോര്‍ത്ത് കരയുമ്പോള്‍… ഉത്തരം പറയേണ്ടത് സര്‍ക്കാരാണ്. എവിടെ പുനരധിവാസ ഗ്രാമം?

കാസര്‍ഗോഡ് നഗരത്തില്‍ നിന്നും മുള്ളേരിയ വഴി ബെള്ളൂരിലെത്താം. പിന്നെ ജീപ്പ് സര്‍വ്വീസ് പോലുമില്ലാത്ത വഴിയാണ്. ഇതുവഴി ഇരുപത് മിനിറ്റോളം സഞ്ചരിച്ചാല്‍ ഐത്തനടുക്കയിലെത്താം. ചുറ്റും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പൂത്ത കശുമാവിന്‍ തൈകള്‍. കുത്തനെയുള്ള മണ്‍പാതയിലൂടെ താഴേക്ക്. കവുങ്ങിന്‍ തോപ്പുകളുടെ വക്കിലൂടുള്ള ഇടുങ്ങിയ പാതയിലൂടെ വീണ്ടും മുന്നോട്ട്. ചുവന്ന ചെമ്പരത്തിപ്പൂക്കള്‍ നിറഞ്ഞവേലികടന്ന്, കവുങ്ങിന്‍ തോപ്പിലൂടെ മുകളിലേക്ക് ചെന്നാല്‍ നിറയെ ഉണക്കാനായി അടക്കകള്‍ നിരത്തിയ മുറ്റം കാണാം. ഇതാണ് കൂടലുകാരന്‍ ഗണേശ് റാവുവും, കാഞ്ഞങ്ങാടുകാരി സുമിത്രയും വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്. നീണ്ട കാലത്തെ ദാമ്പത്യത്തിനിടയില്‍ കിട്ടിയ രണ്ടു കണ്‍മണികളും വീടിനകത്ത് ഇഴഞ്ഞ് നടക്കുന്നത് കണ്ട് കണ്ണീരൊലിപ്പിച്ച അകത്തളങ്ങളും, കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് സ്വപ്‌നങ്ങള്‍ നെയ്തതും, സര്‍വ്വതും തകര്‍ത്തുകളഞ്ഞ വിധിയെ പഴിച്ചതും ഈ മുറികളിലിരുന്നാണ്. വര്‍ഷങ്ങളായി, ഈ അമ്മ ബന്ധുക്കളെയും നാട്ടുകാരെയും കണ്ടിട്ട്. കണ്ണൊന്ന് തെറ്റിയാല്‍ തന്റെ പൊന്നോമനകള്‍ക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയമാണ് ഈ അമ്മയ്ക്ക്.

എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തത്തില്‍ നിന്നും ഇനിയും കരകേറിയിട്ടില്ല കാസര്‍ഗോഡുകാര്‍ എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സൗമ്യയുടേയും അരുണ്‍ കുമാറിന്റേയും അമ്മയായ ഐത്തനടുക്കയിലെ സുമിത്ര. ഇവരുടെ ചികിത്സയോ, ലോണിന്റെ തിരിച്ചടവുകളോ, ആരോഗ്യമോ ഒന്നുമല്ല ഈ അമ്മയെ അലട്ടുന്ന പ്രശ്‌നം. ദിവസം കഴിയുംതോറും പ്രായം കൂടിവരുന്നുവെന്ന ചിന്ത ഈ അമ്മമനസ്സിനെ പൊള്ളിക്കുന്നുണ്ട്. പ്രായം കൂടി വരുംതോറും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങും. കാഴ്ചയും, കേള്‍വിയും, സംസാരവുമില്ലാത്ത നടക്കാനാകാതെ ഇഴഞ്ഞും മണം തിരിച്ചറിഞ്ഞും കഴിയുന്ന തന്റെ രണ്ട് മക്കളെ ആരെ ഏല്‍പ്പിക്കണമെന്നോര്‍ക്കുമ്പോള്‍ ഉത്തരമില്ലാത്ത ചോദ്യത്തിന്റെ കടല്‍ച്ചുഴിയില്‍ കിടന്ന് പുളയും സുമിത്ര. കാലങ്ങളായുള്ള ആലോചനയ്‌ക്കൊടുക്കം ഒരുത്തരവും സുമിത്ര കരുതിവെച്ചിട്ടുണ്ട്. ഒന്നിക്കില്‍ നമ്മള്‍ക്ക് മുന്നേ ഇവര് മരിച്ച് പോണം, ഇല്ലേപ്പിന്ന എല്ലാരും ഒരുമിച്ച് പോകാനുള്ള പണി നോക്കണം അത്രതന്നെ.. ഒരക്ഷരം പോലും പതറാതെ ആ അമ്മ പറഞ്ഞുതീര്‍ത്തു.

ഇത് സുമിത്രയുടെ മാത്രം പ്രശ്‌നമല്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രക്ഷിതാക്കള്‍ക്കെല്ലാമുള്ള ഭയമാണ്. ഇരകള്‍ പലഭാഗത്തും മരിച്ചു തീരുന്ന വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന സുമിത്രയും, ഭര്‍ത്താവ് ഗണേഷ്‌റാവുവും അതിനെ കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗ്യമായി കാണുന്നു. ഓരോ ഇടത്തും കൊറേ കുഞ്ഞ്യള് മരിക്ക്ന്ന്ണ്ട്. അയിന്റെയെല്ലം അച്ചന്റേം, അമ്മേന്റേം ഭാഗ്യം. ജീവനുള്ളരെന്നെ എല്ലാം കാണാനായല്ലാ… ഓര്‍ക്ക് ചത്താ കണ്ണടയും. സുമിത്ര പറയുന്നു.

തളര്‍ന്നതും, ഈര്‍ക്കിലുപോലെ നേര്‍ത്തതുമായ കാലുകള്‍ അകത്തേക്ക് മടക്കി, ദേഹം വളച്ച് ബെഞ്ചിനിടയില്‍ കൂനിക്കൂടി കിടക്കുകയാണ് പതിനെട്ട് വയസ്സുകാരന്‍ അരുണ്‍ കുമാര്‍. ശബ്ദം കേള്‍ക്കാനോ തിരിച്ചറിയാനോ ഇല്ലാത്ത ആ അര ജീവന്‍ പതിവില്ലാത്ത മനുഷ്യരുടെ ഗന്ധം വലിച്ചെടുത്തപ്പോള്‍, അച്ചനും അമ്മയുമല്ലാത്ത ആരൊക്കെയോ ഇവിടുണ്ടെന്ന തിരിച്ചറിവില്‍ മുഖമുയര്‍ത്തി. കാഴ്ച തീരെക്കുറഞ്ഞ കണ്ണുകളില്‍ അവന് ഞങ്ങളെ കാണാനാകുമായിരുന്നില്ല. എന്തൊക്കെയോ ഞരക്കം പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അവന്‍ വീണ്ടും, വീണ്ടും ബെഞ്ചിനടിയില്‍ കൂനിക്കൂടി. അരുണിന്റെ ദിവസങ്ങള്‍ അങ്ങനെ ഞരങ്ങിയും, മൂളിയും, ഇഴഞ്ഞിഴഞ്ഞ് കോലയയിലൂടെ ഇഴഞ്ഞും തീര്‍ന്നുകൊണ്ടിരിക്കുന്നു.

അരുണിന്റെ സഹോദരി സൗമ്യയെ അടുത്തെങ്ങും കണ്ടില്ല. ഓള് പണീന്റെ തെര്ക്കിലിണ്ട്, മുറ്റത്തേക്കിറങ്ങിക്കൊണ്ട് ഗണേശ്‌റാവു പറഞ്ഞു. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചിട്ടിരിക്കുന്ന പാളയുടെ കഷ്ണങ്ങള്‍ക്കിടയില്‍ സൗമ്യയെ കണ്ടു. കാഴ്ച തീരെയില്ലെങ്കിലും, അവള്‍ മണം പിടിച്ച് ആളുകളെ തിരിച്ചറിഞ്ഞു. പിന്നെ വീണ്ടും അവള്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. മൊട്ടയടിച്ച തലയും, ഉള്ളിലേക്ക് വളഞ്ഞുപോയ കാല്‍പ്പാദങ്ങളും, കേള്‍വി ഇല്ലാത്ത കാതും, കാഴ്ചയില്ലാത്ത കണ്ണുകളും, അമ്മേ എന്ന് ഒന്നുറക്കെ വിളിക്കാനാകാത്ത നാക്കുമായി പേരിന് മാത്രം ഒരു മനുഷ്യക്കോലം.

ഒന്നിനും കയ്യൂല എന്റെ കുഞ്ഞ്യള്ക്ക്. സൗമ്യേനെ പണ്ട് ഓളെ അമ്മാമേന്റട്ത്ത് കൊണ്ടാക്കീനേനും, പിറ്റേത്തെ ദിവസെന്നെ ആട്ന്ന് വിളിവന്ന് ഇബളെ നോക്കാന്‍ ഓര്‍ ആക്ന്നില്ലാന്ന് പറഞ്ഞിറ്റ്. ഞാളല്ലാതെ ബേറാര് നോക്കാനായിറ്റ്? നേരെയുള്ള കുഞ്ഞ്യളത്തന്നെ ആരും തിരിഞ്ഞ് നോക്കൂലാ… അപ്പളല്ലാ… ഉരിയാട്ടം ഇല്ലാണ്ട്, എണീറ്റ് നടക്കാണ്ട്, കണ്ണും, കാതും ഇല്ലാണ്ടുള്ള നമ്മളെ കുഞ്ഞ്യളെ നോക്കാന്… ഹം…ഹ് ; സുമിത്ര പറഞ്ഞു കൊണ്ടേ ഇരുന്നു. കുഞ്ഞീലെല്ലം ഇവരിങ്ങനെയല്ലേനും. അരുണ് നടന്നിനേനും, എന്നരേ.. ഒരേ പ്രായുള്ള പിള്ളറോഡൊന്നും മിണ്ടാട്ടമില്ല, യോറൊക്കെ കളിക്കൂം ചെയ്യ്ല്ല. ബെല്താവ്മ്പം എല്ലും ശരിയാവുംന്ന് നിരീച്ചിനേനും. ഇപ്പം ഒന്നും ഇല്ലാണ്ടായി. ബെശക്കുമ്പോ ഓരെ സ്ഥലത്ത് പോയിരിക്കും. അന്നരം ചോറ് വാരിക്കൊടുക്കും. വയസിത്രായിറ്റും സ്വന്തായിറ്റ് ഒന്ന് പല്ല് തേക്കാനോലും കയ്യൂലെന്റെ മോന്…

നിങ്ങ കാണ് ന്നില്ലേ.. ഓന്‍ ബെല്യ ബാല്യക്കാരനാന്ന്. കോളേജിലെല്ലം പോയി പടിക്കണ്ട സമയായി. ഓളെ കെട്ടിക്കാന്‍ ആയി. രണ്ടാളും നമ്മള നോക്കാനായിന്. ഇപ്പളും ഒരു മുട്ടായി കണ്ടം വരെ എങ്ങനെ തിന്നണം ന്നറീല എന്റെ മക്കള്ക്ക്.. ബുദ്ധി ശൂന്യം.. ഗണേഷ് റാവു പറയുന്നു.

ഇവരെ ചികിത്സിക്കാനായി ബാങ്കുകളില്‍ നിന്നെടുത്ത കടം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നെങ്കിലും നിരന്തരം ബാങ്ക് നോട്ടീസുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ കുടുംബം. ചികിത്സാ ചിലവിനായി ബെള്ളൂര്‍ കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് സൊസൈറ്റി, കാസര്‍ഗോഡ് പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നായി എടുത്ത അന്‍പതിനായിരം രൂപ ഇന്ന് ഒന്നരലക്ഷം രൂപയായി കൂടിയെന്നും, ബാങ്കില്‍ നിന്നുള്ള കടലാസുകള്‍ അടിക്കടി വന്നുകൊണ്ടിരിക്കുമ്പോള്‍ ആകെ പേടിയാണെന്നും ഗേേണഷ് റാവു പറയുന്നു. അടക്ക കൃഷിമാത്രം ആശ്രയിച്ച് കഴിയുന്ന ഈ കുടുംബത്തിന് ഇത്രയും വലിയ തുക തിരിച്ചടക്കാനുള്ള കഴിവില്ലെന്നറിഞ്ഞിട്ടും, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായിരുന്നിട്ടും ഇരകളെ കൊള്ളയടിക്കുന്ന സമീപനമാണ് ബാങ്കുകളും സ്വീകരിച്ചിരിക്കുന്നത്.

മുക്കിലും മൂലയിലും ഇരകളായവര്‍ പലരും മരിച്ചു തീര്‍ന്നുകൊണ്ടിരിക്കുന്നുണ്ടിവിടെ. ഭയപ്പെടുത്തുന്നതരത്തില്‍ തല വളര്‍ന്നതും, കണ്ണും നാക്കും പുറത്തേക്ക് തള്ളിയും, നേര്‍ത്ത് വടിപോലായ കലുകളോടെയും, ദേഹം മുഴുവനും ചൊറിഞ്ഞു പൊട്ടിയും, പ്രായത്തിനൊത്ത് വളരാത്ത മനസ്സും ശരീരങ്ങളുമൊക്കെയായി. അപ്പോഴും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ഈ മണ്ണില്‍ നടപ്പിലാകുന്നില്ല. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലുപയോഗിക്കാന്‍ കൊള്ളാവുന്ന തന്ത്രം എന്നതിനപ്പുറം ഇരകളോട് സര്‍വ്വത്ര നീതി നിഷേധമാണ് സര്‍ക്കരാരിന്നും കാണിച്ചു വരുന്നത്. എന്‍ഡോസള്‍ഫാന്‍ സെല്‍ പോലും മരണം മുന്നില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്ത കാലത്ത് പുറത്തുവന്ന കോടതി ഉത്തരവില്‍ പോലും ഇവിടുത്തെ അമ്മമാര്‍ക്ക് വിശ്വാസമില്ല. നിരവധി തവണ വഞ്ചിതരായ സമൂഹമാണ് ഞങ്ങള്‍… ഇനിയും അത് തുടരാം ഞങ്ങളുടെ മരണം വരെ തുടരാം… അമര്‍ഷത്തിന്റെ കടുത്ത വാക്കുകളില്‍ തേങ്ങലടക്കിപ്പിടിച്ച് സുമിത്രയ്‌ക്കൊപ്പം ഇരകളുടെ എല്ലാ അമ്മമാരും ഉറക്കെയുറക്കെ വിളിച്ചു പറയുന്നു..

(എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ ചിത്രങ്ങള്‍ മാതാപിക്കളുടെ അനുവാദത്തോടെ പകര്‍ത്തിയതാണ്)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍