UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍- ഉറപ്പുകള്‍ പാഴ്വാക്കാകരുത്; ഇനിയെങ്കിലും

Avatar

ധന്യ അംബിക ലക്ഷ്മി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നീതിക്കായി നടത്തിയ മറ്റൊരു സമരം കൂടി കഴിഞ്ഞ ദിവസം അവസാനിച്ചു. ഭരണകൂടവും സമൂഹവും കണ്ടില്ലെന്ന്‍ നടിക്കുകയും വീണ്ടും വീണ്ടും അവഗണിക്കുകയും ചെയ്ത ഒരു കൂട്ടം മനുഷ്യര്‍ അതിജീവനത്തിനായി വര്‍ഷങ്ങളായി മുട്ടാത്ത വാതിലുകളില്ല.

 

കോട്ടയംകാരിയും കൂട്ടത്തില്‍ അടുത്തകാലംവരെ പ്രവാസിയുമായിരുന്ന എനിക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്ന് കേള്‍ക്കുമ്പോഴാക്കെ അത്രയൊന്നും നടുക്കം അനുഭവപ്പെട്ടിരുന്നില്ല. മധുരാജിന്റെ ചിത്രങ്ങള്‍ ദുരന്തത്തിന്റെ ആഴം വിളിച്ചു പറഞ്ഞപ്പോഴാണ് ആദ്യമായി എന്‍ഡോസള്‍ഫാന്റെ വിഷമഴ എത്ര വലിയ ദുരന്തമായിരുന്നു എന്ന് മനസ്സിലാക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഞാന്‍ തിരുവനന്തപുരത്തെ സമരപന്തലിലാണ് ആദ്യമായി ഇവരെ കണ്ടുമുട്ടുന്നത്.

 

‘ഇരകള്‍’ എന്ന വാക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കാന്‍ ശീലിച്ച മലയാളിക്ക് എന്‍ഡോസള്‍ഫാന്‍ ഇരയെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഞെട്ടലുണ്ടാകണമെന്നില്ല. പക്ഷേ, ഇവിടെ സമരപ്പന്തലില്‍ കണ്ടത് ദുരന്തത്തിന്റെ ബാക്കിയായ ഒരുകൂട്ടം മനുഷ്യരെയാണ്. ഇങ്ങനെ എത്രയോ പേര്‍ സംസ്ഥാനത്തിന്റെ വടക്കേ മൂലയില്‍ സംരക്ഷിക്കേണ്ടവരാല്‍ സംരക്ഷണം ലഭിക്കാതെ അവഗണന മാത്രം അഭിമുഖീകരിച്ച് വര്‍ഷങ്ങളായി ജീവിക്കുന്നു എന്നോര്‍ക്കുമ്പോള്‍ നടുക്കം മാറുന്നില്ല. രാഷ്ട്രീയ ജീവികളെന്ന് അഹങ്കാരത്തോടെ പറയുന്ന മലയാളികള്‍ക്ക് ഇരകളുടെ രാഷ്ട്രീയത്തെപ്പറ്റിയോ പാരിസ്ഥിതിക ദുരന്തങ്ങളുണ്ടാകുന്ന ബഹുരാഷ്ട്രകീടനാശിനി – കുത്തകകളുടെ ഇടപെടലുകളും അവരുടെ രാഷ്ട്രീയവും അറിയാത്തതാണോ അതോ അറിയില്ലെന്ന് നടിക്കുന്നതോ? അതോ പ്രതിഷേധം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മതിയാക്കാം എന്നു തോന്നിയതോ?

 

 

ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന കുട്ടികള്‍, നടക്കാനുള്ള ബലമില്ലാത്തവര്‍, കൈവിരലുകള്‍ ഇല്ലാത്തവര്‍, കാഴ്ചയില്ലാത്തവര്‍ അങ്ങനെ നിരവധി ഇരകള്‍ സമരപ്പന്തലിലുണ്ടായിരുന്നു. അവരേക്കാള്‍ ദുരിതമനുഭവിക്കുന്ന അവരുടെ അമ്മമാരും. എന്‍ഡോസള്‍ഫാന്‍ ദുരന്തവും അതുണ്ടാക്കിയ നടുക്കുന്ന പ്രത്യാഘാതങ്ങളും ഒക്കെ നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതാണല്ലോ. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു തന്നെ പറയേണ്ടതാണെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അറിയുന്ന കാര്യമായതിനാല്‍ അത് ചെയ്യുന്നില്ല. കൈപിടിച്ചുയര്‍ത്തേണ്ട സര്‍ക്കാര്‍ തന്നെ അതിക്രൂരമായി അവഗണിച്ച ചരിത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഇരകളുടേത്. പ്രഖ്യാപിച്ചതും നല്‍കിക്കൊണ്ടിരുന്നതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും മൂന്നു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി; സ്വന്തം ജനതയെ ഇത്രയേറെ ശിക്ഷിച്ച ഒരു സര്‍ക്കാര്‍ വേറെവിടേയും കാണില്ല.

 

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി
ഉമ്മന്‍ ചാണ്ടീ, ഓര്‍മയുണ്ടോ മുനീസയെ? അവര്‍ സെക്രട്ടറിയേറ്റ് പടിക്കലുണ്ട്
മനസാക്ഷിയെന്നെന്നുണ്ടോ? ഉമ്മന്‍ ചാണ്ടിയോട് 108 അമ്മമാര്‍ക്ക് ചോദിക്കാനുള്ളത്
സമരം തുടരുമെന്നു പറഞ്ഞവരോടു അവിടെ കിടന്നോളാന്‍ പറയുന്നതോ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ ഭരണം
ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക
ഒരു സിനിമയില്‍ ഒതുക്കുവാനാകില്ല വിഷമഴ നനഞ്ഞ ആ മനുഷ്യരെ

 

പ്രഖ്യാപനങ്ങള്‍ വെറും പാഴ്‌വാക്കുകളാകുകയും പറഞ്ഞു പറ്റിച്ച സര്‍ക്കാരിനു മുന്‍പില്‍ വീണ്ടും പ്രതീക്ഷയോടെ കൈനീട്ടുകയും ച്ചെയ്യേണ്ട ദുര്‍ഗതിയും ഇവര്‍ക്കുണ്ടായി. ഒടുവില്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ചോദിച്ച് സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ പട്ടിണി സമരം നടത്താനെത്തിയ ഇരകളെ നോക്കി നിങ്ങള്‍ വെറും രാഷ്ട്രീയ പാവകളാണന്ന് വിളിച്ചു പറഞ്ഞ രാഷ്ട്രീയക്കാരെ മന:സാക്ഷിയുള്ളവരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ (ഉറപ്പുകളെന്ന് പറയാന്‍ ഇനിയും തോന്നുന്നില്ല) ഇനിയെങ്കിലും നടപ്പാക്കിയേ തീരൂ. 3500-ഓളം വരുന്ന നിലവിലെ ലിസ്റ്റ് 5887 പേരുകള്‍ ഉള്‍പ്പെട്ട പുതിയ ലിസ്റ്റായി അംഗീകരിക്കുമ്പോള്‍ത്തന്നെ പുതുതായി നടത്താന്‍ തീരുമാനിച്ച മെഡിക്കല്‍ ക്യാമ്പുകളില്‍ പുതിയ ഇരകളെ കണ്ടെത്തുകയാണെങ്കില്‍ അവരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വേണം. അതിനു പക്ഷേ കാലതാമസവുമരുത്. ചുവപ്പുനാടുകളില്‍ അകാലമൃതു വരിക്കപ്പെടാന്‍ വിധിക്കപ്പെടുന്ന ഫയലുകളുടെ കൂട്ടത്തില്‍ നിന്നും ദുരിതബാധിതരുടേയും അവരെ സംബന്ധിക്കുന്നതുമായ ഫയലുകള്‍ മുഴുവനും രക്ഷിച്ചെടുക്കേണ്ടതുണ്ട്.

 

അതങ്ങന്നെതന്നെയാകണമെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം പൊതു പ്രവര്‍ത്തകരുടേതും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുരധിവാസത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടേയും മാത്രമായിക്കൂടാ. പകരം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമിതി നമുക്കുണ്ടാകേണ്ടതുണ്ട്. ദുരിതം ബാധിച്ചവരെ മാത്രമല്ല വരുന്ന തലമുറയെകൂടി മുന്നില്‍ കണ്ടിട്ടുള്ളതാകണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍; അതിനു കൂടിയുള്ളതാകണം കഴിഞ്ഞ സമരത്തില്‍ നിന്നും കിട്ടിയ ഊര്‍ജ്ജം. നിലവില്‍ ‘താത്കാലിക’മായെങ്കിലും ലഭിച്ച വാഗ്ദാനങ്ങള്‍ ഉറപ്പുകളും അവകാശങ്ങളുമായി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനം. ഇനിയും ആയിരക്കണക്കിന്നു ഇരകളെ, ഭരണകൂടത്തിന്റെ ദയ കാത്ത് സെക്രട്ടേറിയറ്റിനു മുന്‍പില്‍ പിച്ച തെണ്ടിക്കാന്‍ ഇടയാക്കരുത്. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്. ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല.

 

അഴിമുഖം പ്രസിദ്ധീകരിച്ച ധന്യയുടെ മറ്റൊരു ലേഖനം; താടിയിലും മുടിയിലും വളരുന്ന മാവോയിസം

 

 

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍