UPDATES

എന്‍ഡോസള്‍ഫാന്‍: എല്ലാ വിധികളും അനുകൂലം, എന്നിട്ടും നഷ്ടപരിഹാരം ഇല്ല; ആ നാലമ്മമാര്‍ വീണ്ടും കോടതിയിലേക്ക്

6712 പേരാണ് നിലവിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റിലുള്ളത്. ഇവരില്‍ പലര്‍ക്കും ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിക്കാത്തവരാണ് അധികവും.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ വീണ്ടും ഹര്‍ജി നല്‍കാനൊരുങ്ങി നാലു കുട്ടികളുടെ അമ്മമാര്‍. നേരത്തെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും അനുകൂലവിധിയുണ്ടായെങ്കിലും ഇവര്‍ക്ക് സർക്കാർ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഇതാണ് നീതി തേടി വീണ്ടും കോടതിയിൽ പോകാൻ ഇവരെ നിർബന്ധിതരാക്കിയത്.

മാധവി, ജമീല, സിസിലി, രമ്യ എന്നിവരാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച ആ നാലമ്മമാര്‍. 4000 ത്തോളം ആളുകള്‍ക്കാണ് സുപ്രീംകോടതി വിധി പ്രകാരം ഇനിയും സാമ്പത്തിക സഹായം കിട്ടേണ്ടത്. എന്നാല്‍ കേസിനു പോവുക എന്നത് എല്ലാവര്‍ക്കും പ്രായോഗികമല്ലാത്തതിനാലാണ് നാലു പേർ മാത്രം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് എന്‍ഡോസൾഫാൻ പീഡിത മുന്നണിയുടെ പ്രസിഡന്റും ഇരയുമായ മുനീസ പറയുന്നു.

കോടതിയലക്ഷ്യ കേസിലെ വിധി പ്രകാരം രണ്ടുമാസത്തിനകം നഷ്ടപരിഹാര തുകയായ 5 ലക്ഷം രൂപ കൊടുത്തു തീര്‍ക്കണം എന്നായിരുന്നു നിർദ്ദേശം. കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിധി വന്നത്. വിധി വന്ന് ഒന്നരമാസം കഴിഞ്ഞപ്പോള്‍ കലക്ട്രേറ്റില്‍ നിന്നും ഈ അമ്മമാരില്‍ നിന്നും പാസ്ബുക്കും മറ്റ് രേഖകളുമെല്ലാം വാങ്ങിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സെപ്തംബര്‍ മാസം അവസാനിക്കാറായിട്ടും കോടതി വിധി പ്രകാരമുള്ള ധനസഹായം അവര്‍ക്ക് ലഭിച്ചിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായ കീടനാശിനി കമ്പനികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. നല്‍കിയ ഹര്‍ജിയില്‍ 2017ലാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയുടെ വിധി വന്നത്. തുക ലഭിച്ചില്ലെന്നുകാട്ടി നാലു കുട്ടികളുടെ അമ്മമാര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കി. ഇവര്‍ക്കും രണ്ടുമാസത്തിനകം അഞ്ചുലക്ഷംരൂപ വീതം നല്‍കാന്‍ ഇക്കഴിഞ്ഞ ജൂലായ് മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സമീപിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

6712 പേരാണ് നിലവിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റിലുള്ളത്. ഇവരില്‍ പലര്‍ക്കും ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിക്കാത്തവരാണ് അധികവും. സുപ്രീം കോടതി വിധിപ്രകാരം ഈ 6712 പേര്‍ക്കും നഷ്ടപരിഹാരമായി 5 ലക്ഷം രൂപ കൊടുക്കേണ്ടതാണ്. ചിലര്‍ക്കത് 3 ലക്ഷമായി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 3000 ത്തില്‍ അധികം ആളുകള്‍ക്ക് ഒരു സഹായവും എവിടെ നിന്നും ലഭിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലിസ്റ്റില്‍ 511 പേരെയാണ് ദുരിത ബാധിതരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 15 ഓടുകൂടിയാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുിയത്. എന്നിട്ടും ഇതുവരെയായിട്ടും അവര്‍ക്ക് മാസം കൊടുക്കുന്ന പെന്‍ഷന്‍ പോലും അനുവദിച്ചിട്ടില്ല. സ്‌പെഷല്‍ ക്യാമ്പ് നടത്തിയാണ് ഇത്തരത്തില്‍ അവശത അനുഭവിക്കുന്നവരെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

“ഞങ്ങള്‍ക്ക് നഷ്ടപരിഹാരം കോടതി അനുവദിച്ചതാണ്. എന്നാല്‍ രണ്ട് മാസമായി അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ അവസ്ഥ ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ വീണ്ടും കേസിന് പോവുക എന്നത് മാത്രമാണ് ഞങ്ങളുടെ മുന്‍പിലുള്ള വഴി. കലക്ട്രേറ്റില്‍ പോയി അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന വിവരം ശരിയാകും എന്നു തന്നെയാണ്. “എന്‍ഡോസൾഫാൻ ഇരയായ  അഫ്‌സലിന്റെ ഉമ്മ ജമീല അഴിമുഖത്തോട് പറഞ്ഞു. “നേരത്തെ കോടതിയില്‍ പോയ ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ല. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി അവരായതിനാലായിരിക്കും അവരൊന്നും മിണ്ടുന്നില്ല.” ജമീല കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് ഡിവൈഎഫ്‌ഐയുടെ കേസിലാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഡിവൈഎഫ്‌ഐ മാത്രമെ ഉണ്ടായിട്ടുള്ളൂ. സംസ്ഥാന ഗവണ്‍മെന്റ് വന്നതിനുശേഷവും സാധ്യമായ ഇടപെടലുകളെല്ലാം നടത്തിയിട്ടുണ്ട്. കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്നതാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. കേന്ദ്രസർക്കാറിൻ്റെ ഭാഗത്തു നിന്നു കൂടി ഇടപെടലുകള്‍ ആവശ്യമാണ്.  സിപിഎം നേതാവും എംഎല്‍എയുമായ ടി വി രാജേഷ് പ്രതികരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായ കീടനാശിനി കമ്പനികള്‍ക്കെതിരേ ഡിവൈഎഫ്‌ഐ ഹര്‍ജി നല്‍കുമ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ഹര്‍ജിക്കാരനുമാണ് ടി വി രാജേഷ് എംഎല്‍എ.

ദുരിത ബാധിതർക്ക് ചികിത്സയ്ക്ക് പറ്റിയ ആശുപത്രികൾ സമീപ പ്രദേശങ്ങളിലെന്നതാണ് ഇവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട്. ചികിൽസ ലഭ്യമാക്കണമെന്ന കോടതി വിധിയും ഫലത്തിൽ നടപ്പിലാക്കപ്പെടുന്നില്ലെന്ന് ഇവർ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ചികിത്സ രംഗത്താണ്. കാസര്‍ഗോഡ് ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ കൂടി ഒരു ന്യൂറോളജിസ്റ്റ് ഇല്ല. ഇത്രയും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ഥലത്ത് സ്വകാര്യ ആശുപത്രിയില്‍ പോലും ന്യൂറോളജിസ്റ്റ് ഇല്ല എന്നത് എന്ത് കഷ്ടമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി മംഗലപുരത്തേക്കും പരിയാരം മെഡിക്കല്‍ കോളേജിലേക്കുമെല്ലാം പേകേണ്ട അവസ്ഥയാണുള്ളത്. ചികിത്സയ്ക്കായി കണ്ണൂര്‍ ജില്ലയേയും അന്യ സംസ്ഥാനത്തേയുമെല്ലാമാണ് ഇപ്പോള്‍ ഞങ്ങള്‍ ആശ്രയിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും കഴിഞ്ഞാല്‍ പിന്നെയുള്ള സ്ഥലം തിരുവനന്തപുരമാണ്. ഈ ഒരു പ്രശ്‌നത്തിന് പപരിഹാരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. എന്നിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതതര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണം എന്ന സുപ്രീം കേടതി വിധിയും ഇവിടെ നടപ്പിലാകുന്നില്ല എന്നതിന് തെളിവാണിത്. ചികിത്സ സൗജന്യമാണെങ്കിലും പലപ്പോഴും ചികിത്സ തേടി പോകാനുള്ള വഴികള്‍ എളുപ്പമുള്ളതാകാറില്ല. മുനീസ അഴിമുഖത്തോട് പറഞ്ഞു.

ദുരിതബാധിതരായി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമെ സൗജന്യമായി ചികിത്സ ലഭിക്കുകയുള്ളൂ. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത, എന്നാല്‍ ദുരിതമനുഭവിക്കുന്ന ഒരുപാട് പേര്‍ ചികിത്സയ്ക്കും മറ്റുമായി കഷ്ടപ്പെടുന്നുണ്ട്. അവര്‍ ചികിത്സ ചിലവിനുള്ള പണം കടമെടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിതള്ളാറുണ്ടെങ്കിലും ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ഇവരുടെ കടങ്ങള്‍ അത്തരത്തില്‍ തള്ളപ്പെടാന്‍ യാതൊരു സാധ്യതയുമില്ല. ഇനി ലിസ്റ്റില്‍ വന്നാല്‍ തന്നെ ലിസ്റ്റില്‍ വരുന്നതിനു മുന്‍പ് ചികിത്സയ്ക്കായി കടമെടുത്ത പണം എഴുതിതള്ളുകയുമില്ല. അത്തരത്തിൽ ദുരിതമനുഭവിക്കുന്നവരും ഇവിടെ ഏറെയുണ്ട്. അതിനാല്‍ തന്നെ കോടതി വിധി പ്രകാരം പറഞ്ഞ പണം എത്രയും പെട്ടന്ന് ലഭിക്കണം എന്നത് ഇവരുടെ പ്രധാന ആവശ്യമാണ്. ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ധനസഹായം മാസം ലഭിക്കുന്ന പെന്‍ഷനാണ്.

ചികിത്സ ലഭിക്കുന്നുണ്ട് എന്നു പറയുന്നത് ശരിയാണ്. ചികിത്സ മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു കുഞ്ഞിനെ കൊണ്ട് ഒരുമാസവും രണ്ടുമാസവുമെല്ലാം ചികിത്സയില്‍ കഴിയേണ്ട അമ്മമാരുണ്ട്. കുഞ്ഞിന്റെ അവസ്ഥ ഇതായതിനാല്‍ തന്നെ അമ്മയ്ക്ക് ജോലിക്കു പോകാന്‍ സാധിക്കില്ല. പലപ്പോഴും അച്ഛന്‍ മാത്രം പണിയെടുത്തുകഴിയുന്നതാണ് ഒരു കുടുംബം. ആശുപത്രിയില്‍ ഒരുമാസമൊക്കെ അഡ്മിറ്റ് ചെയ്യുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞിനോടൊപ്പം നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്. അപ്പോള്‍ അച്ഛന് ജോലിക്കുപോകാന്‍ കഴിയില്ല. ചികിത്സ സൗജന്യമാണ് മരുന്ന് സൗജന്യമാണ്… പക്ഷെ ഭക്ഷണം കഴിക്കേണ്ടെ ഇവര്‍ക്ക്, മറ്റ് കുട്ടികളുടെ കാര്യങ്ങള്‍ നോക്കേണ്ടെ? കുട്ടിക്കു ലഭിക്കുന്ന കേവലം 1700 രൂപകൊണ്ട് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുമോ? ഒന്നും വേണ്ട, ഈ കിടപ്പിലായ കുട്ടികള്‍ക്ക് ഡയപ്പര്‍ വാങ്ങാന്‍ മാത്രം എത്രയാണ് ചിലവ് വരുന്നത്. ഇതിനൊക്കെ പണം തന്നെ വേണ്ടെ…?മുനീസ ചോദിക്കുന്നു.

ദുരിതബാധിതര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ ആദ്യത്തെ ഒന്നും രണ്ടും കാറ്റഗറിയില്‍ പെട്ടവര്‍ക്ക്, അതായത് കൂടുതല്‍ അവശത അനുഭവിക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് 2200 രൂപയായിരുന്നു. അതിപ്പോള്‍ 1700 ആയി ചുരുക്കി. ചുരുക്കിയതിലുള്ള കാരണമായി പറയുന്നത് ഈ രോഗികള്‍ അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ്. ഇവിടെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കുന്നുണ്ട്, അതിനൊന്നും ഒരു കുറവും വരുത്തുന്നില്ല. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. ആ ലഭിക്കുന്ന 500 രൂപകൊണ്ട് ഇവിടെയാരും കൊട്ടാരം നിര്‍മ്മിക്കാന്‍ പോകുന്നില്ലല്ലോ. മുനീസ കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഫണ്ടുകള്‍ ഘട്ടം ഘട്ടമായി കൊടുക്കുന്നുണ്ട്. അത് ഗവണ്‍മെന്റ് ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍ ഒറ്റയടിക്ക് എല്ലാം കൊടുത്തു തീര്‍ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമല്ലോ. സംസ്ഥാന ഗവണ്‍മെന്റിനെക്കാള്‍ ഈ കാര്യത്തില്‍ ഇടപെട്ട് സഹായിക്കാന്‍ കഴിയുക കേന്ദ്രഗവണ്‍മെന്റിനാണ്. സുപ്രീംകോടതി വിധിയിലും അത് പറയുന്നുണ്ട്. കേന്ദ്രഗവണ്‍മെന്റ് കൂടി സഹകരിക്കുകയാണെങ്കില്‍ പെട്ടന്നു തന്നെ ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട തുക നല്‍കാന്‍ കഴിയും. അവര്‍ക്ക് നീതി ലഭ്യമാക്കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ ഹര്‍ജി നല്‍കുമ്പോള്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു മണികണ്ഠന്‍.

നഷ്ടപരിഹാരത്തുക മാത്രല്ല ദുരിതബാധിതരുടെ ആവശ്യം. പണം കൊണ്ട് മായ്ക്കാനാവാത്ത വിധത്തിലുള്ള മുറിവുകളാണ് ദുരിത ബാധിതര്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കുമുള്ളത്. ഇനിയും അമ്പത് വര്‍ഷത്തോളം എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ ഉണ്ടാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ ഇനിയും കൊല്ലങ്ങളെടുക്കും ഇവിടത്തുകാരുടെ ദുരിതം തീരാന്‍. ഇപ്പോള്‍ മുനീസ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുട്ടിക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പ്രദേശത്ത് നടപ്പിലാക്കേണ്ടതുണ്ട് എന്നാണ്. അങ്ങനെയാകുമ്പോള്‍ അത്തരത്തിലുള്ള കുട്ടികളെ വേണ്ട എന്നു വെക്കാന്‍ കഴിയും. “ഭാവിയില്‍ അമ്മമാര്‍ അനുഭവിക്കാന്‍ പോകുന്ന വേദനയെക്കാള്‍ കുറവായിരിക്കും വേണ്ട എന്നു വെക്കുമ്പോഴുണ്ടാകുന്ന വേദന” മുനീസ പറയുന്നു.

ഉറക്കമില്ലാത്ത അമ്മമാരുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ് കാസര്‍ഗോഡ്. പല അമ്മമാര്‍ക്കും ഇപ്പോള്‍ അവശതയാണ്. അതിനാല്‍ തന്നെ ദുരിതബാധിതരുടെ പുനരധിവാസത്തിനു വേണ്ട കാര്യങ്ങളെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. പണത്തിനോടൊപ്പം തന്നെ അവരുടെ മറ്റ് പല ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കിയെങ്കില്‍ മാത്രമെ ആ പ്രദേശത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകൂ.

Read More : ഈ ഭാഷ ഉപയോഗിച്ചതിന്റെ പേരില്‍ ഒരിക്കല്‍ തല്ലുകൊണ്ടു; ഇന്ന് ഇതിലെഴുതിയ കവിത എംഎ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു- കടപ്പെറപാസയുടെ കവി ഡി അനില്‍കുമാറുമായുള്ള അഭിമുഖം

 

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍