അഴിമുഖം പ്രതിനിധി
കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പത്നി പ്രതിഭക്ക് എന്‍ഫോഴ്സ്മെന്‍റ് വകുപ്പിന്റെ നോട്ടീസ്. ഈ ആഴ്ച തന്നെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ ഹാജരാകണം എന്നാണ് അറിയിപ്പ്. എട്ട് കോടി രൂപയുടെ കള്ളപണം വെളുപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. എന്നാല്‍ വീരഭദ്ര സിംഗ് ഇത് നിഷേധിച്ചു.
ഇന്‍ഷുറന്‍സ് എജന്റ് ആനന്ദ് ചൌഹാന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന വീരഭദ്ര ഡല്‍ഹിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. ആനന്ദിനെ ചണ്ഡിഗഡ് പോലീസ് നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.സിബിഐ കഴിഞ്ഞ സെപ്റ്റംബറില്‍ വീരഭദ്ര സിങ്ങിനെതിരെ ചാര്‍ജ് ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി എന്‍ഫോഴ്സ്മെന്റിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
കേന്ദ്രമന്ത്രിയായിരിക്കെ 2009-11 കാലയളവില്‍ വീരഭദ്ര സിങ്ങും കുടുംബവും ഏതാണ്ട് 6.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.അഴിമതി നിരോധന നിയമ പ്രകാരം സിബിഐ വീരഭദ്ര സിംഗ്, ഭാര്യ പ്രതിഭ, ആനന്ദ് ചൗഹാന്‍, സഹോദരന്‍ സിഎല്‍ ചൗഹാന്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നു.അനധികൃതമായി സമ്പാദിച്ച ഈ പണം ചൗഹാന്‍റെ സഹായത്തോടെ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിഷേപിക്കുകയായിരുന്നു എന്നാണ് സിബിഐ സംശയിക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നാണ് സിംഗ് അറിയിച്ചിരുന്നത്. 2012 ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്ത അവസരത്തിലും ഇത് കൃഷിയില്‍ നിന്നുള്ള വരുമാനമായാണ് കാട്ടിയതെന്നും ആരോപണം ഉണ്ട്.