UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍; റബ്ബ് നടത്തിയ തിരിമറികള്‍

Avatar

വി എസ് ശ്യാംലാല്‍

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ ‘ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍’. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നേരത്തേ പങ്കിടുകയും ചെയ്തു. ഞാനെഴുതിയ കുറിപ്പിനെ ചിലരൊക്കെ അംഗീകരിച്ചു. ചിലരൊക്കെ വിമര്‍ശിച്ചു. ചിലര്‍ സംശയങ്ങളുന്നയിച്ചു. എല്ലാവര്‍ക്കും മറുപടി നല്‍കണമെന്ന ആഗ്രഹവും വാശിയുമെല്ലാം ഉണ്ടാവുക സ്വാഭാവികം. അതിനായി സെക്രട്ടേറിയറ്റിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിലും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലും അല്പം സി.ഐ.ഡി. പണി നടത്തി. പലതും പരതിയെടുത്തു. നമ്മള്‍ കണ്ടതും അറിഞ്ഞതുമൊന്നുമല്ല. അത് മഞ്ഞുമലയുടെ ഒരഗ്രം മാത്രം. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിനെ ന്യായീകരിക്കാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെ കരിവാരിത്തേക്കാന്‍ ഞാന്‍ ശ്രമിച്ചുവെന്ന് ചിലര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ആ പരാതിയുള്ളവര്‍ വായന ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. നമ്മുടെ അബ്ദുറബ്ബ് ചില്ലറക്കാരനല്ല. പുള്ളിക്ക് സുപ്രീം കോടതിയും പുല്ല്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പുല്ല്. അദ്ദേഹത്തെ കരിവാരിത്തേച്ചാല്‍ പോരാ, ടാര്‍ വീപ്പയില്‍ മുക്കിയെടുക്കാന്‍ പോകുകയാണ്.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി വിരമിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറില്‍ നിയമിച്ചതാണല്ലോ വിവാദ കാരണം. ഈ ‘സ്ഥാനക്കയറ്റം’ കോടതിയില്‍ ചോദ്യം ചെയ്താല്‍ പോലും നിലനില്‍ക്കില്ലെന്ന് എത്ര പേര്‍ക്കറിയാം? എല്ലാം റബ്ബിന്റെ തുണ! സുപ്രീം കോടതി വരെ പോയ തര്‍ക്കത്തിലാണ് വിധിക്ക് അനുസൃതമായി പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അബ്ദുറബ്ബ് ചെയ്തുവെച്ച ചട്ടവിരുദ്ധമായ ഒരു നടപടി തിരുത്തുന്നതിന്റെ ആദ്യ പടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സ്വീകരിച്ച രാഷ്ട്രീയ തീരുമാനമാണിത്. രാഷ്ട്രീയ തീരുമാനം എന്നു പറയുമ്പോള്‍ സി.പി.എം. സംഘടനാ നേതാവിന് അനുകൂലമായ തീരുമാനം എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, വി.എസ്. സര്‍ക്കാരിന്റെ നയം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരുത്തിയത് പിണറായി സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ വിശദമായിത്തന്നെ പറയേണ്ടതുണ്ട്.

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ എന്ന എ.ഐ.സി.ടി.ഇയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത്. എന്നാല്‍, ഓരോ സ്ഥാനക്കയറ്റത്തിനും അഭിമുഖ പരീക്ഷ പാസാവണം എന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ യോജിച്ചില്ല. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ നേതൃത്വത്തില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി എന്ന ഡി.പി.സി. ശുപാര്‍ശ പ്രകാരം സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്നു നിശ്ചയിക്കുകയും ചെയ്തു. സര്‍വ്വീസിലെ സീനിയോറിറ്റി, യോഗ്യത എന്നിവ പരിഗണിച്ചാവണം ഡി.പി.സി. തീരുമാനം എന്നു നിഷ്‌കര്‍ഷിച്ചിരുന്നു. കേരളത്തില്‍ മറ്റു 118 സര്‍ക്കാര്‍ വകുപ്പുകളിലും ഡി.പി.സിയാണ് സ്ഥാനക്കയറ്റ മാനദണ്ഡം. ഇതു പ്രകാരം എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

എന്നാല്‍, പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഈ നയം തിരുത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അഭിമുഖത്തിലൂടെ സ്ഥാനക്കയറ്റം എന്ന വ്യവസ്ഥ നടപ്പാക്കി. സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലാത്ത ഇഷ്ടക്കാരെ മുകളിലെത്തിക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ഇതിനായി സര്‍വീസിലെ സീനിയോറിറ്റി അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം നല്‍കപ്പെട്ട അദ്ധ്യാപകരെ മുഴുവന്‍ തരംതാഴ്ത്തി. ഇതിനെതിരെ ശക്തമായ സമരം കോളേജുകളില്‍ ആരംഭിച്ചു. സ്ഥാനക്കയറ്റത്തിനു വേണ്ടി തുടര്‍ന്ന് നടത്തുന്ന അഭിമുഖ പരീക്ഷയില്‍ നിന്ന് ഇടതു സംഘടനാ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുക എന്നത് സമരത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണ്. ഡോ.ശശികുമാറുള്‍പ്പെടെ 16 പേര്‍ ഇത്രയും കാലം പ്രമോഷന്‍ ഇന്റര്‍വ്യൂ ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു. സ്വന്തം സ്ഥാനക്കയറ്റം എന്ന നേട്ടം വേണ്ടെന്നുവെച്ചാണ് ഈ സമരത്തില്‍ ഇത്രയും നാള്‍ അവര്‍ അണിനിരന്നത്.

തരംതാഴ്ത്തപ്പെട്ട അദ്ധ്യാപകര്‍ നടത്തിയ കേസില്‍ ഹൈക്കോടതി വിധി എതിരായി. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല വിധിയുണ്ടായി. സ്ഥാനക്കയറ്റത്തിന് അഭിമുഖ പരീക്ഷ ആവശ്യമില്ല, സീനിയോറിറ്റി പരിഗണിച്ചാല്‍ മതിയെന്ന വി.എസ്. സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. കോടതി പറയും മുമ്പ് തന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ആ വിധി വന്നതിന് ശേഷമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറി. അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വി.എസ്. സര്‍ക്കാര്‍ അംഗീകരിച്ച നയം പുനഃസ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ ഉദ്ഘാടനമാണ് ഡോ.ശശികുമാറിന്റെ സ്ഥാനക്കയറ്റം. അഭിമുഖത്തിലൂടെ മാത്രമേ സ്ഥാനക്കയറ്റം നല്‍കൂ എന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു. സീനിയോറിറ്റിയും യോഗ്യതയും പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്.

അബ്ദുറബ്ബിന്റെ കാലത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, ഡയറക്ടര്‍ തസ്തികകളിലേക്ക് നിയമനത്തിന് 2014 സെപ്റ്റംബര്‍ രണ്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ നിലവിലുള്ള അദ്ധ്യാപകരില്‍ നിന്ന് അഭിമുഖ പരീക്ഷയിലൂടെ യോഗ്യരായവരെ തിരഞ്ഞെടുക്കും എന്നായിരുന്നു വിജ്ഞാപനം. ഇതില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഡോ.ശശികുമാര്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിക്കാത്ത ഡോ.ശശികുമാറിനെ പ്രിന്‍സിപ്പലാക്കിയെന്ന് ആക്ഷേപിക്കുന്നവര്‍ ഇതു ശ്രദ്ധിക്കുക. അപേക്ഷകള്‍ പരിശോധിച്ച ശേഷം യോഗ്യരായവരെ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം രണ്ടു തവണ യു.ഡി.എഫ്. സര്‍ക്കാര്‍ മാറ്റിമറിച്ചു. ഇതോടെ അഭിമുഖ പരീക്ഷ ബഹിഷ്‌കരിക്കാന്‍ കെ.ജി.ഒ.എ. ആഹ്വാനം ചെയ്തു. ഇതോടെയാണ് 16 പേര്‍ അഭിമുഖത്തില്‍ നിന്നു പിന്മാറിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് തോല്‍ക്കുമെന്നുറപ്പായപ്പോള്‍ 2014 സെപ്റ്റംബര്‍ രണ്ടിലെ വിജ്ഞാപനവും അതിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും റദ്ദാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. 2015 മെയ് 15ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യം ബോധിപ്പിച്ച് 2015 ഓഗസ്റ്റ് 11ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതനുസരിച്ചാണ് സുപ്രീം കോടതി തീരുമാനമുണ്ടായത്. എന്നാല്‍, കോടതി തീരുമാന പ്രകാരമുള്ള സ്ഥാനക്കയറ്റത്തിന് നടപടി സ്വീകരിക്കാതെ അബ്ദുറബ്ബ് ഫയല്‍ മുക്കിവെച്ചു.

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍; വിവാദത്തിന് പിന്നിലെ അണിയറക്കഥകള്‍

പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം കഴിഞ്ഞ മാര്‍ച്ച് 31ന് സര്‍ക്കാരിന്റേതായി പുതിയൊരുത്തരവ് വന്നു. നേരത്തേ റദ്ദാക്കിയെന്നു പറഞ്ഞ അഭിമുഖ പരീക്ഷ പ്രകാരം സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. പട്ടികയില്‍ നമ്പര്‍ 13 ആയിരുന്ന ഡോ.ശശികുമാര്‍ ആബ്‌സന്റ് അഥവാ ഹാജരില്ല. പട്ടികയിലെ നമ്പര്‍ 4 വി.ഐ.ബീന, നമ്പര്‍ 5 എസ്.ജയകുമാര്‍, നമ്പര്‍ 8 എ.കെ.പദ്മിനി, നമ്പര്‍ 17 എസ്.ഷാജി, നമ്പര്‍ 20 പി.വിജയന്‍ എന്നിവര്‍ പ്രൊഫസര്‍ തസ്തികയില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് യോഗ്യരല്ല എന്നും വ്യക്തമാക്കപ്പെട്ടു. ഈ 5 പേരും ഏപ്രിലില്‍ പ്രിന്‍സിപ്പലോ തത്തുല്യ തസ്തികയായ ജോയിന്റ് ഡയറക്ടറോ ആയി സ്ഥാനക്കയറ്റം നേടി. ബീന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ഇ.സി.എസ്. സീനിയര്‍ ജോയിന്റ് ഡയറക്ടര്‍, ജയകുമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ടെകിപ് വിഭാഗം ഡയറക്ടര്‍, പദ്മിനി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓപ് ടെക്‌നോളജി പ്രിന്‍സിപ്പല്‍, ഷാജി ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍, വിജയന്‍ ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളിലെത്തി. ഇവരെക്കാള്‍ സീനിയറായ ഡോ.ശശികുമാര്‍ പുറത്ത്. സുപ്രീം കോടതി തീരുമാനത്തെ പഴയ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വലിച്ചുകീറി കാറ്റില്‍പ്പറത്തി. അങ്ങനെയാണ് ഡോ.ശശികുമാര്‍ നേരത്തേ സമര്‍പ്പിച്ചിരുന്ന അപേക്ഷ പരിഗണിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന സമയത്ത് ചട്ടവിരുദ്ധമായി അബ്ദുറബ്ബ് അനുവദിച്ച സ്ഥാനക്കയറ്റങ്ങള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. സ്വാഭാവികമായും അയോഗ്യരായവര്‍ കസേര ഒഴിയേണ്ടി വരും. ഇല്ലെങ്കിലത് കോടതിയലക്ഷ്യമാവുമല്ലോ.

ഡോ.ശശികുമാറിനെ പ്രിന്‍സിപ്പല്‍ കസേരയിലിരുത്തുക വഴി സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യതയുണ്ടായി അഥവാ അദ്ദേഹത്തിന് സാമ്പത്തികനേട്ടമുണ്ടായി എന്നാണ് മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രചാരണം. 14 ലക്ഷം രൂപയുടെ നേട്ടം ഡോ.ശശികുമാറിനുണ്ടായത്രേ! പ്രൊഫസര്‍ തസ്തികയിലുള്ള അദ്ദേഹം പ്രിന്‍സിപ്പലിന്റേതിനു തുല്യമായ ശമ്പളം തന്നെയാണ് വാങ്ങിയിരുന്നത്. ഭരണപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ഒരു മാസത്തേക്ക് ലഭിക്കുന്ന പ്രത്യേക അലവന്‍സായ 3000 രൂപ മാത്രമാണ് പ്രിന്‍സിപ്പല്‍ കസേരയിലിരുന്നാലുള്ള അധിക ആനുകൂല്യം. ഈ ആനുകൂല്യം പ്രിന്‍സിപ്പലിനു മാത്രമല്ല, ഏതെങ്കിലും അദ്ധ്യാപകന്‍ പ്രിന്‍സിപ്പലിന്റെ അധികച്ചുമതല വഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിനും ലഭിക്കും. ഇടയ്ക്ക് കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രിന്‍സിപ്പലിന്റെ പൂര്‍ണ്ണ അധികച്ചുമതല ഡോ.ശശികുമാര്‍ വഹിച്ചപ്പോള്‍ അദ്ദേഹത്തിനും ഈ അലവന്‍സിന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ.ശശികുമാറിന് പ്രത്യേക അലവന്‍സായ ഈ 3000 രൂപ ലഭിക്കാന്‍ യോഗ്യതയുണ്ടായില്ല. വിരമിക്കുന്ന അന്നു മാത്രം പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹത്തിന് ആ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയില്ല എന്നതു തന്നെ കാരണം. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഡോ.ശശികുമാറിന് ഉണ്ടാവുന്നില്ല എന്നു സാരം. അതുവഴി സര്‍ക്കാരിന് സാമ്പത്തികനഷ്ടവും ഉണ്ടാവുന്നില്ല. രണ്ടു വര്‍ഷം മുമ്പ് കിട്ടേണ്ടിയിരുന്ന സ്ഥാനക്കയറ്റം അവസാന നിമിഷമെങ്കിലും ലഭ്യമാക്കുക വഴി അദ്ദേഹത്തിന് അര്‍ഹമായ നീതി പുതിയ സര്‍ക്കാര്‍ ഉറപ്പാക്കി എന്നു മാത്രം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍