UPDATES

ട്രെന്‍ഡിങ്ങ്

എഞ്ചിനീയര്‍മാര്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്? സിദ്ധാന്ത ഭാരത്തില്‍ തളര്‍ന്ന സാങ്കേതിക വിദ്യാഭ്യാസം

പ്രയോഗികമല്ലാത്ത അറിവുകള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയതിന്റെ പ്രശ്‌നങ്ങള്‍ നേരിടുകയാണ് വിദ്യാര്ഥികള്‍

ആഗോള സാങ്കേതിക മേഖല ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസമാണോ നമ്മുടെ എഞ്ചിനിയറിംങ് കോളേജുകള്‍ നല്‍കുന്നത്? ടെക്‌നിക്കല്‍ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സിലിബസ്സുകള്‍ നവീകരിക്കാന്‍ നമ്മള്‍ തയ്യാറാകുന്നുണ്ടോ? ഉത്തരം ഇല്ലെന്ന് തന്നെയാണ്.

ഇന്ത്യയില്‍ നിലവിലുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസം സിദ്ധാന്തങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന സാമ്പ്രദായിക പഠനരീതികളാണ് സ്വീകരിച്ചുവരുന്നത്, ഇതിനാല്‍ തന്നെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപെടുവാനും പരിശീലിക്കാനുമുള്ള അവസരം വിദ്യാര്ഥികള്ക് നിഷേധിക്കുപെടുന്നുവെന്നു ഈ മേഖലയിലെ വിദഗ്ദരായ അധ്യാപകര്‍ അഭിപ്രായപ്പെടുന്നു .

തങ്ങളുടെ പഠനകാലയളവിലെ ഭൂരിഭാഗം സമയവും കാലഹരണപ്പെട്ട സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതിനായാണ് അധ്യാപകര്‍ ചിലവിടുന്നത് എന്നാണ് ഇന്ത്യയിലെ മുന്‍നിര സ്ഥാപങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്.
അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിച്ചു ഉറപ്പിക്കാനെന്ന പേരില്‍ ഇന്ന് കാലഹരണപ്പെട്ട ആശയങ്ങള്‍ അധ്യാപകര്‍ ആവര്‍ത്തിക്കുന്നു. ‘പലപ്പോഴും വിദ്യാര്‍ത്ഥികള്‍ നീക്കിവയ്‌ക്കേണ്ടി വരുന്ന സമയത്തിനും അധ്വാനത്തിനും ആനുപാതികമല്ലാത്ത വിധം അടിസ്ഥാനപരമായതാകും ഇത്തരം ആശയങ്ങള്‍’, ഒരു ഗുവാഹത്തി ഐ. ഐ. ടി ബിരുദധാരി പറയുന്നു.

ഇതേ കാരണത്താലാണ് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ. ഐ. സി. ടി. ഇ ) വരുന്ന അധ്യയന വര്‍ഷം (2020 -21) മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (A.I ), ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (IoT), ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ് , ഡാറ്റ സയന്‍സസ്, സൈബര്‍ സെക്യൂരിറ്റി, 3D പ്രിന്റിംഗ്, വിര്‍ച്വല്‍ റിയാലിറ്റി (VR ) എന്നിങ്ങനെ നവീനമായ ഒന്‍പതു സാങ്കേതിക മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പുതിയതായി പ്രവര്‍ത്തനാനുമതി നല്‍കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം നൂതന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ഉദ്ദേശം.

‘നമ്മുടെ എഞ്ചിനീയറിംഗ് സിലബസ് അളവില്‍ക്കവിഞ്ഞു ആശയങ്ങളില്‍ കേന്ദ്രീകൃതമാണ് ‘, എ. ഐ. സി. ടി. ഇ ബോര്‍ഡ് മുന്‍ അംഗവും ഇന്‍ഫോസിസിന്റെ എച്. ആര്‍ വിഭാഗം തലവനുമായ മോഹന്‍ദാസ് പൈ പറയുന്നു. ‘വിദ്യാര്‍ഥികള്‍ക്കു വേണ്ടത്ര പ്രൊജെക്ടുകള്‍ ചെയ്യാന്‍, നൂതന സാങ്കേതിക മേഖലകളില്‍ പ്രത്യേകിച്ചും, അവസരം ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ, പഠനശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ ബുദ്ധിമുട്ടുന്നു.
തൊഴില്‍ മേഖലയെ കുറിച്ചു അറിവുലഭിക്കുന്നില്ല എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ആശങ്ക ഈ അഭിപ്രയത്തോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യാരംഗത്തെ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഇന്റേണ്‍ഷിപ്പുകള്‍ക് അവസരം ഒരുക്കുക എന്നതാണ് ഈ ആശങ്ക പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗം. എന്നാല്‍ എഞ്ചിനിയറിങ് രംഗത്തെ അധ്യാപകരാകട്ടെ എം. ടെക് അല്ലെങ്കില്‍ പി. എച്ച്. ഡി ബിരുദം നേടിയതിനുശേഷം പ്രവൃത്തിപരിചയം സമ്പാദിക്കാതെ നേരിട്ട് അധ്യാപനത്തിലേയ്ക് തിരിയുന്നവരാണ് എന്നത് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു. ‘ ഇത്തരം അധ്യാപകര്‍ക്കു തങ്ങള്‍ പഠിപ്പിക്കുന്ന ആശയങ്ങള്‍ എവിടെ പ്രയോഗിക്കണമെന്ന ധാരണ കുറവായിരിക്കും, ഈ ന്യൂനത ഇവര്‍ വിദ്യാര്‍ഥികളിലേയ്ക്കും പകരുന്നു. ഇതിന്റെ ഫലമോ, ആശയതലത്തില്‍ മികവുറ്റവരായ, എന്നാല്‍ അവ പ്രായോഗികമാക്കാന്‍ സാധിക്കാത്തവരായ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ എല്ലാ വര്‍ഷവും പഠിച്ചിറങ്ങുന്നു’, എന്‍. ഐ. ടി യില്‍ വിദ്യാര്‍ത്ഥിയായിരുന്ന , ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയുന്ന ഒരു ടെക്കി അഭിപ്രായപ്പെടുന്നു.

എഞ്ചിനീയറിംഗ് ഒരു പ്രായോഗിക ശാസ്ത്രമാണ് എന്നതാണ് വസ്തുത. എന്നാല്‍ പ്രായോഗികജ്ഞാനം പരീക്ഷിക്കുന്ന വളരെ കുറച്ചു പ്രൊജെക്ടുകളെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അവരുടെ പഠനകാലത്തു ചെയ്യുന്നുള്ളു. സാങ്കേതിക മേഖലയ്ക്കു പുതിയ ദിശാബോധം നല്‍കുന്നവരില്‍ ഇന്ത്യക്കാര്‍ താരതമ്യേന കുറവാകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. സിലിക്കണ്‍ വാലിയില്‍ നിന്നുള്ള ഏതൊരു മുന്നേറ്റവും പകര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന നമ്മള്‍ മൗലികമായ ആശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ പിന്നോട്ടാണ്.

കോളേജുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കുന്നതിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ്. ഇത് സാധ്യമാക്കുന്ന പ്രൊജെക്ടുകള്‍ ചെയ്യുനത് രണ്ടു കൂട്ടര്‍ക്കും ഗുണം ചെയ്യും. സമയം അമൂല്യവസ്തുവായ തൊഴില്‍ മേഖലയില്‍ പ്രവൃത്തിപരിചയം കുറവായ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് എത്രത്തോളം പ്രയോഗികമാണെന്നുള്ള ചോദ്യം നിലനില്‍ക്കെത്തന്നെ കഴിവുറ്റ വിദ്യാര്‍ത്ഥികളുടെ സേവനം കമ്പനികള്‍ക് ഗുണകരമാകുമെന്നത് ഉറപ്പാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ സ്ഥാപങ്ങങ്ങളില്‍ തന്നെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും
.

‘ഒരു കോഴ്സിന് നിശ്ചയിക്കുന്ന പരമാവധി മാര്‍ക്കിന്റെ 50% പ്രൊജെക്ടുകള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് എന്റെ പക്ഷം’. പൈ പറയുന്നു. ‘അത് തന്നെയാണ് മുന്നോട്ടുള്ള വഴി. അതോടൊപ്പം, ഈ പ്രൊജെക്ടുകള്‍ വിലയിരുത്താന്‍ അധ്യാപകരെയും പരിശീലിപ്പിക്കണം. അത്തരം അധ്യാപകരുടെ അഭാവം ഈ പരിഷ്‌കാരത്തിന്റെ എല്ലാ പ്രയോജനവും ഇല്ലാതാക്കും’, പൈ കൂട്ടിച്ചേര്‍ക്കുന്നു.

കൂണു പോലെ മുളച്ചു പൊങ്ങുന്ന എഞ്ചിനീയറിംഗ് കോളേജുകളും ഈ രംഗത്തെ നിലവാരത്തകര്‍ച്ചയ്ക് ഉത്തരവാദികളാണ്. ശരാശരി നിലവാരത്തില്‍ പ്രവര്‍ത്തിച്ച് കഴിവുകെട്ട എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്ന ഒട്ടനവധി കോളേജുകള്‍ നമ്മുടെ നാട്ടിലുണ്ട്. ‘ഇന്ത്യയില്‍ നിലവില്‍ 3500 ഓളം എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട്. നമുക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള 1000-1500 എണ്ണമൊഴിച്ചു ബാക്കി എല്ലാത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കണം’, പൈ അഭിപ്രായപ്പെടുന്നു.

എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകരും ഈ വിഷയത്തെകുറിച്ചു ബോധവാന്മാരാണ്. ‘എല്ലാ അധ്യാപകരും ഒരു പോലെ നിലവാരമുള്ളവരല്ലെന്നു ഞങ്ങള്‍ക്കറിയാം’, ബാംഗ്ലൂരിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായ ഐ. ഐ .ടി- ബിയിലെ ഡീനായ എസ് . സദഗോപന്‍ പറയുന്നു. ‘പക്ഷെ, ഈ മേഖലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന, പലപ്പോഴും അല്‍പായുസ്സുള്ള, ഓരോ സാധ്യതകളെയും ഗൗരവത്തിലെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് നിങ്ങളും മനസിലാക്കണം’, സിലബസ് പരിഷ്‌കരണം എന്ന ആശയത്തോട് അദ്ദേഹം ഇങ്ങനെയാണ് പ്രതികരിക്കുന്നത് .

‘ഉദാഹരണത്തിന്, അനലിറ്റിക്‌സ് എന്നാലെന്താണ്? കണക്കിലും ശാസ്ത്രവിഷയങ്ങളിലും ശക്തമായ അടിത്തറ ഉള്ള ഒരാള്‍ക്കു അനാലിറ്റിക്‌സില്‍ ശോഭിക്കാനാകും. വിദ്യാര്‍ത്ഥികളെ തുടക്കത്തില്‍ തന്നെ പ്രൊഫഷനലുകളാക്കി മാറ്റിയെടുക്കാനാകില്ല. അത് സമയം എടുക്കുന്ന പ്രവൃത്തിയാണ്. അതുപോലെ സാങ്കേതികവിദ്യയും സമയത്തിനൊപ്പം മാറിക്കൊണ്ടിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം വിജ്ഞാനശാഖകളെ പരിചയപെടുത്താമെങ്കിലും, അവ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും എന്ന് എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം പുത്തന്‍ പ്രവണതകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നൊരു ദൗത്യവും ഞങ്ങള്‍ അധ്യാപകര്‍ക്കുണ്ട്. പ്രസക്തമായതേത് അപ്രസക്തമായതേത് എന്നതിനെച്ചൊല്ലി അനവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്സിനെക്കുറിച്ചു പഠിപ്പിക്കുന്നു എന്നവകാശപ്പെടുന്ന ഒരുപാടു സ്ഥാപനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ നിലവാരം തീരെ കുറഞ്ഞ കോഴ്സുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്’, സദഗോപന്‍ പറഞ്ഞു നിര്‍ത്തുന്നു.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, എ. ഐ. സി. ടി. ഇ പല പരിഷ്‌കരണ നടപടികളും തുടങ്ങിവച്ചിട്ടുണ്ട്. സാമ്പ്രദായിക എഞ്ചിനീയറിംഗ് ശാഖകളില്‍ ബിരുദ കോഴ്സുകള്‍ ആരംഭിക്കാന്‍ ഒരു പുതിയ സ്ഥാപനത്തിനും ഇനി മുതല്‍ എ. ഐ. സി. ടി. ഇ ഇല്‍ നിന്നും നേരിട്ട് അനുമതി ലഭിക്കില്ല. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (എന്‍. എ. ബി) ന്റെയോ നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റെഷന്‍ കൌണ്‍സില്‍ (എന്‍. എ. എ. സി) ന്റെയോ അംഗീകാരം നേടി പ്രവര്‍ത്തനം ആരംഭിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക് മാത്രമേ എ.ഐ. സി. ടി. ഇ അംഗീകാരവും ലഭിക്കൂ. എഞ്ചിനീയറിംഗ് കോളേജുകളുടെ ബാഹുല്യം കുറയ്ക്കാനും സാമ്പ്രദായിക ശാഖകളില്‍ തന്നെ പ്രയോജനമില്ലാത്ത കോഴ്‌സുകള്‍ തുടങ്ങുന്നത് തടയാനും ഇത് ഉപകരിക്കും.

എന്‍. ഐ. ടി. കളിലെയും ഐ. ഐ. ടി. കളിലെയും അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ എ. ഐ. സി. ടി. ഇ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം, സാങ്കേതിക സ്ഥാപനങ്ങള്‍ സാമ്പ്രദായിക എഞ്ചിനീയറിംഗ് ശാഖകള്‍ക്കു അനുവദിക്കുന്ന സീറ്റുകള്‍ കുറച്ചു വിവിധ എഞ്ചിനീയറിംഗ് ശാഖകളെ സംയോജിപ്പിക്കുന്ന നവീന മേഖലകളായ കമ്പ്യുട്ടേഷണല്‍ ബയോളജി, മെക്കാട്രോണിക്സ്, സ്‌പേസ് ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുക എന്നൊരു നിര്‍ദേശവും എ.ഐ.സി. ടി. ഇ മുന്നോട്ടു വയ്ക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: റോഡിലെ പിഴ, കീശ കാലിയാക്കാനോ അപകടം തടയാനോ

 

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്‍

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍