UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം; യോഗ്യതകളില്‍ വെള്ളം ചേര്‍ക്കുന്നോ?

Avatar

അഴിമുഖം പ്രതിനിധി

സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശന യോഗ്യതകളില്‍ വെള്ളംചേര്‍ത്ത് 2015-16ലെ പ്രവേശന പരീക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 20 മുതല്‍ 23വരെയാണ് പരീക്ഷ.

റാങ്ക് ലിസ്റ്റില്‍ വരുന്നതിന് മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളില്‍ കുറഞ്ഞത് 10 മാര്‍ക്ക് നേടിയിരിക്കണം എന്ന നിബന്ധന ഒഴിവാക്കി. പകരം ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരമെഴുതിയാല്‍ മതി. ഇതോടെ പരീക്ഷയെഴുതുന്ന എല്ലാവരും റാങ്ക് ലിസ്റ്റില്‍വരും. എന്നാല്‍ എം.ബി.ബി.എസിനും ബി.ഡി.എസിനും പ്രവേശന പരീക്ഷയുടെ രണ്ടുപേപ്പറുകളിലായി കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് (പട്ടികജാതിവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് 40 ശതമാനം) നേടിയവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ. ശാരീരിക വൈകല്യമുള്ളവര്‍ക്ക് എം.ബി.ബി.എസിന് കുറഞ്ഞത് 45 ഉം ബി.ഡി.എസിന് 50 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.

സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് പ്ലസ് ടു തത്തുല്യപരീക്ഷകളില്‍ കണക്കിന് മാത്രമായി 45 ശതമാനം മാര്‍ക്കും കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കും മതി. നേരത്തേയിത് 50 ശതമാനമായിരുന്നു. എന്നാല്‍ മെറിറ്റ് സീറ്റില്‍ മുന്‍വര്‍ഷത്തെപ്പോലെ രണ്ടിനും 50 ശതമാനം മാര്‍ക്ക് വേണം. പട്ടികജാതി വര്‍ഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മതി. എസ്.ഇ.ബി.സി, പി.ഡി വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. എന്നാല്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ ഈ യോഗ്യതയില്‍ മാറ്റമില്ല.

സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ വന്‍തോതില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പരിഹരിക്കാനാണ് ഈ ഇളവുകളെന്ന് മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു. ”സ്ഥാപനങ്ങള്‍ നന്നായി നടന്നുപോകുകയാണ് പ്രധാനം. ഇവിടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ റാങ്കലിസ്റ്റില്‍ ഇടം കിട്ടാത്തതിനാല്‍ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍പ്പോയി പഠിക്കുന്ന സ്ഥിതിയുണ്ട് . ഇവിടത്തെ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന അങ്ങേയറ്റത്തെ നടപടിയാണിത്. ഇതിലും രക്ഷപ്പെടാത്ത സ്ഥാപനങ്ങള്‍ സ്വയം പൂട്ടിപ്പോവും. പ്രവേശന പരീക്ഷ ഇല്ലാതാക്കുന്നത് സര്‍ക്കാരിന്റെ നയമല്ല”- മന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം 25,000 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. അതിനാല്‍ നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കാതെ റാങ്ക്‌ലിസ്റ്റില്‍ കൂടുതല്‍പ്പേരെ ഉള്‍പ്പെടുത്താനാണ് ഇളവുകളെന്ന് പ്രവേശന പരീക്ഷാകണ്‍ട്രോളര്‍ ബി.എസ്.മാവോജി വിശദീകരിച്ചു. പ്രവേശന പരീക്ഷയ്ക്ക് ജനവരി 10 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ടും അനുബന്ധ രേഖകളും ഫെബ്രുവരി നാലിനുമുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ നടക്കും. 20, 21 തീയതികളില്‍ എന്‍ജിനിയറിങ്ങും 22, 23 തീയതികളില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയും നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍