UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഠിക്കാന്‍ കുട്ടികളില്ലെങ്കില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ പൂട്ടുന്നത് തന്നെയാണ് നല്ലത്

ജെസ്റ്റിന്‍ എബ്രഹാം

പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാത്ത എഞ്ചിനീയറിംഗ് കോളജുകള്‍ അടച്ച് പൂട്ടുമെന്ന് മന്ത്രി. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തിയ രണ്ടാംഘട്ട അലോട്ട്മെന്റുകള്‍ക്ക്‌ ശേഷവും 14,000 സീറ്റുകള്‍ ഒഴിഞ്ഞുക്കിടക്കുകയാണ് എന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള മറ്റ് കോഴ്സുകള്‍ തുടങ്ങുന്നതിനോ അല്ലെങ്കില്‍ മറ്റ് സംരംഭങ്ങള്‍ക്കോ ആയി ഇവ ഉപയോഗപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

സംസ്ഥാനത്ത് സ്വകാര്യ മാനേജ്മെന്‍റ് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയാണ്. സ്വകാര്യ കോളജുകളിലെ ഏതാണ്ട് 24,000 സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയത് 10,000-ല്‍ പരം വിദ്യാര്‍ഥികള്‍ മാത്രമാണ്. 28 കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടില്ല. 20-ല്‍ അധികം കോളേജുകളില്‍ കേവലം 30 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്.

പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളില്‍ പോലും 75 ശതമാനത്തില്‍ അധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്ന ഇലട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യുണിക്കേഷന്‍ വിഭാഗത്തില്‍ പോലും 3,773 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. മൊത്തത്തില്‍ 7,786 സീറ്റുകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 6,739 സീറ്റുകളില്‍ 1,233 സീറ്റുകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല.

“കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അപേക്ഷകള്‍ വരുകയും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് ആവിശ്യമായ സീറ്റുകള്‍ ഇല്ലാതിരിക്കയും ചെയ്ത സാഹചര്യത്തിലാണ് പുതിയ കോളജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അക്കാലയളവില്‍ പുതിയ കോളജുകള്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്റുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുകയും, അപേക്ഷിച്ച ഏതാണ്ട് എല്ലാവര്‍ക്കും തന്നെ അനുമതി നല്‍കുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്ത് ഏതാണ്ട് 150-ല്‍ അധികം എഞ്ചിനീയറിംഗ് കോളേജുകളിലായി 50,000 സീറ്റുകളാണ് ഉള്ളത്. പ്ലസ്‌ ടു പരീക്ഷയില്‍ കണക്ക്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷങ്ങള്‍ പഠിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഫലം വന്നപ്പോള്‍ 10 ശതമാനം പേര്‍ മാത്രമാണ് വിജയം കൈവരിച്ചത്. 20-ല്‍ അധികം കോളേജുകളില്‍ 20 ശതമാനത്തില്‍ താഴെയാണ് വിജയശതമാനം. ഇത് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയുടെ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.” ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. 

“ഈ സാഹചര്യത്തിലാണ് സ്വകാര്യ മാനേജ്മെന്റുകള്‍ പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 10 മാര്‍ക്കെങ്കിലും വേണമെന്ന അടിസ്ഥാനയോഗ്യത നീക്കണം എന്ന് ആവശ്യപ്പെടുന്നത്. ഇത് എഞ്ചിനീയര്‍ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയിലേക്കാവും നയിക്കുക. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ഇല്ലാത്ത കോളേജുകള്‍ അടച്ച് പൂട്ടുക തന്നെയാണ് നല്ലത്. അല്ലെങ്കില്‍ അവ മറ്റെന്തെങ്കിലും കോഴ്സുകള്‍ ആരംഭിക്കുന്നതിനായി വിനിയോഗിക്കാവുന്നതാണ്. “ ആര്‍വിജി മേനോന്‍ അഭിപ്രായപ്പെട്ടു.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ജെസ്റ്റിന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍