UPDATES

ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യയ്ക്ക് നാണം കെട്ട മടക്കം; ഇംഗ്ലണ്ടിനോട് തോറ്റത് മൂന്ന് വിക്കറ്റിന്

നിര്‍ണായകമായ പെര്‍ത്ത് ഏകദിനത്തില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്, ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ ആതിഥേയരായ ഓസ്ട്രേലിയയെ നേരിടും. ഇതോടെ കാള്‍ട്ടണ്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും തോറ്റ നാണക്കേടും ടീം ഇന്ത്യ സ്വന്തമാക്കി. ലോകകപ്പ് മത്സരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങാനിരിക്കെ ഈ കടുത്ത പരാജയം നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ വീഴ്ത്തിയിരിക്കുകയാണ്.

സ്‌കോര്‍: ഇന്ത്യ 48.1 ഓവറില്‍ 200 ന് എല്ലാവരും പുറത്ത്, ഇംഗ്ലണ്ട് 46.5 ഓവറില്‍ 7ന് 201. അവസാന നിമിഷം ബട്ട്‌ലറും ടെയലറും അടുത്തടുത്ത് മടങ്ങിയത് അല്‍പം നാടകീയത ഉണ്ടാക്കിയെങ്കിലും അതൊന്നും ഇംഗ്ലണ്ടിന്റെ വിജയം തടുക്കാനായില്ല.66 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരല്‍. ജെയിംസ് ടെയ്‌ലര്‍ 82 റണ്‍സും ജോസ് ബട്‌ലര്‍ 67 റണ്‍സുമെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ അജങ്ക്യ രഹാനെയും(73) ശിവര്‍ ധവാനും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ബാറ്റിങ് പാടെ തകര്‍ന്നു. 44.2 ഓവറില്‍ ഒന്‍പതിന് 165 എന്ന നിലയില്‍ നിന്ന് ഇന്ത്യന്‍ സ്‌കോര്‍ 200ലെത്തിച്ചത് അവസാന വിക്കറ്റില്‍ മോഹിത് ശര്‍മ- മുഹമ്മദ് ഷാമി കൂട്ടുകെട്ടാണ്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 25 റണ്‍സെടുത്ത ഷാമിയാണ് ഇന്ത്യന്‍ നിരയില്‍ അവസാനം പുറത്തായത്. 

ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ വിരാട് കോഹ്úലി എട്ടു റണ്‍സുമായി മടങ്ങി. സ്ഥാനം മാറിയെന്ന വിവാദത്തിനിടെ കോഹ്‌ലി ഇന്ന് മൂന്നാമനായാണ് ഇറങ്ങിയത്. സുരേഷ് റെയ്‌ന(ഒന്ന്), അമ്പാട്ടി റായിഡു(12), ക്യാപ്റ്റന്‍ ധോണി(17) സ്റ്റുവാര്‍ട്ട് ബിന്നി(ഏഴ്), രവീന്ദ്ര ജഡേജ(അഞ്ച്), അസ്‌കര്‍ പട്ടേല്‍(ഒന്ന്), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റീവന്‍ ഫിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അനായാസമായി മറികടക്കാവുന്നതായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ എങ്കിലും അവരുടെ തുടക്കം പാളി. മോഹിത് ശര്‍മയും സ്റ്റുവാര്‍ട്ട് ബിന്നിയും അസ്‌കര്‍ പട്ടേലും ചേര്‍ന്ന് ബോളിങ് ആക്രമണം ഏറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ട് പരുങ്ങി. ഇയാന്‍ ബെല്‍(10), മൊയിന്‍ അലി(17), ജോ റൂട്ട്(മൂന്ന്), ക്യാപ്റ്റന്‍ മോര്‍ഗന്‍(രണ്ട്), രവി ബൊപ്പാര(നാല്) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ മുളച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ടെയലറും ബട്ലറും ചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍